ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ അതിവാദങ്ങള്‍
പി കെ മൊയ്തീന്‍ സുല്ലമി
ഖുര്‍ആന്‍ പഠനം സരളവും എളുപ്പവുമാണ്. വിശ്വാസം, ആരാധനകള്‍, വിധിവിലക്കുകള്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന ആയത്തുകളെല്ലാം സ്വയം വിശദീകരണ സ്വഭാവമുള്ളതാണ്. പ്രപഞ്ചവിജ്ഞാനങ്ങള്‍, സൃഷ്ടി രഹസ്യം തുടങ്ങിയവക്ക് ഖുര്‍ആന്‍ നല്കുന്ന വിശദീകരണങ്ങള്‍ക്കൊപ്പം മനുഷ്യാര്‍ജിത വിജ്ഞാനങ്ങളും വ്യാഖ്യാനത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. എന്നാല്‍ ഒരു തത്വദീക്ഷയുമില്ലാതെ വ്യാഖ്യാനിക്കുന്നത് ഖുര്‍ആന്‍ ഗൗരവമായി കാണുന്നു. നബി(സ) യും അത്തരം വ്യാഖ്യാനങ്ങളെ വിലക്കിയിട്ടുണ്ട്. ”അറിവില്ലാതെ വല്ലവനും ഖുര്‍ആനിനെക്കുറിച്ച് പറയുന്ന പക്ഷം അവന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ ഒരുക്കിക്കൊള്ളട്ടെ” (ബുഖാരി)
ഖുര്‍ആന്‍ ദുര്‍വ്യാഖ്യനം ചെയ്യുന്നത് വ്യത്യസ്ത രൂപത്തിലാണ്. ചിലര്‍ ഖുര്‍ആനിന്റെ പ്രസ്തുത വചനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തന്നെ മാറ്റിമറിക്കുന്നു. സൂറതുയൂനുസിലെ 58-ാം വചനം ഇതിന് ഉദാഹരണമാണ്. ”പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചുകൊള്ളട്ടെ.”
ഇവിടെ അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും എന്ന് ഉദ്ദേശിച്ചത് വിശുദ്ധ ഖുര്‍ആനാണ്. കാരണം 57-ാം വചനത്തിന്റെ ബാക്കിയാണത്. ആ വചനത്തില്‍ പറഞ്ഞത് വിശുദ്ധ ഖുര്‍ആനിനെ സംബന്ധിച്ചാണ്. മിക്കവാറും എല്ലാ മുഫസ്സിറുകളും ഇപ്രകാരം തന്നെയാണ് വ്യാഖ്യാനം നല്‍കിയിട്ടുള്ളത്. എന്നാല്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നബി(സ)യുടെ ജന്മമാണ് എന്ന് ചിലര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നു. (പ്രസ്തുത വ്യാഖ്യാനം അവര്‍ ചൊല്ലി പഠിപ്പിക്കുന്ന ജലാലൈനി തഫ്‌സീറില്‍ (1:245) രേഖപ്പെടുത്തിയതിനു പോലും വിരുദ്ധമാണ്. അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഖുര്‍ആനാകുന്നു എന്നാണ്)
ത്വരീഖത്ത് പ്രസ്ഥാനക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന ഒരു വചനം നോക്കൂ: ”ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നതുവരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക” (ഹിജ്‌റ 99). ഇമാം ബുഖാരിയും മറ്റു മുഫസ്സിറുകളും യഖീന്‍ എന്ന പദത്തിന് വ്യാഖ്യാനം നല്‍കിയത് ‘മരണം’ എന്നാണ്. എന്നാല്‍ ത്വരീഖത്തുകാര്‍ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: മഅ്‌രിഫത്തിന്റെ പദവിയില്‍ എത്തിച്ചേര്‍ന്നാല്‍ അവര്‍ അല്ലാഹുവില്‍ ലയിച്ചുചേര്‍ന്നവരാണ്. ഇവിടെ യഖീന്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ‘ഉറച്ച വിശ്വസം’ എന്നാണ്. അതിനാല്‍ പ്രസ്തുത പദവിയില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് ആരാധനാകര്‍മങ്ങള്‍ നിര്‍ബന്ധമില്ല.
കേരളത്തിലെ സമസ്തക്കാരില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും ത്വരീഖത്തുകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. എ പി വിഭാഗം ഖമറുല്‍ ഉലമ സൂറത്ത് ‘ളുഹാ’യിലെ ആദ്യത്തെ രണ്ടു വചനങ്ങളെ ദുര്‍വ്യാഖ്യനം ചെയ്യുന്നത് ഇപ്രകാരമാണ്: ”വള്ളുഹാ. നബി(സ)യുടെ മുഖം തന്നെയാണ്. വല്ലൈലി ഇദാ സജാ. അവിടുത്തെ മുടി തന്നെയാണ്.” പ്രസ്തുത വചനങ്ങള്‍ക്ക് നല്‍കപ്പെടുന്ന ശരിയായ വ്യാഖ്യാനം ഇപ്രകാരമാണ്: ”ളുഹാസമയം തന്നെയാണ് സത്യം. രാത്രി തന്നെയാണ് സത്യം. അത് ശാന്തമാവുമ്പോള്‍.” (ളുഹാ 1-2) തന്റെ മുടിക്കച്ചവടം കൊഴുപ്പിക്കാന്‍ വേണ്ടിയാണ് ഈ മുസ്‌ലിയാര്‍ ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യാഖ്യാനിക്കുന്നത്.
മറ്റൊരു പണ്ഡിതന്‍ വല്ലൈലി ഇദാ സജാ എന്ന വചനത്തിന് വ്യാഖ്യാനം കൊടുക്കുന്നത് ഇപ്രകാരമാണ്: ”നബി(സ) ജനിച്ച രാവ് തന്നെയാണ് സത്യം”. ഈ മുസ്‌ല്യാരുടെ ലക്ഷ്യം മൗലിദ് പാരായണത്തിന് തെളിവുണ്ടാക്കുകയാണ്. ഇത്തരത്തില്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അമ്മാനമാടുന്ന നിരവധി മുസ്‌ലിയാക്കളുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ ദുര്‍വ്യഖ്യാനത്തിന് വിധേയമായ മറ്റു ചില വചനങ്ങളുണ്ട്. നബി(സ)യുടെ ഭൗതിക ജീവിതത്തോട് ബന്ധപ്പെടുത്തി അവതരിക്കപ്പെട്ട വചനങ്ങളെ മരണാന്തര ജീവിതവുമായി ബന്ധപ്പെടുത്തി നബി(സ)യോട് തവസ്സുലും ഇസ്തിഗാസയും നടത്താന്‍ പ്രേരിപ്പിക്കുന്നു എന്ന രീതിയില്‍ ദുര്‍വ്യാഖ്യാനിക്കുന്നവയാണവ. ഇതില്‍ പെട്ട ഒരു വചനമാണ് സൂറത്തുന്നിസാഇലെ 64-ാം വചനം. അതിന്റെ സന്ദര്‍ഭം നോക്കുക: നബി(സ)യുടെ കാലത്ത് കപടനായ ഒരു മുസ്‌ലിം ഒരു യഹൂദിയുമായി കുഴപ്പമുണ്ടാക്കുകയും അദ്ദേഹം നബി(സ)യോട് തന്റെ പ്രശ്‌നങ്ങള്‍ പറയാതെ യഹൂദികളുടെ നേതാവിന്റെ അടുക്കല്‍ ചെന്ന് കേസ് പറയുകയുമുണ്ടായി. കപടനാണെങ്കിലും മുസ്‌ലിം എന്ന നിലയില്‍ നബി(സ)യെ അവഗണിച്ച് യഹൂദി നേതാവിനോട് കേസ് പറഞ്ഞത് നബി(സ)യെ വേദനിപ്പിച്ചു. ഈ വിഷയത്തില്‍ അല്ലാഹു കപടവിശ്വാസിക്ക് പൊറുത്തു കൊടുക്കണമെങ്കില്‍ കപടന്‍ മാത്രം പൊറുക്കലിനെ തേടിയാല്‍ പോരാ, നബി(സ)യും കൂടി അദ്ദേഹത്തിനുവേണ്ടി പൊറുക്കലിനെ തേടണം എന്നൊരു നിബന്ധന അല്ലാഹു വെച്ചു. ഈ വചനത്തിന്റെ അവതരണ സന്ദര്‍ഭം അപ്രകാരമാണെന്ന് പ്രാമാണികരായ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യം അല്ലാഹു അരുളിയത് ശ്രദ്ധിക്കുക: ”അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ താങ്കളുടെ അടുക്കല്‍ അവര്‍ വരികയും എന്നിട്ടവര്‍ അല്ലാഹുവോട് പാപമോചനം തേടുകയും അവര്‍ക്കുവേണ്ടി റസൂലും പാപമോചനം ചെയ്തിരുന്നുവെങ്കില്‍ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവര്‍ കണ്ടെത്തുമായിരുന്നു.” (നിസാഅ് 64)
ഈ വചനത്തിന്റെ അവതരണ സന്ദര്‍ഭം ജലാലൈനി തഫ്‌സീര്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ”അനിസ്‌ലാമിക ഭരണാധികാരിയോട് വിധി തേടിക്കൊണ്ട് പോയതുകൊണ്ട്” (1:110). പക്ഷേ, സമസ്തക്കാര്‍ ഈ വചനത്തെ നബി(സ)യുടെ ഖബറിങ്ങല്‍ ചെന്ന് പാപമോചനം നേടാന്‍ ഉദ്ധരിച്ചുകൊണ്ടിരിക്കുന്നു. ഈ വചനത്തെ അതബി എന്ന് പറയപ്പെടുന്ന ഒരാളുടെ പേരില്‍ ഉദ്ധരിക്കപ്പെട്ട ഒരു കഥയിലൂടെയാണ് അവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നത്. അതിന്റെ ചുരുക്കം ഇപ്രകാരമാണ്: ”നബി(സ) മരിച്ച് മൂന്നാംദിവസം ഒരു അഅ്‌റാബി നബി(സ)യുടെ ഖബറിങ്ങല്‍ ചെന്ന് മേല്‍ വചനമോതി പാപമോചനം തേടി. അങ്ങനെ അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുത്തതായി അതബി സ്വപ്‌നം കണ്ടു.”
ഈ സംഭവം ഹദീസ് നിദാനശാസ്ത്ര പണ്ഡിതന്മാര്‍ തള്ളിക്കളഞ്ഞിരിക്കുന്നു. കാരണം അതബി അന്ന് ജനിച്ചിട്ടുപോലുമില്ല. അതബിയുടെ ജനനം ഹിജ്‌റ 150-ലാണെന്ന് ഇബ്‌നുഖലിഖാന്‍ തന്റെ വഫയാത്തുല്‍ അഅ്‌യാന്‍ എന്ന ഗ്രന്ഥത്തിലും ഇമാം സുബുകി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്. ആരായിരുന്നു ഈ അഅ്‌റാബി എന്നും അറിയപ്പെട്ടിട്ടില്ല.
അല്‍ബാനി(റ) ഈ സംഭവത്തെ വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്: ”അജ്ഞാതനായ വ്യക്തിയില്‍ നിന്നുള്ള ഒരു കഥ മതപരമായ വിഷയങ്ങളില്‍ തെളിവാക്കാവുന്നതല്ല” (ഹാമിശ് ഇബ്‌നുകസീര്‍ 2:450). ഈ കഥ നിരവധി ഖുര്‍ആന്‍ വചനങ്ങള്‍ക്ക് വിരുദ്ധവുമാണ്. പാപം പൊറുക്കുന്നത് നബി(സ)യല്ല, മറിച്ച് അല്ലാഹുവാണ്. അല്ലാഹു ചോദിക്കുന്നു: ”പാപങ്ങള്‍ പൊറുക്കാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്” (ആലുംഇറാന്‍ 135).
നബി(സ)യുടെ ജീവിതകാലത്തുണ്ടായ ഒരു സംഭവത്തെ മരണാനന്തരം നബി(സ)യോടും സത്യവിശ്വാസികളോടും പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്യുന്ന രീതിയില്‍ ദുര്‍വ്യാഖ്യാനത്തിന് വിധേയമായ മറ്റൊരു ഖുര്‍ആന്‍ വചനം ഇപ്രകാരമാണ്: ”അല്ലാഹുവും അവന്റെ ദൂതനും താഴ്മയുള്ളവരായിക്കൊണ്ട് നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാകുന്നു നിങ്ങളുടെ ഉറ്റ മിത്രങ്ങള്‍” (മാഇദ 55). മേല്‍വചനവും പ്രാര്‍ഥനയും തമ്മില്‍ യാതൊരു ബന്ധവുമില്ല. പ്രസ്തുത വചനത്തിന്റെ അവതരണ സന്ദര്‍ഭം നോക്കുക:
മുസ്‌ലിമായതിന്റെ പേരില്‍ അബ്ദുല്ലാഹിബ്‌നു സലാമിനെ(റ) അദ്ദേഹത്തിന്റെ കുടുംബം ഒറ്റപ്പെടുത്തുകയും വെടിയുകയും ചെയ്തു. ഇക്കാര്യം അദ്ദേഹം നബി(സ)യോട് ആവലാതിപ്പെടുകയുണ്ടായി. അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് അല്ലാഹു ഇറക്കിയ വചനമാണത്. താങ്കളെ താങ്കളുടെ കുടുംബം വെടിഞ്ഞിട്ടുണ്ടെങ്കില്‍ താങ്കളോട് ബന്ധം പുലര്‍ത്താന്‍ അല്ലാഹുവും പ്രവാചകനും നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുന്ന സത്യവിശ്വാസികളുമുണ്ട് എന്നതാണ് ഈ ആയത്തിന്റെ പൊരുള്‍.
ജലാലൈനി തഫ്‌സീറില്‍ പോലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്: ”ഈ വചനത്തിന്റെ അവതരണ സന്ദര്‍ഭം: അബ്ദുല്ലാഹിബ്‌നു സലാം നബി(സ)യോട് ഇപ്രകാരം പറഞ്ഞപ്പോഴായിരുന്നു: അല്ലാഹുവിന്റെ ദൂതരേ, തീര്‍ച്ചയായും നമ്മുടെ ജനത നമ്മെ വെടിഞ്ഞിരിക്കുന്നു.” (ജലാലൈനി 1:141)
ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും തുല്യരാണെന്നും ജീവിച്ചിരിക്കുന്നവരോട് കാര്യങ്ങള്‍ ചോദിക്കുന്നതുപോലെ മരിച്ചുപോയ മഹത്തുക്കളോടും ചോദിക്കാം എന്നതിനും സമസ്തക്കാര്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുണ്ട്. താഴെ വരുന്ന വചനം അതിന്നുദാഹരണമാണ്: ”അതല്ല, തിന്മകള്‍ പ്രവര്‍ത്തിച്ചവര്‍ വിചാരിച്ചിരിക്കയാണോ, അവരെ നാം വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെ ആക്കുമെന്ന്. അഥവാ രണ്ടു കൂട്ടരുടെയും ജീവിതവും മരണവും തുല്യമാണെന്ന് അവര്‍ വിധി കല്പിക്കുന്നത് വളരെ മോശം തന്നെ” (ജാസിയ 21).
ഇവിടെ അല്ലാഹുവിന്റെ ചോദ്യം നിഷേധികളോടാണ്. അഥവാ ദുനിയാവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സുഖം പരലോകത്തും ലഭിക്കുമെന്നാണോ അവര്‍ വിചാരിക്കുന്നത്. ആ വിചാരം മോശമാണ് എന്നാണ് ആയത്തിലെ പരാമര്‍ശം. ഇതിന് ആയത്തിന്റെ ആദ്യഭാഗവും അവസാന ഭാഗവും ഒഴിവാക്കി ‘അന്‍ബിയാ ഔലിയാക്കന്മാരുടെ ജീവിതവും മരണവും തുല്യമാണ്’ എന്ന നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്തുപോരുന്നു. സൂറത്ത് ഫാത്വിര്‍ 22-ാം വചനത്തില്‍ ജീവിതവും മരണവും തുല്യമല്ലായെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
സൂറത്ത് ഫാത്വിറിലെ 8-ാം വചനവും ദുര്‍വ്യാഖ്യാനത്തിന് വിധേയമായിട്ടുണ്ട്. അനാചാരം പ്രവര്‍ത്തിക്കുന്നവരെ പറ്റിയാണ് പ്രസ്തുത വചനം. അതിന് ഇമാം അഹ്മദ്‌സ്വാവി കൊടുത്ത വ്യാഖ്യാനം ശ്രദ്ധിക്കുക: ”അവര്‍ ഹിജാസിലുള്ള ഒരു ജനവിഭാഗമാണ്. അവര്‍ക്ക് പറയപ്പെടുന്ന പേര് വഹ്ഹാബികള്‍ എന്നാണ്” (സ്വാവി 3:288). ഖുര്‍ആന്‍ ഇറങ്ങി പതിറ്റാണ്ടുകള്‍ കഴിഞ്ഞതിനു ശേഷം ജനിച്ച മുഹമ്മദുബ്‌നു അബ്ദുല്‍ വഹ്ഹാബും ഈ വചനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരില്‍ പടപൊരുതിയ ചരിത്രമാണ് മുഹമ്മദുബ്‌നു അബ്ദുല്‍ വഹ്ഹാബിനുള്ളത് എന്നത് ചരിത്രം പഠിച്ച ഏവര്‍ക്കും അറിയാവുന്നതാണ്.