8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

കുഞ്ഞു നന്മകളും ചെറുതല്ല

എം ടി അബ്ദുല്‍ഗഫൂര്‍

”അബൂദര്‍റ്(റ) പറയുന്നു: നബി(സ) എന്നോട് പറഞ്ഞു: നന്മയില്‍ നിന്ന് യാതൊന്നിനെയും നീ നിസ്സാരമാക്കരുത്. നിന്റെ സഹോദരനെ പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ടുമുട്ടുന്നതുപോലും (തിര്‍മിദി)

പുഞ്ചിരി ഒരു ദാനമാണ്. മറ്റുള്ളവര്‍ക്ക് നല്‍കാന്‍ കഴിയുന്ന അമൂല്യമായ ഒരു ദാനം. മനുഷ്യ പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന ആശയവിനിമയത്തിനുള്ള പ്രധാ നപ്പെട്ട ഒരു മാര്‍ഗവുമാണ് പുഞ്ചിരി. ഒരു വാക്കുപോലും ഉച്ചരിക്കാതെ ഒരു ശബ്ദം പോലും പുറത്തുവരാതെ മറ്റുള്ളവരുടെ മനസ്സിലേക്ക് നിഷ്പ്രയാസം കടന്നുചെല്ലാവുന്ന ഒരു ശരീരഭാഷയത്രെ പുഞ്ചിരി. ദു:ഖങ്ങളും പ്രയാസങ്ങളും നിറഞ്ഞ മനുഷ്യജീവിതത്തിന്റ ഇരുട്ടുകളെ വകഞ്ഞുമാറ്റാന്‍ പര്യാപ്തമായ ഒരു സിദ്ധൗഷധവുമാണത്.
വിഷമിച്ചിരിക്കുന്ന ഒരാളെ സുസ്‌മേര വദനനായി നാം അഭിമുഖീകരിച്ചാല്‍ അയാളുടെ മുഖത്തുനിന്നും ദു:ഖത്തിന്റെ കാര്‍മേഘങ്ങള്‍ നീങ്ങിപ്പോകുന്നതായി നമുക്ക് കാണാം. മഹാനായ ഇബ്‌നു ഹിബ്ബാന്‍ പറഞ്ഞതുപോലെ പരസ്പരം പുഞ്ചിരികൊണ്ട് അഭിവാദ്യം ചെയ്തു പ്രാര്‍ഥിക്കുന്ന രണ്ട് സഹോദരങ്ങള്‍ക്ക് മരത്തില്‍നിന്ന് ഉണങ്ങിയ ഇലകള്‍ കൊഴിയുന്നപോലെ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ മാത്രം ഗൗരവമേറിയതത്രെ അത്.
നബിതിരുമേനി(സ)യുടെ സ്വഭാവമഹിമകളില്‍ മികച്ചുനില്‍ക്കുന്ന ഒന്നാണ് അദ്ദേഹം പുഞ്ചിരി പതിവാക്കിയിരുന്നു എന്നത്. വെളുത്തവനെന്നോ കറുത്തവനെന്നോ ധനികനെന്നോ ദരിദ്രനെന്നോ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും പ്രസന്നമുഖത്തോടെ മാത്രമാണ് അദ്ദേഹം അഭിമുഖീകരിച്ചത്. നബിതിരുമേനി(സ)യെപ്പോലെ പുഞ്ചിരിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല എന്ന് സതീര്‍ഥ്യന്‍ സാക്ഷ്യപ്പെടുത്തുന്നത് അതുകൊണ്ടാണ്.
അടച്ചുപൂട്ടപ്പെട്ട ഹൃദയകവാടത്തെ തുറക്കാനുള്ള താക്കോലാണ് പുഞ്ചിരി എന്നിരിക്കെ വിശ്വാസികള്‍ ഇതിനെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നബിതിരുമേനി(സ) മറ്റുള്ളവരുടെ മനസ്സിനെ കീഴടക്കിയത് പുഞ്ചിരിയെന്ന ആയുധമുപയോഗിച്ചാകുന്നു. ഇസ്്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മഹിതമായ സ്ഥാനമാണ് പുഞ്ചിരിക്കുള്ളത്. കാരണം, ക്ഷണിക്കപ്പെടുന്നവരില്‍ അത്ഭുതകരമായ സ്വാധീനം ചെലുത്താന്‍ അതിന് കഴിയുന്നു.
പ്രബോധിതന്റെ മനസ്സിലേക്ക് കയറിച്ചെല്ലാനും അവരുടെ സ്‌നേഹം കരസ്ഥമാക്കാനും നമ്മെ ശ്രവിക്കുവാനും നാം പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ താല്പര്യം കാണിക്കുവാനും അവരെ തയ്യാറാക്കുന്ന മഹത്തായ ഒരു ധര്‍മമാണ് പുഞ്ചിരി. നമുക്ക് ചിരിക്കാം, എല്ലാവരോടും. മനസ്സിന്റെ വിഷമതകളകലട്ടെ. പ്രയാസങ്ങള്‍ ലഘൂകരിക്കപ്പെടട്ടെ. സമാധാനം പൂത്തുലയട്ടെ. നന്മയുടെ വാഹകരാവാം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x