26 Thursday
December 2024
2024 December 26
1446 Joumada II 24

ഖുര്‍ആനിന്റെ ആഴങ്ങളിലേക്കിറങ്ങിയ ശാസ്ത്രപണ്ഡിതന്‍

ഹാറൂന്‍ കക്കാട്

തികച്ചും വ്യത്യസ്തവും ഗഹനവുമായിരുന്നു ആ പുസ്തകങ്ങളുടെ തലക്കെട്ടുകള്‍! 1989-ല്‍ അരീക്കോട് സുല്ലമുസ്സലാം ലൈബ്രറിയില്‍ നിന്നാണ് എഞ്ചിനിയര്‍ എ എം ഉസ്മാന്‍ എന്ന ധിഷണാശാലിയുടെ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയത്. എഞ്ചിനിയറിംഗ് കരവിരുതില്‍ തന്ത്രജ്ഞനായ ഉസ്മാന്‍ അക്ഷരങ്ങളിലും അസാമാന്യ രൂപകല്‍പനയുടെ കൗതുകങ്ങള്‍ മെനഞ്ഞ മഹാ ചിന്തകനായിരുന്നു! അദ്ദേഹത്തെ ഞാനാദ്യമായി കാണുന്നത് 2000 മെയ് മാസത്തിലാണ്. പൊന്നാനിയിലെ ‘അല്‍ഇസ്ലാഹ്’ വീട്ടില്‍ വെച്ച് ശബാബ് വാരികയ്ക്ക് വേണ്ടി ദീര്‍ഘനേരം ഞങ്ങള്‍ സംസാരിച്ചു. കൂടെ പൊന്നാനിയുടെ നവോത്ഥാന സംരംഭങ്ങളിലെ നിറസാന്നിധ്യമായ സി വി അബ്ദുല്ലക്കുട്ടി മാസ്റ്ററും ഉണ്ടായിരുന്നു. കനപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതാന്‍ വേണ്ടി എത്രമേല്‍ വലിയ ത്യാഗങ്ങളാണ് ഉസ്മാന്‍ സാഹിബ് ഏറ്റുവാങ്ങിയത് എന്ന് ആ സന്ദര്‍ശനത്തില്‍ ബോധ്യമായി.
കച്ച് മേമന്‍ സമുദായാംഗമായ ഹാജി ദാവൂദ് സേട്ടിന്റെയും പൊന്നാനി അവറാന്‍കുട്ടി മുസ്ലിയാരകത്ത് സാറു ഉമ്മ ബീവിയുടെയും മകനായി 1923-ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് അദ്ദേഹത്തിന്റെ ജനനം. പൊന്നാനി തസ്ലീമുല്‍ ഇസ്ലാം സ്‌കൂളില്‍ പ്രാഥമിക പഠനം. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്ഥാപിച്ച പൊന്നാനി ജുമുഅത്ത് പള്ളിയില്‍ മതപഠനം അഭ്യസിക്കുന്നതിനും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നതിനും അവസരം ലഭിച്ചു.
സാമ്പത്തികമായി ഏറെ പ്രയാസം നേരിട്ട ഉസ്മാന്‍ സാഹിബിന് പഠനകാലം വളരെ ദുഷ്‌കരമായിരുന്നു. പരിമിതമായ ഭൗതിക സൗകര്യങ്ങള്‍, കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ തുടങ്ങിയ വന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത്, വ്യത്യസ്ത മേഖലകളില്‍ അസാധാരണ വിജയം വരിച്ച സംഭവ ബഹുലമായ കഥയാണ് അദ്ദേഹത്തിന്റേത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് നിര്യാതനായി. പിന്നീട് മാതാവിന്റെ സ്വര്‍ണാഭരണങ്ങള്‍ വരെ പഠന ചിലവിന് വില്‍ക്കേണ്ടി വന്നു. എല്ലാ പരീക്ഷണങ്ങളും അസാമാന്യ ക്ഷമയും കരുത്തും ആര്‍ജിച്ച് പുഞ്ചിരിയോടെ അദ്ദേഹം അതിജീവിക്കുകയായിരുന്നു.
കഷ്ടപ്പാടിന്റെ മൂര്‍ധന്യതയിലും പഠനത്തില്‍ മുന്‍പന്തിയിലായിരുന്നു അദ്ദേഹം. പൊന്നാനി അച്യുതവാര്യര്‍ ഹൈസ്‌ക്കൂളില്‍ നിന്ന് ഒന്നാം സ്ഥാനത്തോടെ എസ് എസ് എല്‍ സി പാസ്സായി. തുടര്‍ന്ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പഠനം പൂര്‍ത്തിയാക്കി. പിന്നീട് സൗത്ത് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമായിരുന്ന മദ്രാസിലെ ഗിണ്ടി എഞ്ചിനിയറിംഗ് കോളജില്‍ നിന്ന് ഒന്നാം റാങ്കോടെ സിവില്‍ എഞ്ചിനിയറിംഗില്‍ ബി ഇ ബിരുദം നേടി. തുടര്‍ന്ന് കോയമ്പത്തൂരിലെ ഗോപിച്ചെട്ടിപ്പാളയം പി ഡബ്ല്യു ഡി ഇറിഗേഷന്‍ ഓഫീസറായി നിയമനം ലഭിച്ചു. 1949 മുതല്‍ ആറ് വര്‍ഷം മദ്രാസ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചു. ശേഷം തെക്കേ ഇന്ത്യയിലെ പ്രശസ്തമായ ട്യൂട്ടികോറിന്‍ തെര്‍മല്‍ പവര്‍‌സ്റ്റേഷന്റെ ചീഫ് എഞ്ചിനിയറായി നിയമിതനായി. 1978-ല്‍ തമിഴ്‌നാട് ചീഫ് എഞ്ചിനിയറായി സര്‍വീസില്‍ നിന്ന് വിരമിച്ചു.
ക്രാന്തദര്‍ശിയായ ചിന്തകന്‍, ബഹുഭാഷാ ജ്ഞാനി, മത ഭൗതിക വൈജ്ഞാനിക രംഗത്തെ അഗ്രേസരനായ ധിഷണാശാലി, മികച്ച പ്രഭാഷകന്‍, നിരവധി ഗവേഷണാത്മക ഗ്രന്ഥങ്ങളുടെ കര്‍ത്താവ്, അസാമാന്യ പാടവമുള്ള എഞ്ചിനിയര്‍ എന്നിങ്ങനെ ഒട്ടേറെ മേഖലകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു ഉസ്മാന്‍ സാഹിബ്. മദ്രാസില്‍ ദീര്‍ഘകാലം ഔദ്യോഗിക ജീവിതം നയിക്കുമ്പോള്‍ തന്നെ വിവിധ പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണാത്മകമായ ലേഖനങ്ങള്‍ എഴുതിയിരുന്നു അദ്ദേഹം. എഞ്ചിനിയര്‍ ടി പി കുട്ട്യാമു സാഹിബിന്റെ ഉപദേശ നിര്‍ദേശങ്ങളാണ് രചനാ മേഖലയില്‍ കൂടുതല്‍ കരുത്താര്‍ജിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കെ എന്‍ എം പ്രസിഡന്റ് ഡോ. എം ഉസ്മാന്‍ സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍മുനീര്‍ ഇംഗ്ലീഷ് മാഗസിനിലും കോഴിക്കോട് നിന്ന് പുറത്തിറങ്ങിയ ദ മെസേജ് മാഗസിനിലും ഖുര്‍ആനും പ്രപഞ്ച വിസ്മയങ്ങളുമായി ബന്ധപ്പെട്ട നിരവധി ലേഖനങ്ങള്‍ അദ്ദേഹം എഴുതിയിരുന്നു.
ഉസ്മാന്‍ സാഹിബ് എഴുതിയ ഒരു ഡസനോളം മികച്ച കൃതികളുടെ ഉള്ളടക്കം വായനക്കാരെ വിസ്മയിപ്പിക്കുന്നതാണ്. മത ഭൗതിക മേഖലകളില്‍ ഒരുപോലെ അദ്ദേഹം ആര്‍ജിച്ച അറിവിന്റെ ആഴം അപാരമാണ്! അദ്ദേഹത്തിന്റെ പ്രഥമ ഇംഗ്ലീഷ് പുസ്തകം മേഴ്‌സി ഓഫ് അല്ലാഹ് 1988-ല്‍ തിരുവനന്തപുരം അറഫാ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്. ഇതേ പുസ്തകത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് 1995- ല്‍ മദ്രാസ് ഇസ്ലാമിക് ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം കോഴിക്കോട്ടെ അറഫ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഉസ്മാന്‍ സാഹിബിന്റെ പ്രധാന പുസ്തകങ്ങളെല്ലാം മലയാളത്തിന് സമര്‍പ്പിച്ചത് കോഴിക്കോട്ടെ യുവത ബുക്ഹൗസാണ്. സമയത്തിന്റെ ആപേക്ഷികത, തൗഹീദും തഖ്ദീറും, പ്രകാശത്തിനു മേല്‍ പ്രകാശം, വികസിക്കുന്ന പ്രപഞ്ചം, ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുര, ഖുര്‍ആനും പ്രപഞ്ച ശാസ്ത്രവും എന്നീ ഗ്രന്ഥങ്ങള്‍ ഇന്നും പകരം വെക്കാനില്ലാത്ത അമൂല്യ രചനകളായി നിലകൊള്ളുന്നു!
പ്രകാശത്തിന് മേല്‍ പ്രകാശം കേരളീയ ബൗദ്ധിക മണ്ഡലത്തില്‍ വളരെയേറെ ചര്‍ച്ചയായ കൃതിയാണ്. ദൈവം ശൂന്യതയില്‍ നിന്ന് ഉളവാക്കിയ പദാര്‍ഥത്തിന്റെ സ്ഫുരണമായ ഭൗതിക പ്രകാശം ഇരുട്ടിന് ആപേക്ഷികമായി മാത്രം പ്രകടമാകുന്നതാണ്. ഈ വെളിച്ചം ഇരുട്ടിന്റെ അനുബന്ധിത ക്രിയ മാത്രമാണ്. അത് സാക്ഷാല്‍ വെളിച്ചമെന്ന പേരിന് അര്‍ഹമല്ല. പ്രകാശത്തിന് മേലുള്ള പ്രകാശം മാത്രമാണ് സാക്ഷാല്‍ പ്രകാശമെന്ന് ഗ്രന്ഥകാരന്‍ ഇതില്‍ കൃത്യമായി സമര്‍ത്ഥിക്കുന്നുണ്ട്. ഇത്തരം അതി ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നു എന്നതാണ് ഉസ്മാന്‍ സാഹിബിന്റെ രചനകളുടെ സവിശേഷത.
യുവത ബുക്‌സ് പ്രസിദ്ധീകരിച്ച, ഉസ്മാന്‍ സാഹിബിന്റെ വികസിക്കുന്ന പ്രപഞ്ചം എന്ന കൃതിക്ക് 1990-ല്‍ മലയാളത്തിലെ ഏറ്റവും മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനുള്ള അബൂദബി മുസ്ലിം റൈറ്റേഴ്‌സ് ഫോറം അവാര്‍ഡും സമയത്തിന്റെ ആപേക്ഷികത എന്ന കൃതിക്ക് തിരുവനന്തപുരം മുസ്ലിം അസോസിയേഷന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് 1987-ല്‍ പ്രസിദ്ധീകരിച്ച വര്‍ണമെന്ന പ്രതിഭാസം, കോട്ടക്കല്‍ ഇസ്ലാമിക് ലൈബ്രറി പ്രസിദ്ധീകരിച്ച ഖുര്‍ആന്‍ ചിന്തകള്‍ എന്നീ കൃതികളും ഉസ്മാന്‍ സാഹിബിന്റെ പ്രതിഭാധനതയെ അടയാളപ്പെടുത്തുന്നതാണ്.
ജനമനസ്സുകളെ ആകര്‍ഷിക്കുന്ന മികച്ച പ്രഭാഷകനായിരുന്നു എ എം ഉസ്മാന്‍ സാഹിബ്. നിരവധി സെമിനാറുകളില്‍ ഖുര്‍ആനും പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവതരിപ്പിച്ചിരുന്നു. പുളിക്കല്‍, ഫറോക്ക് മുജാഹിദ് സംസ്ഥാന സമ്മേളനങ്ങളില്‍ ഉസ്മാന്‍ സാഹിബ് അവതരിപ്പിച്ച പ്രബന്ധങ്ങള്‍ സത്യാന്വേഷികള്‍ക്ക് പുതിയ ഉണര്‍വ്വും ആവേശവും പകര്‍ന്നു. മദ്രാസ്, തലശ്ശേരി, കൊല്ലം, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി പൊതുസമ്മേളനങ്ങളിലും അദ്ദേഹം പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിരുന്നു. മദ്രാസ് മൗണ്ട് റോഡ് ജുമാ മസ്ജിദില്‍ ദീര്‍ഘകാലം ഖതീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഹൃദ്യമായ ഇംഗ്ലീഷ് ഖുതുബകള്‍ നിരവധി ഉയര്‍ന്ന ഉദ്യോഗസ്ഥരേയും ഉന്നത ബിരുദധാരികളേയും നവോത്ഥാന പ്രസ്ഥാനത്തിലേക്ക് വഴിനടത്തി. വശ്യമായ ഖുര്‍ആന്‍ പാരായണം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ മാസ്മരിക ആകര്‍ഷണമായിരുന്നു.
മദ്രാസ് ആയിരുന്നു ഉസ്മാന്‍ സാഹിബിന്റെ പ്രധാന പ്രബോധന കേന്ദ്രം. മദ്രാസിലെ മലബാര്‍ മുസ്ലിം അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികളില്‍ ദീര്‍ഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രപഞ്ച വിജ്ഞാനീയത്തില്‍ വളരെ വലിയ സംഭാവനകളാണ് എ എം ഉസ്മാന്‍ സാഹിബ് നല്‍കിയത്. വികസിക്കുന്ന പ്രപഞ്ചത്തെ സംബന്ധിച്ച ധാരാളം ആധികാരിക പഠനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വിനയാന്വിതനായ ആ സാത്വികന്‍ 2007 ഡിസംബര്‍ നാലിന് ചൊവ്വാഴ്ച വൈകുന്നേരം, എണ്‍പത്തിനാലാം വയസ്സില്‍ അന്ത്യയാത്രയായി.

Back to Top