22 Wednesday
October 2025
2025 October 22
1447 Joumada I 0

കരാര്‍ പൂര്‍ത്തീകരിക്കപ്പെടാനുള്ളതാണ്

എം ടി അബ്ദുല്‍ ഗഫൂര്‍

പ്രവാചകന്മാര്‍ പുലര്‍ത്തിപ്പോന്ന ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിശ്വസ്തത. ജനങ്ങള്‍ക്കിടയില്‍ വിശ്വാസമാര്‍ജിച്ചെടുക്കുക എന്നത് പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമത്രെ. വിശ്വസ്തതയെയും ഉടമ്പടികളെയും പാലിക്കുന്നവരാണ് അല്ലാഹുവിന്റെ യഥാര്‍ഥ ദാസന്മാര്‍ (വി.ഖു 23:8), അവരാണ് വിജയികളും.
ഒരാള്‍ മറ്റൊരാളെ വിശ്വാസപൂര്‍വം ഏല്പിക്കുകയും അയാള്‍ ഏറ്റെടുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളെയും വിശ്വസ്തത എന്നു പറയാം. മറ്റു ചിലത് മറ്റുള്ളവര്‍ ഏല്പിക്കുന്നതാവാം, വേറെ ചിലത് നാം നിര്‍വഹിക്കും എന്ന് സമൂഹം പ്രതീക്ഷിക്കുന്നതാവാം. ഏത് തരത്തിലായാലും തന്നില്‍ വിശ്വാസമര്‍പ്പിച്ചവരോട് പരമാവധി നീതി പുലര്‍ത്തുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്
കരാറുകള്‍ പാലിക്കപ്പെടാനുള്ളതാണെന്ന ബോധമുണ്ടാവുമ്പോള്‍ മാത്രമേ നല്‍കുന്ന വാഗ്ദാനങ്ങളെ നിസ്സാരമായി കാണാതിരിക്കൂ. വ്യക്തികള്‍ക്കിടയിലുള്ളതോ കുടുംബങ്ങള്‍ തമ്മിലുള്ളതോ സംഘടനകള്‍ക്കിടയിലുള്ളതോ രാഷ്ട്രങ്ങള്‍ തമ്മിലുള്ളതോ ഏതായിരുന്നാലും കരാറുകള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ മാത്രമേ പരസ്പര വിശ്വാസവും സ്‌നേഹവും സാഹോദര്യവും നിലനില്ക്കുകയുള്ളൂ.
ആര്‍ക്കും എന്തും വാഗ്ദാനം ചെയ്യാം പാലിക്കാന്‍ ശ്രമിക്കേണ്ടതില്ല എന്ന തരത്തില്‍ കരാറുകളെ നിസ്സാരവത്ക്കരിക്കുന്ന പ്രവണതയാണ് ഇന്ന് കാണപ്പെടുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കുമ്പോള്‍ പോലും ഇതെനിക്ക് പാലിക്കാന്‍ കഴിയുമോ എന്ന് ചിന്തിക്കാതെ ജനമനസ്സുകളിലേക്ക് അതിശയോക്തി കലര്‍ന്ന രൂപത്തില്‍ വാക്കുകളെ മിനുസപ്പെടുത്തി മോഹന വാഗ്ദാനങ്ങള്‍ അവതരിപ്പിക്കുന്ന പ്രവണത അധികരിച്ചുവരുന്നു.
വിശ്വാസി എന്ന നിലയ്ക്ക് ഗൗരവമായ ആലോചനയ്ക്ക് വിഷയീഭവിക്കേണ്ടതാണ് കരാര്‍ പാലനം. കാരണം ഒരാളുടെ ധര്‍മനിഷ്ഠയുടെ പൂര്‍ത്തീകരണമാണ് കരാര്‍ പാലനമെന്നാണ് ഈ തിരുവചനം നല്‍കുന്ന പാഠം. വിശ്വസ്തതയ്‌ക്കെതിരാണ് വഞ്ചനയെന്നതും, കരാര്‍ ലംഘനം കാപട്യത്തിന്റെ അടയാളമാണെന്നതും ഏതൊരു വിഷയത്തിലും വിശ്വാസി ഗൗനിക്കേണ്ട ഗൗരവതരമായ കാര്യമാകുന്നു.
കാര്യങ്ങള്‍ അനര്‍ഹരിലേക്ക് ഏല്പിക്കപ്പെടുമ്പോഴാണ് വിശ്വസ്തതയ്ക്ക് കോട്ടം തട്ടുന്നത്. അത് അന്ത്യദിനത്തിന്റെ അടയാളമായാണ് പരിചയപ്പെടുത്തപ്പെട്ടത്. വിശ്വസ്തത പാലിക്കാത്തവര്‍ക്ക് വിശ്വാസമില്ലെന്നും കരാര്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് മതമില്ലെന്നും മിക്ക പ്രസംഗവേളയിലും നബിതിരുമേനി പറയാറുണ്ടായിരുന്നു എന്നത് വിഷയത്തിന്റെ പ്രാധാന്യം കാണിക്കുന്നു. വിശ്വസിച്ചേല്പിച്ച അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് കൊടുത്തുവീട്ടണമെന്ന (4:58) വിശുദ്ധ ഖുര്‍ആന്റെ ഉപദേശം കാലിക പ്രസക്തമത്രെ.

Back to Top