ഈ സംവരണം സവര്‍ണ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലേക്ക്
നൗഷാദ്
കേരളത്തിലിപ്പോള്‍ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട് ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. സാമ്പത്തികാസമത്വത്തെ മാറ്റി നിര്‍ത്താനാണ് പുതിയ സംവരണം എന്നാണ് വാദം. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ സംവരണം ഉന്നം വെക്കുന്നത് അതാണോ എന്ന ചോദ്യത്തിന് പ്രസക്തിയേറെയുണ്ട്.
ഇപ്പോള്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്റെ മാനദണ്ഡങ്ങളും നടപ്പിലാക്കിയ രീതിയും പരിശോധിച്ചാല്‍ മുന്നാക്ക ജാതിക്കാര്‍ക്കുള്ള പ്രാതിനിധ്യ സംവരണമാണിതെന്ന് മനസ്സിലാകും. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും മറ്റും മുന്നാക്കക്കാര്‍ക്ക് ആവശ്യത്തിലേറെ പ്രാതിനിധ്യമുള്ളതിനാല്‍ അവര്‍ക്ക് സംവരണമേര്‍പ്പെടുത്തിയെന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെ മനസ്സിലും ചോദ്യങ്ങളുയരും.
സാമ്പത്തിക സംവരണമെന്ന ലേബലൊട്ടിച്ചതോടെ ആശയക്കുഴപ്പമുണ്ടാക്കാന്‍ മാത്രമല്ല എതിര്‍പ്പ് കുറയ്ക്കാനും കഴിഞ്ഞുവെന്ന് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമായ പ്രാതിനിധ്യം പതുക്കെയാണെങ്കിലും നികത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സംവരണത്തെ റൊട്ടേഷന്‍ സംവിധാനത്തിലൂടെ പി എസ് സി കാലങ്ങളായി അട്ടിമറിക്കുന്നത് എല്ലാവര്‍ക്കുമറിയാം. അതേ റോട്ടേഷന്‍ സംവിധാനം ഉപയോഗിച്ച് പിന്നാക്കക്കാര്‍ക്ക് കിട്ടുന്നതിലേറെയോ അതിനൊപ്പമോ പ്രാതിനിധ്യം മുന്നാക്കക്കാര്‍ക്ക് നല്‍കാനുളള തന്ത്രമാണ് സാമ്പത്തിക സംവരണം.
നിലവില്‍ ഉദ്യോഗങ്ങളില്‍ 40 ശതമാനത്തിലധികം അധികപ്രാതിനിധ്യമുള്ള മുന്നാക്ക ജാതിക്കാര്‍ക്ക് സംവരണം നല്‍കുന്നതിലൂടെ പിന്നാക്കക്കാര്‍ക്കു കൂടി കിട്ടേണ്ട പൊതുഒഴിവുകളുടെ എണ്ണം കുറയുക മാത്രമല്ല ചെയ്യുന്നത്. സംവരണത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവന്നിരുന്ന പിന്നാക്കക്കാരുടെ പ്രാതിനിധ്യം കുറക്കാനും മുന്നാക്കക്കാരുടെ അധിക-പ്രാതിനിധ്യം ഉയര്‍ത്താനും കൂടി ഇത് വഴിയൊരുക്കും.
പ്രത്യക്ഷ ജാതി വിവേചനം ഇല്ലെങ്കിലും സവര്‍ണതയുടെ അദൃശ്യ സ്വാധീനവും ആധിപത്യവും ഇന്നും തുടരുന്നുവെന്നതിന്റെ ഉദാഹരണമാണ് ഈ സംവരണ അട്ടിമറി. കാലങ്ങളായി സംവരണത്തെ അട്ടിമറിക്കാന്‍ ഉപയോഗപ്പെടുത്തുന്ന റൊട്ടേഷന്‍ സംവിധാനം ഉപയോഗിച്ച് തന്നെ മുന്നാക്കക്കാരുടെ അധിക-പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ‘സാമ്പത്തിക സംവരണ’മെന്ന ലേബലൊട്ടിച്ച മുന്നാക്ക സംവരണത്തിലൂടെ ചെയ്യുന്നത്.
ദാരിദ്ര്യത്തെ സംവരണത്തിലൂടെ ഇല്ലാതാക്കാനാകുമെന്ന് ഇത് നടപ്പിലാക്കുന്നവര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. ഇനി അങ്ങനെ വിശ്വിസിക്കുന്നവരുണ്ടെങ്കില്‍ ദാരിദ്ര്യം മുന്നാക്കക്കാരുടെ മാത്രം പ്രശ്‌നമാണെന്ന വാദമുണ്ടോ? മുന്നാക്ക ജാതി വിഭാഗങ്ങളിലുള്ളതിനേക്കാള്‍ സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ളവര്‍ പിന്നാക്ക വിഭാഗങ്ങളിലുണ്ടെന്നതല്ലേ വസ്തുത? ഗ്രാമപ്രദേശങ്ങളില്‍ രണ്ടര ഏക്കറും മുനിസിപ്പില്‍/ കോര്‍പറേഷന്‍ പരിധിയില്‍ 50 സെന്റും ഭൂസ്വത്തുമുളള മുന്നാക്കക്കാര്‍ക്ക് വരെ സംവരണമേര്‍പ്പെടുത്തിയതിലൂടെ ദാരിദ്ര്യം കുറക്കലല്ല അധികമുള്ള പ്രാതിനിധ്യം അരക്കിട്ടുറപ്പിക്കലാണ് ഈ സംവരണത്തിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്.