യുക്തിവാദത്തിന്റെ പൊള്ളത്തരങ്ങള്‍
പി കെ മൊയ്തീന്‍ സുല്ലമി
താന്‍ നേരില്‍ കണ്ട് മനസ്സിലാക്കിയതില്‍ മാത്രമേ വിശ്വസിക്കൂ എന്നതാണല്ലോ യുക്തിവാദത്തിന്റെ തത്വം. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവത്തില്‍ വിശ്വസിക്കണമെങ്കില്‍ ദൈവത്തെ അവന്‍ നേരില്‍ കാണുകയും അവനെ സൃഷ്ടിച്ചത് ആരാണെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നതാണ് ന്യായവാദം. മനുഷ്യ ബുദ്ധി അപൂര്‍ണവും പരിധി നിര്‍ണയിക്കപ്പെട്ടതുമാണ്. അത് ദൈവനിര്‍ണിതവുമാണ്. അല്ലാഹു പറയുന്നു: ”എല്ലാ കാര്യങ്ങളും അവന്റെ അടുക്കല്‍ ഒരു നിശ്ചിത കണക്കനുസരിച്ചാകുന്നു.” (റഅ്ദ് 8)
ഇതേ ആശയം സൂറത്തുല്‍ ഫുര്‍ഖാന്‍ രണ്ടാം വചനത്തിലും സൂറത്തുത്ത്വലാഖ് മൂന്നാം വചനത്തിലും കണ്ടെത്താന്‍ കഴിയും. മനുഷ്യന്റെ ബുദ്ധിക്ക് മാത്രമല്ല പരിധി. അവന്റെ ശക്തി, കേള്‍വി, കാഴ്ച, വിജ്ഞാനം എന്നിവക്കെല്ലാം അല്ലാഹു പരിധി നിശ്ചയിച്ചിട്ടുണ്ട്്. മനുഷ്യന്റെ വിജ്ഞാനത്തിന് പരിധി നിശ്ചയിച്ചു കൊണ്ട് അല്ലാഹു പറയുന്നു: ”അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.” (ഇസ്‌റാഅ് 85)
അതുകൊണ്ട് തന്നെയാണ് ഒരാള്‍ക്കും ഞാന്‍ ഇത്രകാലം ജീവിക്കുമെന്നോ, ഇന്ന ദിവസം ഇന്നേടത്ത് വെച്ച് ഇന്ന സമയം മരിക്കുമെന്നോ മുന്‍കൂട്ടി പ്രവചിക്കാന്‍ സാധിക്കാത്തത്. മനുഷ്യന്റെ കഴിവിന് അല്ലാഹു പരിധി നിര്‍ണയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഒരു യുക്തിവാദിക്കോ അല്ലാത്തവര്‍ക്കോ മരണത്തെ തടുത്തു നിര്‍ത്താനോ അതില്‍ നിന്ന് ഒഴിഞ്ഞുമാറാനോ സാധിക്കാത്തതും. അല്ലാഹു അത്തരം വീമ്പു പറയുന്ന യുക്തിവാദികളോട് ചോദിക്കുന്നത് ശ്രദ്ധിക്കുക: ”എന്നാല്‍ ജീവന്‍ തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തത്). നിങ്ങള്‍ തല്‍സമയം നോക്കിക്കൊണ്ടിരിക്കുമല്ലോ. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചേടത്തോളം ഏറ്റവും അടുത്തവന്‍. നിങ്ങളത് കണ്ടു മനസ്സിലാക്കുന്നില്ല. അപ്പോള്‍ നിങ്ങള്‍ അല്ലാഹുവിന്റെ നിയന്ത്രണത്തിന് വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തു കൊണ്ട് ജീവന്‍ തിരിച്ചുപിടിക്കാനാവുന്നില്ല. നിങ്ങള്‍ സത്യവാദികളാണെങ്കില്‍.” (വാഖിഅ 8387)
ദൈവത്തിന്റെ മേല്‍ ചോദ്യങ്ങള്‍ക്ക് ഇന്നേവരെ ഒരു യുക്തിവാദിക്കും മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. ലോകത്തുള്ള മുഴുവന്‍ യുക്തിവാദികള്‍ ഒരുമിച്ചു കൂടിയാലും ഒരുമിച്ചു ചിന്തിച്ചാലും ദൈവത്തിന്റെ അസ്തിത്വം കണ്ടെത്താന്‍ അവര്‍ക്ക് സാധ്യമല്ല. സംഭവ്യമല്ലാത്ത ഒരു കാര്യം കണ്ടുപിടിക്കാനുള്ള ബുദ്ധി ദൈവം ആര്‍ക്കും നല്‍കുന്നതുമല്ല. കാരണം അവന്‍ അനാദിയും അന്ത്യമില്ലാത്തവനും പ്രത്യക്ഷനും പരോക്ഷമായവനുമാണ്. അല്ലാഹു പറയുന്നു: ”അവന്‍ ആദിയും അന്തിമനും പ്രത്യക്ഷമായവനും പരോക്ഷമായവനുമാണ്.” (ഹദീദ് 3)
ദൈവത്തിന്റെ അസ്തിത്വവും കഴിവും യുക്തിയും അറിവും അവന്‍ നല്‍കിയിട്ടുള്ള പരിമിതമായ ബുദ്ധികൊണ്ട് ചിന്തിച്ച് അവനില്‍ അടിയുറച്ചു വിശ്വസിക്കാനാണ് അവന്റെ കല്പന. യുക്തിവാദികളടക്കമുള്ള എല്ലാവര്‍ക്കും ചിന്തിച്ചാല്‍ പിടുത്തം കിട്ടാത്ത ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്ത് നിലവിലുണ്ട്. അവയുടെ അസ്തിത്വവും ഉത്ഭവവും നമ്മുടെ അല്പ ബുദ്ധിക്ക് പിടിത്തം കിട്ടിയില്ല എന്നതുകൊണ്ടു മാത്രം അവകളെല്ലാം നമുക്ക് തള്ളിക്കളയാനൊക്കുമോ? ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: തെങ്ങാണോ തേങ്ങയാണോ, മാങ്ങയാണോ മാവാണോ, നെല്ലിക്കയാണോ നെല്ലിമരമാണോ ആദ്യം ഉണ്ടായത് എന്ന് തിട്ടമായി പറയാന്‍ ഇന്നേവരെ ഒരു യുക്തിവാദിക്കും സാധിച്ചിട്ടില്ല. എന്നുവെച്ച് മേല്‍പറഞ്ഞവയെ നിഷേധിക്കാന്‍ സാധിക്കുമോ?
ഓരോ വ്യക്തിക്കും തന്റെ തലമുറയിലെ രണ്ടുമൂന്ന് പിതാമഹന്മാരെ അറിവുണ്ടായേക്കാം. എന്നാല്‍ ആ തലമുറയിലെ ആദ്യ പിതാവിനെക്കുറിച്ച് തിട്ടമായി അറിയാവുന്ന വ്യക്തികള്‍ ഇല്ലെന്നു തന്നെ പറയാം. ഇനി അറിയുന്ന ഒരാള്‍ ഉണ്ടെന്ന് വെക്കുക. അപ്പോഴും മറ്റൊരു ചോദ്യം ബാക്കിയാവുന്നു. അയാളുടെ പിതാവ് ആരാണ്? അതിന് ഉത്തരം കിട്ടാതെ മടങ്ങുന്നു. ഇത്തരക്കാര്‍ എങ്ങനെ ദൈവത്തിന്റെ ഉത്ഭവവും അസ്തിത്വവും കണ്ടെത്തും?
മനുഷ്യബുദ്ധിക്ക് കണ്ടുപിടിക്കാന്‍ കഴിയാത്ത അപ്രാപ്യവും അസംഭവ്യവുമായ നിരവധി കാര്യങ്ങള്‍ ഈ ലോകത്ത് നിലനില്ക്കുന്നുണ്ട്. ഏതെങ്കിലും ഒരു യുക്തിവാദിയുടെ അല്പ ബുദ്ധിയില്‍ ഒതുങ്ങുന്ന കാര്യമല്ല ദൈവത്തിന്റെ അസ്തിത്വം. മനുഷ്യബുദ്ധി കൊണ്ട് എല്ലാം കണ്ടുപിടിക്കാന്‍ കഴിയും എന്നത് ചില നാസ്തികരുടെയും യുക്തിവാദികളുടെയും അഹങ്കാരം മാത്രമാണ്.
ബുദ്ധി കൊണ്ടും യുക്തി കൊണ്ടും കണ്ടുപിടിക്കാന്‍ കഴിയാത്ത കാര്യങ്ങളെല്ലാം മിഥ്യയാണ് എന്ന വാദം കല്ലുവെച്ച അഹങ്കാരവും നുണയുമാണ്. കൊറോണ വൈറസ് ദൈവ ശിക്ഷയുടെ ഭാഗമായി പരീക്ഷണാര്‍ഥം ദൈവം തന്നെ സൃഷ്ടിച്ചതാണ് എന്നതാണ് ദൈവ വിശ്വാസികള്‍ വിശ്വസിച്ചുപോരുന്നത്. അതിന് അവരുടെ പക്കല്‍ കൃത്യമായ തെളിവുമുണ്ട്. അതിപ്രകാരമാണ്: ”വലിയ ശിക്ഷയ്ക്ക് പുറമെ ചെറിയ ശിക്ഷകളും നാം അവര്‍ക്ക് ആസ്വദിപ്പിക്കും. അവര്‍ തെറ്റില്‍നിന്ന് മടങ്ങാന്‍ വേണ്ടിയത്രെ അത്.” (സജദ 21)
മറഞ്ഞ കാര്യങ്ങളെല്ലാം അറിയുമെന്ന് വീമ്പു പറയുന്ന ജ്യോത്സ്യന്‍മാര്‍ക്കോ പുരോഹിതന്മാര്‍ക്കോ ഒന്നും തന്നെ പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രസ്തുത വൈറസ് ലോകത്തെ പിടികൂടിയത്. അതിനെക്കുറിച്ച് അല്ലാഹു അരുളിയത് ഇപ്രകാരമാണ്: ”അവര്‍ക്ക് മുമ്പുള്ളവരും സത്യത്തെ നിഷേധിക്കുകയുണ്ടായി. അപ്പോള്‍ അവര്‍ അറിയാത്ത നിലയില്‍ അവര്‍ക്ക് ശിക്ഷ വന്നെത്തി.” (സുമര്‍ 25)
യുക്തിവാദികള്‍ കാണാത്തതും അംഗീകരിക്കാത്തതും മിഥ്യയാണെങ്കില്‍ ഈ ലോകത്ത് ലക്ഷക്കണക്കിന് ജീവജാലങ്ങളുണ്ട്. കൊറോണ എന്ന രോഗമുണ്ടാക്കുന്ന വൈറസിനെ ഒരു യുക്തിവാദിയും കണ്ടിട്ടില്ല. നമ്മുടെ കണ്ണുകള്‍ക്കും ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കും പിടുത്തം കിട്ടാത്ത നിരവധി അണുക്കളും സസ്യലതാദികളും ഈ പ്രപഞ്ചത്തിലുണ്ട്. നാം കണ്ടിട്ടില്ല എന്നതിന്റെ പേരില്‍ അവകളെ നിഷേധിക്കാന്‍ പറ്റുമോ? അല്ലാഹു പറയുന്നു: ”ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍.” (യാസീന്‍ 36)
മനുഷ്യന്‍ കുരങ്ങില്‍ നിന്ന് പരിണമിച്ചുവന്നതാണ് എന്നതാണല്ലോ ഡാര്‍വിന്‍ സിദ്ധാന്തം. അങ്ങനെയെങ്കില്‍ കുരങ്ങന്‍ ഏതു ജീവിയില്‍ നിന്നു പരിണമിച്ചു വന്നതാണ്. പശു, നായ, എലി, പൂച്ച, ആനി, ഉറുമ്പ്, പാമ്പ്, പ്രാണികള്‍ ഇവകളെല്ലാം ഏതെല്ലാം ജീവികളില്‍ നിന്ന് പരിണമിച്ചുവന്നതാണ്. ആദ്യം മനുഷ്യനായി പരിണമിച്ചു വന്ന കുരങ്ങന്‍ ഏതാണ്? ഏതു നാട്ടില്‍ വെച്ച് ഏതു വര്‍ഷമാണ് അപ്രകാരം സംഭവിച്ചത്?
ആദ്യമായി സംസാരിക്കുകയും പേന കൊണ്ട് എഴുതുകയും ചെയ്ത മനുഷ്യനായി പരിണമിച്ച കുരങ്ങന്‍ ആരാണ്? യുക്തിവാദി എല്ലാ കാര്യങ്ങള്‍ക്കും പ്രമാണം ചോദിക്കുന്നവരാണ്. എന്നാല്‍ ആദ്യമായി വാല്‍ മുറിയുകയും ബുദ്ധി ലഭിക്കുകയും ചെയ്ത മനുഷ്യനായി പരിണിച്ചു വന്ന കുരങ്ങന്‍ ആരാണ്? പ്രമാണബദ്ധമായി ഏത് യുക്തിവാദിക്കാണ് സ്ഥാപിക്കാന്‍ കഴിയുക? ആദ്യം പരിണമിച്ചു വന്ന പശുവും പോത്തും പാമ്പും മറ്റു ജീവജാലങ്ങളുമെല്ലാം എന്ന് എപ്പോള്‍ എവിടെ വെച്ച് പരിണമിച്ചു എന്നത് സലക്ഷ്യം പറയാന്‍ ഇന്നേവരെ ഒരു യുക്തിവാദിക്കും സാധിച്ചിട്ടില്ല. ആകാശങ്ങളും ഭൂമിയും സര്‍വചരാചരങ്ങളും സ്വയംഭൂ എന്ന നിലയില്‍ വന്നതാണെങ്കില്‍ ദൈവവും സ്വയം ഭൂവായി ഉണ്ടായതാണ് എന്ന് പറയാന്‍ യുക്തിവാദി എന്തിനാണ് മടി കാണിക്കുന്നത്?
പ്രസ്തുത സ്വയംഭൂവായ ദൈവം തന്നെയാണ് മനുഷ്യരടക്കമുള്ള വ്യത്യസ്ത ജീവജാലങ്ങളെയും സൃഷ്ടിച്ചതും പരിപാലിക്കുന്നതും. അല്ലാഹു അരുളി: ”എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവയില്‍ ഉദരത്തില്‍ ഇഴഞ്ഞുനടക്കുന്നവയുണ്ട്. രണ്ടുകാലില്‍ നടക്കുന്നവയും അവയുടെ കൂട്ടത്തിലുണ്ട്. നാലു കാലില്‍ നടക്കുന്നവയും അവയിലുണ്ട്. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു.” (നൂര്‍ 45)
യുക്തിവാദികളുടെ ഡാര്‍വിന്‍ പരിണാമ സിദ്ധാന്ത ജല്പനം അബദ്ധവും പ്രമാണ വിരുദ്ധവും അസംബന്ധവും ഊഹാപോഹാധിഷ്ഠിതവുമാകുന്നു. ഇന്നേവരെ ഒരു യുക്തിവാദിക്കും ഇപ്രകാരം തെളിയിക്കാന്‍ സാധിച്ചിട്ടുമില്ല. അല്ലാഹു പറയുന്നു: ”അവര്‍ക്ക് അതിനെക്കുറിച്ച് യാതൊരു അറിവും ഇല്ല. അവര്‍ ഊഹിച്ചു പറയുക മാത്രമാകുന്നു” (സുഖ്‌റുഫ് 20). തെളിവില്ലാതെ ജല്പിക്കുന്ന എല്ലാ കാര്യങ്ങളും മേല്‍ വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.