23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

എന്തുകൊണ്ട് ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു?

സി ടി അബ്ദുര്‍റഹീം /ഷബീര്‍ രാരങ്ങോത്ത്

ജമാഅത്തെ ഇസ്‌ലാമിക്ക് ഏറെ വേരോട്ടമുള്ള ചേന്ദമംഗല്ലൂരിലാണ് താങ്കള്‍ ജനിച്ചുവളര്‍ന്നത്. സ്വാഭാവികമായും ജമാഅത്തിനോടു ചേര്‍ന്നുള്ള വളര്‍ച്ചയാണ് പ്രതീക്ഷിക്കുക. പക്ഷേ, അതിലൂടെ വളരുകയും പിന്നീട് വിട്ടൊഴിഞ്ഞുനടക്കുകയും ചെയ്ത അനുഭവമാണ് താങ്കള്‍ക്ക്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വഴിത്തിരിവ്?
എന്റെ പഠനകാലത്ത് വളരെ ശാന്തമായ അന്തരീക്ഷമുള്ള പ്രദേശമായിരുന്നു ചേന്ദമംഗല്ലൂര്‍. പ്രാദേശികതലത്തില്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്ന് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. അത് ഗ്രാമത്തിനു ഉന്മേഷം നല്‍കിയിരുന്നു.
എന്റെ പിതാവ് മുജാഹിദ് ആദര്‍ശമുള്ള ആളായിരുന്നു. അദ്ദേഹം ഒരിക്കലും തര്‍ക്കിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. താന്‍ സുന്നിയാണെന്നോ മുജാഹിദാണെന്നോ ഒന്നും വാദിക്കുകയോ തര്‍ക്കിക്കുകയോ ചെയ്യാതെ പുരോഗമനപക്ഷത്ത് നില്ക്കുകയും നിശബ്ദം എല്ലാവരുമായി സഹകരിക്കുകയും ചെയ്തിരുന്നു. മതപഠനത്തില്‍ മുന്‍കൈയെടുത്തത് ജമാഅത്തെ ഇസ്‌ലാമി ആയതിനാല്‍ അവരോട് എതിര്‍പ്പില്ലായിരുന്നു ഞങ്ങളുടെ കുടുംബത്തിന്. ഞാനും ജമാഅത്തെ ഇസ്ലാമി സാഹചര്യങ്ങളിലാണ് വളര്‍ന്നത്. എന്നാല്‍ ഞാന്‍ ഒരിക്കലും ജമാഅത്തെ ഇസ്ലാമി അംഗമായിരുന്നിട്ടില്ല.
പക്ഷെ, പഠനകാലത്തു തന്നെ എന്റെ മനസില്‍, ‘എന്തിനാണ് മതവിശ്വാസത്തിന് രാഷ്ട്രം അനിവാര്യമാണെന്ന് പറയുന്നത് എന്നും വ്യക്തികള്‍ നന്നായാല്‍ പോരേ സമൂഹം നന്നാവാന്‍, എന്നും അധികാരം ഇല്ലാതെയും സമൂഹം നന്നായിക്കൂടേ’ എന്നുമുള്ള ചോദ്യം സ്വയം ചോദിക്കാറുണ്ടായിരുന്നു. വ്യക്തി നന്നാവാന്‍ രാഷ്ട്രം അനിവാര്യമാണ് എന്ന ചിന്ത ശരിയാണെങ്കില്‍ അധികാരമില്ലാത്ത എത്രയോ രാഷ്ട്രങ്ങളില്‍ നല്ല മുസ്‌ലിംകള്‍ ഉണ്ടല്ലോ എന്ന് ആലോചിച്ചാല്‍ മതിയാവും. ഒരുതരത്തിലും നിലനില്പില്ലാത്ത വാദമാണതെന്ന് എനിക്ക് തോന്നി.
ചേന്ദമംഗല്ലൂരിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ കോളേജും പള്ളിയും ജമാഅത്തിന്റെ നിയന്ത്രണത്തിലായിരുന്നു എന്നത് വലിയ സ്വാധീന ശക്തിയായിരുന്നു. ഗവണ്‍മെന്റിനു കീഴിലുള്ള വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങളുടെ അധ്യാപകര്‍ക്കുപോലും എതിര്‍പ്പുണ്ടായിരുന്നു. ഞാന്‍ അറബി മുന്‍ഷി പരീക്ഷക്ക് പണമടച്ച ആളായിരുന്നു. പക്ഷേ, എന്റെ ബഹുമാന്യനായ ഒരു അധ്യാപകന്‍ പരീക്ഷക്ക് ഇരിക്കാന്‍ അനുവദിച്ചില്ല. സെക്കുലര്‍ സ്ഥാപനങ്ങളില്‍ പോകുന്നതിന് താത്വികമായിത്തന്നെ അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കാലികമായ മാറ്റത്തിനനുസൃതമായ നിലപാടല്ലല്ലോ അത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കൊക്കെ കിട്ടിയ വിദ്യാഭ്യാസത്തിന് ഒരു പിന്‍തുടര്‍ച്ച ഉണ്ടായിട്ടില്ല. വിദ്യാഭ്യാസമെന്നത് രാഷ്ട്രത്തിനുകീഴിലോ സമാന്തരമായ സംഘടിതരീതിയിലോ നടന്നില്ലെങ്കില്‍ പാതിവഴിയില്‍ നിന്നുപോകുമല്ലോ. ആ നിലയ്ക്ക് പരിമിതവൃത്തത്തിലുള്ള വ്യത്യസ്തതകളെയാണ് അന്നത്തെ വിദ്യാഭ്യാസം ഞങ്ങളെ ശീലിപ്പിച്ചത്.

മതരാഷ്ട്ര വാദമെന്ന ആശയത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്? അതിന്റെ അപകടങ്ങള്‍ എന്തൊക്കെയാണ്?
മതരാഷ്ട്രവാദമെന്ന ആശയത്തില്‍ ഒരിക്കലും ഇസ്ലാമികമായ അനിവാര്യത എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല. ചില ഖുര്‍ആന്‍ സൂക്തങ്ങളെ വ്യാഖ്യാനിച്ചാണ് അവരത് പറയുന്നത്. മറ്റൊരു ഭരണത്തിനുകീഴില്‍ ഒരാള്‍ക്ക് യഥാര്‍ഥ മുസ്ലിമാവാന്‍ സാധിക്കില്ലെന്ന കാഴ്ചപ്പാട് വളരെ സങ്കുചിതമാണ്. യഥാര്‍ഥ മുസ്ലിംകളുടെ സംഖ്യാപരമായ വസ്തുതയെയും സാധ്യതകളെയും അത് പരിമിതപ്പെടുത്തുകയാണു ചെയ്യുന്നത്. ആദം നബി മുതല്‍ പല പ്രവാചകന്മാരുടെയും ചരിത്രം പരിശോധിച്ചാല്‍ ഇങ്ങനെയുള്ള അവസ്ഥ അപൂര്‍വമാണെന്ന് വ്യക്തമാവും. ഏതൊക്കെ കാലങ്ങളിലാണ് ഈ പറയപ്പെടുന്ന ഇസ്ലാമിക രാഷ്ട്രമെന്ന സംവിധാനമുണ്ടായിരുന്നത്? ഈ അന്വേഷണം ഏറെ പ്രസക്തമാണ്. മുസ്‌ലിംകള്‍ ഭരിച്ചാല്‍ ഇസ്‌ലാമികരാഷ്ട്രമാകും എന്ന അവസ്ഥയിലേക്ക് ഇത് മാറുകയും ചെയ്യും. അങ്ങനെയെങ്കില്‍ ലോകത്ത് ഇന്നെത്ര ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട്?
ഇസ്‌ലാം മതത്തെ ഭരണരാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എന്തിനാവും മൗദൂദി ചിന്തിച്ചതെന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. നാല്പതുകളിലാണല്ലോ ജമാഅത്തെ ഇസ്‌ലാമി സ്ഥാപിതമാകുന്നത്. ഒട്ടോമന്‍ തുര്‍ക്കികളുടെ ആധിപത്യം പൂര്‍ണമായി അവസാനിച്ചതോടെ, അതുവരെ അധികാരത്തിലുണ്ടായിരുന്ന മുസ്ലിം സമൂഹം വല്ലാത്ത വെപ്രാളത്തിലകപ്പെട്ടു. സ്വന്തം രാജ്യങ്ങള്‍ മുഴുവന്‍ അന്യാധീനപ്പെട്ട പോലെയായി. വഞ്ചനയ്ക്കു വിധേയമായി അധിനിവേശ സാമ്രാജ്യത്വശക്തികള്‍ക്കു കീഴില്‍ മുസ്‌ലിം രാജ്യങ്ങള്‍ വന്നപ്പോള്‍ ഇതിനെങ്ങനെ പരിഹാരം കാണാമെന്ന് പലരും ചിന്തിച്ചു. സ്വാഭാവികമായും ഈ ചിന്ത മൗദൂദിയും പങ്കിട്ടു കാണും. അധികാരം വീണ്ടെടുക്കാന്‍ ഏഴാംനൂറ്റാണ്ടിലേക്ക് മടങ്ങണമെന്ന് അദ്ദേഹം ആലോചിച്ചിരിക്കാം. അധികാരമുണ്ടായാലേ പ്രതാപമുണ്ടാകൂ എന്ന ഒരു സാമാന്യതത്വമുണ്ടല്ലോ.
വാസ്തവത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും ഈ സങ്കല്പമുണ്ട്. ഹിന്ദുത്വ ഇന്ത്യ എന്ന ആശയത്തിലും ഇതിന്റെ വേരുകള്‍ കാണാം. സംസ്‌കാരത്തിന്റെ അന്തസ്സത്ത മറന്ന് രാഷ്ട്രം തങ്ങളുടെ വംശീയാധികാരത്തില്‍ വരണമെന്നതാണ് സങ്കല്‍പം. അതായത് വര്‍ഗമേധാവിത്വത്തിന്റെയോ വംശമേധാവിത്വത്തിന്റെയോ സങ്കല്പം. മുസ്‌ലിംകള്‍ക്ക് വീണ്ടും അധികാരവഴിയില്‍ എങ്ങനെയെത്താമെന്ന ചിന്തയില്‍ ഖുര്‍ആന്‍ സൂക്തങ്ങളെയും നബിവചനങ്ങളെയും കൂട്ടുപിടിച്ച് ചിന്തിച്ചതിന്റെ ഫലമാണ് ഇസ്ലാമിനെക്കുറിച്ചുള്ള ഭരണരാഷ്ട്രീയ പ്രമാണം.
പൗരന്മാരെ പല തട്ടുകളാക്കി തരംതിരിച്ച് തുല്യപൗരത്വം എന്ന തത്വത്തെ അപകടപ്പെടുത്തുന്ന ഏത് ചിന്തയും സംവിധാനവും മതേതര ഭരണകൂടത്തിന്റെ അടിത്തറ തകര്‍ക്കുമെന്നതില്‍ സംശയമില്ല. നീതിയാണ് ഭരണത്തിന്റെ ഏറ്റവും പ്രധാനമായ വശം. നീതിമാനായ അമുസ്‌ലിമാണ് അന്യായം ചെയ്യുന്ന മുസ്ലിമിനെക്കാള്‍ ഉത്തമന്‍ എന്നുപറഞ്ഞ പണ്ഡിതന്മാരുണ്ട്. ഉമര്‍ ഖത്താബിന്റെ ഏറ്റവും വലിയ സവിശേഷത നീതിയായിരുന്നു. ഈ നീതിബോധം ഇല്ലാത്ത മുസ്‌ലിം ഭരണം കൊണ്ട് എന്തു കാര്യം? നീതി, രാജ്യത്ത് എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ടല്ലോ. അവിടെ മുസ്ലിം-അമുസ്ലിം വേര്‍തിരിവ് പാടില്ല. എന്നാല്‍, അത്തരം വേര്‍തിരിവിനുള്ള കാര്യങ്ങള്‍ ഇവരുടെ രേഖകളിലുണ്ട്.
ഇസ്‌ലാം ചിന്തിക്കാനും ബുദ്ധിയുപയോഗിച്ച് വസ്തുതകളെ വിശകലനം ചെയ്യാനും ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആശയപരമായ ചിന്താസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും ഇസ്ലാം ഊന്നിപ്പറയുന്നു. പ്രബോധന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഈ സ്വാതന്ത്ര്യത്തിന്റെ അവകാശമാണ്. എന്നാല്‍ സ്വേച്ഛാധിപത്യ രാജ്യങ്ങളില്‍ അത് സാധ്യമല്ല. ഫാസിസ്റ്റു ശക്തികളുടെ മനോഭാവം എതിര്‍ക്കപ്പെടേണ്ടതാണെന്നു നാം കരുതുന്നു. എങ്കില്‍ മുസ്ലിംകള്‍ക്കും അത് ബാധകമാണ്. എന്നാല്‍ മൗദൂദി സാഹിബ് കൃത്യമായും മുര്‍ത്തദ്ദിനെ (ഇസ്ലാം മതംവിട്ട് അന്യമതം സ്വീകരിക്കുന്നവന്‍) കൊല്ലണമെന്നു പറയുന്നുണ്ട്. ഈ വാക്കിന് അദ്ദേഹം നല്‍കുന്ന അര്‍ഥം രാജ്യദ്രോഹി എന്നാണ്. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ മതം രാഷ്ട്രമാണെന്ന് വരുമ്പോള്‍ മതം ഉപേക്ഷിക്കുന്നവന്‍ രാഷ്ട്രദ്രോഹിയാവുന്നു! തികച്ചും ആശയ സ്വാതന്ത്ര്യത്തിനു വിരുദ്ധമായ തത്വമാണിത്.
മതരാഷ്ട്രവാദത്തില്‍ നിന്നുത്ഭവിക്കുന്ന രാഷ്ട്രസംവിധാനത്തില്‍ സ്വാഭാവികമായും മനുഷ്യത്വത്തിന്റെ അംശം കുറയുകയും ശാന്തി അവസാനിച്ച് ഭീതി വളര്‍ന്നു വരികയും അപകടകരമായ സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്യും. അതാണ് ഫാസിസ്റ്റ് ശക്തികളിലൂടെ നാം കാണുന്നത്. ‘ആദമിന്റെ മക്കളാണെല്ലാവരും, ആദം മണ്ണില്‍ നിന്നുമാണ്’ എന്ന നബിവചനം ഓര്‍ക്കുന്നവര്‍ക്ക് ഈ സിദ്ധാന്തത്തോട് യോജിക്കാന്‍ കഴിയില്ല.
പണ്ട് രാജവാഴ്ചയായിരുന്നു ഇവിടെ. ജനാധിപത്യമൊക്കെ വളരെയടുത്തു മാത്രം ഉണ്ടായതാണ്. ജനാധിപത്യത്തിന്റെ പോരായ്മകളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പക്ഷെ, രാജവാഴ്ചയോ ജനാധിപത്യമോ ഏതാണ് നല്ലതെന്നു ചോദിച്ചാല്‍, ജനാധിപത്യത്തോടൊപ്പമേ നില്ക്കാനാവൂ. അങ്ങനെ നില്ക്കണമെങ്കില്‍ ഭരണത്തിന് മതേതരസ്വഭാവം വേണം. മതേതരസ്വഭാമെന്നാല്‍ എല്ലാ മതങ്ങളെയും മാനിക്കുന്ന സംവിധാനം. മതരാഷ്ട്രവാദമുന്നയിക്കുന്നവര്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ടവരോ തത്തുല്യമായി ചിന്തിക്കുന്നവരോ ആണെന്ന് കാണാനൊക്കും. ഈ വാദം ഇന്നത്തെ അവസ്ഥയില്‍ ലോകാടിസ്ഥാനത്തില്‍ത്തന്നെ ഏറെ പ്രയാസകരമാണ്.

മുസ്ലിംലീഗ്- ജമാഅത്ത് രാഷ്ട്രീയ നീക്കുപോക്ക് ഏറെ ചര്‍ച്ചയാവുകയാണല്ലോ. എങ്ങനെയാണ് ഇതിനെ നോക്കിക്കാണുന്നത്?
ഏതു സമൂഹത്തിനും വേണ്ടത് ആത്മവീര്യം ചോര്‍ന്നുപോകാതെ നിലനില്‍ക്കുകയാണ്. പേടിച്ചരണ്ടുപോയൊരു സമൂഹത്തിനായി എന്തു ചെയ്യണമെന്നതാണ് ഇന്നത്തെ ചോദ്യം. അതാണ് മുസ്‌ലിം സമൂഹത്തില്‍ മുഖ്യമായും ചര്‍ച്ചയാവേണ്ടത്. നിരാശാബാധിതരായ ജനങ്ങള്‍ക്ക് ആത്മവിശ്വാസം തിരികെ ലഭിക്കാനും പ്രതിസന്ധി തരണം ചെയ്യാനും അവരെ പ്രാപ്തരാക്കുകയാണു വേണ്ടത്. കേരളത്തില്‍ അത്തരം ചര്‍ച്ച ഉയരുന്നില്ല. ഇവിടെയിപ്പോള്‍ മുസ്‌ലിംലീഗിന്റെ മതേതര മുഖംപോലും നഷ്ടപ്പെടാന്‍ പോവുകയാണ്. ഭരണഘടനയുടെ മതേതരസ്വഭാവം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് യഥാര്‍ഥത്തില്‍ വേണ്ടത്. അധികാരത്തിലേക്കുള്ള കുറുക്കുവഴികളെക്കുറിച്ചുള്ള വഴിയല്ല കരണീയം.
ജമാഅത്തെ ഇസ്ലാമി ഇപ്പോള്‍ ചെയ്യുന്നതെന്താണ്? ജനങ്ങളിലും മുസ്‌ലിംലീഗിലും ഒരുപോലെ പിളര്‍പ്പുണ്ടാക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയതന്ത്രമാണ് ജമാഅത്തെ ഇസ്ലാമി പയറ്റുന്നത്. എന്തു തത്വങ്ങള്‍ ബലികഴിച്ചായാലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്നു കരുതുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് കൂടെനിന്നുകൊടുക്കുന്ന നിലപാടിന്റെ ഗുണഫലമെന്താണ്? അത് സാമൂഹികവളര്‍ച്ചയ്ക്ക് സഹായകമാവുമോ?  അടിസ്ഥാനപരമായ മാറ്റം ഉള്‍ക്കൊണ്ട് ഭരണഘടനാധിഷ്ടിതമായ സെക്കുലര്‍ സംവിധാനവുമായി ഇണങ്ങി പ്രവര്‍ത്തിക്കുകയല്ലേ വേണ്ടത്? മതരാഷ്ട്രവാദത്തിന്റെ പിന്തുണ സ്വീകരിക്കുന്നതുവഴി ഉണ്ടാവാനിരിക്കുന്ന ഭവിഷ്യത്തിനെക്കുറിച്ച് ലീഗ് അണികളില്‍ ഉളവാകുന്ന ആശങ്കകള്‍ തിരിച്ചറിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം മുസ്ലിം സമുദായത്തിന്റെ തന്നെ സാമൂഹിക വളര്‍ച്ചയെ അത് ബാധിക്കുമെന്നതില്‍ സംശയമില്ല.
മതരാഷ്ട്രവാദം ആരുന്നയിച്ചാലും അത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷവുമായി യോജിച്ചു പോകുന്നതല്ല എന്ന തിരിച്ചറിവ് സെക്കുലര്‍ സംഘടനകള്‍ക്ക് പൊതുവെ ഉണ്ടായിരിക്കണം. അഞ്ചുകൊല്ലത്തെ ഭരണത്തിലേക്കുള്ള ഏണിപ്പടിയായി ഇത്തരം കൂട്ടിനെ കരുതുന്നവര്‍ ചിന്തിക്കേണ്ടത് പ്രത്യാഘാതങ്ങളെക്കുറിച്ചാണ്. മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ഊര്‍ജമാവുകയുമാണ് യഥാര്‍ഥത്തില്‍ വേണ്ടത്. ദീര്‍ഘദൃഷ്ടിയോ സാമൂഹ്യബോധമോ ഇല്ലാതെ വോട്ടുബാങ്ക് ലക്ഷ്യമാക്കിയുള്ള നീക്കുപോക്കുകള്‍ ഭാവിതലമുറയെ അപകടത്തിലാക്കും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പരിണാമമുണ്ട്. തുടക്കകാലത്ത് ഹറാമായിരുന്ന, അല്ലെങ്കില്‍ ശിര്‍ക്ക് എന്നുപറയപ്പെട്ടിരുന്ന സമ്മതിദാനാവകാശം, പിന്നെ മൂല്യം നോക്കി വോട്ട് നല്കുക എന്നതിലേക്കും പിന്നീട് പാര്‍ട്ടിരൂപീകരണത്തിലേക്കും എത്തി. മൗദൂദി മുന്നോട്ടുവച്ച മതരാഷ്ട്രവാദം കയ്യൊഴിഞ്ഞു എന്ന് പുറമെനില്ക്കുന്ന ഒരാള്‍ക്ക് തോന്നാവുന്ന രീതിയിലാണ് കാര്യങ്ങള്‍. ഇത്തരമൊരു സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചേരുന്നതിനെ പ്രശ്നമായി കാണേണ്ടതുണ്ടോ?
അത് വളരെ വ്യക്തമായ കാര്യമാണ്. ഇവരുടെ നേതാവ് ആരാണ്? ആശയത്തിന്റെ സ്രോതസ് ഏതാണ്? അത് മൗദൂദി സാഹിബല്ല എന്ന് അവര്‍ക്ക് പറയാന്‍ കഴിയുമോ? ഞങ്ങള്‍ സെക്കുലര്‍ സംവിധാനത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുന്നവരാണെന്നും മൗദൂദി പറയുന്ന രാഷ്ട്രവാദത്തെ എതിര്‍ക്കുന്നു എന്നും പറയുന്നതോടെ ഈ തര്‍ക്കങ്ങളൊക്കെ അവസാനിക്കുമല്ലോ.

ആര്‍ എസ് എസും ജമാഅത്തും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് പറയപ്പെടുന്നുണ്ട്. ഈ സമീകരണത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
ഒരു പ്രസ്ഥാനത്തെ കാണുന്നത് രണ്ടു രൂപത്തിലാണ്. ഒന്ന് അതിന്റെ ആദര്‍ശം, മറ്റൊന്ന് അതിന്റെ പ്രവര്‍ത്തനം. ആദര്‍ശമെന്നത് ആശയപരമായ നിലപാടാണ്. അതിനെ ശക്തിയുപയോഗിച്ച് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ഫാസിസ്റ്റ് രീതിയാണ്.
എന്നാല്‍ ഫാസിസ്റ്റ് ശക്തികള്‍ ബലപ്രയോഗത്തിനുള്ള പ്രാപ്തി ആര്‍ജ്ജിക്കുന്നതുവരെ അവരുടെ ഉഗ്രരൂപം സമൂഹത്തിന് മനസ്സിലാക്കാന്‍ കഴിയാതെ വരും. ആ ബലം ആര്‍ജിച്ച് കഴിഞ്ഞാല്‍ ആദര്‍ശ പ്രചാരണത്തിന് ബലപ്രയോഗമടക്കമുള്ള ഏത് ഉപാധിയും കൈക്കൊള്ളുക എന്നതാണ് ഫാസിസത്തിന്റെ രീതി.
ഇവിടെ ആദര്‍ശത്തിന്റെ തലങ്ങളില്‍ത്തന്നെ ഫാസിസ്റ്റ് മനോഭാവം ഉള്‍ക്കൊള്ളുന്നതായി കാണാനാവും. പക്ഷെ ഫാസിസ്റ്റ് ശക്തികള്‍ പ്രയോഗതലത്തില്‍ പ്രത്യക്ഷപ്പെടുന്നത് കാലക്രമേണയുള്ള അവരുടെ ആശയവളര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്.
അതിനൊരുദാഹരണമാണ് രണ്ട് മെമ്പര്‍മാര്‍ മാത്രമുണ്ടായിരുന്നപ്പോഴുള്ള ആര്‍ എസ് എസില്‍നിന്ന് ഇപ്പോഴത്തേതിലേക്കുള്ള മാറ്റം. ഇന്ത്യ മുഴുവന്‍ ബലം കിട്ടി എന്നു തോന്നുമ്പോള്‍ അതിന്റേതായ പ്രകടനം അവരില്‍നിന്ന് കാണുന്നുണ്ട്. ജമാഅത്ത് അതിലേക്ക് വളരാന്‍ കുറച്ച് താമസിക്കും, വളരുന്നുണ്ടെങ്കില്‍.
ഇത് രണ്ടും ഒന്നാണെന്നു പറയുമ്പോള്‍ രണ്ടും ഒരേ രീതിയില്‍ എപ്പോഴും വര്‍ക് ചെയ്യും എന്നല്ല. ഭാവിയില്‍ അധികാരം നേടുമ്പോള്‍ എന്തുചെയ്യും എന്നു നോക്കിയാണ്. ജമാഅത്തിന് അധികാരം ലഭിക്കുമ്പോള്‍ എന്തു ചെയ്യും എന്നത് നമ്മള്‍ കണക്കാക്കുന്നത് അവരുടെ ആശയത്തെ നോക്കിയാണ്. അസമത്വത്തിന്റെ ആശയമാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. ഇതാണ് ഇവിടെയുള്ള വൈരുധ്യം

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x