വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത ഇസ്‌ലാം വിരോധത്തിന്റെ രാസത്വരകം – താജ് ഹശ്മി
വിവ. ഷാകിര്‍ എടച്ചേരി
പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിലനില്ക്കുന്ന ഇസ്‌ലാം ഭീതിയും മുസ്‌ലിംകള്‍ക്കിടയില്‍ നിലനില്ക്കുന്ന പടിഞ്ഞാറിനോടുള്ള ഭീതിയും വ്യത്യസ്തമായ വിശകലനത്തിന് വിധേയമാക്കേണ്ട വിഷയങ്ങളാണ്. വംശീയവും വര്‍ഗീയവുമായ അധിക്ഷേപങ്ങള്‍ പലപ്പോഴും പ്രത്യക്ഷമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമാവാറുണ്ട്. അതിനാല്‍ ജൂതമത വിശ്വാസികളെ തരംതാഴ്ത്തുന്നതോ വിദ്വേഷം ജനിപ്പിക്കുന്നതോ ആയ പരാമര്‍ശങ്ങള്‍ നടത്തുന്നത് പതിനേഴ് യൂറോപ്യന്‍ രാജ്യങ്ങളില്‍ കുറ്റകൃത്യമാണ്.
ജൂതന്‍മാര്‍ക്ക് എതിരായി റഷ്യയിലും പോളണ്ടിലും ഉള്‍പ്പെടെ നടന്ന കൂട്ടക്കൊലയും ജര്‍മനിയിലെ ഹോളോകാസ്റ്റുമെല്ലാം ചരിത്രത്തില്‍ ഒരു ജനവിഭാഗത്തിന് എതിരായുള്ള കുറ്റകൃത്യവും അതിക്രമവുമായാണ് കണക്കാക്കുന്നത്. ഇപ്രകാരം മുസ്‌ലിംകളെ കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും ഭീതി ജനിപ്പിക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി പ്രഖ്യാപിക്കേണ്ടതുണ്ട്. കാരണം ഇത്തരം തെറ്റായ പ്രചരണങ്ങളാണ് പലപ്പോഴും വലിയ അതിക്രമങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും കാരണമായി തീരാറുള്ളത്.
ഇസ്‌ലാമിനെ അതിക്രമത്തിന്റെയും സംഘര്‍ഷത്തിന്റെയും പ്രത്യയശാസ്ത്രമായി ചിത്രീകരിച്ചതിന്റെ അനന്തരഫലമാണ് ഇറാഖിലും അഫ്ഗാനിസ്താനിലും ലിബിയയിലും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടന്ന അധിനിവേശത്തിന്റെ അടിസ്ഥാന കാരണം. അതിനാല്‍ തന്നെ ഇസ്‌ലാം ഭീതി പരത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളില്‍ കുറ്റകൃത്യമായി പ്രഖ്യാപിക്കല്‍ അനിവാര്യമാണ്. എന്നാല്‍ സമീപകാലത്തായി ഫ്രാന്‍സില്‍ ഇസ്‌ലാമിനെതിരായി നടക്കുന്ന പ്രചാരണങ്ങള്‍ അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും നടക്കുന്നതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഇസ്‌ലാമുമായും മുസ്‌ലിംകളുമായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും ഭീതിയും വെറുപ്പും സൃഷ്ടിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന സ്വഭാവം.
വ്യത്യസ്ത മത, സാമൂഹ്യ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെയും ആധിപത്യ ശ്രമങ്ങളുടെയും അനവധി ഉദാഹരണങ്ങള്‍ ചരിത്രത്തിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. ഭൂമിശാസ്ത്രപരമായും സാമൂഹ്യമായും സാംസ്‌കാരികമായും ചരിത്രത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെയും മനുഷ്യഹത്യയുടെയുമെല്ലാം അടിസ്ഥാന കാരണം സാമ്പത്തികമായ മേധാവിത്വവും വിഭവശേഷിയും നേടിയെടുക്കുക എന്നതാണെന്ന് നമുക്ക് കാണാന്‍ സാധിക്കും.
അലക്‌സാണ്ടറും ചെങ്കിസ്ഖാനും നെപ്പോളിയനും ഉള്‍പ്പെടെയുള്ള ചരിത്രത്തിലെ ഏകാധിപതികളെല്ലാം ഇത്തരത്തില്‍ അധിനിവേശത്തിലൂടെ ജനങ്ങളുടെ വിഭവങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും പുതിയ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുമാണ് ശ്രമം നടത്തിയിട്ടുള്ളത്. മതപരമായ ഉത്തരവുകള്‍ പുറപ്പെടുവിച്ചും മറ്റും അധിനിവേശങ്ങളെയും വിഭവകൊള്ളയെയും വെള്ള പൂശാനുള്ള ശ്രമങ്ങളും ചരിത്രത്തില്‍ നടന്നിട്ടുണ്ട്. ഫെര്‍ഡിനാന്‍ഡ് രാജാവില്‍ നിന്നും എലിസബത്ത് രാജ്ഞിയില്‍ നിന്ന് സഹായം തേടി ഇന്ത്യയെ ഒരു ക്രിസ്ത്യന്‍ രാജ്യമായി പരിവര്‍ത്തിപ്പിക്കാന്‍ കൊളംബസ് നടത്തിയ ശ്രമങ്ങള്‍ വ്യാപാര ലക്ഷ്യങ്ങള്‍ക്ക് ഉപരിയായി പ്രത്യയശാസ്ത്ര പ്രചാരണങ്ങളും അധിനിവേശ അതിക്രമങ്ങളുടെ അന്തര്‍ധാരയുമായി പ്രവര്‍ത്തിച്ചതായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.
കൊളംബസും കുരിശുയുദ്ധത്തിന്റെ വക്താക്കളുമെല്ലാം ലോകത്താകമാനമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് മേല്‍ നിര്‍ഭയമായ ആധിപത്യം സ്ഥാപിക്കുകയും ക്രൂരമായ ചൂഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ദുര്‍ബലരും അവശരുമായ മനുഷ്യരെ അടിമകളാക്കിയും അവരുടെ സമ്പത്ത് കൊള്ള ചെയ്തും കൂട്ടക്കൊലകള്‍ നടത്തിയുമാണ് സാമ്രാജ്യത്വം ലോകത്ത് ആകമാനം ആധിപത്യം സ്ഥാപിച്ചത്. ചരിത്രത്തിലെ വംശീയവും വര്‍ഗീയവുമായ ഇത്തരം ക്രൂരതകളുടെ തുടര്‍ച്ചയെന്നോണമാണ് ആധുനിക കാലത്ത് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായി നടക്കുന്ന കുപ്രചരണങ്ങളും. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പൈശാചികവത്കരിച്ചും അപരിഷ്‌കൃതരായി ചിത്രീകരിച്ചും വിഭവ സമ്പന്നമായ ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ് പുതിയ കാലത്തെ ഇസ്‌ലാം ഭീതിയുടെയും ആന്തരിക പ്രേരണ.
ഇസ്‌ലാമിക തീവ്രവാദം എന്ന പ്രതിഭാസം സമീപകാലത്തായി മാത്രം രൂപംകൊണ്ട ഒരു പ്രതിഭാസമാണ്. ശീതയുദ്ധാനന്തരം രൂപംകൊണ്ട സാമൂഹ്യ രാഷ്ട്രീയ സാഹചര്യത്തില്‍ പാശ്ചാത്യ ശക്തികള്‍ക്ക് അവരുടെ സൈനിക ആയുധ വ്യാപാരത്തിന് ഊര്‍ജം പകരാന്‍ ഒരു ശത്രുവിനെ മുമ്പില്‍ നിര്‍ത്തുക എന്നത് ആവശ്യമായി വരികയും ഇസ്‌ലാമും മുസ്‌ലിംകളും പതുക്കെ പതുക്കെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയുമായിരുന്
സല്‍മാന്‍ റുശ്ദി ഉള്‍പ്പെടെയുള്ള ഇസ്‌ലാം മതത്തെയും പ്രവാചകനെയും മോശമായി ചിത്രീകരിക്കുന്ന ആളുകളോടും രചനകളോടുമുള്ള അതിവൈകാരിക പ്രതികരണങ്ങളും പലപ്പോഴും സംഘര്‍ഷ കലുഷമായ അന്തരീക്ഷം സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത്തരം അര്‍ഥശൂന്യമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പടിഞ്ഞാറന്‍ നാടുകളില്‍ ഇസ്‌ലാംഭീതി കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ‘ഇസ്‌ലാം സംഘര്‍ഷത്തിന്റെ പ്രത്യയശാസ്ത്രമാണ്’ എന്നും പടിഞ്ഞാറന്‍ നാഗരികതക്ക് വിഘാതമാണെന്നുമെല്ലാമുള്ള പരാമര്‍ശങ്ങള്‍. പ്രവാചകനെതിരെ നിരന്തരമായി പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുന്ന പാശ്ചാത്യമാധ്യമങ്ങള്‍, ഇത്തരം വാര്‍ത്തകളോട് മുസ്‌ലിംകള്‍ നടത്തുന്ന വൈകാരികമായ പ്രതികരണങ്ങളെ പ്രയോജനപ്പെടുത്തി ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. മുസ്‌ലിം പശ്ചാത്തലത്തില്‍ നിന്ന് തന്നെ വരുന്ന സല്‍മാന്‍ റുശ്ദി, അയാന്‍ ഹിര്‍സി, തസ്‌ലിമാ നസ്‌റിന്‍, അര്‍ഷാദ് മാഞ്ജി തുടങ്ങിയ ഇസ്‌ലാമിക വിമര്‍ശകര്‍ക്ക് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ വര്‍ധിത പ്രാധാന്യമാണ് നല്കുന്നത്.
താരപരിവേഷത്തോടെ അവതരിപ്പിക്കപ്പെടുന്ന ഇത്തരം ഇസ്‌ലാം വിമര്‍ശകരില്‍ പലരും മനശ്ശാസ്ത്രപരമായ വൈകല്യങ്ങള്‍ ബാധിച്ചവരാണ്. അവര്‍ക്ക് തന്നെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത നിരീശ്വരവാദപരമായ ആശയങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഇസ്‌ലാമിനും പ്രവാചകനും ഖുര്‍ആനിനും എതിരായി നിരന്തരം വിമര്‍ശനങ്ങള്‍ അഴിച്ചുവിടുക എന്നത് ഇത്തരക്കാരുടെ സ്ഥിരം സമീപനമാണ്.
ശീതയുദ്ധാനന്തരം രൂപം കൊണ്ട ഇസ്‌ലാമിക തീവ്രവാദം എന്ന പ്രയോഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളെ കുറിച്ച് ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതായിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ആയുധ കച്ചവടത്തിന് ഊര്‍ജം പകരാന്‍ ഇസ്‌ലാം പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു എന്ന പ്രാഥമിക നിഗമനത്തില്‍ നമുക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. സപ്തംബര്‍ 11, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണാനന്തരം ഇസ്‌ലാം ഭീതി കൂടുതല്‍ തീവ്രമായ തലത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. ആഭ്യന്തരവും സാമ്പത്തികവും വംശീയവുമായ പ്രശ്‌നങ്ങളെ മറച്ചുപിടിക്കാനും പല പാശ്ചാത്യരാജ്യങ്ങളും ഇസ്‌ലാം ഭീതിയെ വളരെ സമര്‍ഥമായി പ്രയോജനപ്പെടുത്തി. ഇസ്‌ലാം ഭീതി പരത്തുന്നതും, ഇസ്‌ലാം മത ചിന്തകളെ അവഹേളിക്കുന്നതുമായ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കാന്‍ പാശ്ചാത്യന്‍ ഭരണകൂടങ്ങള്‍ മുന്നോട്ട് വരേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്.
സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുക എന്നത് തികച്ചും അപലപനീയമാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിലനില്ക്കുന്ന വര്‍ണപരമായ വിവേചനത്തിന് പിന്നിലും സാമ്പത്തികവും വംശീയവുമായ കാരണങ്ങളാണ്. കറുത്ത വര്‍ഗക്കാരുടെ പിന്നോക്കാവസ്ഥ പ്രകൃതിപരമാണ് എന്നും അതിനാല്‍ അവരെ അടിമകളാക്കി മാറ്റി തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനായി പ്രയോജനപ്പെടുത്താമെന്നും വെളുത്ത വര്‍ഗക്കാര്‍ വിശ്വസിച്ചു പോന്നു.
നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ഇത്തരം പാരമ്പര്യങ്ങളുടെ അവശിഷ്ടങ്ങള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യന്‍ രാജ്യങ്ങളില്‍ ഇന്നും സജീവമാണ്. ഇത്തരം വംശീയമായ മുന്‍വിധികളോടെ തന്നെയാണ് പാശ്ചാത്യസമൂഹം പലപ്പോഴും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നോക്കിക്കാണുന്നത്. അവരുടെ സാധാരണ രീതിയെയും സാമൂഹികവും സാംസ്‌കാരികവുമായ ഇടപെടലുകളെയുമെല്ലാം സംശയാസ്പദമായാണ് നോക്കിക്കാണുന്നത്. അതിനാല്‍ പാശ്ചാത്യലോകത്ത് നിലനില്ക്കുന്ന വംശീയമായ വിവേചനത്തിന്റെ മറ്റൊരു വശമാണ് ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സമീപനം.
ഇസ്‌ലാമിനെ അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രമായി അവതരിപ്പിക്കാന്‍ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്ത് അധിവസിക്കുന്ന മുസ്‌ലിം ജനവിഭാഗത്തോട് തികച്ചും വിവേചനപരമായാണ് പെരുമാറുന്നത്. മതത്തെ ഹിംസയുടെ പ്രതീകമായി അവതരിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ മതേതരത്വത്തിന്റെ മറവില്‍ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പാശ്ചാത്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയ മനുഷ്യഹത്യകള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ്. ഫ്രഞ്ച് വിപ്ലവത്തിലും നെപ്പോളിയന്റെ കാലഘട്ടത്തിലുമെല്ലാം ഫ്രാന്‍സില്‍ മാത്രം മരിച്ചുവീണത് പതിനായിരക്കണക്കിന് മനുഷ്യരാണ്. ഒന്നാം ലോകമഹായുദ്ധം മതുല്‍ വിയറ്റ്‌നാം യുദ്ധം വരെയും ഇറാഖ്, അഫ്ഗാന്‍, സിറിയ തുടങ്ങി സമീപകാലത്തായി പാശ്ചാത്യ അധിനിവേശമുണ്ടായ രാജ്യങ്ങളിലെല്ലാം ദശലക്ഷക്കണക്കിന് മനുഷ്യരാണ് മതേതര ജനാധിപത്യ സംരക്ഷണത്തിന് എന്ന പേരില്‍ കശാപ്പ് ചെയ്യപ്പെട്ടത്.
ഊതിവീര്‍പ്പിച്ച ഇസ്‌ലാമിക തീവ്രവാദം എന്ന പ്രതിഭാസം പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയില്‍ ആണ്ടുപോകുന്ന പാശ്ചാത്യരാജ്യങ്ങള്‍ക്ക് വിഭവങ്ങള്‍ കൊള്ള ചെയ്യാനും ആയുധ കച്ചവടത്തിനായും ഉള്ള ഉപാധികളായിരുന്നു എന്ന് സൂക്ഷ്മമായ വിശകലനത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. എണ്ണ ഉല്‍പാദന രാജ്യങ്ങളിലെ സുന്നി ഭരണകൂടവും ഇറാനിലെ ശീഅ ഭരണകൂടവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ സമര്‍ഥമായി മുതലെടുത്ത് ആയുധ വ്യാപാരത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കാനും പശ്ചിമേഷ്യയില്‍ തങ്ങളുടെ ആധിപത്യം എക്കാലത്തും ഉറപ്പു വരുത്താനും അമേരിക്ക നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സാമൂഹ്യവും സാംസ്‌കാരികവുമായ ദിനരാത്രങ്ങളെ മാനിച്ചുകൊണ്ട് സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുക എന്നത് ഇസ്‌ലാമിക സമൂഹത്തിന്റെ ബാധ്യതയാണ്. നിരപരാധികളെ ആക്രമിക്കുന്നതും കൊല ചെയ്യുന്നതും പൊറുക്കപ്പെടാത്ത അപരാധമായാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ”നിരപരാധിയായ ഒരു മനുഷ്യനെ ആരെങ്കിലും വധിച്ചുകളഞ്ഞാല്‍ അവന്‍ ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും വധിച്ചവന് തുല്യനാണ്.” (സൂറത്തു മാഇദ)
മറ്റു മതസമുദായങ്ങളുമായി സഹവര്‍ത്തിത്വവും സ്‌നേഹവും ഉറപ്പുവരുത്തുന്നു എന്ന് നിരവധി സ്ഥലങ്ങളില്‍ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വസ്തുതകള്‍ക്ക് നിരക്കാത്ത രൂപത്തില്‍ ഖുര്‍ആനിനെയും ഇസ്‌ലാമിനെയും അക്രമത്തിന്റെ പ്രത്യയശാസ്ത്രമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യങ്ങള്‍ രാഷ്ട്രീയമാണ് എന്ന് നമുക്ക് നിസ്സംശയം പറയാന്‍ സാധിക്കും. സമാധാനത്തിന്റെയും ജനാധിപത്യവത്കരണത്തിന്റെയും പേരില്‍ മുസ്‌ലിം സമൂഹത്തിന് എതിരായി നടക്കുന്ന കടന്നുകയറ്റങ്ങള്‍ക്ക് പിന്നിലെ സാംസ്‌കാരികവും രാഷ്ട്രീയവുമായ കാരണങ്ങളെ നാം കൂടുതല്‍ പഠന വിധേയമാക്കേണ്ടതുണ്ട്.
ഇസ്‌ലാമിനെ ക്രൂരതയുടെയും അക്രമത്തിന്റെയും പ്രത്യയശാസ്ത്രമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിരുന്നവര്‍ കഴിഞ്ഞ അഞ്ഞൂറ് വര്‍ഷങ്ങളായി എത്ര നിരായുധരും നിരപരാധികളുമായ മനുഷ്യരെ മുസ്‌ലിംകള്‍ ഇല്ലായ്മ ചെയ്തു എന്ന് വെളിപ്പെടുത്തേണ്ടതുണ്ട്. അതേ സമയം തന്നെ സാംസ്‌കാരിക വളര്‍ച്ചയുടെ പ്രതീകങ്ങളായി ഗണിക്കപ്പെടുന്ന പാശ്ചാത്യ നാഗരിക രാജ്യങ്ങളുടെ കൈകളാല്‍ എത്ര നിരപരാധികള്‍ മരിച്ചുവീണു എന്നും പരിശോധിച്ചാല്‍ കണ്ടെത്താന്‍ സാധിക്കുന്ന വസ്തുത ഞെട്ടിപ്പിക്കുന്നതായിരിക്കും.
അപ്രകാരം തന്നെ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ ലോകത്താകമാനമുള്ള മുസ്‌ലിംകള്‍ക്കിടയില്‍ എത്ര പേര്‍ ഭീകര സംഘടനകളില്‍ അംഗത്വം എടുത്തുവെന്നു നാം പരിശോധിക്കുമ്പോള്‍ ലോകത്ത് അധിവസിക്കുന്ന ഇരുന്നൂറ് കോടിയോളം വരുന്ന മുസ്‌ലിംകളില്‍ ആയിരങ്ങള്‍ മാത്രമായിരിക്കും എന്നതാണ് വസ്തുത. 9/11 ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര് എന്ന ചോദ്യം പോലും ഇന്നും പൂര്‍ണമായി ഉത്തരം കിട്ടാത്തതാണ്.
ഇസ്‌ലാമിക സമൂഹത്തെയും പ്രവാചകനെയും നിരന്തരമായി ആക്ഷേപിക്കുന്ന പരാമര്‍ശങ്ങളും പ്രമാണങ്ങളും നിരന്തരം നടക്കുമ്പോള്‍ പോലും അതി വൈകാരികമായി പ്രതികരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നില്ല. വിമര്‍ശനാത്മക പ്രഭാഷണങ്ങളുടെ പേരിലോ എഴുത്തുകളുടെ പേരിലോ ആരെയും ആക്രമിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല.