വിശുദ്ധ ഖുര്‍ആനും രോഗചികിത്സയും
പി കെ മൊയ്തീന്‍ സുല്ലമി
ചികിത്സയുടെ പേരില്‍ ഏറ്റവുമധികം ചൂഷണങ്ങള്‍ക്ക് വിധേയമായ ഒരു ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. വിശുദ്ധ ഖുര്‍ആന്‍ ഒരു ശാരീരിക രോഗചികിത്സാ ഗ്രന്ഥമല്ല. മറിച്ച് ജീവിതപ്രമാണ ഗ്രന്ഥമാണ്. അല്ലാഹു പറയുന്നു: ”മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുവാദപ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി താങ്കള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്.” (ഇബ്‌റാഹീം 2)
വൈജ്ഞാനികം, സാമൂഹികം, കുടുംബപരം, സാമ്പത്തികം, സാംസ്‌കാരികം എന്നു വേണ്ട എല്ലാ ഇരുട്ടുകള്‍ക്കും വെളിച്ചം നല്‍കുന്ന ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. മേല്‍ പറയപ്പെട്ട ഇരുട്ടുകള്‍ സമ്പൂര്‍ണമായും നീക്കം ചെയ്യണമെങ്കില്‍ സമൂഹത്തെ ബാധിച്ച ചില ദുഷിച്ച സ്വഭാവങ്ങളും സമ്പ്രദായങ്ങളും സമ്പൂര്‍ണമായും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. അഹങ്കാരം, ഏഷണി, അസൂയ, അക്രമം, കാപട്യം, ശിര്‍ക്ക്, കുഫ്‌റ്, അഴിമതി, അനീതി, ലൈംഗികമായ ചിന്തകള്‍ തുടങ്ങിയ ദുസ്സ്വഭാവങ്ങളും പ്രവര്‍ത്തനങ്ങളും മേല്‍പറഞ്ഞ ഇരുട്ടുകളിലേക്ക് മനുഷ്യനെ നയിക്കുന്നവയാണ്.
മേല്‍ പറഞ്ഞ എല്ലാ ദുസ്സ്വഭാവങ്ങളും മനുഷ്യന്റെ മനസ്സിന്റെ സൃഷ്ടിയാണ്. അത്തരം രോഗങ്ങള്‍ക്ക് മാത്രമാണ് ഖുര്‍ആന്‍ ശിഫ (ശമനം) നല്‍കുന്നത്. അല്ലാതെ ശാരീരികമായ ഒരു രോഗത്തിനും വിശുദ്ധ ഖുര്‍ആന്‍ മരുന്ന് നിര്‍ദേശിക്കുന്നില്ല. ചികിത്സയായി ഖുര്‍ആന്‍ പരാമര്‍ശിച്ചത് തേനിനെക്കുറിച്ചു മാത്രമാണ്. അതും ഇന്ന രോഗത്തിന് എന്ന് പറഞ്ഞില്ല. തേനീച്ചയുടെ അത്ഭുതം നിറഞ്ഞ ജീവിതം പരാമര്‍ശിച്ചപ്പോള്‍ തേന്‍ ശിഫയാണെന്ന് പറഞ്ഞുവെന്നു മാത്രം. തേന്‍ പൂര്‍വീകമായി തന്നെ ഔഷധമായി ഉപയോഗിച്ചുവരുന്നതാണ്. അത് വിശുദ്ധ ഖുര്‍ആന്‍ ശരിവെച്ചു എന്നു മാത്രം.
വിശുദ്ധ ഖുര്‍ആന്‍ ശിഫയായി വരുന്നത് മാനസികമായ മേല്‍ പറയപ്പെട്ട ദുസ്സ്വഭാവങ്ങള്‍ക്കു മാത്രമാണ്. അക്കാര്യം അല്ലാഹു പറയുന്നു: ”മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു.” (യൂനുസ് 57) മേല്‍ വചനം വിശുദ്ധ ഖുര്‍ആനിനെ എന്നല്ല പഠിപ്പിക്കുന്നത്. മറിച്ച് മാനസിക രോഗങ്ങള്‍ക്ക് ചികിത്സയാണ് എന്നാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്നത്.
മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ”സത്യവിശ്വാസികള്‍ക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ഖുര്‍ആനിലൂടെ നാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്ടമല്ലാതെ (മറ്റൊന്നും) വര്‍ധിപ്പിക്കുന്നില്ല” (ഇസ്‌റാഅ് 82). അഥവാ സത്യവിശ്വാസികളുടെ മനസ്സിന് വിശുദ്ധ ഖുര്‍ആന്‍ കാരുണ്യവും സമാധാനവും പ്രദാനം ചെയ്യുമ്പോള്‍ സത്യനിഷേധികളുടെ മനസ്സുകള്‍ക്ക് അത് നഷ്ടമാണ് വര്‍ധിപ്പിക്കുന്നത്. കാരണം വിശുദ്ധ ഖുര്‍ആന്‍ ശിര്‍ക്കിനും കുഫ്‌റിനും അഹങ്കാരത്തിനും അക്രമവാസനകള്‍ക്കും നോന്നിവാസ ചിന്തകള്‍ക്കും കാപട്യത്തിനും മറ്റുള്ള എല്ലാ ദുസ്സ്വഭാവങ്ങള്‍ക്കും എതിരാണ്.
മേല്‍പറഞ്ഞവയെല്ലാം മാനസിക രോഗങ്ങളില്‍ പെട്ടതാണ്. വിശുദ്ധ ഖുര്‍ആന്‍ ഏറ്റവുമധികം ആക്ഷേപിച്ച മാനസിക രോഗം കാപട്യമാണ്. കാരണം അത് മുസ്‌ലിംകളിലും അല്ലാത്തവരിലും ഉണ്ടാകാന്‍ സാധ്യതയുള്ളതാണ്. അതിനെക്കുറിച്ച് നബി(സ)യെ അല്ലാഹു ഉപദേശിക്കുന്നത് ശ്രദ്ധിക്കുക: ”അവരുടെ മനസ്സുകളില്‍ ഒരുതരം രോഗമുണ്ട്. തന്നിമിത്തം അല്ലാഹു അവര്‍ക്ക് രോഗം വര്‍ധിപ്പിക്കുകയും ചെയ്തു. കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ ഫലമായി വേദനയേറിയ ശിക്ഷയാണ് അവര്‍ക്കുണ്ടായിരിക്കുക. (അല്‍ബഖറ 10)
ഭൗതികതാല്‍പര്യം മാത്രം മനസ്സില്‍ വെച്ച് ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുള്ളവരാണ് കപടവിശ്വാസികള്‍. അത് ലഭിക്കാതെ വരുമ്പോള്‍ അവര്‍ നബി(സ)യെയും ഇസ്‌ലാമിനെയും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. ത്യാഗം സഹിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം അവര്‍ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞുമാറിക്കൊണ്ടിരിക്കും. അവര്‍ പങ്കെടുത്ത വല്ല കാര്യത്തിലും വിജയം ലഭിക്കുന്ന പക്ഷം പ്രസ്തുത വിജയം ഞങ്ങള്‍ പങ്കെടുത്തതുകൊണ്ടാണെന്ന് അവര്‍ വീരവാദം മുഴക്കും. പരാജയം നേരിട്ടാല്‍ അവര്‍ അത് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും മേല്‍ വെച്ചുകെട്ടുകയും ചെയ്യും. ഇതാണ് കപടരോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലത്.
ഇത്തരത്തിലുള്ള എല്ലാ മാനസിക രോഗങ്ങളെയും അകറ്റി മനുഷ്യരെ മനുഷ്യത്വമുള്ള സമ്പൂര്‍ണരാക്കുകയെന്നതാണ് വിശുദ്ധ ഖുര്‍ആനിന്റെ ലക്ഷ്യം. വിശുദ്ധ ഖുര്‍ആനില്‍ ശാരീരിക രോഗങ്ങള്‍ക്കുള്ള മരുന്നുകളൊന്നും നിര്‍ദേശിക്കുന്നില്ലെങ്കിലും രോഗശമനത്തിനുള്ള പ്രാര്‍ഥനകള്‍ കണ്ടെത്താന്‍ കഴിയും. രോഗത്തിന്ന് മാത്രമല്ല, മറ്റു വിപത്തുകള്‍ക്കും അല്ലാഹുവോട് പ്രാര്‍ഥിക്കാന്‍ വേണ്ടി നബി(സ) തെരഞ്ഞെടുത്ത പ്രാര്‍ഥന ഹദീസില്‍ വന്നിട്ടുണ്ട്.
”മുഅവ്വദതൈനി അവതരിച്ചപ്പോള്‍ (സൂറത്തുല്‍ ഫലഖ്, സൂറത്തുന്നാസ്) നബി(സ) രോഗശമനത്തിനും മറ്റും അവ പ്രാര്‍ഥനകള്‍ക്കുവേണ്ടി പ്രയോജനപ്പെടുത്തുകയും മറ്റുള്ള പ്രാര്‍ഥനകള്‍ ത്യജിക്കുകയും ചെയ്തു” (തിര്‍മിദി നസാഈ ഇബ്‌നുമാജ).
ഈ ഹദീസിനെ സംബന്ധിച്ച് ഇമാം നവവി പറയുന്നു: ”ഖുര്‍ആന്‍ കൊണ്ടും മറ്റു ദിക്‌റുകള്‍ കൊണ്ടും മന്ത്രപ്രാര്‍ഥന നടത്താമെന്ന് ഹദീസില്‍ തെളിവുണ്ട്. നബി(സ) മുഅവ്വിദാത് സൂറത്തുകള്‍ കൊണ്ട് മാത്രം മന്ത്രപ്രാര്‍ഥന നടത്താന്‍ കാരണം എല്ലാ വെറുക്കപ്പെട്ട കാര്യങ്ങള്‍ക്കും മൊത്തമായും ഭാഗികമായും അതില്‍ ശമനം തേടലുണ്ട് എന്നതുകൊണ്ടാണ്. അപ്പോള്‍ അല്ലാഹു സൃഷ്ടിച്ച എല്ലാ തിന്മകളില്‍ നിന്നും പ്രസ്തുത സൂറത്തുകളില്‍ ശമനമുണ്ട്. സാഹിറിന്റെയും അസൂയാലുവിന്റെയും പിശാചിന്റെയും എന്നു വേണ്ട എല്ലാ ദോഷങ്ങളില്‍ നിന്നും ശമനം തേടല്‍ അതിലുണ്ട്” (ശറഹു മുസ്‌ലിം 7:438).
എന്നാല്‍ വൈദ്യശാസ്ത്രം പഠിക്കാത്ത വിശുദ്ധ ഖുര്‍ആനിന്റെ അര്‍ഥം പോലും കൃത്യമായി അറിയാത്ത പലരും വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് ചികിത്സ നിര്‍ദേശിച്ച് സാധാരണക്കാരെ ചൂഷണം ചെയ്തുവരുന്നുണ്ട്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി അതിന്നുവേണ്ടി കേന്ദ്രങ്ങള്‍ തുറന്നുവെച്ചവരും ടെലിവിഷന്‍ ചാനലുകളിലൂടെ മരുന്ന് നിര്‍ദേശിക്കുന്നവരും ഉണ്ട്. ‘ഖുര്‍ആന്‍ തെറാപ്പി’ എന്ന പേരില്‍ നവയാഥാസ്ഥിതികര്‍ തുടങ്ങിവെച്ച പുതിയ സംവിധാനങ്ങള്‍ വേറെയുമുണ്ട്.
ഖുര്‍ആന്‍ ചികിത്സ എന്ന പേരില്‍ ഇവര്‍ നടത്തുന്ന ചികിത്സക്ക് ദീനീ വിജ്ഞാനത്തിന്റെ ആവശ്യമില്ല. കുറച്ചു സൂറത്തുകളും ഖുര്‍ആന്‍ വചനങ്ങളും പഠിച്ചാല്‍ മതി. ഉദാഹരണത്തിന്ന്: തീ പൊള്ളിയാല്‍ എന്തു ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ ഇബ്‌റാഹീം നബി(അ)യെ നംറൂദ് രാജാവ് തീയിലെറിഞ്ഞപ്പോള്‍ അല്ലാഹു തീയിനോട് കൊടുത്ത കല്പന ഇരുപത് പ്രാവശ്യം ചൊല്ലാനാണ് നിര്‍ദേശിച്ചത്. ആ ആയത്ത് ഇപ്രകാരമാണ്: ”നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവും ആയിരിക്കുക.” (അന്‍ബിയാഅ് 69)
മേല്‍ പറഞ്ഞ കല്പനയാല്‍ തീ ഇബ്‌റാഹീമിന്(അ) തണുപ്പും സമാധാനവും നല്‍കി. അത് ഇബ്‌റാഹീം നബി(അ)യുടെ മുഅ്ജിസത്ത് എന്ന നിലയിലായിരുന്നു. തീ പൊള്ളുന്ന സാധാരണക്കാരന് ഈ മുഅ്ജിസത്തിന്റെ സംരക്ഷണം ലഭിക്കുകയില്ലെന്നത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.
പൂര്‍വ കാലത്ത് വ്യാപകമായും ഇന്ന് അപൂര്‍വമായും നടക്കുന്ന ഒരു അനാചാരമാണ്, ഗര്‍ഭിണികള്‍ക്ക് സുഖപ്രസവം ലഭിക്കാന്‍ പിഞ്ഞാണത്തില്‍ ഖുര്‍ആന്‍ എഴുതി കുടിപ്പിക്കല്‍. അക്കാലങ്ങളില്‍ പ്രസവങ്ങളില്‍ മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണം വളരെ വലുതായിരുന്നു. അന്ന് പിഞ്ഞാണമെഴുതി കുടിപ്പിച്ചിരുന്നത് സൂറത്തു ഇന്‍ശിഖാഖിലെ ഏതാനും വചനങ്ങളായിരുന്നു.
”ആകാശം പൊട്ടി പിളരുകയും അത് അതിന്റെ രക്ഷിതാവിന് കീഴ്‌പ്പെടുകയും ചെയ്യുമ്പോള്‍ അത് അങ്ങനെ കീഴ്‌പ്പെടാന്‍ കടപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു” (ഇന്‍ശിഖാഖ് 1, 2) എന്ന് തുടങ്ങുന്ന ഏതാനും വചനങ്ങളാണവ. പ്രസ്തുത സൂറത്തില്‍ അല്ലാഹു പറയുന്നത് അന്ത്യദിനത്തിലെ സംഭവങ്ങളാണ്. അതും പ്രസവവും തമ്മില്‍ എന്തു ബന്ധം?
തൊണ്ടയില്‍ മുള്ളു തറയ്ക്കുന്ന പക്ഷം താഴെ വരുന്ന വചനങ്ങള്‍ ഏഴ് പ്രാവശ്യം ഓതി ഊതിയ വെള്ളം കുടിച്ചാല്‍ മുള്ളിന്റെ ശല്യം ഇല്ലാതാകുമത്രെ. പ്രസ്തുത വചനങ്ങള്‍ താഴെ വരുന്നു: ”എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ക്കത് പിടിച്ചുനിര്‍ത്താനാകുന്നില്ല. നിങ്ങള്‍ ആ സമയത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ?” (വാഖിഅ 83,84)
ഇവിടെ തൊണ്ടയില്‍ എത്തുന്നത് ജീവനാണ്. മനുഷ്യന്റെ മരണാവസ്ഥയെക്കുറിച്ചാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത്. തൊണ്ടയില്‍ തറയ്ക്കുന്ന മുള്ളും ഖുര്‍ആന്‍ വചനങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.
പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാരുടെ മുഹ്‌യുസ്സുന്ന എന്ന വിദ്യാര്‍ഥി സംഘടനയുടെ കുഴിപ്പുറം ശാഖ ഇറക്കിയ ഒരു ലഘു ലേഖയിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക: ”സൂറത്തുല്‍ ഇഖ്‌ലാസ് ഓതിയാല്‍ അന്‍പത് വര്‍ഷത്തെ പാപങ്ങള്‍ പൊറുക്കപ്പെടും. സൂറത്തുല്‍ വാഖിഅ ഓതിയാല്‍ ദാരിദ്ര്യം ഇല്ലാതാകും.” (2019 ഡിസംബര്‍ 3)
പാപങ്ങള്‍ പൊറുക്കപ്പെടാന്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കണമെന്നും, രിസ്ഖ് ലഭിക്കാന്‍ അധ്വാനിക്കണമെന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. മേല്‍ പറയപ്പെട്ട കാര്യങ്ങളൊന്നും തന്നെ പ്രമാണങ്ങള്‍ക്കോ സാമാന്യ ബുദ്ധിക്കോ പോലുമോ അംഗീകരിക്കാന്‍ കൊള്ളുന്ന കാര്യമല്ല. ഇത്തരക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ വിറ്റു വിലവാങ്ങുന്നവരാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ എന്റെ വചനങ്ങള്‍ക്ക് തുച്ഛമായ വില വാങ്ങരുത്” (അല്‍ബഖറ 41). മേല്‍ വചനത്തെ ഇബ്‌നു കസീര്‍(റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഇവിടെ തുച്ഛമായ വിലകൊണ്ടുദ്ദേശിക്കുന്നത് ദുനിയാവും അതിന്റെ ആഗ്രഹങ്ങളുമാണ്.” (മുഖ്തസ്വറു ഇബ്‌നുകസീര്‍ 1:58)
നബി(സ)യും അപ്രകാരം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ”ആരെങ്കിലും ജനങ്ങളോട് വാങ്ങിത്തിന്നാന്‍ വേണ്ടി ഖുര്‍ആനോതിയാല്‍ മുഖത്ത് മാംസമില്ലാതെ വെറും എല്ലായിക്കൊണ്ടാണ് അന്ത്യദിനത്തില്‍ അവന്‍ വരിക.” (ബൈഹഖി)
എന്നാല്‍ ഖുര്‍ആന്‍ അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും അത് ജനങ്ങള്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ മേല്‍ പറയപ്പെട്ട വിഭാഗത്തില്‍ ഉള്‍പ്പെട്ടവരല്ല. അത്തരക്കാര്‍ക്ക് ജീവിക്കാന്‍ വേറെ വഴിയൊന്നുമില്ലെങ്കില്‍ അവര്‍ക്ക് അവരുടെ തൊഴിലിന്റെ പ്രതിഫലം വാങ്ങാവുന്നതാണ്. നബി(സ) അക്കാര്യവും പഠിപ്പിച്ചിട്ടുണ്ട്: ”നിങ്ങള്‍ക്ക് പ്രതിഫലം വാങ്ങാന്‍ ഏറ്റവും അവകാശപ്പെട്ടത് അല്ലാഹുവിന്റെ ഗ്രന്ഥമാകുന്നു” (ബുഖാരി).
നബി(സ) മഹ്ര്‍ (വിവാഹ മൂല്യം) നിശ്ചയിച്ചത് തന്റെ പക്കലുള്ള ഖുര്‍ആന്‍ വചനങ്ങള്‍ വധുവിനെ പഠിപ്പിക്കാന്‍ ഏല്പിച്ചത് പ്രതിഫലം എന്ന നിലക്ക് തന്നെയാണ്.