യു എസ് ക്യാപിറ്റോള്‍ ആക്രമണം: സമാന സാഹചര്യം ഭയന്ന് ഇസ്‌റാഈലും
കഴിഞ്ഞ ദിവസം അമേരിക്കയുടെ ഭരണസിരാ കേന്ദ്രമായ യു എസ് ക്യാപിറ്റോളിലേക്ക് ഒരു വിഭാഗം തീവ്ര വംശീയവാദികള്‍ നടത്തിയ അതിക്രമവും അഴിഞ്ഞാട്ടവുമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇപ്പോഴും കത്തിനില്‍ക്കുന്ന പ്രധാന ചര്‍ച്ചാവിഷയം. പദവിയൊഴിഞ്ഞ് പോകുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുയായികളാണ് ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നും ആക്രമണത്തിലൂടെ അമേരിക്കന്‍ ഭരണം പിടിച്ചെടുക്കാമെന്നും ലക്ഷ്യമിട്ട് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയത്. സമാനമായ സാഹചര്യം നേരിട്ടേക്കുമോ എന്ന ഭയത്തിലാണ് ഇപ്പോള്‍ ഇസ്‌റാഈലും. യു എസ് കോണ്‍ഗ്രസില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെ തയാറായിട്ടില്ല. ഈ ശൈലിയെ വിമര്‍ശിച്ച് ഇസ്‌റാഈലിലെ പ്രതിപക്ഷ പാര്‍ട്ടികളും ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌റാഈല്‍ പുതുതായി അധികാരത്തിലേറ്റ ബെന്നി ഗാന്റ്‌സ്- നെതന്യാഹു ഐക്യ സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായത്തെ തുടര്‍ന്ന് സര്‍ക്കാരുമായി മുന്നോട്ട് പോകാനാകാതെ വരികയും വരും മാസങ്ങളില്‍ പുതിയ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുകയും ചെയ്യുകയാണ്. ഈ രംഗം ഇസ്‌റാഈലില്‍ പുനര്‍നിര്‍മ്മിക്കില്ലെന്ന് പറയാന്‍ തന്റെ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിനോട് പറയാന്‍ നെതന്യാഹു തയാറാകണമെന്ന് പാര്‍ലമെന്റ് അംഗം ഒര്‍ന ബര്‍ബിവായി പറഞ്ഞു.