വ്യോമപാത: ഇസ്‌റാഈലിനെ തടഞ്ഞ് അല്‍ജീരിയയും തുനീഷ്യയും
വ്യോമപാത: ഇസ്‌റാഈലിനെ തടഞ്ഞ് അല്‍ജീരിയയും തുനീഷ്യയും
ഇസ്‌റാഈല്‍ വിമാനങ്ങള്‍ പറക്കാന്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് തടഞ്ഞും പ്രതിഷേധമറിയിച്ചും തുനീഷ്യ, അല്‍ ജീരിയ രാഷ്ട്രങ്ങള്‍ രംഗത്തെത്തി. മൊറോക്കന്‍ നഗരമായ റാബത്തിലേക്ക് ഇസ്‌റാഈല്‍ വിമാനങ്ങള്‍ പറക്കാന്‍ വേണ്ടിയാണ് ഇരു രാഷ്ട്രങ്ങളുടെയും വ്യോമപാത ഉപയോഗിക്കാന്‍ ശ്രമം നടത്തുന്നത്. യൂറോപ്പ് വഴിയുള്ള പരോക്ഷമായ വിമാനപാതയാണിത്. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ പ്രതിഷേധത്തിന്റെ ഭാഗമായാണ് അനുമതി നല്‍കാതിരുന്നത്. മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെയുള്ള വടക്കന്‍ വ്യോമപാതയിലൂടെ കടന്നുപോകാന്‍ ഇസ്‌റാഈല്‍ വിമാനങ്ങള്‍ നിര്‍ബന്ധിതരായി എന്ന് തുനീഷ്യയിലെ നെസ്മ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
അല്‍ജീരിയയും ഇസ്‌റാഈലും വിമാനാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ഇറ്റാലിയന്‍, സ്പാനിഷ് വ്യോമാതിര്‍ത്തി ഉപയോഗിച്ചാണ് മൊറോക്കന്‍ തലസ്ഥാനത്തേക്ക് പറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇസ്‌റാഈല്‍ വിമാനങ്ങള്‍ക്ക് പറക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുവാദം നല്‍കി എന്ന വാര്‍ത്ത നിഷേധിച്ച് അല്‍ജീരിയ രംഗത്തുവരികയും ചെയ്തിട്ടുണ്ട്.
മൊറോക്കോ രാജാവിന് ഇസ്‌റാഈലിലേക്ക് ക്ഷണം
മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു ടെലിഫോണ്‍ സംഭാഷണം നടത്തി. അദ്ദേഹത്തെ ഇ സ്‌റാഈല്‍ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പുതുക്കല്‍, യു എസുമായി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചത്, ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറുകള്‍ എന്നിവയില്‍ നേതാക്കള്‍ പരസ്പരം അഭിനന്ദിച്ചു. ഇസ്‌റാഈലും മൊറോക്കോയും തമ്മില്‍ ചൊവ്വാഴ്ചയാണ് നാല് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവെച്ചത്. നേരിട്ടുള്ള വിമാന സര്‍വീസ്, ജല മാനേജ്‌മെന്റ്, സാമ്പത്തിക സംവിധാനങ്ങളെ ബന്ധിപ്പിക്കുക, നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിസ ഒഴിവാക്കല്‍ എന്നിവ കേന്ദ്രീകരിച്ചാണ് കരാര്‍. ഇസ്‌റാഈലും മൊറോക്കോയും നയതന്ത്ര ഓഫീസുകള്‍ ഇരു രാജ്യങ്ങളിലും വീണ്ടും തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഉച്ചകോടിക്ക് മുമ്പ് ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് ബഹ്‌റൈന്‍
ഖത്തറിനും മറ്റു ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി അടുത്ത മാസം നടക്കുന്ന ഉച്ചകോടിക്ക് മുമ്പ് അവസാനിപ്പിക്കണമെന്ന് ബഹ്‌റൈന്‍. മനാമ പരമോന്നത പ്രതിരോധ സമിതിക്ക് നേതൃത്വം ന ല്‍കുന്ന രാജാവ് ഹമദ് ബി ന്‍ ഇസ അല്‍ ഖലീഫ ആവശ്യപ്പെട്ടതായി ബഹ്‌റൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2017 ജൂണില്‍ സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിക്കുകയായിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുക, ഇറാനുമായി ബന്ധം സ്ഥാപിക്കുക എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. യു എ ഇ, സഊദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ ജി സി സി രാഷ്ട്രങ്ങള്‍ ജനുവരി 5-ന് സഊദിയില്‍ സമ്മേളിക്കുന്നതിന് മുന്നോടിയായി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ബഹ്‌റൈന്‍ ആവശ്യപ്പെട്ടത്.
ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കാന്‍ 70 മില്യണ്‍ ഡോളറുമായി കാനഡ
ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി 70 മില്യണ്‍ ഡോളറിന്റെ സഹായഹസ്തവുമായി വടക്കേ അമേരിക്കന്‍ രാജ്യമായ കാനഡ. യു എന്നിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ അഭയാ ര്‍ഥി ഏജന്‍സിക്കാണ് കാനഡ സഹായം വാഗ്ദാനം ചെയ്തത്. തങ്ങള്‍ പ്രഖ്യാപിച്ച സഹായം മൂന്ന് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും ദുര്‍ബലരായ ഫലസ്തീന്‍ അഭയാര്‍ഥികളുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ ദൂരീകരിക്കാന്‍ ഇത് ഉപകരിക്കുമെന്നും കനേഡിയന്‍ അന്താരാഷ്ട്ര വികസന മന്ത്രി കരീന ഗൗള്‍ഡ് പറഞ്ഞു. വെസ്റ്റ് ബാങ്ക്, ഗസ്സ, സിറിയ, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കാണ് സഹായം വിതരണം ചെയ്യുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എക്കാലത്തെയും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് യു എന്‍ നേരിടുന്നതെന്ന് ഏജന്‍സിയുടെ മേധാവി കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കാനഡ സഹായം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി അമേരിക്ക അടക്കമുള്ള യു എന്നിന് സംഭാവന നല്‍കുന്ന ദാതാക്കള്‍ ഫണ്ട് നല്‍കുന്നത് വിവിധ കാരണങ്ങള്‍ പറഞ്ഞ് നിര്‍ത്തലാക്കിയിരുന്നു. അതിനിടെയാണ് കാനഡയുടെ സഹായഹസ്തം. യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍ സി (യു എന്‍ ആര്‍ ഡബ്ല്യു എ) എന്ന പേരിലാണ് യു എന്നിന്റെ ഫലസ്തീന്‍ സഹായ ഏജന്‍സി പ്രവര്‍ത്തിക്കുന്നത്.