21 Saturday
December 2024
2024 December 21
1446 Joumada II 19

അതിരില്ലാത്ത ആര്‍ത്തി

എം ടി അബ്ദുല്‍ഗഫൂര്‍

മനുഷ്യന്റെ അത്യാഗ്രഹത്തിന് അതിരില്ല. സമ്പത്ത് എത്ര കിട്ടിയാലും മതിവരാത്ത ഒരു പ്രകൃതമാണ് മനുഷ്യന്റേത്. പ്രായമെത്രയായാലും ആര്‍ത്തിക്ക് അറ്റമില്ല എന്നതാണ് പരമാര്‍ഥം. മനുഷ്യന്റെ മരണത്തോടൂകൂടി മാത്രമേ അവന്റെ അത്യാര്‍ത്തിയും അവസാനിക്കുകയുള്ളൂ.
പത്തുകിട്ടുകില്‍ നൂറു മതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരം പണം കിട്ടുകിലോ
അയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേറിടാതെ കരേറുന്നു മേല്‍ക്കുമേല്‍
എന്ന നിലയിലാണിന്ന് മനുഷ്യന്റെ അവസ്ഥ. അതിരുവിട്ട ഈ ആഗ്രഹത്തിന്റെ അനന്തര ഫലമാണ് സമകാലിക സമൂഹത്തില്‍ കാണുന്ന പലതരത്തിലുള്ള കള്ളത്തരങ്ങളും കൊള്ളരുതായ്മകളും.
അന്യായമായ മാര്‍ഗങ്ങളും ദുസ്വാമര്‍ഥ്യവും വഴി അന്യരുടെ അവകാശങ്ങള്‍ പിടിച്ചെടുക്കുകയും അവരെ ചൂഷണംചെയ്തുകൊണ്ട് പണം സമ്പാദിക്കുകയും ചെയ്യുന്നത് ഇന്ന് പരക്കെ കാണപ്പെടുന്നു. ധനമോഹവും അത് വാരിക്കൂട്ടാനുള്ള താല്പര്യവും അതിനുവേണ്ടി ഏത് മാര്‍ഗവും സ്വീകരിക്കുവാനുള്ള ത്വരയും അതുവഴി നാശത്തിലകപ്പെടുകയും ചെയ്യുന്നതിനെതിരെ വിശ്വാസികളെ താക്കീത് ചെയ്യുകയാണ് ഈ തിരുവചനം.
താന്‍ എന്തിനുവേണ്ടി സമ്പാദിച്ചു കൂട്ടുന്നുവെന്നോ എന്താണിതുകൊണ്ട് ചെയ്യുകയെന്നോ ആലോചിക്കാതെ പണം വാരിക്കൂട്ടാനുള്ള വ്യഗ്രതയില്‍ പലതും മറക്കുകയാണ് മനുഷ്യന്‍. കുടുംബമോ ബന്ധമോ സമൂഹമോ സദാചാരമോ പരിഗണിക്കാതെ അന്യരെ ചൂഷണം ചെയ്ത് അവസാനം അപകടത്തില്‍ ചെന്നുചാടുകയും അപമാനിതനാവുകയും ചെയ്യുക ഇന്ന് പതിവാണ്.
അന്യായമായി ലഭിക്കുന്ന പണംകൊണ്ട് ധൂര്‍ത്തും പൊങ്ങച്ചവും കാണിച്ച് ആര്‍ഭാടത്തിലും ആഢംബരത്തിലും അഭിരമിച്ച് തികയാതെ വരുമ്പോള്‍ അക്രമത്തിലേക്കും മറ്റു ക്രൂരതകളിലേക്കും പ്രചോദിതനാവുന്നത് മാനവതയുടെ നാശത്തിനേ ഉപകരിക്കൂ.
അത്യാര്‍ത്തിയും അതിമോഹവും മരണത്തോടെ മാത്രമേ അവസാനിക്കുകയുള്ളൂവെന്ന് ആലങ്കാരികമായി പറഞ്ഞുവെക്കുന്നു ഈ തിരുവചനം. അത്യാഗ്രഹം വെടിയാനും ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടാനും വിശ്വാസികളെ ഉണര്‍ത്തുകയാണിത്. മണ്ണോട് ചേരുന്നതിനു മുമ്പ് മണ്ണില്‍ ജീവിക്കുന്ന മനുഷ്യനോടുള്ള ബാധ്യതകള്‍ നിറവേറ്റുകയും അനാവശ്യമാര്‍ഗങ്ങളിലേക്കുള്ള ആലോചനകളില്‍നിന്ന് വിട്ടുനില്‍ക്കുകയും പശ്ചാത്താപത്തിലൂടെ മനസ്സ് ശുദ്ധമാക്കുകയും ചെയ്യുക എന്നിവയാണ് ഈ വചനത്തിന്റെ താല്പര്യം.

Back to Top