23 Wednesday
October 2024
2024 October 23
1446 Rabie Al-Âkher 19

എന്തായിരുന്നു വക്കം മൗലവിയുടെ ആധുനികത?

ജോസ് അബ്രഹാം /മുജീബ് റഹ്മാന്‍ കിനാലൂര്‍

ഒരു ക്രൈസ്തവ സെമിനാരിയില്‍ പഠിച്ചു വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം രചിച്ച ആളാണ് താങ്കള്‍. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ അസോസിയേറ്റ് പ്രഫസറായി ജോലി ചെയ്യുന്നു. താങ്കള്‍ ഇസ്‌ലാമിക പഠന മേഖലയിലേക്ക് കടന്നു വരാനിടയായ സാഹചര്യം വ്യക്തമാക്കാമോ?
പത്തനംതിട്ട ജില്ലയിലെ ഇലന്തൂരാണ് എന്റെ സ്വദേശം. കോഴഞ്ചേരി സെന്റ് തോമസ് കോളജില്‍ നിന്നാണ് ബിരുദം നേടിയത്. ശേഷം വൈദിക പഠനത്തിനായി മണക്കാലയിലെ സെമിനാരിയില്‍ പോയി. പിന്നീട് വൈദിക പഠനത്തില്‍ ബാംഗ്ലൂരില്‍ നിന്ന് ബിരുദാനന്തര ബിരുദംനേടി.
ഇന്ത്യയിലുള്ള എല്ലാ സെമിനാരികള്‍ക്കും മറ്റു മതങ്ങളെപ്പറ്റി പഠിപ്പിക്കുന്ന ഒരു ഡിപ്പാര്‍ട്ടുമെന്റ് ഉണ്ട്. പൊതുവില്‍, ഇന്ത്യയില്‍ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനുള്ള അവസരം തുലോം കുറവാണ്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ മറ്റു മതങ്ങളെക്കുറിച്ച് പഠിക്കാന്‍ അവസരങ്ങളുണ്ട്. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും മതവിശ്വാസികളാണ്. എന്നിട്ടും നമുക്ക് മതങ്ങളെക്കുറിച്ച് പഠിക്കാനുള്ള അവസരമില്ല എന്നതാണ് യാഥാര്‍ഥ്യം.
ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഏതാണ്ട് 3 ശതമാനം മാത്രമേ ഉള്ളൂ. ഒരു വൈദികനാവുന്നയാള്‍ക്ക് 97 ശതമാനം ആളുകളുടെ മതം എന്തെന്ന് അറിയില്ലെങ്കില്‍ അയാള്‍ക്ക് ഒരു വൈദികനായി പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല. അതുകൊണ്ടാണ് മറ്റു മതങ്ങളെക്കുറിച്ച് പഠിപ്പിക്കാനുള്ള ഒരു ഡിപ്പാര്‍ട്ടുമെന്റ് എല്ലാ സെമിനാരികളിലും സ്ഥാപിച്ചിട്ടുള്ളത്. അങ്ങനെയുള്ള ഒരു ഡിപ്പാര്‍ട്ടുമെന്റിലാണ് ഞാന്‍ ബിരുദാനന്തര ബിരുദത്തിനായി പോയത്.
ഹിന്ദുമതവും ഇസ്‌ലാമുമാണ് ഇതര മതവിഭാഗങ്ങളില്‍ പ്രധാനമായും ഞങ്ങള്‍ പഠിച്ചിരുന്നത്. ഇതു രണ്ടുമാണല്ലോ ഇന്ത്യയിലെ പ്രധാന മതങ്ങള്‍. എനിക്ക് താല്‍പര്യം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കാനായിരുന്നു. ഇസ്‌ലാമിനെക്കുറിച്ച പഠനത്തിന് എനിക്ക് സ്‌കോളര്‍ഷിപ്പ് കിട്ടിയിരുന്നു. ഇസ്‌ലാമും ക്രൈസ്തവതയും തമ്മിലുള്ള ബന്ധം എനിക്ക് കൗതുകമായിരുന്നു. ബിരുദാനന്തര ബിരുദം നേടിയ ശേഷം ഇതേ സ്ഥാപനത്തില്‍ തന്നെ അധ്യാപകനായി ചേര്‍ന്നു. പിന്നീടാണ് കാനഡയിലെ മഗില്‍ യൂണിവേഴ്‌സിറ്റിയിലേക്ക് പോയത്. അവിടെ വെച്ചാണ് വക്കം മൗലവിയെ പഠിക്കാന്‍ ഇടയായത്. തുടര്‍ന്ന് ബാംഗ്ലൂരില്‍ തിരിച്ചുവന്നു. രണ്ടു വര്‍ഷം ഇവിടെ പഠിപ്പിച്ചിട്ട് കാനഡയിക്കേു തന്നെ മടങ്ങി. ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചല്‍സിലുള്ള യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ അസിസ്റ്റന്റ് പ്രൊഫസറായി ജോലിചെയ്യുന്നു.

കാനഡയില്‍ വെച്ചാണ് വക്കം മൗലവിയെക്കുറിച്ച് പഠിക്കാന്‍ ആരംഭിക്കുന്നത്. കേരളത്തിന്റെ നവോത്ഥാന രംഗത്ത് ഇസ്‌ലാമിക പണ്ഡിതന്മാര്‍ ധാരാളം പേരുണ്ട്. വക്കം മൗലവിക്ക് മുമ്പ് തന്നെ സനാഉല്ല മക്തി തങ്ങള്‍, ഹമദാനി തങ്ങള്‍ അങ്ങനെ പലരും. വക്കം മൗലവിയെക്കുറിച്ച് പഠിക്കണം എന്ന ആഗ്രഹത്തിലേക്ക് എത്തിപ്പെടുന്നത് എങ്ങനെയാണ്?
2002-ലാണ് ഞാന്‍ പി എച്ച് ഡി ഗവേഷണത്തിനു വേണ്ടി കാനഡയില്‍ പോകുന്നത്. എന്റെ തീസീസ് വക്കം മൗലവിയോ കേരള നവോത്ഥാനമോ ആയിരുന്നില്ല. മുസ്‌ലിംകളുടെ ദേശീയവാദത്തെ സംബന്ധിച്ച പഠനങ്ങളായിരുന്നു എനിക്ക് താത്പര്യം. അതായിരുന്നു അന്നത്തെ ട്രന്റ്. അന്ന് മഗില്‍ യൂണിവേഴ്‌സിറ്റിയില്‍ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപ്പോര്‍ട്ടുമെന്റില്‍ സൗത്ത് ഏഷ്യയില്‍ നിന്നുള്ള ഒരു പ്രഫസര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സജിത അലവി. അവരായിരുന്നു എന്റെ സൂപ്പര്‍വൈസര്‍. പാശ്ചാത്യ രാജ്യങ്ങളിലെ മിക്ക യൂണിവേഴ്‌സിറ്റികളിലും പ്രൊഫസറുടെ കോമ്പറ്റിബിലിറ്റി അനുസരിച്ചാണ് വിദ്യാര്‍ഥികളെ അപ്പോയിന്റ് ചെയ്യുക. എന്റെ പ്രൊപ്പോസല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവരെന്നെ അപ്പോയിന്റ് ചെയ്തത്.
രണ്ടു വര്‍ഷം കൊണ്ട് ഇസ്‌ലാമിനെ പറ്റിയുള്ള 12 കോഴ്‌സുകള്‍ ചെയ്തു. പിന്നീടാണ് തീസിസ് എഴുതാനുള്ള പ്രൊപ്പോസല്‍ കൊടുക്കുന്നത്. ആ സമയത്ത് അവര്‍ പറഞ്ഞു: വളരെ അപൂര്‍വം ആളുകളേ ഇന്ത്യയില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസ് പി എച്ച് ഡി ചെയ്യാനായി ഇവിടെ വരുന്നുള്ളൂ. അതില്‍ തന്നെ ഒരു മലയാളി ആദ്യമാണ്. ഉര്‍ദു പഠിച്ച് അതിലുള്ള തീസിസ് പഠനവിധേയമാക്കുന്നതിനെക്കാള്‍ നല്ലത് കേരളത്തിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും. മലയാളം പോലുള്ള സൗത്ത് ഇന്ത്യന്‍ ഭാഷകള്‍ മറ്റുള്ളവര്‍ക്ക് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ഭാഷ പഠിച്ചാല്‍ തന്നെ റിസര്‍ച്ച് സംബന്ധിച്ച വിവരണങ്ങള്‍ കണ്ടെത്തുകയുമില്ല. ഈ സാഹചര്യം മുന്‍ നിര്‍ത്തി അവര്‍ പ്രപ്പോസല്‍ പുനര്‍വിചിന്തനം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഈ സമയത്ത് കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റോളന്‍ മില്ലര്‍ എന്ന സായ്പ്പുമായി എനിക്ക് പരിചയമുണ്ടായിരുന്നു. പി എച്ച് ഡിയെക്കുറിച്ച് പലപ്പോഴായി ഞങ്ങള്‍ സംസാരിച്ചിരുന്നു. പ്രപ്പോസല്‍ മാറ്റുന്നതിനെക്കുറിച്ച് നടത്തിയ സംസാരത്തിലാണ് വക്കം മൗലവിയെ അദ്ദേഹം നിര്‍ദേശിക്കുന്നത്. വക്കം മൗലവിയല്ലാതെ വേറെ ആരെക്കുറിച്ചും പുതുതായി പഠിക്കാനൊന്നുമില്ലെന്നും അദ്ദേഹത്തെ സംബന്ധിച്ച കുറെ രചനകളുണ്ടെന്നും അന്വേഷിച്ചാല്‍ കൂടുതല്‍ ലഭിക്കാനിടയുണ്ടെന്നും സായിപ്പ് പറഞ്ഞാണ് ഞാനറിയുന്നത്. റോളന്‍ മില്ലറിന്റെ താത്പര്യവും സൂപ്പര്‍വൈസറുടെ സമ്മര്‍ദവും മൂലമാണ് വക്കം മൗലവിയെപ്പറ്റി പഠിക്കാമെന്ന ചിന്തയിലെത്തുന്നത്. റോളണ്ട് മില്ലര്‍ എന്റെകോ – സൂപ്പര്‍വൈസറുമായി.

ഈ പഠനവുമായി ബന്ധപ്പെട്ട് എന്തൊക്കെയായിരുന്നു ചെയ്തത്. പ്രത്യേകിച്ച് കാനഡയില്‍ നിന്ന് പഠനം നടത്തുമ്പോള്‍. ഇംഗ്ലീഷില്‍ അദ്ദേഹത്തെക്കുറിച്ച് വളരെ പരിമിതമായ വിവരങ്ങളല്ലേ ലഭ്യമാകുന്നുള്ളൂ. അപ്പോള്‍ റിസോര്‍സിന്റെ ഒരു പ്രശ്‌നം നേരിട്ടിട്ടുണ്ടാവുമല്ലോ. പിന്നീട് എങ്ങനെയാണ് പഠനം മുന്നോട്ടു കൊണ്ടുപോയത്?
ആദ്യം ചെയ്തത് വക്കം മൗലവിയുടെ എഴുത്തുകളും കൃതികളും കണ്ടെത്തുക എന്നതായിരുന്നു. പാശ്ചാത്യ യൂണിവേഴ്‌സിറ്റികളില്‍ ഇന്റര്‍ലൈബ്രറി ലോണ്‍ സംവിധാനമുണ്ട്. ലോകത്ത് ഏത് ഡിജിറ്റല്‍ ലൈബ്രറിയില്‍ ഒരു പുസ്തകമുണ്ടെങ്കിലും അത് അവിടെയിരുന്നു വായിക്കാം. എനിക്ക് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ നാടുകടത്തലിനെപ്പറ്റിയുള്ള ഒരു പുസ്തകം കിട്ടിയത് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നായിരുന്നു. അത് മുമ്പ് കേരളത്തില്‍ നിരോധിക്കപ്പെട്ടതാണ്. അതാണ് ഇന്റര്‍ലൈബ്രറി ലോണിന്റെ പ്രത്യേകത. എത്ര പഴക്കം ചെന്ന പുസ്തകങ്ങളും ലഭിക്കും.
കാനഡയിലിരുന്ന് തന്നെ വക്കം മൗലവിയുടെ മിക്ക കൃതികളും കണ്ടെത്തി. പല സ്ഥലങ്ങളില്‍ നിന്നാണ് എനിക്കത് കിട്ടിയത്. ചിലത് യൂറോപ്പില്‍ നിന്ന്, ചിലത് അമേരിക്കയില്‍ നിന്ന്. പുസ്തകങ്ങളും രേഖകളും 75 ശതമാനത്തോളം ശേഖരിച്ച ശേഷമാണ് ഞാന്‍ കേരളത്തില്‍ വരുന്നത്. കേരള യൂണിവേഴ്‌സിറ്റി, വക്കം മൗലവി സെന്റര്‍, കേരള ഹിസ്‌റ്റോറിക്കല്‍ അസോസിയേഷന്‍ ലൈബ്രറി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറി, ഫാറൂഖ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. വക്കം മൗലവിയുടെ മുഴുവന്‍ എഴുത്തുകളും ശേഖരിക്കണമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാല്‍ എന്നെ അമ്പരപ്പിച്ച കാര്യം, എന്റെ കൈവശമുള്ളവയുടെ ഒറിജിനല്‍ പോലും ഈ ലൈബ്രറികളില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇതായിരുന്നു ഞാന്‍ നേരിട്ട പ്രധാന വെല്ലുവിളി. എന്നാല്‍, ഈ ലൈബ്രറികളിലൊന്നും ഈ കൃതികള്‍ നഷ്ടപ്പെട്ടത് അവര്‍ അറിഞ്ഞിട്ട് പോലുമില്ലെന്ന് തോന്നുന്നു. അറിഞ്ഞാല്‍ തന്നെ, അവ കണ്ടെത്താന്‍ സംവിധാനങ്ങളുമില്ല.
വക്കം മൗലവിയെ കുറിച്ച് ലഭിച്ച രചനകളില്‍ പലതും കഥ പോലെ എഴുതപ്പെട്ടതായിരുന്നു. അവയുടെ കൃത്യമായ അവലംബങ്ങള്‍ ഒന്നുമില്ല. ആധികാരികമായ പഠനങ്ങളുടെ രീതി അതിനുണ്ടായിരുന്നില്ല. ഈ അവസ്ഥയില്‍ എന്റെ പഠനം എങ്ങനെ രൂപപ്പെടുത്തണം എന്നതായിരുന്നു എന്റെ മുന്നിലുള്ള വെല്ലുവിളി.
മൗലവിയുടെ ജീവചരിത്രപരമായ വിശകലനമല്ല എന്റെ പഠനത്തില്‍ ഞാന്‍ ഊന്നാന്‍ ആഗ്രഹിച്ചത്. ജീവചരിത്രം ചിലതൊക്കെ വന്നിട്ടുമുണ്ട്. വക്കം മൗലവിയുടെ ചിന്തകളും രചനകളും എങ്ങനെയാണ് വിശകലനം ചെയ്യേണ്ടത് എന്ന പ്രശ്‌നത്തെയാണ് ഞാന്‍ അഭിമുഖീകരിക്കാന്‍ ശ്രമിച്ചത്. ഞാന്‍ ചെയ്ത രൂപത്തില്‍ മാത്രമേ അവ വിശകലനം ചെയ്യാന്‍ കഴിയൂ എന്നൊന്നും ഇല്ല, തീര്‍ച്ചയായും വിവിധ രീതിയില്‍ വിശകലനം ചെയ്യാം. ഞാന്‍ പ്രത്യേകമായ ഒരു രീതിയാണ് വിശകലനം ചെയ്തത്. അത് മാത്രമായിരിക്കും എന്റെ കോണ്‍ട്രിബ്യൂഷന്‍ എന്ന് പറയുന്നത്.

ഇതിനായിട്ട് താങ്കള്‍ കുറേ പേരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടാവും എന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹത്തെ കുറിച്ച് പഠനം നടത്തിയവരുമടക്കം. അത്തരത്തിലുള്ള സഹായങ്ങള്‍ കിട്ടിയിരുന്നോ?
ഞാന്‍ പലരെയും ഇന്റര്‍വ്യൂ ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, ആരെയും അങ്ങനെ കിട്ടിയില്ല. അന്ന് വക്കം മൗലവി ഫൗണ്ടേഷനില്‍ ഉണ്ടായിരുന്നത് നായര്‍ സര്‍ ആണ് അതിന്റെ ഡയറക്ടര്‍. വക്കം മൗലവിയുടെ കുടുംബവും അന്ന് മൗലവിയെ കുറിച്ച് ആധികാരികമായി പറയാവുന്ന വിധം അത്ര മുന്നോട്ട് വന്നിട്ടില്ല. ഫാമിലി മെമ്പര്‍മാരുമായി നേരിട്ട് ഒരു ഇന്റര്‍വ്യൂ എടുക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. സാധിച്ചിരുന്നെങ്കില്‍ പോലും എനിക്ക് എന്തെങ്കിലും ബയോഗ്രഫിക്കല്‍ ഡീറ്റെയ്ല്‍സ് കിട്ടാനേ സാധ്യതയുള്ളൂ. വക്കം മൗലവിയുടെ രചനകള്‍ എങ്ങനെയാണെന്നതിനെപ്പറ്റി കാര്യമായി എന്തെങ്കിലും കിട്ടാനുള്ള സാധ്യതയില്ല. കേരള ഹിസ്‌റ്റോറിക്കല്‍ അസോസിയേഷനില്‍ നിന്ന് 19-20 നൂറ്റാണ്ടിലെ നവോത്ഥാന നായകരെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണ ലഭിക്കുകയുണ്ടായി.

സ്വദേശാഭിമാനി പത്രത്തിന്റെയോ ഇസ്‌ലാം, മുസ്‌ലിം, ദീപിക എന്നിവയുടെയോ കോപ്പികള്‍ ഇവിടെ വരുന്നതിന് മുന്‍പേ തന്നെ കിട്ടിയിരുന്നോ?
സ്വദേശാഭിമാനിയുടെ പൂര്‍ണമായ കോപ്പികള്‍ എനിക്ക് കേരളത്തില്‍ വന്നതിന് ശേഷമാണ് കിട്ടിയത്. അതിന്റെ ഒരു ലക്കം ജാമിഅ മില്ലിയയില്‍ നിന്നോ മറ്റോ കിട്ടിയിരുന്നു. വക്കം മൗലവി ഫൗണ്ടേഷന്‍ വഴിയാണ് മുഴുവന്‍ കോപ്പികള്‍ എനിക്ക് കിട്ടാന്‍ ഇടയായത്. അത് മാത്രമാണ് എനിക്ക് കേരളത്തില്‍ നിന്ന് കിട്ടിയത്. ബാക്കി മുഴുവന്‍ മറ്റു പല ലൈബ്രറികളില്‍ നിന്നായിട്ട് ഞാന്‍ കാനഡയില്‍ ഉള്ളപ്പോള്‍ തന്നെ കിട്ടിയതാണ്.

താങ്കള്‍ ഈ പഠനത്തിലേക്കെത്തിയ ശേഷം വക്കം മൗലവിയെ എങ്ങനെ സമീപിക്കാനാണ് ശ്രമിച്ചത്? അദ്ദേഹത്തിന്റെ ചിന്തകള്‍, പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഏത് കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനാണ് ശ്രമിച്ചത്?
ഞാന്‍ പ്രൊപ്പോസല്‍ കൊടുക്കുന്നതിന് മുമ്പ് തന്നെ കുറേ കോഴ്‌സ് വര്‍ക്ക് ചെയ്യണമായിരുന്നു. അറബിക്, ഇസ്‌ലാമിക് ഹിസ്റ്ററി, ഇസ്‌ലാമിക് ഫിലോസഫി, സൂഫിസം ഇങ്ങനെ കുറേ കോഴ്‌സുകള്‍ ചെയ്തു. അതില്‍ എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയത് പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസ് ആണ്. കൊളോണിയല്‍ കാലത്ത് എഴുതപ്പെട്ട ചരിത്രത്തെയും രചനകളെയും അപഗ്രഥിക്കേണ്ടത് എങ്ങനെ ആയിരിക്കണം എന്നതിന് പോസ്റ്റ് കൊളോണിയല്‍ പഠനരീതിശാസ്ത്രം ഉപയുക്തമാണ്. വക്കം മൗലവി കൊളോണിയല്‍ സമയത്ത് ജീവിച്ചിരുന്ന ഒരാളായതുകൊണ്ട് പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസ് രീതിശാസ്ത്രം ഉപയോഗിച്ച് അദ്ദേഹത്തെ വിശകലനം ചെയ്യുന്നതാകും നല്ലതെന്ന് ഞാന്‍ കരുതി.
കേരളത്തെ അഥവാ തിരുവിതാംകൂറിനെ പ്രവര്‍ത്തന മേഖലയായി കരുതിയ ഒരു നവോത്ഥാന നായകന്‍ ആയിരുന്നു വക്കം മൗലവി. മത പരിഷ്‌കര്‍ത്താവ് ആയിരിക്കുമ്പോള്‍ തന്നെ സാമൂഹ്യമായ നവീകരണവും ആധുനികീകരണവും ആയിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. മുസ്‌ലിംകളുടെ സമുദ്ധാരണത്തോടൊപ്പം സമൂഹത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയും ഉയര്‍ച്ചയും അദ്ദേഹം മുന്നില്‍ കണ്ടു. കേരളത്തില്‍ ആണ് ജീവിച്ചതെങ്കിലും അന്ന് ഇന്ത്യയില്‍ മറ്റിടങ്ങളില്‍ നടക്കുന്ന ചിന്തകളോടും സംവാദങ്ങളോടും അദ്ദേഹം താദാത്മ്യപ്പെട്ടു. അതൊക്കെ വായിക്കാനും ഉള്‍ക്കൊള്ളാനും അദ്ദേഹം ശ്രമിക്കുകയും ചെയ്തു.
ഈജിപ്തില്‍ നിന്ന് അക്കാലത്തു ഇറങ്ങി കൊണ്ടിരുന്ന അല്‍മനാറിന്റെ എല്ലാ ലക്കങ്ങളും വായിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അല്‍മനാറിന്റെ ചില ലക്കങ്ങള്‍ തനിക്കു കിട്ടിയില്ല എന്ന് പറഞ്ഞ് അദ്ദേഹം അല്‍മനാറിന് ഒരു കത്ത് എഴുതുന്നുണ്ട്. 2,3 പേജുകളുള്ള വലിയ കത്ത് ആണത്. ആ നിലക്ക് ചിന്തിക്കുമ്പോള്‍, വക്കം മൗലവിയെ കേരളത്തില്‍ പരിമിതമായ മതപരിഷ്‌ക്കരണവാദിയായിട്ടു മാത്രം കാണുന്നത് ശരിയല്ല. ലോകത്തെ മുസ്‌ലിം സമൂഹങ്ങളില്‍ നടക്കുന്ന പരിഷ്‌കരണ പ്രക്രിയകളോട് കണ്ണി ചേര്‍ത്ത് അദ്ദേഹത്തെ വായിക്കേണ്ടതുണ്ട്. അപ്പോള്‍, ഇന്ത്യയിലും ലോകത്ത് എവിടെയും തന്റെ കാലത്ത് നടന്ന എല്ലാ മുസ്‌ലിം മതചിന്തയെയും പ്രതിഫലിപ്പിക്കുന്ന വിശാലമായ ഒരു ചിന്താ പരിസരം വക്കം മൗലവിയില്‍ കാണാം എന്ന് ചുരുക്കം. അതേപോലെ തന്നെ വക്കം മൗലവിയുടെ ഗാന്ധിജിയുമായിട്ടുള്ള കൂടിക്കാഴ്ച, ദേശീയതയോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയ വിഷയങ്ങളും ഞാന്‍ പരിശോധിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘സ്വദേശാഭിമാനി’ ഒരു മത പ്രസിദ്ധീകരണമേ ആയിരുന്നില്ല. അത് യഥാര്‍ഥത്തില്‍ കേരളത്തിലുണ്ടായ പൊതുവായ സാമൂഹിക നവോത്ഥാനത്തെയാണ് അടയാളപ്പെടുത്തുന്നത്.
അതേപോലെത്തന്നെ അദ്ദേഹം ദേശീയവാദം ഉയര്‍ത്തിപ്പിടിച്ച ഒരു മനുഷ്യനായിരുന്നു. ഒരു മതപരിഷ്‌കരണ ചിന്തകന്‍ എന്നതിനപ്പുറം വിപുലമായ മാനങ്ങളുള്ള ഒരു തലത്തിലേക്ക് വക്കം മൗലവിയെ നയിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്ന് പോസ്റ്റ് കൊളോണിയല്‍ പഠന രീതിശാസ്ത്രം ഉപയോഗിച്ച് മനസ്സിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്.

കേരളത്തിലുള്ള നവോത്ഥാനത്തെപ്പറ്റി, പ്രത്യേകിച്ചും മുസ്‌ലിം നവോത്ഥാനത്തെപ്പറ്റി അടുത്ത കാലത്ത് ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. കേരളത്തില്‍ നടന്നിട്ടുള്ള നവോത്ഥാന പ്രസ്ഥാനവും അതിന്റെ നായകന്മാരും കൊളോണിയല്‍ ആധുനികതയുടെ വക്താക്കളായിരുന്നു. പാശ്ചാത്യശക്തികളും കൊളോണിയല്‍ ഭരണ കൂടങ്ങളും മുന്നോട്ട് വെക്കുന്ന പരിഷ്‌ക്കരണം എന്താണോ അതാണ് ഇവിടെ കൊണ്ടുവരാന്‍ ശ്രമിച്ചത്. സ്വാഭാവികമായും യൂറോ സെന്റ്രിക്ക് ആയിട്ടുള്ള ഒരു ലോകവീക്ഷണം ആയിരുന്നു അവര്‍ക്കുണ്ടായിരുന്നത്. അവരുടെ മോഡല്‍ ഇസ്‌ലാം ആയിരുന്നില്ല; വെസ്റ്റ് ആയിരുന്നു. അപ്പോള്‍ ഈ നവോത്ഥാനവാദികളൊക്കെത്തന്നെ പരിഷ്‌ക്കരണത്തിലൂടെ മുസ്‌ലിംകളെ പാശ്ചാത്യ ബോധത്തിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത് -ഇതാണ് വിമര്‍ശനങ്ങളുടെ ഒരു തലം.

മറുവശത്ത്, നേരെ വിപരീതമായിട്ട് മുഹമ്മദ് അബ്ദു, റശീദ് രിദാ, മുഹമ്മദ് അബ്ദുല്‍ വഹാബ് തുടങ്ങിയ മുസ്‌ലിം ചിന്തകന്മാരുടെ സ്വാധീനഫലമായിട്ട് ഒരു ഇസ്‌ലാമിക പുനരുജ്ജീവന ശ്രമമാണ് മൗലവി നടത്തിയത്; ഒരു സലഫി വാദത്തിലേക്ക്, മതമൗലിക വാദത്തിലേക്ക്, നയിക്കാനാണ് വക്കം മൗലവി ശ്രമിച്ചത്. പരസ്പര വിരുദ്ധമായ ഈ രണ്ടു വിമര്‍ശങ്ങളും വക്കം മൗലവിയെക്കുറിച്ച് ഒരേ സമയത്ത് ഉന്നയിക്കപ്പെടുന്നുണ്ട്. എങ്ങനെയാണ് ഈ വിമര്‍ശനങ്ങളെ താങ്കള്‍ നോക്കി കാണുന്നത്?
പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസ് മാനദണ്ഡം വെച്ച് നോക്കുമ്പോള്‍ വക്കം മൗലവിയെപ്പറ്റി മാത്രമല്ല, ക്രിസ്ത്യന്‍ മിഷണറീസിനെയും അവരുടെ സംഭാവനകളെയും പറ്റി തന്നെ ഈ രണ്ട് വാദങ്ങളുണ്ട്. ഒന്ന്, ക്രിസ്ത്യന്‍ മിഷണറീസ്, അവര്‍ ബ്രിട്ടീഷ് ആധിപത്യത്തിന്റെയും അതുപോലെ പാശ്ചാത്യ നവീകരണത്തിന്റെയും വക്താക്കള്‍ മാത്രമായിരുന്നു എന്നുള്ള ഒരു കാഴ്ചപ്പാടുണ്ട്.
അതേ സമയം അക്കാലത്ത് അടിച്ചമര്‍ത്തപ്പെട്ട ഒത്തിരി മനുഷ്യര്‍ക്ക് അവരുടെ പ്രവര്‍ത്തനം കൊണ്ട് പല രീതിയിലുള്ള വിമോചന സാധ്യതകള്‍ തുറക്കപ്പെട്ടു എന്ന വസ്തുതകളും നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഇപ്പോള്‍ പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസില്‍ തന്നെ ഇതിനെപ്പറ്റി രണ്ടു വാദങ്ങളാണുള്ളത്. ഒന്ന്, യഥാര്‍ഥത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വിമോചനം ലഭിച്ചിട്ടുണ്ടെങ്കില്‍, അത് ആരു ചെയ്താലും അന്തിമമായി അത് സാമൂഹിക നവോത്ഥാനം തന്നെയായി കാണണം.
ഈ മിഷനറി എവിടെ നിന്ന് വന്നു എന്നുള്ളത് രണ്ടാമത്തെ വിഷയമാണ്. മിഷനറി പ്രവര്‍ത്തനത്തിലൂടെ നമുക്ക് ലഭിച്ച നേട്ടം എന്താണെന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട ഒരു കാര്യം. എന്റെ അറിവില്‍ പല ചരിത്രകാരന്മാരും പോസ്റ്റ് കൊളോണിയല്‍ സ്റ്റഡീസിനെപ്പറ്റി വളരെയധികം ക്രിറ്റിക്കല്‍ ആണ്.
ഞാന്‍ മനസ്സിലാക്കിയിടത്തോളം വക്കം മൗലവിയുടെ എഴുത്തുകള്‍ വായിച്ചാല്‍ പ്രധാനമായും അദ്ദേഹത്തിന്റെ ലക്ഷ്യം നവോത്ഥാനം തന്നെ ആയിരുന്നു എന്നാണ് കാണാന്‍ കഴിയുക. അത് നിഷേധിക്കാനാകില്ല. മുസ്‌ലിം സമൂഹത്തിന്റെ നവോത്ഥാനം തന്നെയായിരുന്നു വക്കം മൗലവിയുടെ ലക്ഷ്യം.
അടുത്തത്, അദ്ദേഹത്തിന്റെ പ്രചോദനം എന്തായിരുന്നു എന്നതാണ്. മുസ്‌ലിംകള്‍ ആധുനികരാകാന്‍, പരിഷ്‌കരിക്കപ്പെടാന്‍ അവര്‍ ഇസ്്‌ലാം പരിത്യജിക്കണം എന്നല്ല മൗലവി പറഞ്ഞത്. മതം ഒഴിവാക്കിയുള്ള പരിഷ്‌കരണ വാദത്തെ മൗലവി വിമര്‍ശിക്കുകയാണ് ചെയ്തത്. ഇവിടെയാണ് വക്കം മൗലവിയുടെ മോഡേണിറ്റി സവിശേഷമാകുന്നത്. വക്കം മൗലവി നവോത്ഥാനത്തിന്റെ ഒരു വക്താവ് തന്നെയാണ്. അതിനെപ്പറ്റി എനിക്ക് യാതൊരു സംശയവുമില്ല. പക്ഷേ, ഈ നവോത്ഥാനം എന്നു പറയുന്നതിനോട് വ്യത്യസ്തമായ ഒരു സമീപനം മൗലവിയില്‍ കാണാം.
ഉദാഹരണത്തിന് സര്‍ സയ്യിദ് അഹമ്മദ് ഖാന്റെ രചനകളും വക്കം മൗലവിയുടെ രചനകളും തമ്മില്‍ സമാനതകള്‍ ഉണ്ടെങ്കില്‍ പോലും സര്‍ സയ്യിദിന്റെ പല വീക്ഷണങ്ങളും മൗലവിക്ക് സ്വീകാര്യമായിരുന്നില്ല. സര്‍ സയ്യിദിന്റെ ചില കാര്യങ്ങള്‍ മാത്രമേ വക്കം മൗലവി എടുത്തിട്ടുള്ളൂ.
റശീദ് റിദയുടെയും മുഹമ്മദ് അബ്ദുവിന്റെയും അബ്ദുല്‍വഹാബിന്റെയും കാര്യത്തിലും ഇതേ ഒരു സമീപനം വക്കം മൗലവിയില്‍ ദര്‍ശിക്കാം. അവരുടെ എല്ലാ വാദങ്ങളും വക്കം മൗലവിക്കു ഉണ്ടായിരുന്നില്ല. ദൈവശാസ്ത്രപരമായ ചില കാര്യങ്ങളില്‍ അവരോടു പൂര്‍ണമായി യോജിച്ചുവെങ്കിലും മറ്റു പല കാര്യങ്ങളിലും വ്യത്യസ്ത നിലപാട് പുലര്‍ത്തി. സാമൂഹ്യ നവീകരണമായിരുന്നു ദൈവശാസ്ത്ര പ്രശ്‌നങ്ങളേക്കാള്‍ വക്കം മൗലവിയുടെ ചിന്താ വിഷയം എന്നാണു ഞാന്‍ കരുതുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x