യുക്തിവാദത്തിലെ പൊള്ളത്തരങ്ങള്‍
പി കെ മൊയ്തീന്‍ സുല്ലമി
വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളാണ്. അത് അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്യല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധവുമാണ്. എന്നാല്‍ നബിവചനങ്ങള്‍ (ഹദീസുകള്‍) അപ്രകാരമല്ല. ഒരു ഹദീസ് സ്വീകരിക്കണമെങ്കില്‍ നിരവധി നിബന്ധനകളുണ്ട്. കാരണം ഹദീസുകള്‍ നമ്മുെട പക്കല്‍ എത്തിച്ചേര്‍ന്നത് തെറ്റും ശരിയും ചെയ്യുന്ന മനുഷ്യരിലൂടെയാണ്. അതുകൊണ്ടു തന്നെയാണ് ഹദീസ് നിദാന ശാസ്ത്ര പണ്ഡിതന്മാര്‍ ഹദീസുകള്‍ സ്വീകരിക്കാന്‍ നിബന്ധനകള്‍ വച്ചിട്ടുള്ളതും.
ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണം കൂടിയാണ്. അതുകൊണ്ടാണ് ഖുര്‍ആനിന് വിരുദ്ധമായ ഹദീസുകള്‍ തള്ളിക്കളയണമെന്ന് മുസ്‌ലിം ലോകം ഏകകണ്ഠമായി തീരുമാനിച്ചത്. ഹദീസുകളില്‍ നിന്ന് നമുക്ക് ലഭിക്കേണ്ടത് ഉത്തമമായ മാതൃകകളാണ്. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അഥവാ അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിപ്പിക്കുകയും ചെയ്തു വരുന്നവര്‍ക്ക്” (അഹ്‌സാബ് 21). ഹദീസുകളില്‍ ചിലത് മാതൃകയില്ലാത്തതും വിശുദ്ധ ഖുര്‍ആനിന്റെ വ്യക്തമായ കല്പനകള്‍ക്ക് വിരുദ്ധവുമാണ്.
ചില ഹദീസുകള്‍ നബി(സ)യെ ഇകഴ്ത്തുന്നതും ഇസ്‌ലാമിക സംസ്‌കാരത്തിന് എതിരുമാണ്. ദുര്‍ബലവും നിര്‍മിതവുമായ ഹദീസുകള്‍ നിര്‍മിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും യഹൂദികളുടെയും ശീഅകളുടെയും പങ്ക് മറന്നുപോകരുത്. താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക: ”അനസ്(റ) പറയുന്നു: ഉകല്‍ അല്ലെങ്കില്‍ ഉറൈന ഗോത്രത്തിലെ ചിലര്‍ മദീനയില്‍ വരികയുണ്ടായി.
അവിടുത്തെ കാലാവസ്ഥ കാരണം അവര്‍ രോഗബാധിതരായി. അതിന് ശമനമായി ഒട്ടകമൂത്രവും അതിന്റെ പാലും കുടിക്കാന്‍ നബി(സ) അവരോട് കല്പിച്ച. അങ്ങനെ അവര്‍ പോവുകയും അവരുടെ രോഗം സുഖപ്പെടുകയും ചെയ്തു. അവരുടെ ആരോഗ്യം വീണ്ടുകിട്ടിയപ്പോള്‍ അവര്‍ നബി(സ)യുടെ ഒട്ടകങ്ങളെ മേയ്ക്കുന്ന ഇടയനെ കൊന്നുകളയുകയും ഒട്ടകങ്ങളെ തെളിച്ചുകൊണ്ടു പോവുകയും ചെയ്തു. പകലിന്റെ ആദ്യ സമയത്തു തന്നെ നബി(സ)ക്ക് അപ്രകാരം അറിവു കിട്ടുകയും അവരെ പിടിച്ചുകൊണ്ടുവരാന്‍ ആളെ അയക്കുകയും ചെയ്തു. അങ്ങനെ പകല്‍ അല്പവും കൂടി കഴിഞ്ഞപ്പോഴേക്ക് അവരെ കൊണ്ടുവന്നു.
ഉടനെ അവരുടെ കൈകാലുകള്‍ മുറിക്കാനും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാനും അവരെ വെയിലില്‍ കിടത്താനും കല്പിക്കുകയുണ്ടായി. അവര്‍ വെള്ളം ചോദിച്ചുകൊണ്ടിരുന്നു. അവര്‍ക്കത് നല്‍കിയതുമില്ല.” (ബുഖാരി 233, മുസ്‌ലിം 1671)
ഇവിടെ കാലാവസ്ഥാ വ്യതിയാനം കാരണത്താല്‍ പ്രസ്തുത ഗോത്രക്കാര്‍ക്ക് ഉണ്ടായിരുന്ന രോഗം വ്യക്തമല്ല. എങ്കിലും ഒട്ടകത്തിന്റെ മൂത്രവും പാലും കുടിക്കാന്‍ നബി(സ) കല്പിച്ചു എന്നാണ് ഹദീസില്‍ വന്നിട്ടുള്ളത്. രോഗവും ശമനവും ഇറക്കിയത് അല്ലാഹുവാണെങ്കിലും അതിന് മരുന്ന് കണ്ടുപിടിക്കല്‍ മനുഷ്യരുടെ ബാധ്യതയാണ്.
നബി(സ) മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ടായിരുന്നത് വഹ്‌യിന്റെ (ദൈവീക ബോധനം) അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് പൂര്‍വികമായി അംഗീകരിക്കപ്പെട്ടുപോന്ന ചികിത്സാരീതികളുടെയും സ്വന്തം ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. ഇത്തരം ഗവേഷണം നടത്തി നബി(സ) പറയുന്ന കാര്യങ്ങള്‍ നാം അംഗീകരിച്ചു കൊള്ളണമെന്നില്ലായെന്ന് അവിടുന്ന് തന്നെ പ്രസ്താവിച്ചിട്ടുമുണ്ട്.
”ഞാനൊരു മനുഷ്യന്‍ മാത്രമാണ്. ഞാന്‍ ദീന്‍ കാര്യമായി നിങ്ങളോട് വല്ലതും കല്പിക്കുന്ന പക്ഷം നിര്‍ബന്ധമായും നിങ്ങളത് അനുസരിക്കേണ്ടതാണ്. എന്റെ അഭിപ്രായമായ വല്ലതും നിങ്ങളോട് പറയുന്ന പക്ഷം (ശരിയെങ്കില്‍ അുസരിച്ചാല്‍ മതി) ഞാനൊരു മനുഷ്യന്‍ മാത്രമാണ്” (മുസ്‌ലിം 2362 സ്വഹീഹു മുസ്‌ലിം 8:128)
താഴെ വരുന്ന ഹദീസില്‍ നിന്ന് നബി(സ) ചികിത്സ എന്ന നിലയില്‍ പറഞ്ഞ ഹദീസുകള്‍ വഹ്‌യില്‍ പെട്ടതല്ലെന്ന് നമുക്ക് ബോധ്യപ്പെടും. ”തീര്‍ച്ചയായും കരിഞ്ചീരികം മരണമൊഴിച്ചുള്ള എല്ലാ രോഗങ്ങള്‍ക്കും ശമനമാണ്” (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് നാം മനസ്സിലാക്കിയിട്ടുള്ള യാഥാര്‍ഥ്യത്തിന് വിരുദ്ധമാണ് എന്ന് വിശദീകരിക്കേണ്ടതില്ലല്ലോ? ഇത് പൂര്‍വീകമായി അറേബ്യയിലുണ്ടായിരുന്ന ചില ധാരണകള്‍ അടിസ്ഥാനപ്പെടുത്തി നബി(സ) പ്രസ്താവിച്ചതായിരിക്കാനാണ് സാധ്യത എന്ന് ഇമാം നവവിയുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. അത് ശ്രദ്ധിക്കുക: ”വൈദ്യശാസ്ത്ര പണ്ഡിതന്മാര്‍ കരിംജീരകത്തെ സംബന്ധിച്ച് പറഞ്ഞതിനെ നബി(സ) സത്യപ്പെടുത്തുകയാണ് ചെയ്തത്” (ശറഹു മുസ്‌ലിം 7:454).
രണ്ടാമതായി, എല്ലാ ജീവികളുടെയും മലവും മൂത്രവും നജസായിട്ടാണ് ഇസ്‌ലാമിന്റെ പ്രമാണങ്ങള്‍ തെളിയിക്കുന്നത്. അറബി ഭാഷയില്‍ സാങ്കേതികമായി അല്‍ അഖ്ബസാനി എന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ‘മലവും മൂത്രവും’ എന്നാണ്.
ഇസ്‌ലാമിനോളം ശുദ്ധിക്കും വൃത്തിക്കും പ്രാധാന്യം നല്‍കിയ മറ്റൊരു മതവും ഇല്ല തന്നെ. ആന്തരിക വിശുദ്ധിയും ബാഹ്യമായ ശുദ്ധിയും ഒരുപോലെയാണ് അല്ലാഹു കണക്കാക്കുന്നത്. ”തീര്‍ച്ചയായും അല്ലാഹു ശുദ്ധിയുള്ളവരെയും പശ്ചാത്തപിക്കുന്നവരെയും ഇഷ്ടപ്പെടുന്നു.” (അല്‍ബഖറ 222)
ഭക്ഷിക്കാന്‍ അനുവദിക്കപ്പെട്ട ജീവികളുടെ മലവും മൂത്രവും നജസല്ല എന്ന് മേല്‍ ഹദീസിന്റെ അടിസ്ഥാനത്തില്‍ ചില പണ്ഡിതന്മാര്‍ പറഞ്ഞു എന്നല്ലാതെ ഖുര്‍ആനിലോ ഹദീസുകളിലോ അപ്രകാരം വിശദീകരിക്കപ്പെട്ടിട്ടില്ല. അല്ലാഹു പറയുന്നു: ”നല്ല വസ്തുക്കള്‍ അദ്ദേഹം (പ്രവാചകന്‍) അവര്‍ക്ക് അനുവദനീയമാക്കുകയും മ്ലേച്ഛ വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു.” (അഅ്‌റാഫ് 157)
മേല്‍ ഹദീസിനെ വിശദീകരിച്ച് ഇബ്‌നു ഹജര്‍(റ) പറയുന്നു: ”ഇമാം ശാഫിഈയും ഭൂരിപക്ഷം പണ്ഡിതന്മാരും ഭക്ഷിക്കല്‍ അനുവദിക്കപ്പെട്ട എല്ലാ ജീവികളുടെയും മലവും മൂത്രവും നജസാണെന്ന് പ്രസ്താവിച്ചിരിക്കുന്നു” (ഫത്ഹുല്‍ ബാരി 1:618)
ഇബ്‌നുല്‍ മുന്‍ദീ(റ) പറയുന്നു: ”ഒരു വിഭാഗം ആളുകള്‍ക്ക് (ഗോത്രക്കാര്‍ക്ക്) മാത്രം നബി(സ) അത് അനുവദിച്ചുകൊടുത്തു എന്നത് ശരിയല്ല. അങ്ങനെ ചിലര്‍ക്ക് പ്രത്യേകമായി അനുവദിച്ചുകൊടുത്തിട്ടുണ്ടെങ്കി
നിഷിദ്ധമായ വസ്തുക്കള്‍ കൊണ്ട് ചികിത്സിക്കുന്നത് നബി(സ) വിലക്കിയിട്ടുണ്ട്. ”തീര്‍ച്ചയായും നിഷിദ്ധമായ വസ്തുക്കള്‍ കൊണ്ട് അല്ലാഹു എന്റെ സമുദായത്തിന് രോഗശമനം നിശ്ചയിച്ചിട്ടില്ല.” (അബൂദാവൂദ്)
ഇബ്‌നു ഹജര്‍(റ) പറയുന്നു: ”നജസുകൊണ്ട് ചികിത്സിക്കല്‍ നിഷിദ്ധമാണ്. തീര്‍ച്ചയായും അത് രോഗശമനത്തിന് കൊള്ളുന്നതല്ല” (ഫത്ഹുല്‍ബാരി 1:618).
നജസുകൊണ്ടുള്ള ചികിത്സയില്‍ നബിമാതൃക ഇല്ല എന്നാണ് ഈ ഉദ്ധരണികള്‍ വ്യക്തമാക്കുന്നത്. വിലക്കപ്പെട്ട വസ്തുക്കള്‍കൊണ്ട് ചികിത്സിക്കരുത് എന്ന പ്രവാചക നിര്‍ദേശം മൂത്രചികിത്സയുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നുണ്ട്. ഖുര്‍ആനില്‍ പറഞ്ഞ പ്രവാചകന്റെ മഹിത മാതൃകയുമായി പൊരുത്തപ്പെടുന്നതല്ല മേല്‍പരാമര്‍ശങ്ങളിലെ വൈരുധ്യങ്ങള്‍.
മേല്‍ പറഞ്ഞ ഹദീസിന്റെ ബാക്കി ഭാഗം നബി(സ)യെ ചിത്രീകരിക്കുന്നത് ഫറോവയെക്കാളും നംറൂദിനെക്കാളും കഠിനഹൃദനും അക്രമിയുമായിട്ടാണ്. കാരണം അവര്‍ നബി(സ)യോട് ചെയ്ത കുറ്റം ഇടയനെ വധിക്കുകയും ഒട്ടകങ്ങളെ കൊണ്ടുപോവുകയും ചെയ്തു എന്നതാണ് ഹദീസില്‍ വന്നിട്ടുള്ളത്. അതിന് ശിക്ഷയായി നബി(സ) അവരുടെ കൈകാലുകള്‍ മുറിക്കാനും കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാനും വെയിലത്തു നിര്‍ത്താനും മരണസമയത്ത് ദാഹജലം കൊടുക്കാതിരിക്കാനും കല്പിച്ചു എന്നത് വിശുദ്ധ ഖുര്‍ആനിനും നബി(സ)യുെട വിട്ടുവീഴ്ചയും കാരുണ്യവും അറിയിക്കുന്ന മഹിതമായ സ്വഭാവ ഗുണങ്ങള്‍ക്കും വിരുദ്ധമാണ്.
കൊലയാളിയാണെങ്കിലും ഒരു വ്യക്തിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തുകയെന്നത് വിശുദ്ധ ഖുര്‍ആന്‍ നിരോധിച്ചതാണ്. അല്ലാഹു പറയുന്നു: ”എന്നാല്‍ അവന്റെ കൊലയില്‍ അതിരു കവിയരുത്. തീര്‍ച്ചയായും അവന്‍ സഹായിക്കപ്പെടുന്നവനാകുന്നു.” (ഇസ്‌റാഅ് 33)
നബി(സ)യെ അല്ലാഹു അയച്ചത് ലോകര്‍ക്ക് കാരുണ്യമായിട്ടാണ്. അല്ലാഹു പറയുന്നു: ”ലോകര്‍ക്ക്് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ അയച്ചിട്ടില്ല” (അന്‍ബിയാഅ് 107). നബി(സ)യുടെ സ്വഭാവത്തെ പുകഴ്ത്തിക്കൊണ്ട് അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും താങ്കള്‍ മഹത്തായ സ്വഭാവത്തിലാകുന്നു” (ഖലം 4).
മേല്‍ വചനത്തിന്റെ വിശദീകരണത്തില്‍ ഇപ്രകാരം കാണാവുന്നതാണ്: ”നബി(സ)യുടെ സ്വഭാവത്തെക്കുറിച്ച് ആയിശ(റ)യോട് ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: പ്രവാചകന്റെ സ്വഭാവം ഖുര്‍ആനായിരുന്നു” (അഹ്മദ്, മുസ്‌ലിം)
പ്രതികാരം എന്താണെന്നറിയാത്ത കാരുണ്യത്തിന്റെ പ്രതീകമായിരുന്നു നബി(സ). നബി(സ)യുടെ വിട്ടുവീഴ്ചയെക്കുറിച്ച് അല്ലാഹു പറയുന്നു: ”താങ്കള്‍ ഒരു പരുഷ സ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ താങ്കളുടെ ചുറ്റില്‍ നിന്ന് അവര്‍ പിരിഞ്ഞു പോയിക്കളയുകയായിരുന്നു. ആകയാല്‍ താങ്കള്‍ അവര്‍ക്ക് മാപ്പുകൊടുക്കുകയും അവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക.” (ആലുഇംറാന്‍ 159)
ശത്രുവിന് പോലും നന്മ ചെയ്ത് മിത്രമാക്കി എടുക്കാനാണ് നബി(സ)യോട് അല്ലാഹു കല്പിക്കുന്നത്. അല്ലാഹു പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു” (ഫുസ്സ്വിലത്ത് 34)
ഉഹ്ദ് രണാങ്കണത്തില്‍ വെച്ച് നബി(സ)യുടെ പിതൃവ്യന്‍ ഹംസയുടെ(റ) ഘാതകനും ചാട്ടുളി പ്രയോഗം നടത്തി നെഞ്ചു പിളര്‍ത്തിയ വഹ്ശിക്കും ഹംസയുടെ(റ) കരള്‍ പറിച്ചെടുത്ത് വായിലിട്ട് ചവച്ചരച്ച് അദ്ദേഹത്തിന്റെ ശരീരത്തില്‍ നൃത്തമാടുകയും ചെയ്ത ഹിന്ദ് എന്ന സ്ത്രീക്കും മാപ്പു നല്‍കിയ ലോകം കണ്ട ഏറ്റവും വലിയ ദയാലുവാണ് നബി(സ).
അങ്ങനെയുള്ള ഒരു പ്രവാചകന് മനസ്സാക്ഷിയില്ലാത്ത ഇത്തരം ക്രൂരതകള്‍ കാണിക്കാന്‍ കഴിയുമെന്നത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. അത് വിശുദ്ധ ഖുര്‍ആനില്‍ പറഞ്ഞ പ്രവാചകന്റെ സ്വഭാവങ്ങള്‍ക്ക് വിരുദ്ധവുമാണ്.