23 Monday
December 2024
2024 December 23
1446 Joumada II 21

മുഹമ്മദ് നബി മഹത്വവും ശ്രേഷ്ഠതയും

പി മുസ്തഫ നിലമ്പൂര്‍

ഇസ്‌ലാമിക വിശ്വാസത്തിന്റെ മൂലക്കല്ലാണ് ശഹാദത്ത് അഥവാ സാക്ഷ്യവചനം ഉച്ചരിക്കല്‍. ഇതിന്റെ രണ്ടാം ഭാഗം മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദാസനും ദൂതനുമാണെന്ന് സുദൃഢമായി വിശ്വസിക്കുകയും സ്വജീവിതം അതിന് സാക്ഷ്യപ്പെടുത്തുകയുമാണ്. അദ്ദേഹം കല്പിച്ചത് അനുസരിക്കുകയും അദ്ദേഹം അറിയിച്ചവയെ സത്യപ്പെടുത്തുകയും വിരോധിച്ചിട്ടുള്ളവയില്‍ നിന്ന് അകന്നുനില്ക്കുകയും ചെയ്യല്‍. അന്ത്യപ്രവാചകനും സൃഷ്ടികളില്‍ ശ്രേഷ്ഠനും അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണം ലഭിച്ചവനും ലോകര്‍ക്കാകമാനമുള്ള പ്രവാചകനുമാണെന്ന് അംഗീകരിക്കലാണ് അദ്ദേഹത്തില്‍ വിശ്വസിക്കുക എന്നതിന്റെ വിവക്ഷ.

അനുസരണം
നബി(സ)യെ അനുസരിക്കുകയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. ”അല്ലാഹുവിന്റെ ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു.” (വി.ഖു 4:80) ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. റസൂലിനെയും അനുസരിക്കുക. നിങ്ങളുടെ കര്‍മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.” (വി.ഖു 47:33)
”വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം തീര്‍ച്ചയായും അവന്നുള്ളതാണ് നരകാഗ്നി. അത്തരക്കാര്‍ അതില്‍ നിത്യവാസികളായിരിക്കും.” (വി.ഖു 72:23) ”ആകയാല്‍ അദ്ദേഹത്തിന്റെ കല്പനയ്ക്ക് എതിരുപ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ”. (വി.ഖു 24:63)
അല്ലാഹുവിന്റെ ദൂതരെ അനുസരിക്കല്‍ അല്ലാഹുവിനെ അനുസരിക്കലാണെന്നും അനുസരണക്കേടും ധിക്കാരവും പുലര്‍ത്തുന്നവരുടെ കര്‍മങ്ങള്‍ നിഷ്ഫലമാകുകയും ഇഹപര ശിക്ഷകളും ആപത്തുകളും സംഭവിച്ചേക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്ന വചനങ്ങളാണിവ. നബി(സ)യുടെ തീരുമാനത്തില്‍ മനപ്രയാസം ഇല്ലാതിരുന്നെങ്കിലേ യഥാര്‍ഥ വിശ്വാസിയാവുകയുള്ളൂ.
”ഇല്ല. നിന്റെ നാഥനെത്തന്നെ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധികല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.” (വി.ഖു. 4:65)

പ്രവാചകനെ മുന്‍കടക്കാതിരിക്കുക
നബി(സ) ഇസ്‌ലാമികമായി നമ്മെ പഠിപ്പിച്ചതിലുപരി നല്ലവരാകാന്‍ ശ്രമിക്കുന്നവന്‍ ഈ സമുദായത്തില്‍ പെട്ടവനല്ല. മതം അനുവദിച്ചിരിക്കുന്ന ഇളവുകള്‍ സ്വീകരിക്കാതെ കര്‍ക്കശഭാവത്തില്‍ പ്രവര്‍ത്തിക്കുവാന്‍ ശ്രമിച്ച ചിലരെപ്പറ്റി നബി(സ) കേട്ടു. ഈ വിവരം നബി(സ)യുടെ അടുക്കല്‍ എത്തിയപ്പോള്‍ പ്രവാചകന്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് പ്രസംഗിച്ചു. ഞാന്‍ കൃത്യമായി ചെയ്ത ഒരുകാര്യം അനുഷ്ഠിക്കാന്‍ ശ്രമിക്കാതെ കൂടുതല്‍ പരിശുദ്ധവാന്മാരാവാന്‍ ശ്രമിച്ചയാളുടെ അവസ്ഥയെന്താകുന്നു? അല്ലാഹുതന്നെ സത്യം. അല്ലാഹുവിനെ സംബന്ധിച്ച് നിങ്ങളേക്കാള്‍ കൂടുതല്‍ അറിവും ഭയവും എനിക്കാകുന്നു.” (ബുഖാരി 5636)
ആദരവ്
തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു. അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാനും അവനെ സഹായിക്കാനും ആദരിക്കാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കാനും വേണ്ടി” (വി.ഖു 48:8,9)
”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും മുമ്പില്‍ (യാതൊന്നും) മുന്‍കടന്ന് പ്രവര്‍ത്തിക്കരുത്. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്റെ ശബ്ദത്തിനുമീതെ ഉയര്‍ത്തരുത്. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങളന്യോന്യം ഒച്ചയിടുന്നതുപോലെ ഒച്ചയിടുകയും ചെയ്യരുത്. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മങ്ങള്‍ നിഷ്ഫലമായിപ്പോകാതിരിക്കാന്‍.” (വി.ഖു 49:1,2)
”നിങ്ങള്‍ക്കിടയില്‍ റസൂലിന്റെ വിളിയെ നിങ്ങളില്‍ ചിലര്‍ ചിലരെ വിളിക്കുന്നതുപോലെ നിങ്ങള്‍ ആക്കിത്തീര്‍ക്കരുത്.” (വി.ഖു 24:63)
നബി(സ)യെ അല്ലാഹു ഖുര്‍ആനിലൂടെ ആദരിച്ചിരിക്കുന്നു. നബി(സ) പറഞ്ഞു: ”ഞാന്‍ അന്ത്യനാളില്‍ മുഴുവന്‍ മനുഷ്യരുടെയും നേതാവായിരിക്കും. അതില്‍ ദുരഭിമാനമില്ല. എന്റെ കയ്യിലായിരിക്കും സ്തുതിയുടെ പതാക. ആദം(അ) ഉള്‍പ്പെടെ സകല പ്രവാചകന്മാരും എന്റെ പതാകയ്ക്ക് കീഴിലായിരിക്കും. ഉയിര്‍ത്തെഴുന്നേല്പ് നാളില്‍ ആദ്യം പിളരുക എന്റെ സ്ഥലമാകും.” (സുനനുത്തിര്‍മിദി 3548)
പരലോകത്ത് അല്ലാഹു അദ്ദേഹത്തെ വാഴ്ത്തപ്പെട്ട സ്ഥാനത്ത് നിയോഗിക്കുകയും ശുപാര്‍ശ പറയാന്‍ അനുവാദം നല്‍കുകയും ചെയ്യും. സ്വര്‍ഗകവാടത്തിങ്കല്‍ ആദ്യം എത്തുന്നതും സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്നതും അദ്ദേഹമായിരിക്കും. സ്വര്‍ഗത്തിലെ വസ്വീല എന്ന അതിശ്രേഷ്ട പദവി അദ്ദേഹത്തിന് നല്‍കാനായി നാം റബ്ബിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുന്നു. മറ്റു പ്രവാചകന്മാരെ അവരുടെ പേരുകൊണ്ട് അഭിസംബോധന ചെയ്ത നാഥന്‍ നബി(സ)യെ റസൂലേ, നബിയേ എന്നിങ്ങനെ പദവികൊണ്ടാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്. ലോകത്തിന് കാരുണ്യമായി നിയോഗിച്ച അദ്ദേഹം അത്യന്തം ദയാലുവും കാരുണ്യവാനുമാണ്. നാം കഷ്ടപ്പടുന്നതില്‍ അസഹ്യനായ അദ്ദേഹം നമ്മില്‍ നന്മയുണ്ടാകാന്‍ അതീവ തല്പരനുമായിരുന്നു.
”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും നിങ്ങളുടെ കാര്യത്തില്‍ അതീവ താല്പര്യമുള്ളവനും സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം.” (വി.ഖു 9:128)
നബി(സ)യെ അല്ലാഹു മഹത്വപ്പെടുത്തിയിട്ടുണ്ട്. നബി(സ)ക്ക് അല്ലാഹു നല്‍കിയ പല അനുഗ്രഹങ്ങളില്‍ ചിലത് ഇപ്രകാരമാണ്: ”നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കിതന്നില്ലേ. നിന്റെ മുതുകിനെ ഞെരിച്ചുകളഞ്ഞ നിന്റെ ഭാരം നിന്നില്‍ നിന്ന് നാം ഇറക്കിവെക്കുകയും ചെയ്തു. നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു” (വി.ഖു 94:1-4)
”നബിയേ), നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല. തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തേക്കാള്‍ ഉത്തമമായിട്ടുള്ളത്. പിന്നീട് നിനക്ക് നിന്റെ രക്ഷിതാവ്( അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.” (വി.ഖു 93:3-5)
ബാങ്കിലും ഇഖാമത്തിലും ശഹാദത്തിലും തശഹ്ഹുദിലും മാത്രമല്ല, വിവിധ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിക്കുകയും സ്വലാത്തും സലാമുമായി നബി(സ)ക്കായി പ്രാര്‍ഥിക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ വിവിധ നാമങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ മഹത്വത്തെ അറിയിക്കുന്നതാണ്.
നബി(സ) പറഞ്ഞു: എനിക്ക് അഞ്ച് പേരുകളുണ്ട്. ഞാന്‍ മുഹമ്മദാണ് (സ്തുതിക്കപ്പെടുന്നവന്‍), അഹ്മദാണ് (ഏറ്റവും സ്തുതിക്കപ്പെടുന്നവന്‍), ഞാന്‍ മുഖേന അല്ലാഹു അവിശ്വാസത്തെ തുടച്ചുനീക്കുന്നതിനാല്‍ ഞാന്‍ മാഹിയാണ്. ജനങ്ങളെല്ലാം (പരലോകത്ത്) ഒരുമിച്ചുകൂട്ടപ്പെടുന്നത് (എന്റെ ശേഷമായതിനാല്‍) ഞാന്‍ ഹാശിര്‍ ആണ്. എനിക്കുശേഷം വേറെ പ്രവാചകന്‍ വരാനില്ലാത്തതിനാല്‍ ഞാന്‍ ആഖിബുമാണ്.” (മുസ്‌ലിം 4343)
മേല്‍ നമ്പര്‍ ഹദീസില്‍ തന്നെ അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് മുഖഫ്ഫി, നബിയുതൗബ, നബിയ്യുര്‍റഹ്മ എന്നീ പേരുകളും വന്നിട്ടുണ്ട്.
മറ്റു പ്രവാചകന്മാര്‍ക്കാര്‍ക്കും നല്‍കാത്ത ചില പ്രത്യേകതകള്‍ അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. ”എനിക്ക് മുമ്പുള്ള നബിമാര്‍ക്കാര്‍ക്കും നല്‍കാത്ത അഞ്ചു കാര്യങ്ങള്‍ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നു. ഒരു മാസത്തെ സഞ്ചാരദൈര്‍ഘ്യമകലെ നിര്‍ഭയംകൊണ്ട് ഞാന്‍ സഹായിക്കപ്പെട്ടു. നമസ്‌കരിക്കാനും ശുദ്ധിയാക്കാനുമായി ഭൂമി നിശ്ചയിക്കപ്പെട്ടു. അതിനാല്‍ എന്റെ സമുദായത്തിലെ ഏതൊരാളും എവിടെവെച്ചാണ് നമസ്‌കാരസമയമായത് അവിടെവെച്ച് നമസ്‌കരിച്ചുകൊള്ളട്ടെ. യുദ്ധാര്‍ജിത സമ്പത്ത് എനിക്ക് അനുവദിക്കപ്പെട്ടു. മറ്റു പ്രവാചകന്മാര്‍ അവരുടെ ജനതകളിലേക്ക് മാത്രമായി നിയോഗിക്കപ്പെട്ടപ്പോള്‍ ഞാന്‍ എല്ലാ ജനങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ശിപാര്‍ശ പറയാനുള്ള അവസരവും എനിക്ക് നല്‍കപ്പെട്ടു.” (ബുഖാരി 419)
അല്ലാഹു ആദരിക്കുകയും തൃപ്തിപ്പെടുകയും ശ്രേഷ്ഠപ്പെടുത്തുകയും ചെയ്ത നബി(സ)യെ നാം ആദരിക്കുകയും അനുസരിക്കുകയും സ്‌നേഹിക്കുകയും ചെയ്തു യഥാര്‍ഥ വിശ്വാസിയായിത്തീരുക. അദ്ദേഹം കല്പിച്ചത് പ്രവര്‍ത്തിക്കുകയും വിരോധിച്ചത് വെടിയുകയും അദ്ദേഹം നമ്മിലെത്തിച്ച രിസാലത്തില്‍ ഏറ്റക്കുറവുകള്‍ വരുത്താതെ പൂര്‍ണമായും അദ്ദേഹത്തെ അനുസരിക്കുകയാണ് അദ്ദേഹത്തോടുള്ള സ്‌നേഹം. അദ്ദേഹത്തെ നാം അപ്രകാരം സ്‌നേഹിച്ചാല്‍ അദ്ദേഹത്തോടൊപ്പം സ്വര്‍ഗപ്രവേശം നേടാം.

Back to Top