മാര്‍ടിന്‍ അഡ്‌ലര്‍ പുരസ്‌കാരം ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകക്ക്
പ്രമുഖ മാധ്യമ അവാര്‍ഡ് ആയ മാര്‍ടിന്‍ അഡ്‌ലര്‍ മാധ്യമ പുരസ്‌കാരം മിഡിലീസ്റ്റ് ഐ പോര്‍ട്ടലിലെ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക മഹ ഹുസൈനി കരസ്ഥമാക്കി. റോറി പെക് ട്രസ്റ്റും ലണ്ടനിലെ സ്വീഡന്‍ എംബസിയും സംയുക്തമായാണ് അവാര്‍ഡ് നല്‍കുന്നത്. ഫലസ്തീനില്‍ നിന്നുള്ള സുപ്രധാനമായ വാര്‍ത്തകളും വിവരങ്ങളും ജീവസുറ്റതാക്കാന്‍ അവര്‍ പ്രകടിപ്പിച്ച അസാധാരണമായ ധൈര്യവും അര്‍പ്പണബോധവും കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കിയതെന്ന് ബി ബി സി മാധ്യമപ്രവര്‍ത്തകനും അവാര്‍ഡ് കമ്മിറ്റിയംഗവുമായ ക്ലൈവ് മെയ്‌റി പറഞ്ഞു. അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തുഷ്ടയാണെന്നു മഹ ഹുസൈനി പ്രതികരിച്ചു. ശബ്ദമില്ലാത്തവര്‍, വ്യവസ്ഥാപിതമായ അടിച്ചമര്‍ത്തലുകള്‍, ഉപരോധം, കരിമ്പട്ടികയിലുള്ളവര്‍ എന്നിവയുടെ ഇരകളായവര്‍ക്ക് ശബ്ദമായി അത്തരം കഠിനമായ സാഹചര്യങ്ങളെ വെല്ലുവിളിക്കാനുള്ള ഒരു ജോലിയായിരുന്നു ഇതെന്നും മഹ പ്രതികരിച്ചു. 2018 മുതല്‍ മിഡില്‍ ഈസ്റ്റ് ഐക്കു വേണ്ടി ഗസ്സയിലെ വാര്‍ത്തകള്‍ ചെയ്യുന്നത് മഹ ഹുസൈനിയാണ്.
