21 Thursday
November 2024
2024 November 21
1446 Joumada I 19

അനന്തരാവകാശനിയമങ്ങളും ഇസ്‌ലാമിലെ നീതിനിഷ്ഠയും

പി മുസ്തഫ നിലമ്പൂര്‍

ഇസ്‌ലാമില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിനൊന്നാണ് അനന്തരാവകാശ നിയമം. ഒരാള്‍ തന്റെ മരണത്തോടെ വിട്ടേച്ചുപോകുന്ന (തരികത്) ധനത്തില്‍ നിന്ന്, ജനാസ സംസ്‌കരണത്തിനും കടബാധ്യത വീട്ടുന്നതിനും നീതിയുക്തവും മൂന്നിലൊന്നില്‍ കൂടാത്തതുമായ വസ്വിയ്യത്തിനും ശേഷം, അനന്തരാവകാശികള്‍ക്ക് അര്‍ഹതപ്പെട്ടതാണ് അനന്തരാവകാശ സ്വത്ത്. ധനമോ അതുമായി ബന്ധപ്പെട്ടതോ ആയതില്‍ മാത്രമേ ഈ അവകാശം നിലനില്ക്കുകയുള്ളൂ. രക്തബന്ധം, വൈവാഹിക ബന്ധം, അടിമത്വ മോചനം എന്നിവയാണ് അനന്തരാവകാശം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍. ചിലപ്പോള്‍ ബൈതുല്‍ മാലിലേക്ക് നിക്ഷിപ്തമാകുന്ന സന്ദര്‍ഭങ്ങളുമുണ്ട്.
അല്ലാഹുവിന്റെ ദായനിയമങ്ങള്‍ അന്യൂനവും സമ്പൂര്‍ണവുമാണ്. അവന്‍ അതിനെ യുക്തിഭദ്രമായി തന്നെ വ്യവസ്ഥപ്പെടുത്തിയിട്ടുണ്ട്. ഈ നിയമത്തിലെ അജയ്യതയും പ്രയോജനവും പ്രായോഗികതയും നിഷ്പക്ഷമതികളാരും സമ്മതിക്കാതിരിക്കില്ല. പരേതനുമായി കൂടുതല്‍ അടുപ്പമുള്ളവരെയാണ് അനന്തരാവകാശത്തില്‍ പരിഗണിക്കുന്നത്. രക്തബന്ധത്തില്‍ പ്രഥമസ്ഥാനം മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമാണ്. പിന്നീടവര്‍ വഴി പരേതനോട് ഏറ്റവും അടുത്തവര്‍, അടുത്തവര്‍ എന്ന നിലയിലായിരിക്കും. ”എന്നാല്‍ രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ (നിയമത്തില്‍) അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു. തീര്‍ച്ചയായും അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.” (വി.ഖു 8:75)
”നിങ്ങളുടെ പിതാക്കളിലും മക്കളിലും ആരാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉപകരിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല.” (വി.ഖു 4:11) വിവാഹബന്ധത്തിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ അവകാശികളായിത്തീരും. അവര്‍ തമ്മില്‍ ലൈംഗിക ബന്ധം നടന്നിട്ടില്ലെങ്കിലും ഇസ്‌ലാമിക നിയമാനുസൃതമായ വിവാഹബന്ധം കൊണ്ട് അനന്തരമെടുക്കപ്പെടുന്നതാണ്. മോചിതനായ അടിമ മരണപ്പെടുമ്പോള്‍ ബന്ധുക്കളാരുമില്ലെങ്കില്‍ മോചിപ്പിച്ചവന്ന് സ്വത്ത് ലഭിക്കും. നമ്മുടെ നാട്ടില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ല. മരണമടഞ്ഞ വ്യക്തിക്ക് അവകാശികള്‍ ഇല്ലാത്തപ്പോള്‍ ആ ധനം ബൈതുല്‍ മാലിലേക്ക് നീക്കപ്പെടും.
ഇസ്‌ലാമിന് മുമ്പ് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നിലപാടായിരുന്നു. സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അനന്തരാവകാശമില്ലായിരുന്നു. നീതിരഹിതവും അന്യായവുമായ ഇത്തരം നിയമങ്ങളെല്ലാം ഇസ്‌ലാം നിര്‍ത്തലാക്കി. ന്യായവും നീതിപൂര്‍ണവുമായ നിയമം കൊണ്ടുവരികയും ചെയ്തു. മക്കളുടെയോ കുടുംബത്തിന്റെയോ സാമ്പത്തിക ബാധ്യത ഏല്പിക്കപ്പെടാത്ത, സ്ത്രീയുടെ അവകാശത്തെ അനന്തരാവകാശത്തിന്റെ അടിസ്ഥാന മൂല്യമായി പ്രഖ്യാപിച്ചതിലൂടെ ഇസ്‌ലാം സ്ത്രീകളെ ആദരിക്കുകയും അംഗീകരിക്കുകയുമാണ് ചെയ്തത്. സ്ത്രീയുടെ ഇരട്ടി പുരുഷന് നല്കുമ്പോള്‍ അത് സ്ത്രീ ഉള്‍പ്പെടുന്ന കുടുംബത്തിന്റെ മുഴുവന്‍ ചെലവിനും മറ്റും എല്ലാവര്‍ക്കും കൂടിയുള്ളതാണ്. എന്നാല്‍ സ്ത്രീക്ക് കിട്ടുന്ന അവകാശം അത് അവള്‍ക്ക് മാത്രമുള്ളതാണ്. അതില്‍ നിന്നും കുടുംബത്തിന് ചെലവഴിക്കേണ്ട നിര്‍ബന്ധ ബാധ്യത അവള്‍ക്കില്ല. സ്ത്രീ എപ്പോഴും പുരുഷന്റെ സംരക്ഷണ ബാധ്യതയിലാണ്. പിതാവോ ഭര്‍ത്താവോ സഹോദരനോ അവളെ സംരക്ഷിക്കുന്നു. ചുരുക്കത്തില്‍ പുരുഷന് നല്കുന്ന ദായധന ഓഹരി സ്ത്രീയുടെ സംരക്ഷണത്തിന് കൂടിയാണ്. യുദ്ധത്തില്‍ പങ്കെടുക്കാത്തവരും സ്ത്രീകളും കുട്ടികളും അനന്തര സ്വത്തില്‍ നിന്ന് തടയപ്പെട്ട പശ്ചാത്തലത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ ദായധന സംബന്ധമായ നിയമം അവതരിപ്പിച്ചത്.
ഉഹ്ദില്‍ രക്തസാക്ഷിയായ സഅ്ദുബ്‌നു റബീഅ് അല്‍അന്‍സ്വാരി(റ)യുടെ ധനം മുഴുവന്‍ അദ്ദേഹത്തിന്റെ സഹോദരന്‍ കൈക്കലാക്കിയപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ നബി(സ)യുടെ സന്നിധിയില്‍ വന്ന് ഇപ്രകാരം പറഞ്ഞു: ”അല്ലാഹുവിന്റെ ദൂതരേ, ഇവര്‍ രണ്ടുപേരും സഅ്ദുബ്‌നു റബീഅയുടെ പുത്രിമാരാണ്. ഇവരുടെ പിതാവ് താങ്കളോടൊന്നിച്ച് ഉഹ്ദില്‍ പങ്കെടുക്കുകയും അതില്‍ രക്തസാക്ഷിയാവുകയും ചെയ്തു. ഇവരുടെ പിതൃവ്യന്‍ അദ്ദേഹത്തിന്റെ സ്വത്ത് മുഴുവന്‍ കൈവശപ്പെടുത്തിയിരിക്കുന്നു. മുതലില്ലാതെ ഇവരെ വിവാഹം കഴിക്കാനാകില്ല. നബി(സ) പറഞ്ഞു: ഇക്കാര്യത്തില്‍ അല്ലാഹു തീരുമാനമെടുത്തുകൊള്ളും. അങ്ങനെ ദായധന സംബന്ധമായ വചനം (സൂറത്ത് നിസാഅ് 7-12) അവതീര്‍ണമായി. (തിര്‍മിദി 2092, ഇബ്‌നുമാജ 2720, അഹ്മദ് 14840)
ദായധനം, അനന്തരമെടുക്കുന്നവന്‍, അനന്തരമെടുക്കപ്പെടുന്നവന്‍ എന്നീ മൂന്ന് ഘട്ടങ്ങളിലാണ് ദായധനം നിക്ഷിപ്തമായിരിക്കുന്നത്. പരേതന്റെ മരണശേഷം അനന്തരമെടുക്കുന്നവന്‍ ജീവിച്ചിരിക്കണം, പരേതനുമായി അനന്തരാവകാശബന്ധം സ്ഥാപിതമാകണം, അനന്തരാവകാശത്തെ തടയുന്ന കാരണങ്ങള്‍ ഉണ്ടാകാതിരിക്കണം എന്നിവ ഇതിന്റെ ഉപാധികളാണ്. ദായധനം വിട്ടേച്ചു പോകുന്ന വ്യക്തി മരണപ്പെട്ട ശേഷം ജീവിച്ചിരിക്കുന്നവര്‍ക്കേ ദായധനത്തിന് അവകാശമുള്ളൂ. ഒരാളുടെ മരണത്തോടെ മാത്രമേ അദ്ദേഹത്തിന്റെ ധനം ദായധനമാവുകയുള്ളൂ. വ്യക്തി ജീവിച്ചിരിക്കെ മക്കള്‍ക്കും അവകാശികള്‍ക്കും അയാളുടെ സമ്പത്ത് ദായധനമായി നല്‍കാന്‍ പാടില്ല. മേല്‍ സൂചിപ്പിച്ച അനന്തരാവകാശബന്ധം സ്ഥാപിതമായെങ്കിലേ അവകാശം ലഭിക്കുകയുള്ളൂ.
ദായധനം തടയുന്ന കാരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ ദായധനത്തിന് അവകാശമുള്ളൂ. അനന്തരാവകാശമെടുക്കപ്പെടുന്നവന്റെ ഘാതകന് അനന്തരാവകാശമില്ല. അത് ബോധപൂര്‍വമാണെങ്കിലും അല്ലെങ്കിലും അനന്തരാവകാശം തടയപ്പെടും. നബി(സ) പറഞ്ഞു: ”വധിക്കപ്പെട്ടവന്റെ സ്വത്തില്‍ നിന്ന് വധിച്ചവന് ഒരവകാശവും ലഭിക്കില്ല.” (നസാഈ 6367). പൂര്‍ണമോ ഭാഗികമോ ആയ അടിമത്തം, വ്യത്യസ്ത മതാദര്‍ശക്കാര്‍ എന്നിവ അനന്തരമെടുക്കപ്പെടുകയില്ല. നബി(സ) പറഞ്ഞു: ”ഒരു മുസ്‌ലിം അമുസ്‌ലിമിന്റെ സ്വത്തിനും അമുസ്‌ലിം മുസ്‌ലിമിന്റെ സ്വത്തിനും അനന്തരാവകാശിയാവുകയില്ല.” (ബുഖാരി 6764, മുസ്‌ലിം 1614)
ദായധന ശാസ്ത്രം
അനന്തരാവകാശത്തെ സംബന്ധിച്ച ജ്ഞാനത്തിന് മതത്തില്‍ സുപ്രധാനമായ പ്രോത്സാഹനങ്ങളുണ്ട്. അത് മത വിജ്ഞാനത്തിന്റെ പകുതിയാണെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ) പറഞ്ഞു: ”ദായധന നിയമങ്ങള്‍ നിങ്ങള്‍ പഠിക്കുവിന്‍. തീര്‍ച്ചയായും അത് വിജ്ഞാനത്തിന്റെ പകുതിയാണ്. അത് വിസ്മരിക്കപ്പെടും. എന്റെ സമുദായത്തില്‍ നിന്ന് ആദ്യമായി ഒഴിവാക്കപ്പെടുന്നത് അതായിരിക്കും.” (ദാറഖുത്‌നി, ഇബ്‌നുമാജ)
ഇബ്‌നുമസ്ഊദില്‍(റ) നിന്നു ഇത്രകൂടി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: ”ഞാന്‍ റബ്ബിന്റെ പിടുത്തത്തിന് (മരണത്തിന്) വിധേയമാകും, വിജ്ഞാനങ്ങള്‍ ഉയര്‍ത്തപ്പെടും. അനന്തരാവകാശ കാര്യത്തില്‍ രണ്ട് സഹോദരങ്ങള്‍ ഭിന്നതയിലാവുകയും അവര്‍ക്കിടയില്‍ തീര്‍പ്പു കല്പിക്കിക്കാന്‍ പണ്ഡിതന്മാരില്ലാതെയാവുകയും ചെയ്യുന്ന സാഹചര്യം വന്നേക്കും.” (അഹ്മദ്)
അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: അവശ്യവിജ്ഞാനങ്ങള്‍ മൂന്നെണ്ണമാണ്. മുഹ്കമായ സൂക്തം, സ്ഥാപിതമായ സുന്നത്ത്, നീതിയുക്തമായ ദായധനം (അബൂദാവൂദ്, ഇബ്‌നുമാജ). മുകളില്‍ പരാമര്‍ശിച്ച ചില ഹദീസുകള്‍ മൗഖൂഫ് ആണെങ്കിലും അതിന്റെ ആശയം ദീനില്‍ അംഗീകരിക്കപ്പെട്ടതാണ്.
അനസ്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: ”എന്റെ ഉമ്മത്തിലെ ഏറ്റവും കാരുണ്യവാന്‍ അബൂബക്കറാണ്. അല്ലാഹുവിന്റെ ദീനിന്റെ ശക്തി ഉമറാണ്. സത്യസന്ധതയും ലജ്ജയുമുള്ളത് ഉസ്മാനിനാണ്. ഉമ്മത്തില്‍ ഹലാല്‍ – ഹറാമുകളെ സംബന്ധിച്ച് കൂടുതല്‍ അറിയുന്നത് മുആദുബ്‌നു ജബലിനാണ്. അല്ലാഹുവിന്റെ കിതാബ് ഏറ്റവും നന്നായി പാരായണം ചെയ്യുന്നത് ഉബയ്യുബ്‌നു കഅ്ബ് ആണ്. ദായധനം സംബന്ധിച്ച് കൂടുതല്‍ അറിയുന്നത് സൈദുബ്‌നു സാബികിനാണ്. എല്ലാ സമുദായത്തിലും വിശ്വസ്തനുണ്ട്. എന്റെ സമുദായത്തിലെ വിശ്വസ്തന്‍  അബു ഉബൈദത്ബ്‌നുല്‍ ജര്‍റാഹ്(റ) ആണ്.” (സില്‍സിലതു സ്വഹീഹാത്, അല്‍ബാനി അഹ്മദ് 1292, തിര്‍മിദി 3790, ഇബ്‌നുമാജ 154, ബൈഹഖി 12549)
ഉമര്‍(റ) നാഫിഅ്ബ്‌നു അബ്ദുല്‍ഹാരിസിനെ(റ) മക്കയുടെ ചുമതല ഏല്പിച്ചിരുന്നു. ഒരിക്കല്‍ ഉമര്‍(റ) ഉസ്ഫാനില്‍ വെച്ച് (മക്കയില്‍ നിന്നും മദീനയിലേക്കുള്ള പാതയിലെ ഒരു സ്ഥലം) അദ്ദേഹത്തെ കണ്ടു. അപ്പോള്‍ ഉമര്‍(റ) നാഫിഇനോട്(റ) ചോദിച്ചു: നിന്നെ ഏല്പിച്ച പ്രദേശത്ത് ആരെയാണ് ചുമതലപ്പെടുത്തിയത്? അദ്ദേഹം പറഞ്ഞു. ഇബ്‌നു അബ്‌സയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉമര്‍(റ): ആരാണ് ഇബ്‌നു അബ്‌സ. അദ്ദേഹം പറഞ്ഞു: നമ്മുടെ കൂട്ടത്തില്‍ (മൗല) അടിമകളിലുള്ള ഒരാള്‍. ഉമര്‍(റ): ഭൃത്യനെയാണോ ചുമതലപ്പെടുത്തിയത്? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും അദ്ദേഹം ഖുര്‍ആന്‍ നന്നായി പഠിക്കുകയും പാരായണം ചെയ്യുകയും ദായധന സംബന്ധമായ പണ്ഡിതനുമാണ്.
ഉമര്‍(റ) പറഞ്ഞു: എന്നാല്‍ നിങ്ങളുടെ നബി(സ) പറഞ്ഞിട്ടുണ്ട്. തീര്‍ച്ചയായും അല്ലാഹു ഈ ഗ്രന്ഥം കൊണ്ട് ചിലരെ ഉയര്‍ത്തും. മറ്റു ചിലരെ അതുകൊണ്ട് നാശത്തിലാക്കുകയും ചെയ്യും.” (മുസ്‌ലിം സംഗ്രഹം 817, ഇബ്‌നുമാജ 180)
മേല്‍ പറഞ്ഞതില്‍ നിന്ന് അനന്തരാവകാശ ധനസംബന്ധമായ വിജ്ഞാനത്തിനുള്ള മഹത്വം മനസ്സിലാക്കാവുന്നതാണ്.
ദായധനത്തിന്റെ
റുക്‌നുകള്‍
ദായധനത്തിന്റെ റുക്‌നുകള്‍ മൂന്നെണ്ണമാണ്. (1) തരികത് (ദായധനം) വിട്ടേച്ച പരേതന്‍, (2) ദായധനം അനന്തരമെടുക്കുന്നവന്‍, (3) തരികത്ത് (അന്തരമെടുക്കപ്പെടുന്ന സ്വത്ത്) എന്നിവയാണത്. വിട്ടേച്ചുപോകുന്ന വ്യക്തിക്ക് സ്വത്ത് ഇല്ലെങ്കില്‍ ദായധനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല.
അതിന്റെ നിബന്ധന, 1) അനന്തരമെടുക്കപ്പെടുന്ന വ്യക്തിയുടെ മരണം സ്ഥിരീകരിക്കുക.
(2) അനന്തരമെടുക്കുന്ന വ്യക്തി, അനന്തരമെടുക്കപ്പെടുന്ന വ്യക്തി മരിച്ച ശേഷം ജീവിച്ചിരിക്കുക, (3) അനന്തരാവകാശിയും അവകാശം എടുക്കപ്പെടുന്ന വ്യക്തിയും തമ്മില്‍ അനന്തരബന്ധം വ്യക്തമാക്കുക എന്നിവയാണ്.
അനന്തരാവകാശം തടയപ്പെടുന്ന കാരണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമേ ദായധനം ലഭിക്കുകയുള്ളൂ. പരേതന്റെ ഘാതകന് സ്വത്തില്‍ ഓഹരിയില്ല. നബി(സ) പറഞ്ഞു: ”ഘാതകന് വധിക്കപ്പെട്ടവന്റെ സ്വത്തില്‍ ഒരു അവകാശവും ഇല്ല.” (നസാഈ, സുനനുല്‍ കുബ്‌റാ 6367, ദാറഖുത്‌നി 87)
മറ്റു മതക്കാരനാണെങ്കില്‍ അനന്തര സ്വത്ത് തടയപ്പെടും. ഉസാമത്ബ്‌നു സെയ്ദ്്(റ) പറയുന്നു: നബി(സ) പറഞ്ഞു: ”ഒരു മുസ്‌ലിം അമുസ്‌ലിമിന്റെ സ്വത്തിനും അനുസ്‌ലിം മുസ്‌ലിമിന്റെ സ്വത്തിനും അനന്തരാവകാശിയാവുകയില്ല.” (ബുഖാരി 6764, മുസ്‌ലിം 1614)
അടിമയുടെ സ്വത്തിന്റെ അനന്തരാവകാശം യജമാനനില്‍ നിക്ഷിപ്തമായിരിക്കും.
രക്തബന്ധം, വിവാഹബന്ധം, വലാഅ്, ബൈതുല്‍ മാല്‍ തുടങ്ങിയ കരങ്ങളിലേക്കാണ് അനന്തരാവകാശം വീതിക്കപ്പെടുക. കുടുംബത്തിലെ അനന്തരാവകാശികള്‍ മൂന്ന് ഇനമാകുന്നു. ഉസ്വൂല്‍. മയ്യിത്ത് ഏത് പാരമ്പര്യത്തില്‍ നിന്നാണോ രൂപപ്പെട്ടത് അവരാണ് ഉസൂല്‍. പിതാവ്, പിതാവില്ലെങ്കില്‍ പിതാമഹന്‍. അപ്രകാരം മേല്‍പോട്ട്. അടുത്ത ബന്ധുവുണ്ടെങ്കില്‍ അകന്ന ബന്ധുവിന് സ്വത്ത് ലഭിക്കില്ല. അതായത് പിതാവുണ്ടെങ്കില്‍ പിതാമഹന് സ്വത്ത് ലഭിക്കില്ല. ഇവരുടെ പരമ്പരയില്‍ ഇടയില്‍ സ്ത്രീ വന്നാലും ലഭിക്കപ്പെടുകയില്ല. ഉദാ: പിതാവിന്റെ ഉമ്മാന്റെ ഉപ്പ.
ഫുറൂഅ് (ശാഖകള്‍): മരണമടഞ്ഞ വ്യക്തിയില്‍ നിന്ന് (പാരമ്പര്യത്തില്‍) രൂപം കൊണ്ടവര്‍, ഉദാ: ആണ്‍ മക്കള്‍, ആണ്‍ മക്കളില്ലെങ്കില്‍ അവരുടെ പുത്രിമാര്‍… കീഴ്‌പോട്ട്.
അല്‍ഹവാശി: പരേതന്റെ ഉസ്വൂലില്‍ നിന്ന് രൂപപ്പെട്ട പാര്‍ശ്വബന്ധങ്ങള്‍. ഉദാ: സഹോദരന്മാര്‍. ഇവര്‍ മൂന്ന് വിഭാഗമാണ്. (1). മാതാവും പിതാവും ഒത്ത സഹോദരന്മാര്‍ (ബനുല്‍ അഅ്‌യാന്‍), (2). പിതാവ് മാത്രമൊത്ത സഹോദരന്മാര്‍ (ബനുല്‍ അലാത്), (3). മാതാവ് ഒത്ത സഹോദരന്‍ (ബനുല്‍ അഖ്‌യാഫ്)

Back to Top