21 Thursday
November 2024
2024 November 21
1446 Joumada I 19

സാഹിബിനെതിരെ കോണ്‍ഗ്രസില്‍ ഉയര്‍ന്ന വിമര്‍ശന ശരങ്ങള്‍

കെ എം അല്‍ത്താഫ്

പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കളെല്ലാം വര്‍ഗീയ സമുദായ താല്പര്യങ്ങളുടെ വക്താക്കളായി മാറി. 1929 ലെ ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത 43 കമ്മിറ്റി അംഗങ്ങളില്‍ 17 പേരും കോണ്‍ഗ്രസുകാരായിരുന്നു. (Prakash Bhat, ‘Agrarian relations in malabar: 1925-1948, Social Scientist’,1973)
കോണ്‍ഗ്രസ് നേതാവായിരുന്ന കെ കേളപ്പന്‍, നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രമുഖ സംഘാടകനായിരുന്നു. കാലിക്കറ്റ് മുനിസിപ്പല്‍ കൗണ്‍സിലില്‍ 16 കോണ്‍ഗ്രസ്സ് മെമ്പര്‍മാരുണ്ടായിട്ടും വര്‍ഗീയത കാരണം കോണ്‍ഗ്രസുകാരനല്ലാത്ത ഒരാളെ ചെയര്‍മാനായി തിരഞ്ഞെടുത്തു. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുക, പുരാണ കഥകളിലെ കഥാപാത്രങ്ങളെ ദേശീയ നേതാക്കളുമായി ഉപമിച്ചു പ്രചാരണം നല്‍കുക തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു. (Innes. C..A, Malabar Gazetteer Trivandrum: 1997)
അതേസമയം ഗുരുവായൂര്‍ സത്യഗ്രഹം, വൈക്കം സത്യഗ്രഹം തുടങ്ങിയ ഹിന്ദുസമുദായത്തിലെ ജീര്‍ണതകള്‍ക്കെതിരെയുള്ള സമരപരിപാടികള്‍ തുടര്‍ന്നു. കൂടാതെ പൊതുവായ ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനു ഉതകുന്ന കര്‍മ പരിപാടികളുടെ അഭാവം മുസ്ലിംകളെ ദേശീയ പ്രസ്ഥാനത്തില്‍ നിന്ന് അകറ്റാനും വഴിതെളിച്ചു. (Bahavu din, K M, Kerala Muslim history: A revisit, 2013
അക്കാലത്ത് ഉരുത്തിരിഞ്ഞുവന്ന ചരിത്ര യാഥാര്‍ഥ്യങ്ങളുടെയും സാമൂഹ്യ സാമുദായിക ചിന്തകളുടെയും പശ്ചാത്തലത്തിലാണ് സീതി സാഹിബ് 1932 മുതല്‍ കോണ്‍ഗ്രസില്‍ നിന്നു അകന്നു മതേതര വാദം കൈവിടാതെ ഒരു യഥാര്‍ഥ ഇസ്ലാംമത വിശ്വാസിയായി മുസ്‌ലിംലീഗിലേക്ക് രംഗപ്രവേശം ചെയ്തത്. അദ്ദേഹത്തിനു അതിനുള്ള യുക്തിസഹമായ ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു. സീതി സാഹിബ് തന്നെ അക്കാര്യം പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ആ സന്ദര്‍ഭത്തില്‍ പോലും സീതി സാഹിബും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബും ഒരിക്കലും തങ്ങളുടെ ആദര്‍ശത്തെയോ ചിന്തകളെയോ കുറിച്ച് പരസ്പരം സംസാരിച്ചു അകലുകയോ പഴിക്കുകയോ ചെയ്തിട്ടില്ല. കാരണം മലബാറിലെ മുസ്‌ലിംകളുടെ അവസ്ഥയെ കുറിച്ച് രണ്ടുപേരും ഒരു പോലെ ബോധവാന്മാരായിരുന്നു. മുസ്ലിംകളിലെ അരക്ഷിതാവസ്ഥക്ക് രാഷ്ട്രീയമായ ബോധം വളര്‍ത്തുക എന്ന ചിന്ത അവരെ പിന്നീട് രണ്ടു വഴിയിലേക്ക് തിരിച്ചുവിട്ടു.
ഇതിനിടയില്‍ കൊച്ചി സംസ്ഥാനത്ത് പ്രത്യേകിച്ച് കൊടുങ്ങല്ലൂരില്‍ സാമ്പത്തിക മാന്ദ്യവും കാര്‍ഷിക വിളകളുടെ വിലയിടിവും നിമിത്തം കര്‍ഷകര്‍ ആത്മഹത്യയുടെയും നാടുവിടലിന്റെയും വക്കില്‍ എത്തി. തലശ്ശേരിയില്‍ താമസമാക്കിയിട്ടും 1934 വരെ സീതി സാഹിബ് രണ്ടുകൊല്ലത്തോളം കൊച്ചി നിയമസഭയില്‍ അംഗമായി തുടരുകയും സഭയില്‍ എത്തി പ്രാദേശിക വിഷയങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. സ്വന്തം ഇളയ സഹോദരന്‍ കെ എം ഇബ്‌റാഹിം ആ സമയം നിയമസഭാംഗമായിരുന്നു. മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജിയുമായി ചേര്‍ന്ന് പല കര്‍ഷക സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തുകയുണ്ടായി.
മറ്റൊരു ഇളയ സഹോദരന്‍ മദ്‌റാസിലെ എം ബി ബി എസ് പഠനം ഉപേക്ഷിച്ചായിരുന്നു ആ പ്രസ്ഥാനത്തിന്റെ മുന്നില്‍ സമരരംഗത്ത് ഉണ്ടായിരുന്നത്. ആ ഘട്ടത്തില്‍ ഒരിക്കലും സീതി സാഹിബ് അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായില്ല എന്ന് മാത്രമല്ല, സഹിഷ്ണുതയോടെ കാര്യങ്ങള്‍ പഠിക്കുകയും ചെയ്യുമായിരുന്നു. വൈസ്രോയി കൊച്ചി സംസ്ഥാനം സന്ദര്‍ശിച്ച വേളയില്‍ മൂന്നാമത്തെ ഇളയ സഹോദരന്‍ കുഞ്ഞുമൊയ്തീന്‍ സാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമ ലംഘനത്തോടുകൂടിയുള്ള സത്യഗ്രഹത്തില്‍ വളഞ്ഞിട്ട് പോലീസ് അതിക്രമം കാണിച്ചതു നിയമസഭയില്‍ വിമര്‍ശിച്ച സീതി സാഹിബിന്റെയും കെ എം ഇബ്‌റാഹിം സാഹിബിന്റെയും പ്രസംഗങ്ങളില്‍ നിന്ന് അതിന്റെ ഒത്തുതീര്‍പ്പിന് ഇടപെട്ടത് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്ആയിരുന്നുവെന്നു വ്യക്തമായിരുന്നു.(Cochin Legislative Council Proceeedings, 26th January 1934).
ഇതില്‍നിന്ന് അവര്‍ വളരെ നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നുവെന്നും അവരുടെ തുടര്‍ന്നുള്ള രാഷ്ട്രീയ ജീവിതത്തില്‍ വന്ന ജയ പരാജയങ്ങള്‍ വിലയിരുത്തുമ്പോള്‍ മനസ്സിലാക്കാം.
1934 ല്‍ കേന്ദ്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മലബാര്‍ മുസ്ലിം നിയോജക മണ്ഡലത്തില്‍ നിന്ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെതിരെ മത്സരിച്ച സത്താര്‍ സേട്ടുവിനെയായിരുന്നു സീതി സാഹിബ് പിന്തുണച്ചത്. സേട്ട് സാഹിബിന്റെ വിജയത്തിനായി സീതി സാഹിബ് നിയോജക മണ്ഡലം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു പ്രചാരണം നടത്തുകയും ബഹുഭൂരിപക്ഷത്തോടെ അദ്ദേഹം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രത്യേക ചില സ്വഭാവ സവിശേഷതകള്‍ അറിയാവുന്ന സീതി സാഹിബിനു അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകളോടുള്ള വിയോജിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം ആ സ്വഭാവം കൊണ്ട് കടുത്ത ശത്രുത അദ്ദേഹം വിളിച്ചുവരുത്തിയിരുന്നു. അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രത്യേകതകളെപറ്റി എസ് കെ പൊറ്റക്കാട്, എന്‍ പി മുഹമ്മദ്, കെ എ കൊടുങ്ങല്ലൂര്‍, പി പി ഉമ്മര്‍കോയ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ജീവചരിത്രത്തില്‍ അത് വിവരിക്കുന്നുമുണ്ട്.
സീതി സാഹിബിനും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനും ഇടയില്‍ ഒരു വ്യക്തിബന്ധം ഉണ്ടായിരുന്നത് കൊണ്ടാകണം അവര്‍ പരസ്പരം കലഹിക്കുകയോ അകലുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാകണം അവര്‍ തമ്മില്‍ കാണുമ്പോഴൊക്കെ പരസ്പര ബഹുമാനവും സ്‌നേഹവും കാണിച്ചിരുന്നു. 1934-ലെ സെന്‍ട്രല്‍ അസംബ്ലി ഇലക്ഷന്‍ കാലത്ത് സംഘടിതമായി നിന്നുകൊണ്ട് മുഹമ്മദ് അബ്ദുറഹ്മാനെ എതിര്‍ക്കുന്ന കൂട്ടരുടെ ഇടയില്‍ 1936 ലെ ഇലക്ഷനില്‍ ഒരു പിളര്‍പ്പ് ഉണ്ടായിരുന്നു. ഖാന്‍ ബഹാദൂര്‍ ആറ്റക്കോയ തങ്ങള്‍ നില്ക്കുന്ന നിയോജകമണ്ഡലത്തില്‍ അഡ്വ. വി പോക്കര്‍ സാഹിബ് സ്ഥാനാര്‍ഥിയായി നില്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബ് ഈ രണ്ടു കൂട്ടരുമായി രഞ്ജിപ്പിലല്ലാത്തതിനാല്‍ അവര്‍ അദ്ദേഹത്തെ സമീപിക്കാന്‍ ശ്രമിച്ച കഥ ഇ മൊയ്തു മൗലവി വിവരിക്കുന്നു.

”ഒരു ദിവസം രാത്രി പോക്കര്‍ സാഹിബ്, സീതി സാഹിബ്, കുഞ്ഞഹമ്മദ്കുട്ടി ഹാജി (ഹൈക്കോടതി ജഡ്ജി, മദ്രാസ്), കൊയപ്പത്തൊടി അഹമ്മദ്കുട്ടി ഹാജി എന്നിവര്‍ അല്‍അമീന്‍ ലോഡ്ജില്‍ വന്നു. ഞാന്‍ ആ സമയം അവിടെ കിടന്നുറങ്ങുകയായിരുന്നു. എന്നെ അവര്‍ വിളിച്ചുണര്‍ത്തി. അബ്ദുറഹ്മാന്‍ സാഹിബ് ഉണ്ടോയെന്ന് ചോദിച്ചു. ഞാന്‍ നോക്കട്ടെയെന്നു പറഞ്ഞ് മുകളില്‍പ്പോയി വിവരം പറഞ്ഞു. ഇവരുടെ നേരെ നന്നായി പെരുമാറുമോയെന്നു എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷെ അങ്ങനെയല്ല സംഭവിച്ചത്. ആഗതരെ സബഹുമാനം അബ്ദുറഹ്മാന്‍ സാഹിബ് സ്വീകരിച്ചിരുത്തി. ആ സമയത്ത്, വന്ന ആവശ്യം എന്തെന്ന് ആരാഞ്ഞു. ഉദ്ദേശ്യം അവര്‍ വ്യക്തമാക്കി. ”ഞാന്‍ എന്ത് സഹായം ചെയ്യാനാണ്? ഞാന്‍ തന്നെ തിരഞ്ഞെടുപ്പില്‍ നില്ക്കുകയാണല്ലോ.” ”അത് സാരമില്ല. അങ്ങ് തീര്‍ച്ചയായും ജയിക്കും. ഞങ്ങള്‍ക്കു വേണ്ട സഹായം ചെയ്തു തരണ”മെന്നപേക്ഷിച്ചുകൊണ്ട് അവര്‍ സന്തോഷത്തോടുകൂടി പിരിഞ്ഞു പോകുകയും ചെയ്തു.” (മൊയ്തു മൗലവി 1964)
ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലിം നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെ തുടര്‍ന്ന് ദേശീയ നേതൃനിരയില്‍ ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാനും മൗലാനാ അബുല്‍കലാം ആസാദും മാത്രമായി അവശേഷിച്ചു. മുസ്ലിംകള്‍ക്കിടയിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരായും, മുസ്ലിം ഐക്യത്തിനുവേണ്ടിയും സീതിസാഹിബിനോടൊപ്പം പോരാടിയ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പക്ഷെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചില്ല. ദേശീയ മുസ്‌ലിംകളോടുള്ള കോണ്‍ഗ്രസ്സിനുള്ളിലെ പ്രബല വിഭാഗത്തിന്റെ മനോഭാവത്തോടു പ്രതികരിക്കാതെയും സീതി സാഹിബിന്റെ ചിന്താധാരയിലേക്ക് വരാതെ കോണ്‍ഗ്രസ്സിനുള്ളില്‍ കൂടുതല്‍ എതിര്‍പ്പുകള്‍ അദ്ദേഹം ക്ഷണിച്ചു വരുത്തുകയുമായിരുന്നു.
1930 കളുടെ അവസാനത്തില്‍ കോണ്‍ഗ്രസ്സിലെ ഗാന്ധിസംഘവും സോഷ്യലിസ്റ്റ് ഗ്രൂപ്പും തമ്മില്‍ ആശയപരമായ വലിയ അകല്ച്ച ഉണ്ടാകുകയായിരുന്നു. പി കൃഷ്ണപിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ഉള്‍പ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി 1934 ല്‍ ഉടലെടുക്കുകയും കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ വിശാലമായ നയം സ്വീകരിക്കുകയും ഉണ്ടായി. ഇക്കാലത്ത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി തെക്കേ മലബാറില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തുടങ്ങി. 1938 ല്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രസിഡണ്ടും ഇ എം എസ് നമ്പൂതിരിപ്പാട് സെക്രട്ടറിയും പി നാരായണന്‍ നായര്‍ ട്രഷററുമായി കോണ്‍ഗ്രസ് പുനസംഘടിപ്പിക്കപ്പെട്ടു. അതുമൂലം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകള്‍ക്ക്് പ്രാമുഖ്യം കിട്ടി.
കണ്ണന്‍ നായര്‍ സോഷ്യലിസ്റ്റ് അനുഭാവിയാണെങ്കിലും ആ ഗ്രൂപ്പില്‍ പ്രത്യക്ഷത്തില്‍ പ്രവര്‍ത്തിക്കുകയുണ്ടായില്ല. എന്നാല്‍ 1939 ഏപ്രില്‍ 5 നു കോഴിക്കോട് നിന്ന് കേളപ്പന്‍, കണ്ണന്‍ നായര്‍ക്ക് എഴുതിയ ഒരു കത്തില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ്സിനുള്ളിലെ ആശയപരമായ വൈരുധ്യവും പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റായ അബ്ദുറഹ്മാന്‍ സാഹിബിനോടുള്ള എതിര്‍പ്പും വ്യക്തമാണ്. കത്തിലെ പ്രസക്ത ഭാഗം ഇങ്ങനെയാണ്:
”ഒരു മുസ്ലിമിന് ഒരു സന്ദര്‍ഭം കൊടുക്കാന്‍ വേണ്ടിയാണ് മി. അബ്ദുറഹ്മാനെ പ്രസിഡന്റാക്കിയതെന്നു പറയുന്നു. മുസ്ലിമിന് സ്ഥാനം കൊടുക്കുന്നതിനു ഞാന്‍ അനുകൂലിയാണ്. എന്നാല്‍ കോണ്‍ഗ്രസ്സില്‍ വിശ്വാസമില്ലാതെ, എന്നും മഹാത്മജി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരെ ആക്ഷേപിച്ചു സ്വാര്‍ഥ ലാഭത്തിനുവേണ്ടി കോണ്‍ഗ്രസില്‍ വരുന്ന ഒരു മുസ്‌ലിമിനെ സ്ഥാനത്തിരുത്തുന്നതുകൊണ്ട് കോണ്‍ഗ്രസ് അധപ്പതിക്കുന്നുവെന്നു നിങ്ങള്‍ മനസ്സിലാക്കാത്തതാണ് എനിക്ക് ആശ്ചര്യം.
ഒരു മുസ്ലിമിന് കോണ്‍ഗ്രസ്സില്‍ വിശ്വാസം ഇെല്ലന്ന് വരാം; ത്യാഗത്തിന് ഒരുക്കമില്ലന്നും വരാം; സ്ഥാനമാനങ്ങള്‍ കാംക്ഷിക്കുന്നുവെന്നുംവരാം; എന്നാല്‍ കോണ്‍ഗ്രസ്സുകാരനെന്നു ഭാവിച്ചുകൂടേ, കോണ്‍ഗ്രസ് നേതാക്കന്മാരെ ആക്ഷേപിക്കാതിരുന്നുകൂടേ, ഇത്രയെങ്കിലും ചെയ്യുവാന്‍ ഒരുക്കമുള്ള ഏതു മുസ്‌ലിമിനും എന്ത് സ്ഥാനവും കൊടുക്കുന്നത് എനിക്ക് സമ്മതമാണ്.
സ്വാര്‍ഥ ലാഭമായിരുന്നില്ലേ ഇദ്ദേഹത്തിന്റെ നേട്ടം. കാലിക്കറ്റ് മുനിസിപ്പല്‍ ചെയര്‍മാന്‍ ആക്കില്ലന്നു കണ്ടപ്പോള്‍ അതില്‍ നിന്ന് ഇറങ്ങി ശ്രീ അച്യുതനെ തോല്പ്പിച്ചു നാരായണന്‍ നായരെ ചെയര്‍മാന്‍ ആക്കിയത് ഇദ്ദേഹമല്ലേ, അന്ന് കോണ്‍ഗ്രസ് സ്ഥാനം ഉപേക്ഷിച്ചിട്ടില്ലേ. സ്വാര്‍ഥം സാധിക്കാന്‍ കോണ്‍ഗ്രസ്‌കാരനാവും, അല്ലാതാവും. എന്നും കോണ്‍ഗ്രസ് നേതാക്കളെ ശകാരിക്കും. ഇങ്ങനെ ജീവിക്കുന്ന ഒരാളെ വലിയ നേതാവാക്കുന്നത് അസ്ഥാനത്തിലല്ലേ. മദിരാശി മന്ത്രിസഭയില്‍ ഒരംഗമാകാന്‍ എന്തെല്ലാം പരാക്രമങ്ങള്‍ ഇയാള്‍ കാണിച്ചു. എത്ര കമ്പികള്‍ പ്രത്യേകം മന്ത്രിക്കയച്ചു. ഇദ്ദേഹത്തെ മന്ത്രിയാക്കാഞ്ഞാല്‍ മലബാറില്‍ ഒരു മാപ്പിള ലഹളകൂടി ഉണ്ടാകുമെന്ന് ഇദ്ദേഹം ജനങ്ങളെക്കൊണ്ട് പറയിപ്പിച്ചില്ലേ.
ഇത്തരം ജുഗുപ്‌സാവഹമായ പ്രവര്‍ത്തികള്‍ ചെയ്യുന്ന മറ്റൊരാള്‍ പൊതുജനങ്ങളുടെ മുന്‍പില്‍ തലപൊക്കി നടക്കുമോ. ഇദ്ദേഹം, ഇന്ന് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി (ഇ എം എസ് നമ്പൂതിരിപ്പാട്) എഴുതിയതെല്ലാം അദ്ദേഹം തന്നെ വിശ്വസിക്കുന്നുണ്ടോ. ഇത്തരം അനുഭവങ്ങള്‍ ദുസ്സഹമല്ലേ. ഇതൊന്നും വ്യക്തിവിദ്വേഷം കൊണ്ടല്ല. നിങ്ങള്‍ കുറച്ചു കാലം അല്‍അമീന്‍ വായിക്കണം. അധികകാലം വേണ്ട. ഒരു മാസം മതി. അതിനു ശേഷം ഈ നേതാവിനെപ്പറ്റിയുള്ള അഭിപ്രായം എന്നെ അറിയിക്കുക.” (കുറുപ്പ്, കെ കെ എന്‍ 1989)
1937 ല്‍ ഏറനാട് വള്ളുവനാട് നിയോജകമണ്ഡലത്തില്‍ നിന്ന് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെ വമ്പിച്ച ഭൂരിപക്ഷത്തില്‍ മദ്രാസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുത്തു. ആ തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ യാത്രകള്‍ക്ക് സീതി സാഹിബിന്റെ കാര്‍ ചോദിച്ചപ്പോള്‍ വിട്ടുകൊടുക്കുകയും ആ വാഹനം തന്റെ എതിരാളിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കണ്ടപ്പോള്‍ അനുയായികള്‍ക്ക്് അമ്പരപ്പ് ഉണ്ടായതായും പറയുന്നുണ്ട്. എന്നാല്‍ അത്ര വിശാല മനസ്‌കത കാണിച്ച സീതി സാഹിബ് അദ്ദേഹത്തിന്റെ മര്‍ക്കട സ്വഭാവത്തില്‍ വ്യാകുലനുമായിരുന്നു.
കോണ്‍ഗ്രസിലെ വര്‍ഗീയമായ കടുത്ത എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ രാജാജി മന്ത്രിസഭയിലേക്ക് അബ്ദുറഹ്മാന്‍ സാഹിബിനെ പരിഗണിച്ചില്ല. എന്നാല്‍ ആദര്‍ശശുദ്ധി പരിഗണിച്ച് അദ്ദേഹത്തിന്റെ കര്‍ക്കശ നിലപാടുകളോടു നേതൃത്വം വിട്ടുവീഴ്ച ചെയ്തിരുന്നെങ്കില്‍ ഒരിക്കലും മറ്റൊരു പ്രസ്ഥാനത്തില്‍ പോയി ഏതാനും കൊല്ലത്തെ ജയില്‍വാസത്തില്‍ പെട്ട് ആ ജീവിതം ഹോമിച്ച് ചെറുപ്രായത്തില്‍ അവസാനിക്കില്ലായിരുന്നു.
എന്തായാലും വര്‍ഗീയ വിഷം വമിപ്പിക്കുന്ന മുകളിലെ കത്തില്‍ പരാമര്‍ശിക്കുന്ന കാലഘട്ടത്തില്‍ തന്നെ തന്റെ ആദര്‍ശത്തിനു യോജിച്ച ഇടമല്ല അന്നത്തെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം എന്ന് കണ്ടത് കൊണ്ടായിരിക്കും 1940 ല്‍ സുഭാഷ് ചന്ദ്രബോസ് നേതൃത്വം നല്കിയിരുന്ന ഫോര്‍വേഡ് ബ്ലോക്കില്‍ അബ്ദുറഹ്മാന്‍ സാഹിബ്ചേര്‍ന്നത്.
രണ്ടാം ലോക മഹായുദ്ധ കാലത്ത് ആ പ്രസ്ഥാനം നിയമ വിരുദ്ധമാക്കിയപ്പോള്‍ ഏതാനും കൊല്ലം ജയിലില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യനുമായിരുന്നു അദ്ദേഹം. 31 ാം വയസ്സില്‍ ഭാര്യ നഷ്ടപ്പെട്ടു. കുട്ടികള്‍ ഇല്ലാതെ ഒറ്റപ്പെട്ട അദ്ദേഹത്തിന്റെ ആദര്‍ശ ശുദ്ധിയെ തിരിച്ചറിയാന്‍ മലബാറിലെ സഹപ്രവര്‍ത്തകര്‍ക്ക് കഴിയാതെ പോയതിന് ചരിത്രം ഒരിക്കലും മാപ്പ് നല്കില്ല.
ഇതോടൊപ്പം കൂട്ടിവായിക്കേണ്ടത്: കേരള മുസ്ലിം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനത്തെ പലപ്പോഴായി തടസ്സപ്പെടുത്തിയവരെയും നിലനിര്‍ത്തേണ്ട ആവശ്യകത അറിഞ്ഞോ അറിയാതെയോ മനസ്സിലാക്കാതെ പോയവരെയും കുറ്റപ്പെടുത്താതെ തന്നെ ഈ ഖുര്‍ആന്‍ വചനങ്ങളിലെ എന്നും പ്രസക്തിയുള്ള ആശയം നാം സ്വയം ഉള്‍ക്കൊള്ളണം: ”ഒരുവന്‍ തന്റെ ആത്മാവിന്റെ കൃപണതയില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നതായാല്‍, അങ്ങനെ ഉള്ളവരായിരിക്കും വിജയം പ്രാപിക്കുന്നവര്‍.” (59:9, 64:16

Back to Top