23 Monday
December 2024
2024 December 23
1446 Joumada II 21

ഖല്‍ബ് – ഫുആദ് ചിന്തയുടെ ഉറവിടങ്ങള്‍

ഡോ. ജാബിര്‍ അമാനി

മനുഷ്യന്റെ സൃഷ്ടിപ്പ് അന്യൂനമായിട്ടാണ്. അതിസൂക്ഷ്മ തലങ്ങളില്‍ പോലും ഏറ്റക്കുറച്ചിലോ പരിപൂര്‍ണക്കുറവുകളോ ദര്‍ശിക്കാന്‍ സാധ്യമല്ല (വി.ഖു 95:4, 67:3, 27:88). മനുഷ്യന്റെ അറിവിന്റെയും അന്വേഷണത്തിന്റെയും കുറവുകൊണ്ട് ശാരീരികമായ സമ്യക്കാവസ്ഥയെയും അവയവങ്ങളുടെ ആത്യന്തിക ധര്‍മത്തെയും തിരിച്ചറിയാന്‍ സാധ്യമായില്ലെന്ന് വരാം. വര്‍ത്തമാനകാല ശാസ്ത്ര പര്യവേഷണങ്ങള്‍ക്ക് പോലും കണ്ടെത്തുവാന്‍ സാധ്യമായിട്ടില്ലാത്ത കാര്യങ്ങള്‍ ഉണ്ടാവാം. ചരിത്രത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാവുന്നതുമാണ് (ഭൂമി, സൂര്യന്‍ എന്നിവയുടെ ചലനം, തേനീച്ചകളില്‍ പെണ്‍ തേനീച്ചയുടെ പ്രത്യേകതകള്‍, പ്രപഞ്ച വികാസം, മനുഷ്യസൃഷ്ടിപ്പിന്റെ വിവിധ ഘട്ടങ്ങള്‍ തുടങ്ങിയവ) പ്രത്യേകിച്ചും ഹൃദയം, മനസ്, ആത്മാവ്, തലച്ചോര്‍ എന്നിയെക്കുറിച്ചുള്ള കണ്ടെത്തലുകളും ശാസ്ത്രീയ പരാമര്‍ശങ്ങളും. ഈ രംഗത്തെ ഖുര്‍ആനിന്റെ ചില പ്രയോഗങ്ങളുടെ പൂര്‍ണാര്‍ഥത്തെ നിര്‍ദ്ദരിച്ചെടുക്കാന്‍ ശാസ്ത്രത്തിന് സാധ്യമായിട്ടില്ല എന്നിരിക്കെ ദൈവീക ഗ്രന്ഥത്തിലെ അത്തരം പരാമര്‍ശങ്ങള്‍ ‘ശാസ്ത്രീയ’ മല്ലെന്ന് വാദിക്കുന്നത് അല്‍പത്തരമാണ്. ദൈവീകമായ പരാമര്‍ശങ്ങള്‍ തെറ്റുപറ്റാത്തതാണ്. മനുഷ്യജ്ഞാനത്തിന് പരിമിതികളും തെറ്റുപറ്റാനുള്ള സാധ്യതയും ഉണ്ട്.
ജീവന്‍ നിലനില്ക്കുന്ന മനുഷ്യ ശരീരത്തിലെ പ്രതിഭാസങ്ങളെക്കുറിച്ച പഠനങ്ങളെപ്പോലെയല്ല ഹൃദയം, മനസ്സ്, മസ്തിഷ്‌ക്കം എന്നിവയുടെ നിശ്ചലാവസ്ഥയിലുള്ള അന്വേഷണങ്ങള്‍, അതിസങ്കീര്‍ണമായ ഈ മൂന്ന് ഭാഗങ്ങളുടെയും ആന്തരിക ധര്‍മത്തെക്കുറിച്ച അന്വേഷണങ്ങള്‍ വലിയ പരിമിതിയുള്ളതാണ്. മനസ്സ്, ആത്മാവ് എന്നിവയെക്കുറിച്ച പഠനാന്വേഷണങ്ങള്‍ വളരെ പരിമിതമാണ്. നിഗമനങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളുമാണ് കൂടുതലും കാണാന്‍ സാധിക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച ഖല്‍ബ്, ഫുആദ്, നഫ്‌സ്, റൂഹ് തുടങ്ങിയ പദങ്ങള്‍ക്കും, അവയുടെ ധര്‍മത്തെക്കുറിച്ച എല്ലാ കണ്ടെത്തലുകള്‍ക്കും പരിമിതികളുണ്ടെന്ന സത്യത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണ് (17:85). സമകാല ശാസ്ത്രാന്വേഷണങ്ങള്‍ക്ക് എത്തിപ്പിടിക്കാനാവാത്ത ഖുര്‍ആനിക പരാമര്‍ശങ്ങളെ അബദ്ധങ്ങളും അശാസ്ത്രീയതയുമായി വ്യാഖ്യാനിക്കുന്ന ‘നാസ്തികയുക്തി (?) ‘ , അതുകൊണ്ട് തന്നെ വിശകലനമര്‍ഹിക്കുന്നില്ല. കാരണം ശാസ്ത്രം ജ്ഞാനാന്വേഷണങ്ങളിലെ അവസാന വാക്കായി എല്ലാ സന്ദര്‍ഭങ്ങളിലും പരിഗണിക്കാനാവില്ല.
ചിന്തയുടെ സ്രോതസ്സ് എവിടെയെന്ന ചോദ്യത്തിന് വിശാലമായ അന്വേഷണ മേഖലകള്‍ ഖുര്‍ആന്‍ തുറന്നിടുന്നുണ്ട്. അതോടൊപ്പം ‘ചിന്ത’ എന്ന പ്രതിഭാസം തന്നെ വൈവിധ്യ രൂപേണ അവതരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. തഫക്കുര്‍, തദബുര്‍, തഅഖ്വുല്‍ (4:82, 47:24, 2:219, 266, 3:191, 7:176, 2:242, 3:118, 6:32) എന്നീ പ്രയോഗങ്ങള്‍, ‘ചിന്തിക്കുക’ എന്ന ഒരര്‍ഥത്തില്‍ മാത്രം ഉപയോഗിക്കുവാനേ ഭാഷാപരമായി നമുക്ക് സാധ്യമാവുകയുള്ളൂ. പരിചിന്തനം, ഉറ്റാലോചന തുടങ്ങിയ പദങ്ങളിലൂടെ ചിന്തയുടെ ആഴവും പരപ്പും അല്പം കൂടി ശക്തിപ്പെടുത്തി ഉപയോഗിക്കുക എന്നതല്ലാതെ ഇത്തരം ഖുര്‍ആന്‍ പ്രയോഗങ്ങളെ ഒറ്റ പദത്തിലേക്ക് ചുരുക്കി പരിഭാഷപ്പെടുത്തുവാനാവില്ല. വാക്കുകള്‍ എന്നതിനേക്കാള്‍ അവയുള്‍ക്കൊള്ളുന്ന ‘പൊരുള്‍’ സ്വാംശീകരിക്കുന്ന അനറബി പ്രയോഗങ്ങളില്‍ പോലും നമ്മള്‍ പരിമിതിയുള്ളവരാണ്.
ഖല്‍ബ്, ഫുആദ് (മനസ്സ്, ഹൃദയം) എന്നിവയിലേക്ക് ചേര്‍ത്താണ് മിക്ക സന്ദര്‍ഭങ്ങളിലും ഖുര്‍ആന്‍ ‘ചിന്ത’ യെ ഉപയോഗിച്ചത്. മനസ്സെന്ന പ്രതിഭാസത്തെക്കുറിച്ച് പരിമിതമായ അറിവാണ് മനുഷ്യര്‍ക്കുള്ളത് എന്ന വസ്തുത നാം വിസ്മരിക്കരുത്. തലച്ചോറിനെ കുറിച്ച നേര്‍ക്കുനേരെയുള്ള പരാമര്‍ശം ഖുര്‍ആന്‍ നിര്‍വഹിച്ചിട്ടുമില്ല.
‘ഖല്‍ബ്’ എന്ന പദം മനുഷ്യചിന്തയുടെയും വികാരങ്ങളുടെയും വൈവിധ്യ തലങ്ങളിലൂടെ ഖുര്‍ആന്‍ ചേര്‍ത്ത് ഉപയോഗിച്ചിട്ടുണ്ട്. (പ്രധാനമായും നാല്‍പതോളം തലങ്ങളെ സംക്ഷിപ്തമായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്). 130 ലധികം വചനങ്ങളില്‍ ‘ഖല്‍ബ്’ എന്ന പദം കാണാവുന്നതാണ്. വൈകാരികവും വൈചാരികവുമായ മേഖലകളെയാണ് പ്രതിനിധീകരിക്കുന്നത് എന്നര്‍ഥം. ഹൃദയത്തിന്റെ ദൗത്യങ്ങളില്‍ ശാരീരിക പ്രധാനമായ തലവും വിസ്മരിക്കുന്നില്ല. നെഞ്ചിനകത്ത് ഭിത്തിക്കനം കൂടിയ ഒരു ബലൂണിനെപ്പോലെ, ഇടവിട്ട് ചുരുങ്ങിയും വികസിച്ചും സദാ രക്തം പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന മാംസപേശീ നിര്‍മിതമായ, ഏകദേശം മുക്കാല്‍ കിലോഗ്രാം ഭാരം വരുന്ന, നാല് ചെറു അറകളായി വിഭജിക്കപ്പെട്ട ഒരു അവയവം. രക്തം പമ്പ് ചെയ്യുകയെന്ന അതിമഹത്തായ ദൗത്യവും ഹൃദയം നിര്‍വഹിക്കുന്നുണ്ടല്ലോ. മനുഷ്യശരീരത്തിന്റെ നിലനില്പിനും ഹൃദയത്തിന്റെ സാന്നിധ്യം അനിവാര്യമാണ്. ‘മനുഷ്യശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്, അത് സംസ്‌കൃതമായാല്‍ എല്ലാം സംശുദ്ധമായി’ എന്ന ആശയത്തിലുള്ള ‘ഹൃദയ’ത്തെ സംബന്ധിച്ച പ്രവാചക വചനം ഏറെ ശ്രദ്ധേയമാണ്. ശാരീരികവും ആത്മീയവുമായ സര്‍വ തലത്തിലുമുള്ള പരിശുദ്ധിയെ ഹൃദയം പ്രതിനിധീകരിക്കുന്നുവെന്ന മഹത്തായ ആശയം ഇവിടെ അനാവൃതമാവുന്നു.
‘ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ?’ എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കുന്ന ഹൃദയങ്ങളോ കേട്ടറിയാവുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്. (22:46)
‘ഹൃദയമുള്ളവനായിരിക്കുകയോ മനസ്സാന്നിധ്യത്തോടെ ചെവികൊടുത്ത് കേള്‍ക്കുകയോ ചെയ്യുന്നവന് തീര്‍ച്ചയായും അതില്‍ ഒരു ഉല്‍ബോധനം ഉണ്ട്’ (50:37)
”അപ്പോള്‍ അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ? അതല്ല ഹൃദയങ്ങളുടെ മേല്‍ പൂട്ടുകളിട്ടിരിക്കുകയാണോ?” (47:24)
”ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ധാരാളം പേരെ നാം നരകത്തിനുവേണ്ടി സൃഷ്ടിച്ചിട്ടുണ്ട്. അവര്‍ക്ക് ഹൃദയങ്ങളുണ്ട്. അത് ഉപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല.” (7:179)
”ഏതൊരു മനുഷ്യനിലും അവന്റെ അന്തരാളത്തില്‍ രണ്ടു ഹൃദയങ്ങള്‍ അല്ലാഹു വെച്ചിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെപ്പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഇണകളെ അവന്‍ നിങ്ങളുടെ മാതാക്കളാക്കിയിട്ടുമില്ല….” (33:4)
മുകളില്‍ സൂചിപ്പിച്ച ഖുര്‍ആന്‍ വചനങ്ങളിലും സമാനമായ ഒട്ടനേകം സന്ദര്‍ഭങ്ങളിലും ചിന്തയുടെ ‘ഉറവിടം’ എന്ന നിലക്ക് അല്ലാഹു പരിചയപ്പെടുത്തുന്നത്, ‘ഹൃദയം, മനസ്സ്’ എന്നിവയിലേക്ക് ചേര്‍ത്താണ്. നെഞ്ചിനകത്തുള്ള ഹൃദയത്തിന്റെ സാന്നിധ്യം ഒരു അവയവം എന്നതിനപ്പുറത്തേക്ക് മനുഷ്യന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ അവലംബവും ആണെന്ന അടിസ്ഥാന പാഠം കൂടുതല്‍ ശാസ്ത്രീയ ഗവേഷണത്തെ തേടുന്നുണ്ട്.
പരസ്പരപൂരകമായ ഒരു ബന്ധം മനസ്സും മസ്തിഷ്‌ക്കവും തമ്മില്‍ ഉണ്ട്. ചിന്തകളുടെ ഏകോപന നിയന്ത്രണങ്ങളില്‍ മനസ്സിനുള്ള പങ്ക് ശാസ്ത്രം പഠനവിധേയമാക്കിയിട്ടുണ്ട്. ചിന്തയെന്നത് ഓരോ മനുഷ്യനിലും വൈവിധ്യങ്ങളുടെ കവാടം തുറന്നിടുന്നു. കണ്ണുകൊണ്ട് കാണുകയും ചെവികൊണ്ട് കേള്‍ക്കുകയും ചെയ്യുന്നതിന് സമാന രൂപം വന്നേക്കാം. എന്നാല്‍ പ്രസ്തുത ഇന്ദ്രിയങ്ങളുടെ (കണ്ണ്, കാത്) ഇടപെടലുകളില്‍ വരുന്ന ‘ഏകരൂപ’ ത്തെ മനസ്സ് വൈവിധ്യതലങ്ങളില്‍ വീക്ഷിക്കുന്നുണ്ട്. വസ്തുതാപരമായി കാര്യങ്ങളെ ‘കണ്ടും കേട്ടും’ ആത്യന്തിക സത്യത്തിലേക്കുള്ള ചിന്തയൊരുക്കേണ്ടത് ഹൃദയത്തിന്റെ ധര്‍മമായി ഖുര്‍ആന്‍ (50:37) പരിചയപ്പെടുത്തുന്നു. അത്തരമൊരു ചിന്തയുടെ ഏകോപനം നഷ്ടപ്പെടുന്നത് ഹൃദയത്തെ പൂട്ടിട്ട് നശ്ചലമാക്കിയതിന് തുല്യമാണെന്നും (47:24) തദ്ഫലമായി ജീവിതദൗത്യം അപായപ്പെട്ടുവെന്നും (7:179) ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
തലച്ചോറില്‍ രൂപപ്പെടുന്ന ജ്ഞാനാന്വേഷണത്തെ ഒരാള്‍ യാഥാര്‍ഥ്യബോധങ്ങളിലേക്ക് തിരിച്ചെടുക്കുന്നത് ശരിയായ ‘ഹൃദയ’ സാന്നിധ്യം വഴിയാണ്. ബൗദ്ധികമായ ഈ ദൗത്യങ്ങളില്‍ നിന്ന് ‘ഹൃദയം’ പിന്‍മാറുമ്പോള്‍ അത്തരം സമീപനങ്ങള്‍ കാപട്യം നിറഞ്ഞതായിരിക്കും (2:204), (33:4). ചിന്തയെന്നത് പദാര്‍ഥപരമല്ല. മാനസികവും വൈകാരികവും ആത്മീയവുമായ തലവും അതിന് ഉണ്ട്. നന്മ തിന്മകളെക്കുറിച്ച ദൈവീക ബോധനം അല്ലാഹു മനുഷ്യനെ അറിയിച്ചിട്ടുണ്ട് (91:710). എന്നിരിക്കെ സംശുദ്ധമായ ചിന്ത മനുഷ്യവിജയത്തിന് അനിവാര്യമാണ്.
”ഉലുല്‍ അല്‍ബാബ്’ എന്ന ഖുര്‍ആനിന്റെ പ്രയോഗങ്ങളില്‍ കേവലമായ ആലോചനകളല്ല, മറിച്ച് ഇന്ദ്രിയ ജ്ഞാനങ്ങളിലൂടെ മനുഷ്യന്‍ കണ്ടെത്തുന്നത്, ‘ഹൃദയം’ ഇടപെടുന്ന ശരിയായ ജ്ഞാനത്തിന്റെ (ഹിക്മത്ത്) അടിസ്ഥാനത്തിലുള്ള ചിന്തയും ധര്‍മവും ചേര്‍ത്തുവെച്ച ‘ബുദ്ധിശാലികള്‍’ എന്ന നിലക്കാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
‘ലുബ്’ എന്ന പദത്തെ വിശകലന വിധേയമാക്കുന്നത് തന്നെ ആശ്ചര്യകരമാണ്. പ്രസ്തുത പദത്തില്‍ നിന്ന് നിഷ്പന്നമാവുന്ന വിവിധ പ്രയോഗങ്ങള്‍, വാക്കിനകത്തെ ‘പൊരുള്‍’ വിവരിക്കുന്നത് കാണാം. ബുദ്ധി, ഹൃദയം, സംശുദ്ധത, പരിശുദ്ധമായ ചിന്ത എന്നീ അര്‍ഥങ്ങള്‍ ഈ പദം ഉള്‍ക്കൊള്ളുന്നുണ്ട് (ലിസാനുല്‍ അറബ് 1:730) അല്‍ഖാമൂസുല്‍ മുഹീത്വ് 133). സയ്യിദ് റശീദ് റിള(റ) തഫ്‌സീറുല്‍ മനാറില്‍ ഇക്കാര്യത്തിലേക്ക് സൂചന നല്‍കിയിട്ടുണ്ട്. തഫ്‌സീറുല്‍ മനാര്‍ 9:524, 11:2020)
ചിന്തയുടെ ഉറവിടം വ്യവസ്ഥപ്പെടുത്തി അതിന്റെ സംശുദ്ധമായ രൂപീകരണം നിര്‍വഹിക്കുന്നതില്‍ ഹൃദയത്തിനുള്ള പങ്കും അതുവഴി ആത്യന്തിക ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതും എത്രമേല്‍ അത്ഭുതകരമായ ക്രമീകരണത്തോടെയാണ് ഖുര്‍ആന്‍ സൂചിപ്പിക്കുന്നത്! ശാസ്ത്രപഠനങ്ങളും മനസ്സും മസ്തിഷ്‌ക്കവും തമ്മിലുള്ള പരസ്പര ബന്ധത്തെ വിശകലനം ചെയ്തിട്ടുണ്ട്. ചിന്തയെക്കുറിച്ച പ്രയോഗങ്ങളില്‍ പോലും അത്യുല്‍ഭുതകരമായ ‘ധൈഷണിക’ സാന്നിധ്യം അടയാളപ്പെടുത്തിയ ഖുര്‍ആനും ഇസ്‌ലാമും ബുദ്ധിയെ നിരാകരിക്കുന്നുവെന്ന് വിമര്‍ശനം എത്രമാത്രം അല്പത്തരമാണ്.
‘താനുദ്ദേശിക്കുന്നവര്‍ക്ക് അല്ലാഹു യാഥാര്‍ഥ ജ്ഞാനം നല്‍കുന്നു. ഏതൊരുവന് യഥാര്‍ഥ ജ്ഞാനം (അല്‍ഹിക്മത്ത്) നല്‍കപ്പെട്ടുവോ അവന്ന് അതുവഴി ആത്യന്തിക നേട്ടമാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ‘ബുദ്ധിശാലികള്‍’ (ഉലുല്‍ അല്‍ബാബ്) മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ. (അല്‍ബഖറ 269).

Back to Top