ഫലസ്തീന്‍ എയര്‍ലൈന്‍സ് അടച്ചുപൂട്ടുന്നു
25 വര്‍ഷത്തെ സേവനങ്ങള്‍ മതിയാക്കി ഫലസ്തീന്‍ എയര്‍ലൈന്‍സ് സര്‍വീസ് നിര്‍ത്തുന്നു. ഫലസ്തീന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീന് നെതര്‍ലാന്റ് സംഭാവന ചെയ്തിരുന്ന രണ്ട് ഫോകര്‍ 50 വിമാനങ്ങള്‍ കഴിഞ്ഞ സപ്തംബറില്‍ വില്‍പന നടത്തിയിരുന്നു. 1995-ലാണ് കമ്പനി സ്ഥാപിച്ചത്. 1997-ലാണ് സര്‍വീസ് പ്രവര്‍ത്തനമാരംഭിക്കുന്നത്. വിവിധ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഗസ്സ മുനമ്പിലെ യാസര്‍ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിരവധി സര്‍വീസുകള്‍ നടത്തി. 2001-ല്‍ ഈ വിമാനത്താവളം ഇസ്‌റാഈല്‍ ബോംബിട്ട് തകര്‍ത്തു. പിന്നീട് വിമാനങ്ങള്‍ ഗസ്സ മുനമ്പിനോട് ചേര്‍ന്ന ഈജിപ്തിലെ അല്‍ അറിഷ് വിമാനത്താവളത്തിലേക്ക് മാറ്റിയെങ്കിലും വിമാനം പാട്ടത്തിന് നല്‍കാന്‍ ഫലസ്തീന്‍ നിര്‍ബന്ധിതരായി. പിന്നീട് 2017-ല്‍ തന്നെ ഇതിന്റെ ഭൂരിഭാഗം സര്‍വീസുകളും നിര്‍ത്തിയിരുന്നു. ഡിസംബര്‍ 31-ഓടെ പൂര്‍ണ്ണമായും സര്‍വീസ് നിര്‍ത്തുന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

