ഫ്രഞ്ച് പൊലിസ് കറുത്ത വര്‍ഗക്കാരനെ മര്‍ദിക്കുന്ന ദൃശ്യം പുറത്ത്
ഫ്രാന്‍സില്‍ കറുത്ത വര്‍ഗക്കാരനായ യുവാവിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യം പുറത്ത്. സംഭവത്തില്‍ നാല് പൊലിസുകാരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാരിസിലെ കറുത്തവര്‍ഗ്ഗക്കാരനായ സംഗീത സംവിധായകന്‍ മൈക്കല്‍ സെക്ലറിനെയാണ് മര്‍ദിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തത്. മിനിട്ടുകള്‍ നീളുന്ന വീഡിയോയില്‍ തുടര്‍ച്ചയായി പൊലിസ് അദ്ദേഹത്തെ മര്‍ദിക്കുന്നുണ്ട്. സംഭവം രാജ്യത്തിന് നാണക്കേടാണെന്നും അപലപിക്കുന്നതായും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. വീഡിയോ പുറത്ത് വന്നതോടെ നിരവധി സംഗീത-കായിക രംഗത്തെ പ്രമുഖര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്യുകയും അപലപിക്കുകയും ചെയ്തു. ഫ്രഞ്ച് ലോകകപ്പ് ടീമംഗങ്ങളായ കലിയന്‍ എംബാപ്പെയും അന്റോണി ഗ്രീസ്മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വീഡിയോ ഷെയര്‍ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. സംഗീതജ്ഞന് പിന്തുണയും ഐക്യദാര്‍ഢ്യവും അര്‍പ്പിക്കുന്നതായി ഇവര്‍ പറഞ്ഞു.
