സിറിയയില്‍ മൂന്ന് ദശലക്ഷം അഭയാര്‍ഥികള്‍ക്ക് അടിയന്തര സഹായം വേണമെന്ന് യു എന്‍
മൂന്ന് ദശലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് യു എന്‍. ഈയിടെ വടക്കന്‍ സിറിയയിലുണ്ടായ മഴയില്‍ ഇദ്‌ലിബ്, അലപ്പോ മേഖലകളിലെ നൂറുകണക്കിന് കുടിലുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിരിന്നു. കുടിയൊഴിപ്പിക്കപ്പെട്ട സിറിയന്‍ അഭയാര്‍ഥികളുടെ മൂന്നിലൊന്ന് വരുന്ന 6.7 മില്യണ്‍ മതിയായ താമസ സൗകര്യങ്ങളില്ലാതെയും തണുത്ത കാലവസ്ഥക്ക് ആവശ്യമായ ചൂടാക്കുന്നതിനുള്ള ഇന്ധനം, കമ്പിളി, വസ്ത്രം തുടങ്ങിയവ ലഭ്യമാവാതെയും പ്രയാസപ്പെടുകയാണ്. സിറിയയില്‍ 9.3 ദശലക്ഷത്തിലധികം പേര്‍ ഭക്ഷണം ലഭിക്കാതെ പ്രയാസപ്പെടുകയാണെന്ന് യു എന്‍ ഡെപ്യൂട്ടി എമര്‍ജന്‍സി റിലീഫ് കോഡിനേറ്റര്‍ രമേഷ് രാജസിങ്കം സുരക്ഷാ സമിതിയെ ബുധനാഴ്ച അറിയിച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.4 മില്യണ്‍ വര്‍ധനവാണ് കാണിക്കുന്നത്. ഇനിയും വര്‍ധിക്കാനുള്ള സാധ്യത അദ്ദേഹം മുന്നില്‍ കാണുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ പട്ടിണി നേരിടുന്ന കുട്ടികളുടെ എണ്ണം 4.6 ദശലക്ഷത്തിലധകമായി വര്‍ധിച്ചതായി സേവ് ദി ചില്‍ഡ്രന്‍ ചാരിറ്റിയും ചൂണ്ടിക്കാണിക്കുന്നു
