26 Thursday
December 2024
2024 December 26
1446 Joumada II 24

കര്‍ഷകര്‍ക്കു വേണ്ടി ശബ്ദമുയരണം

രിസ്വാന്‍ മലപ്പുറം

തൊഴിലുകളില്‍ കൃഷിക്ക് വലിയ പ്രാധാന്യവും മഹത്വവുമുണ്ട്. അന്യരെ ആശ്രയിക്കാതെ ജീവിക്കാന്‍ സാധിക്കുന്ന നിരോധിതമല്ലാത്ത ഏതൊരു തൊഴിലിനും പവിത്രതയുണ്ടെന്നതാണ് സത്യം. എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട ജോലിക്ക് സ്വന്തമായിത്തന്നെ ചില പ്രത്യേകതകള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയതു കാണാം. അതുകൊണ്ടാണ് ചില പണ്ഡിതര്‍ തൊഴിലുകളില്‍ കൃഷിക്ക് പ്രഥമ പരിഗണന നല്‍കിയത്.
ഭൂമിയെ മനുഷ്യന് കൃഷി ചെയ്യാനും അതില്‍ സഞ്ചരിച്ച് വേണ്ടത് തേടിപ്പിടിക്കാനും പറ്റിയ വിധത്തില്‍ ക്രമീകരിച്ചതിനെക്കുറിച്ച് ഏറെ സൂക്തങ്ങളില്‍ കാണാം. അധ്വാനിച്ച് ജീവിതവിഭവം കണ്ടെത്താന്‍ ഏവര്‍ക്കും സാധിക്കും വിധമാണ് ഭൂമിയെ അല്ലാഹു സജ്ജീകരിച്ചിരിക്കുന്നത്. സാങ്കേതികമായ ജ്ഞാനം നേടിയവര്‍ക്ക് അങ്ങനെയും പരമ്പരാഗത രീതി സ്വീകരിക്കുന്നവര്‍ക്ക് അങ്ങനെയും കൃഷിയിലൂടെ അധ്വാനിച്ച് ജീവിക്കാന്‍ സാധിക്കുന്ന സാഹചര്യം അല്ലാഹുവിന്റെ അനുഗ്രഹമാണ്.
ഇസ്ലാം കൃഷിയെ അനിവാര്യതയായാണ് കാണുന്നത്. അതിനനുകൂലമായി പ്രകൃതിയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തെയും പരിസ്ഥിതിയെയും നമ്മെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. വിളവിന്റെ ലാഭനഷ്ടങ്ങളിലുടക്കാതെ സമീപിക്കേണ്ട ഒരു സാര്‍ത്ഥക ധര്‍മവും ആരാധനയുമെന്ന വിചാരം വളര്‍ത്തുവാനാണത് ബോധപൂര്‍വ്വം ശ്രമിക്കുന്നത്. തന്റെയും ആശ്രിതരുടെയും ഭക്ഷണം പ്രകൃതിദത്തവും പോഷകമൂല്യങ്ങളടങ്ങിയതുമായിരിക്കാന്‍ ഇസ്ലാം പ്രോത്സാഹനവും പ്രചോദനവും നല്‍കുന്നു.
സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന് വലിയ പുണ്യം നേടാനുള്ള മാര്‍ഗമാണ് കൃഷി. അതില്‍ നിന്ന് തനിക്ക് സ്വന്തമായി ഉപയോഗിക്കാന്‍ ഫലമോ ധാന്യമോ ലഭിക്കുമോ എന്ന വിചാരം പോലുമില്ലാതെ തന്നെ കൃഷി നടത്താന്‍ വിശ്വാസിയെ തയ്യാറാക്കുകയും അതിനു പരലോകത്ത് പ്രതിഫലം വാഗ്ദാനം നല്‍കുകയും ചെയ്യുന്ന പാഠങ്ങള്‍ നാം മുകളില്‍ സൂചിപ്പിച്ചു. മനുഷ്യന് ആഹാരമായി ഉപയോഗിക്കുന്നതിന് ധാന്യങ്ങളും ഫലങ്ങളും ഉല്‍പാദിപ്പിക്കുകയും തന്റെ പ്രയത്‌നത്തിന്റെ ഫലമായി ലഭിച്ചവ പാകം ചെയ്യുന്നതും ആഹരിക്കുന്നതും അര്‍ഹര്‍ക്ക് ദാനമായി വിതരണം ചെയ്യുന്നതുമെല്ലാം ഇസ്ലാം പ്രോത്സാഹിപ്പിച്ചു.
ഒരാള്‍ വൃക്ഷത്തൈ നടുകയും സംരക്ഷിച്ചു വളര്‍ത്തുകയും അതിന്റെ പേരിലുള്ള വിഷമതകള്‍ സഹിക്കുകയും ചെയ്തു. അങ്ങനെ അത് ഫലമുള്ളതായാല്‍ അതിന്റെ പഴങ്ങളില്‍ നിന്ന് (ഏതു ജീവികള്‍) ഉപയോഗപ്പെടുത്തുന്നതെല്ലാം അല്ലാഹുവിന്റെ അടുക്കല്‍ സ്വദഖയായിരിക്കും എന്ന ഹദീസുകളും കാണാം.
ഭൂമിയില്‍ ജീവികളുടെ വാസം നിലനില്‍ക്കുന്ന കാലമത്രയും അവര്‍ക്കാവശ്യമായ സൗകര്യങ്ങളുണ്ടാവണം. അവനവന്‍ പ്രവര്‍ത്തിച്ചതിന്റെ മാത്രം ഗുണങ്ങള്‍ അനുഭവിച്ചല്ല മനുഷ്യന്‍ ജീവിക്കുന്നത്. മുമ്പുള്ളവര്‍ നട്ടുപിടിപ്പിച്ചതിന്റെ ഫലമനുഭവിക്കുന്ന നാം ഇനി വരുന്നൊരു തലമുറക്ക് വേണ്ടി കൂടി കൃഷിയിലേര്‍പ്പെടണമെന്നര്‍ഥം.
കൃഷി ഭക്ഷ്യപ്രധാനമായ ഒരുപാധിയാണ്. അതിനാല്‍ കൃഷി നടത്താനാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത് എന്നും നാം മനസ്സിലാക്കി.
കൃഷി പുണ്യപ്രവൃത്തിയാണ്; അനിവാര്യവും. അതിനാല്‍ അതിന്റെ നിലനില്‍പ്പിനും സംരക്ഷണത്തിനും വിശ്വാസിയെ സന്നദ്ധനാക്കുന്നു ഇസ്ലാം. അതോടൊപ്പം നിശ്ചിത ഇനങ്ങളില്‍ അളവുതികഞ്ഞാല്‍ സകാത്തു നിശ്ചയിക്കുകയും ചെയ്തു. കൃഷി സംബന്ധമായ ഇടപാടില്‍ അരുതായ്മകള്‍ വരാതെ ശ്രദ്ധിക്കുന്നതും ധാര്‍മിക ബാധ്യതതന്നെ.
പലിശയിലും ചതിയിലും പെടാത്ത വിധമാകണം കൃഷി ഭൂമി വാടകക്കെടുക്കുന്നതും പാട്ടത്തിനെടുക്കുന്നതുമെല്ലാം. കര്‍ഷകന്‍ അതുമായി ബന്ധപ്പെട്ട പരമ്പരാഗത  മതനിയമങ്ങള്‍ പഠിക്കുകയും പാലിക്കുകയും വേണം. അത്തരം നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നേടത്തോണ് ആത്മാഹുതികള്‍ ആവര്‍ത്തിക്കുന്നത്.
ഈ ഒരു സാഹചര്യത്തില്‍, ആത്മഹത്യാ മുനമ്പിലേക്ക് അവരെ തള്ളിവിടുന്ന കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ ഉപരോധം സൃഷ്ടിക്കാനായില്ലെങ്കിലും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനെങ്കിലും നമുക്കാവണം.

 

( കത്തുകള്‍ ഇ-മെയിലായും അയക്കാം
letters.shababweekly@gmail.com )

Back to Top