23 Monday
December 2024
2024 December 23
1446 Joumada II 21

ഹദീസുകളിലെ ഉപമകളും ഹുക്മുകളും

പി കെ മൊയ്തീന്‍ സുല്ലമി

വിശുദ്ധ ഖുര്‍ആനിലെ പോലെ ഹദീസുകളിലും നിരവധി ഉപമകള്‍ കണ്ടെത്താന്‍ കഴിയും. ഇത്തരം ഉപമകള്‍ കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്നത് വ്യത്യസ്തങ്ങളായ പാഠങ്ങളാണ്. ഇത്തരം ഉപമകളില്‍ പിശാചിലേക്ക് ചേര്‍ത്തു പറഞ്ഞവയും അല്ലാത്തവയും കാണാവുന്നതാണ്. ചീത്ത കാര്യങ്ങള്‍, മ്ലേച്ഛ വസ്തുക്കള്‍, ധൂര്‍ത്ത്, രോഗം, പിശാചിന് താത്പര്യമുള്ള കാര്യങ്ങള്‍ എന്നിവയെല്ലാം പിശാചിലേക്ക് ചേര്‍ത്തുപറഞ്ഞതായി കാണാവുന്നതാണ്.
ഇത്തരം ഉപമകള്‍ തംസി ല്‍ (സാദൃശ്യപ്പെടുത്തല്‍), ത ശ്ബീഹ് (താരതമ്യം ചെയ്യല്‍), മജാസ് (മറുനാമം), ഇസ്തിആറത്ത് (ആലങ്കാരികം), കു ന്‍യത് (ഉപനാമം), കിനായത്ത്(ലക്ഷണാലങ്കാരം) എന്നീ നിലകളില്‍ വരാവുന്നതാണ്. ഇത്തരം ഹദീസുകളില്‍വന്ന ഉപമകളെ ഹുക്മുകളാക്കി(മ തവിധികള്‍) ദുര്‍വ്യാഖ്യാനിക്കുന്ന സന്ദര്‍ഭങ്ങളും നിരവധിയാണ്.
സമസ്തക്കാരും നവയാഥാസ്ഥിതികരും അവരുടെ ചില വാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ വേണ്ടി ഹദീസുകളില്‍ വന്ന ഉപമകളെ ഹുക്മുകളാക്കാന്‍ ശ്രമം നടത്താറുണ്ട്. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക:
ഖുദുസിയായ ഒരു ഹദീസില്‍ പറയുന്നു: ”നബി(സ) പറഞ്ഞു: അല്ലാഹു അന്ത്യദിനത്തില്‍ ഇപ്രകാരം പറയും: ആദമിന്റെ പുത്രാ, ഞാന്‍ രോഗിയായി, നീ എന്നെ സന്ദര്‍ശിച്ചില്ല. അടിമ പറയും: ഞാന്‍ എങ്ങനെ നിന്നെ സന്ദര്‍ശിക്കും, നീ ലോക രക്ഷിതാവല്ലയോ? അപ്പോള്‍ അല്ലാഹു പറയും: എന്റെ ഒരു അടിമ രോഗിയായത് നീ അറിഞ്ഞിരുന്നില്ലേ. നീ അവനെ സന്ദര്‍ശിച്ചിട്ടില്ല. നീ മനസ്സിലാക്കുന്നില്ലേ, നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവന്റെ അടുക്കല്‍ നീ എന്നെ കണ്ടെത്തുമായിരുന്നു. ആദമിന്റെ പുത്രാ, ഞാന്‍ നിന്നോട് ഭക്ഷണം ചോദിച്ചു. നീ എനിക്ക് ഭക്ഷണം നല്കിയില്ല. അവന്‍ പറയും: ഞാന്‍ എങ്ങനെ നിനക്ക് ഭക്ഷണം നല്‍കും. നീ ലോകരക്ഷിതാവല്ലയോ? അല്ലാഹു പറയും: നീ മനസ്സിലാക്കുന്നില്ലേ, എന്റെ ഒരു അടിമ നിന്നോട് ഭക്ഷണം ചോദിച്ചു. നീ അവന്ന് ഭക്ഷണം നല്‍കിയില്ല. നീ മനസ്സിലാക്കുന്നില്ലേ. നീ അവന്ന് ഭക്ഷണം നല്‍കിയിരുന്നുവെങ്കില്‍ അത് നീ എന്റെ അടുക്കല്‍ പ്രതിഫലം എന്ന നിലയില്‍ കണ്ടെത്തുമായിരുന്നു. ആദമിന്റെ പുത്രാ ഞാന്‍ നിന്നോട് വെള്ളം ചോദിച്ചു. നീ എന്നെ വെള്ളം കുടിപ്പിച്ചില്ല. അവന്‍ പറയും: നാഥാ ഞാനെങ്ങനെ നിന്നെ വെള്ളം കുടിപ്പിക്കും. നീ ലോകരക്ഷിതാവല്ലയോ? അവന്‍ പറയും: എന്റെ ഒരു അടിമ നിന്നോട് വെള്ളം ചോദിച്ചു. നീ അവനെ വെള്ളം കുടിപ്പിച്ചില്ല. നീ മനസ്സിലാക്കുന്നില്ലേ, നീ അവനെ വെള്ളം കുടിപ്പിച്ചിരുന്നെങ്കില്‍ അത് എന്റെ അടുക്കല്‍ നീ കണ്ടെത്തുമായിരുന്നു.” (മുസ്‌ലിം)
ഈ ഹദീസ് അല്ലാഹു അവനെ തന്നെ സൃഷ്ടിയോട് ഉപമിച്ചിരിക്കുകയാണ്. ഇവിടെ ഉപമയെ ഹുക്മാക്കുന്ന പക്ഷം അല്ലാഹുവിന് രോഗവും വിശപ്പും ദാഹവും ഉണ്ടാകുമെന്ന് സമ്മതിക്കേണ്ടി വരും. പക്ഷെ, അതിന്റെ ഉദ്ദേശ്യം അല്ലാഹു തന്നെ നമുക്ക് വ്യക്തമാക്കിത്തരികയും ചെയ്തു.
ഹദീസില്‍ നിന്ന് ലഭിക്കുന്ന പാഠം രോഗിയെ സന്ദര്‍ശിക്കുന്നതും വിശക്കുന്നവന് ഭക്ഷണം നല്കുന്നതും ദാഹിക്കുന്നവന് കുടിവെള്ളം നല്‍കുന്നതും വലിയ പ്രതിഫലം ലഭിക്കുന്ന കാര്യങ്ങളാണ് എന്നതാണ്. അപ്പോള്‍ ഉപമയല്ല നമുക്ക് പാഠം. ഉപമയില്‍  നിന്നുള്ള ഹുക്മുകളെയാണ് നാം പാഠമാക്കേണ്ടത്.
അല്ലാഹുവിന്റെ കേള്‍വിയും കാഴ്ചയും അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് ലഭിക്കും എന്ന വിധം ഒരു ഉപമയെ ഹുക്മാക്കി സമസ്തക്കാരും സൂഫികളും ത്വരീഖത്തുകാരും ദുര്‍വ്യാഖ്യാനം നടത്തുന്ന ഖുദുസിയായ ഒരു ഹദീസ് ശ്രദ്ധിക്കുക: ”നബി(സ) പറയുന്നു: അല്ലാഹു അരുളി: എന്റെ അടിമ ഞാനവനെ ഇഷ്ടപ്പെടുന്നതുവരെ സുന്നത്തുകള്‍ അനുഷ്ഠിച്ചുകൊണ്ടേയിരിക്കും. ഞാനവനെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ഞാന്‍ അവന്‍ കേള്‍ക്കുന്ന കാതും അവന്‍ കാണുന്ന കണ്ണും അവന്‍ പിടിക്കുന്ന കൈയും അവന്‍ നടക്കുന്ന കാലും ആയിത്തീരുന്നതാണ്.” (ബുഖാരി 6502. ഫത്ഹുല്‍ ബാരി 14:523)
അല്ലാഹു അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും പിടിക്കുന്ന കൈയും നടക്കുന്ന കാലുമായിത്തീരുമെന്നത് ഒരു മതവിധിയല്ല. മറിച്ച് പാഠം ഉള്‍ക്കൊള്ളേണ്ട ഒരു ഉപമയാണ്. യാഥാസ്ഥിതികര്‍ ഈ ഉപമയെ ഹുക്മാക്കി മാറ്റി, അല്ലാഹുവിന്റെ ഔലിയാക്കള്‍ക്ക് അല്ലാഹുവിന്റെ കഴിവ് ലഭിക്കുമെന്ന നിലയില്‍ ഉപമയെ ഹുക്മാക്കി ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്.
ഈ ഹദീസിന്റെ യഥാര്‍ഥ വ്യാഖ്യാനവും അതില്‍ നിന്നുള്ള പാഠവും ഇബ്‌നുഹജര്‍(റ) വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”ഞാനവന്‍ കേള്‍ക്കുന്ന കാതാകും എന്നു പറഞ്ഞാല്‍ ‘എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളല്ലാതെ അവന്‍ തന്റെ ചെവി കൊണ്ട് കേള്‍ക്കുകയില്ല’ എന്നാണ്. ഞാനവന്‍ കാണുന്ന കണ്ണായിത്തീരും എന്നതുകൊണ്ടുദ്ദേശിക്കുന്നത് ‘ഞാന്‍ കല്പിച്ചതിലേക്കല്ലാതെ അവന്‍ അവന്റെ കണ്ണുകള്‍ കൊണ്ട് നോക്കുകയില്ല’ എന്നുമാണ്… ഈ ഹദീസിലെ പ്രയോഗം ലക്ഷണാലങ്കാരവും മറുനാമങ്ങളുമാണെന്ന് ഈ ഹദീസിനെ വിലയിരുത്തിയ പണ്ഡിതന്മാര്‍ ഏകോപിച്ചു പ്രസ്താവിച്ചതായി ഇമാം ത്വൂഫി(റ) പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ദൈ്വത സിദ്ധാന്തക്കാര്‍ അതിനെ യാഥാര്‍ഥ്യമായി ചിത്രീകരിക്കുന്നു.” (ഫത്ഹുല്‍ബാരി 14:528)
നവയാഥാസ്ഥിതികര്‍ ഉപമകളെ ഹുക്മുകളാക്കി ദുര്‍വ്യാഖ്യാനിച്ചിരിക്കുന്ന ഉദാഹരണങ്ങള്‍ വിവരിക്കാം: ”നബി(സ) അരുളുകയുണ്ടായി. നിങ്ങളില്‍ ആരെങ്കിലും കോട്ടുവായ ഇടുന്ന പക്ഷം അവന്‍ തന്റെ വായ കൈകൊണ്ട് പൊത്തിപ്പിടിച്ചുകൊള്ളട്ടെ. തീര്‍ച്ചയായും പിശാച് വായില്‍ പ്രവേശിക്കുന്നതാണ്” (മുസ്‌ലിം 299)
വലിയ ശബ്ദത്തില്‍ കോട്ടുവായ ഇടുന്നത് നബി(സ) വിരോധിച്ചതാണ്. എന്നാല്‍ ഇത്തരം അപ ശബ്ദങ്ങള്‍ പിശാചിനെ സംബന്ധിച്ചേടത്തോളം ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ടാണ് നബി(സ) അപ്രകാരം നിരോധിക്കാന്‍ കാരണമെന്നാണ് ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുള്ളത്. അതിപ്രകാരമാണ്: ”ഇവിടെ കോട്ടുവായ ഇടുന്നതിനെ പിശാചിലേക്ക് ചേര്‍ത്തു പറയാന്‍ കാരണം കോട്ടുവായയെന്ന (അപശബ്ദം) പിശാചിന് താല്പര്യമുള്ള കാര്യമായതുകൊണ്ടാണ്.” (ശറഹുമുസ്‌ലിം 9:349-350).
എന്നാല്‍ നവയാഥാസ്ഥിതകര്‍ ഹദീസില്‍ വന്ന ഈ ഉപമയെ ഹുക്മാക്കി മാറ്റിയിരിക്കുകയാണ്. അവര്‍ രേഖപ്പെടുത്തുന്നു: ”കോട്ടുവായ ഇടുമ്പോള്‍ തുറന്ന വായ കൈകൊണ്ട് പൊത്തിപ്പിടിക്കാത്ത പക്ഷം പിശാച് വായിലൂടെ അകത്തുകടക്കുമെന്നാണ് നബി(സ) മുന്നറിയിപ്പ് നല്‍കുന്നത്.” (ജിന്ന് സിഹ്ര്‍ കണ്ണേറ് റുഖ്‌യ ശറഇയ്യ: ഒരു പ്രാമാണിക പഠനം, പേജ് 49)
ഉപമകളെ ഹുകുമുകളാക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ”നബി(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്ന പക്ഷം അവന്‍ മൂന്നു തവണ മൂക്കില്‍ വെള്ളം കയറ്റി ചീറ്റേണ്ടതാണ്. കാരണം പിശാച് അവന്റെ തരി മൂക്കില്‍ രാപ്പാര്‍ക്കുന്നതാണ്” (ബുഖാരി 3295, മുസ്‌ലിം 238). ഈ ഹദീസില്‍ വന്ന ഉപമയെ ഹുക്മാക്കി ദുര്‍വ്യാഖ്യാനം നടത്തുന്നത് ശ്രദ്ധിക്കുക: ”മൂക്കില്‍ കയറി ഇരിക്കുന്ന പിശാച് വുദുവിന്റെ വെള്ളം തട്ടിയാല്‍ പുറത്തു പോകുമെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു.” (ജിന്ന് സിഹ്ര്‍ കണ്ണേറ് റുഖ്‌യ ശറഇയ്യ: ഒരു പ്രാമാണിക പഠനം, പേ 50)
എന്നാല്‍ ഇവിടെയും പിശാചു കൊണ്ടുദ്ദേശിക്കുന്നത് യഥാര്‍ഥ പിശാചല്ല. ഇമാം നവവി(റ) പറയുന്നു: ”ഈ ഹദീസിലെ (പിശാച്) പ്രയോഗം ഉപമാലങ്കാരമായിരിക്കാനാണ് സാധ്യത. തരി മൂക്കില്‍ ഒട്ടിപ്പിടിക്കുന്നവയും (മൂക്കിലെ അവശിഷ്ടം) മറ്റു പൊടിപടലങ്ങളും മ്ലേച്ഛതകളും പിശാചിനോട് യോജിപ്പിച്ചതാണ്.” (ശറഹുമുസ്‌ലിം 2:129)
നവയാഥാസ്ഥിതികര്‍ ഉപമയെ ഹുക്മായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന മൂന്നാമത് ഒരു ഹദീസ് താഴെ വരുന്നുണ്ട്. അഥവാ പിശാച് എത്രത്തോളം മനുഷ്യനെ വഴിപിഴപ്പിക്കാന്‍ ശ്രമം നടത്തും എന്നതിന്റെ ഒരു ഉപമാലങ്കാരമായിട്ടാണ് നബി(സ) പ്രസ്തുത ഹദീസ് വിശദീകരിച്ചുതരുന്നത്. പ്രസ്തുത ഉപമക്ക് ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം:
മുസ്‌ലിം ലീഗിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരു വ്യക്തിയെ സംബന്ധിച്ച് അവന്റെ രക്തം തന്നെ പച്ചയാണെന്നു പറയാറുണ്ട്. അതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മറ്റൊരു വ്യക്തിയെ സംബന്ധിച്ച് അവന്റെ രക്തം തന്നെ അരിവാള്‍ ചുറ്റികയാണെന്നും പറയപ്പെടാറുണ്ട്. മേല്‍ പറഞ്ഞതിന്റെ അര്‍ഥം പ്രസ്തുത ലീഗുകാരന്റെ രക്തത്തിന്റെ നിറം പച്ചയാണെന്നോ കമ്യൂണിസ്റ്റുകാരന്റെ രക്തത്തില്‍ അരിവാള്‍ ചുറ്റികയുണ്ട് എന്നോ അല്ലല്ലോ. മറിച്ച് അവര്‍ അത്രയും കണ്ട് അവരുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവരാണ് എന്നതാണ് പ്രസ്തുത ഉപമകളുടെ താല്പര്യം.
അതുപോലെ പിശാചിന്റെ ദുര്‍ബോധനം മനുഷ്യശരീരത്തില്‍ എത്ര കണ്ട് സ്വാധീനം ചെലുത്തുന്നു എന്ന ഹദീസിനെ പിശാച് രക്തത്തിലൂടെ സഞ്ചരിക്കുമെന്ന് ദുര്‍വ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്നു. താഴെ വരുന്ന ഹദീസ് ശ്രദ്ധിക്കുക: ”തീര്‍ച്ചയായും പിശാച് മനുഷ്യന്റെ രക്തത്തിലൂടെ സഞ്ചരിക്കും. മറ്റൊരു റിപ്പോര്‍ട്ടില്‍ രക്തം സഞ്ചരിക്കുന്നേടത്തെല്ലാം സഞ്ചരിക്കുന്നതാണ്” (ബുഖാരി 2035).
മേല്‍ ഹദീസിനെ വിശദീകരിച്ച് ഇബ്‌നു ഹജര്‍(റ) രേഖപ്പെടുത്തി: ”മേല്‍ ഹദീസില്‍ പറഞ്ഞത് പിശാച് മനുഷ്യനെ വഴിപിഴപ്പിക്കുന്നതിന്റെ ആധിക്യം എത്രത്തോളമുണ്ടെന്ന് ഉണര്‍ത്താന്‍ വേണ്ടി ഉപമാലങ്കാരമായി പറഞ്ഞതാണ്.” (ഫത്ഹുല്‍ബാരി 6:51)
പിശാച് മനുഷ്യശരീരത്തിലോ രക്തത്തിലോ കടക്കുന്ന പക്ഷം മനുഷ്യന്‍ മരണപ്പെട്ടുപോകും. കാരണം അത്രക്കും ശക്തമായ തീയില്‍ നിന്നാണ് ജിന്നുപിശാചിന്റെ സൃഷ്ടിപ്പ്. അല്ലാഹു പറയുന്നു: ”മുമ്പ് നാം ജിന്നുകളെ സൃഷ്ടിച്ചത് അതികഠിനമായ ചൂടുള്ള രീതിയില്‍ നിന്നാണ്” (ഹിജ്‌റ 27). മേല്‍ പറഞ്ഞ വചനം വിശദീകരിച്ച് ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”സമൂം എന്നത് മരണാഗ്‌നിയാകുന്നു.” (ഇബ്‌നുകസീര്‍ 2:550)
നാലാമത്തെ ദുര്‍വ്യാഖ്യാനം പിശാചുമായി ബന്ധപ്പെടുന്ന ഒരു ഹദീസാണ്. ”ഒരു വിരിപ്പ് ഭര്‍ത്താവിന് മറ്റൊരു വിരിപ്പ് ഭാര്യക്ക് മൂന്നാമത്തെ വിരിപ്പ് വിരുന്നുകാരന് നാലാമത്തെ വിരിപ്പ് പിശാചിന്ന്.” (മുസ്‌ലിം)
ഇവിടെ നാലാമത്തെ വിരിപ്പ് പിശാചിന് എന്ന് പറഞ്ഞതിന്റെ താല്പര്യം പിശാച് അതില്‍ കിടന്നുറങ്ങുമെന്നല്ല, മറിച്ച് ധൂര്‍ത്താണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ധനം ധൂര്‍ത്തടിക്കല്‍ പിശാചിന് തൃപ്തിയുള്ള കാര്യമാണ് എന്നതാണ്. സൂറത്ത് ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ പിശാചുക്കളുടെ സഹോദരന്മാരാണ്” (ഇസ്‌റാഅ്: 27)
മേല്‍ ഹദീസിനെ വിശദീകരിച്ച് ഇമാം നവവി(റ) രേഖപ്പെടുത്തി: ”എല്ലാ ദുഷിച്ച കര്‍മങ്ങളും പിശാചിലേക്ക് ചേര്‍ത്തു പറയപ്പെടും. കാരണം അത് പിശാചിനെ തൃപ്തിപ്പെടുത്തുന്നതായിരിക്കും.” (ശറഹു മുസ്‌ലിം 7:309)

Back to Top