കോവിഡ് വാക്‌സീന്‍ 90% ഫലപ്രദമെന്ന് ഫൈസര്‍
കോവിഡിന് എതിരെ വികസിപ്പിച്ചെടുത്ത വാക്‌സീന്‍ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ബഹുരാഷ്ട്ര മരുന്നുകമ്പനിയായ ഫൈസര്‍ അറിയിച്ചു.
ജര്‍മന്‍ പങ്കാളിയായ ബയോടെക്കുമായി ചേര്‍ന്ന് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ വാക്‌സീന് ഗൗരവമേറിയ പാര്‍ശ്വഫലങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും അടിയന്തര ഉപയോഗത്തിനായി യു എസ് അധികൃതരുടെ അനുമതി ഈ മാസം തന്നെ തേടുമെന്നും ഫൈസര്‍ അറിയിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ് ഡി എ) അനുമതി ലഭിച്ചാല്‍ മാത്രമേ വാക്‌സീന്‍ പുറത്തിറക്കാനാവൂ.
വാക്‌സീന്‍ എത്രകാലമാണ് പ്രതിരോധം നല്‍കുക എന്ന കാര്യത്തില്‍ പക്ഷേ വ്യക്തതയായിട്ടില്ല. ഒരുവര്‍ഷം സംരക്ഷണം കിട്ടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 130 കോടി ഡോസ് വാക്‌സിന്‍ 2021 ല്‍ കമ്പനി ഉല്‍പാദിപ്പിക്കും.
