21 Saturday
December 2024
2024 December 21
1446 Joumada II 19

മുഹമ്മദ് നബിയുടെ മഹത്വവും പ്രവാചക സ്‌നേഹവും

അന്‍വര്‍ അഹ്മദ്

എല്ലാ കാലത്തുമുള്ള ജനതയെ സന്മാര്‍ഗത്തിന്റെ വെളിച്ചമേകാന്‍ നിയുക്തരായ മുഴുവന്‍ പ്രവാചകന്മാരെയും വിശ്വസിക്കുകയും അവരുടെ രിസാലത്ത് അനുസരിക്കുകയും ചെയ്യല്‍ ഇസ്‌ലാമിന്റെ മൗലിക വിഷയത്തില്‍ പെട്ടതാണ്. ഈ ശൃംഖലയിലെ അവസാനത്തെയാളായ മുഹമ്മദ് നബി(സ) ലോകര്‍ക്കാകമാനം നിയുക്തനായ പ്രവാചകനാണ്. അദ്ദേഹത്തോടെ ഇസ്‌ലാം സമ്പൂര്‍ണമാക്കുകയും അതിനെ അല്ലാഹു തൃപ്തിപ്പെട്ട മതമായി അംഗീകരിക്കുകയും അവന്റെ രിസാലത്തായിട്ടുള്ള അനുഗ്രഹത്തെ അവന്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
പ്രവാചകന്‍ മുഹമ്മദ്(സ) അല്ലാഹുവിന്റെ തിരുദൂതരാണെന്നും അദ്ദേഹത്തിന്റെ രിസാലത്ത് സത്യസന്ധമാണെന്നും രിസാലത്തില്‍ യാതൊരു ഏറ്റക്കുറവും വരുത്തിയിട്ടില്ലെന്ന് ദൃഢമായി വിശ്വസിച്ച് പുലര്‍ത്തുകയും ചെയ്യുകയെന്നത് ശഹാദത്ത് കലിമയുടെ പൊരുളില്‍ പെട്ടതാണ്. ”മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന് ദൃഢമായി സാക്ഷ്യപ്പെടുത്തല്‍ വിശ്വാസത്തില്‍ പെട്ടതാണ്. അത് അദ്ദേഹം കല്പിച്ചത് അനുസരിക്കുകയും അദ്ദേഹമറിയിച്ചത് സത്യപ്പെടുത്തുകയും അദ്ദേഹം വിരോധിച്ചതില്‍ നിന്ന് അകന്ന് നില്ക്കുകയും അദ്ദേഹം മതത്തില്‍ നിയമമാക്കിയ വിധം മാത്രം അല്ലാഹുവിനെ ആരാധിക്കുകയും ചെയ്യുകയെന്നതാണ്.” (ശറഹ് അഖീദതുഹാവിയ, സ്വാലിഹ് ആലുശൈഖ് മല്‍നാ ഈമാന്‍, മസ്അലതു റാബിഅ)
പ്രബോധനത്തിനായി തീക്ഷ്ണമായ പരീക്ഷണങ്ങള്‍ നേരിടുകയും ത്യാഗം വരിക്കുകയും ചെയ്ത നബി(സ) ഇഹലോകത്തും പരലോകത്തും ഏറെ മഹത്വങ്ങളും സ്ഥാനങ്ങളുമുള്ളയാളാണ്.
ഇഹലോകത്തെ മഹത്വം
മുഹമ്മദ് നബി(സ)ക്ക് അല്ലാഹു ഏറെ അനുഗ്രഹങ്ങള്‍ നല്കിയിട്ടുണ്ട്. വിശുദ്ധമായ പാരമ്പര്യത്തില്‍ ഇസ്മായില്‍ നബി(അ)യുടെ സന്തതികളിലൂടെയാണ് നബി(സ) ജനിച്ചത്. ചെറുപ്പം മുതലേ തിന്മയോടുള്ള വെറുപ്പും നന്മയും സത്യസന്ധതയും ലജ്ജയും പൂത്തുലയുന്ന വിധം അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കുകയും ചെയ്തു. ദുനിയാവില്‍ നിന്നു തന്നെ ജിബ്‌രിലിനെ(അ) യഥാര്‍ഥ രൂപത്തില്‍ നേരില്‍ കാണാന്‍ സാധിച്ച നബി(സ) മനുഷ്യരിലേക്കും ജിന്നുകളിലേക്കും നിയോഗിക്കപ്പെട്ടതാണ്. ഉദാത്തമായ അദ്ദേഹത്തിന്റെ സ്വഭാവത്തെയും കാരുണ്യത്തെയും വിട്ടുവീഴ്ചയെയും വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ പ്രശംസിച്ചിട്ടുണ്ട്. ലോകത്തിന്റെ നാനാകോണുകളില്‍ കോടിക്കണക്കിന് വിശ്വാസികളുടെ പ്രാര്‍ഥനയും സ്വലാത്തും സലാമും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്കായി മലക്കുകളുടെ പ്രാര്‍ഥനയും അല്ലാഹുവിന്റെ കാരുണ്യവും പത്തിരട്ടിയായി വര്‍ധിപ്പിച്ചുകൊടുക്കുന്നതാണ്.
അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കുന്ന അനേക സന്ദര്‍ഭങ്ങള്‍ ദിനേന തുടര്‍ന്നുകൊണ്ടിരിക്കുന്നു. ബാങ്കുവിളി, ഇഖാമത്ത്, നമസ്‌കാരം, പ്രാര്‍ഥന തുടങ്ങി എണ്ണമറ്റ കീര്‍ത്തനങ്ങള്‍ അദ്ദേഹത്തിനായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. ”നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരുകയും ചെയ്തിരിക്കുന്നു.” (ശര്‍ഹ് 04)
അദ്ദേഹത്തെ ആക്ഷേപിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ക്ക് യുക്തമായ മറുപടി ഖുര്‍ആന്‍ നല്കുകയും അല്ലാഹുവില്‍ നിന്നുള്ള ബോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അദ്ദേഹം മതം പഠിപ്പിക്കുകയുള്ളൂവെന്നും തന്നിച്ഛപ്രകാരം അദ്ദേഹം യാതൊന്നും സംസാരിക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. റസൂലിനെ അനുസരിച്ചവന്‍ അല്ലാഹുവിനെ അനുസരിച്ചു (നിസാഅ് 80) എന്ന വചനം തന്നെ അദ്ദേഹത്തിന്റെ മഹത്വവും സത്യസന്ധതയും വ്യക്തമാക്കുന്നു.
നബി(സ)യെ അല്ലാഹു തൃപ്തിപ്പെടുകയും അദ്ദേഹത്തോട് ബൈഅത്ത് ചെയ്തവരെപ്പോലും തൃപ്തിപ്പെട്ടിട്ടുണ്ടെന്ന് (ബൈഅതുറിദ്വ്‌വാന്‍) ഖുര്‍ആന്‍ വ്യക്തമാക്കുകയും ചെയ്യുന്നു. നബി(സ)ക്ക് അല്ലാഹു നല്കിയ അനുഗ്രഹത്തെക്കുറിച്ച് അല്ലാഹു പറയുന്നു: ”നിന്റെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹം മഹത്തായതാകുന്നു.” (നിസാഅ് 113)
അല്ലാഹുവിന്റെ സഹായം മുഖേനയും വിശ്വാസികള്‍ മുഖേനയും നിനക്ക് പിന്‍ബലം നല്കിയവന്‍ അല്ലാഹുവാണെന്ന വിശുദ്ധ വചനം (8:62) സുചിന്തിതമാണ്. മക്കാ കാലഘട്ടത്തിലും മീദനാ കാലഘട്ടത്തിലതും വിവിധ സന്ദര്‍ഭങ്ങളില്‍ അല്ലാഹു അദ്ദേഹത്തെ സംരക്ഷിച്ചിട്ടുണ്ട്. ഉമ്മുആമില്‍ പ്രവാചകനെ(സ) ഉപദ്രവിക്കാനായി വന്നപ്പോള്‍ തന്റെ മുന്നില്‍ തന്നെയുള്ള നബി(സ)യെ അല്ലാഹു അവളില്‍ നിന്ന് മറയ്ക്കുകയും അവള്‍ അബൂബക്കറിനോട്(റ) അദ്ദേഹത്തെ അന്വേഷിക്കുകയും ചെയ്തത് ഇത്തരത്തിലുള്ള സംരക്ഷണമാണ്.
നമസ്‌കരിച്ചുകൊണ്ടിരുന്ന നബി(സ)യെ കല്ലിട്ട് കൊല്ലാന്‍ വന്ന അബൂജഹലില്‍ നിന്നും, കല്ലിട്ട് കൊല്ലാന്‍ ശ്രമിച്ച മദീനയിലെ ജൂതനില്‍ നിന്നും ഹിജ്‌റ വേളയില്‍ സുറാഖത്തിന്റെ കൈകളില്‍ നിന്നും തുടങ്ങി അനേക സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ അല്ലാഹു സംരക്ഷിച്ചിട്ടുണ്ട്. നബി(സ)ക്ക് ബരീനില്‍ നിന്നും പ്രത്യേകം സംരക്ഷണം ലഭിക്കപ്പെടുന്നതും ആത്മീയമായ (ഇസ്മത്) സംരക്ഷണം ലഭിക്കപ്പെടുന്നതുമാണ് (മാഇദ 67). ജനങ്ങളില്‍ നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്.
പരലോകത്തെ മഹത്വം
ആദ്യമായി ഖബ്‌റില്‍ നിന്ന് എഴുന്നേല്ക്കുന്നത് നബി(സ)യായിരിക്കും. ലോകരുടെ മുഴുക്കെയും നേതാവായ അദ്ദേഹം സൂദിയുടെ പതാക വഹിക്കുമ്പോള്‍ ആദം(അ) മുതല്‍ അദ്ദേഹത്തിന്റെ പതാകയ്ക്ക് കീഴിലായിരിക്കും. ഏറ്റവും കൂടുതല്‍ അനുയായികളെ നബി(സ)യാണ് ആദ്യമായി ശുപാര്‍ശ പറയുന്നത്. ആദ്യം സ്വീകരിക്കപ്പെടുന്ന ശുപാര്‍ശയും അദ്ദേഹത്തിന്റേതാണ്. അദ്ദേഹത്തിന്റെ ഉമ്മത്തിനെ വുദ്വൂവിന്റെ അടയാളം കൊണ്ട് തിരിച്ചറിയും. ആദ്യമായി സ്വിറാത്ത് താണ്ടി കടക്കുന്നതും സ്വര്‍ഗ കവാടത്തിങ്കല്‍ മുട്ടുന്നതും അദ്ദേഹമാണ്. സ്വര്‍ഗത്തില്‍ ആദ്യമായി പ്രവേശിക്കുന്നതും നബി(സ)യാണ്.
നബി(സ)ക്ക് പ്രത്യേകമായിട്ടുള്ള പാനസ്ഥലം (ഹൗദ്വുല്‍ കൗസര്‍) മറ്റു പ്രവാചകര്‍ക്കുള്ള പാനസ്ഥാനത്തെക്കാള്‍ വിശേഷമാക്കപ്പെട്ടതാണ്. ബിദ്അത്തുകളൊന്നും ചെയ്യാത്ത, സുന്നത്തിലധിഷ്ഠിതമായി ജീവിച്ചവര്‍ അതില്‍ നിന്നും പാനം ചെയ്യുന്നതും പിന്നീടൊരിക്കലും അവര്‍ക്ക് ദാഹം അനുഭവിക്കപ്പെടാത്തതുമായിരിക്കും. സ്വര്‍ഗത്തിലെ വിശിഷ്ടമായ വസീലയും ഫദ്വീലയും നബി(സ)യുടേതാണ്. വാഴ്ത്തപ്പെട്ട ഉന്നതമായ സ്ഥാനവും അദ്ദേഹത്തിനുള്ളതാണ്.
അദ്ദേഹത്തിന്റെ രിസാലത്ത് അല്ലാഹുവും മലക്കുകളും സാക്ഷ്യപ്പെടുത്തുന്നു. ”എന്നാല്‍ അല്ലാഹു നിനക്കവതരിപ്പിച്ചു തന്നതിന്റെ കാര്യത്തില്‍ അവന്‍ തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനവന് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.” (നിസാഅ് 166)
പ്രവാചക സ്‌നേഹം
കാരുണ്യത്തിന്റെ സന്ദേശവാഹകനായ പ്രവാചകന്‍(സ) നരകത്തില്‍ നിന്നും അകറ്റപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കാനുതകുന്ന അല്ലാഹുവിന്റെ രിസാലത്ത് എത്തിക്കുന്നതിന് വേണ്ടി അല്ലാഹുവിനാല്‍ അയക്കപ്പെട്ട മനുഷ്യനായ റസൂലാണ്. അല്ലാഹുവിന്റെ കല്പനകള്‍ സ്വീകരിക്കുന്നവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യ പൂര്‍ത്തീകരണമായ സ്വര്‍ഗമുണ്ടെന്ന സുവിശേഷവും ധിക്കാരികള്‍ക്ക് മഹാനാശത്തിന്റെ നരകമുണ്ടെന്ന താക്കീതും നല്കുന്നതിനായി നിയുക്തരായവരാണ്.
അല്ലാഹുവിന്റെ രിസാലത്ത് ജനങ്ങളിലേക്കെത്തിക്കാന്‍ നിയുക്തനായ റസൂലിനെ അനുസരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് അല്ലാഹുവിനോടുള്ള അനുസരണവും സനേഹവുമാണ്. ഈ അനുസരണവും സ്‌നേഹവും ഇല്ലാത്തവന്‍ പിശാചിന്റെ കൂട്ടാളിയാണ്. അവര്‍ക്ക് അല്ലാഹുവിന്റെ കടുത്ത ശിക്ഷ ബാധിക്കുന്നതാണ്. ”(നബിയേ), പറയുക: നിങ്ങളുടെ പിതാക്കളും നിങ്ങളുടെ പുത്രന്മാരും നിങ്ങളുടെ സഹോദരങ്ങളും നിങ്ങളുടെ ഇണകളും നിങ്ങളുടെ ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും മാന്ദ്യം നേരിടുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും നിങ്ങള്‍ തൃപ്തിപ്പെടുന്ന പാര്‍പ്പിടങ്ങളും നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാല്‍ അല്ലാഹു അവന്റെ കല്പന കൊണ്ടുവരുന്നതുവരെ നിങ്ങള്‍ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേര്‍വഴിയിലാക്കുന്നതല്ല.” (തൗബ 24)
ഭൗതിക സൗകര്യങ്ങളിലും സുഖങ്ങളിലും മുഴുകി മതപരമായ കാര്യത്തില്‍ അശ്രദ്ധമാകുന്നവര്‍ക്കുള്ള താക്കീതാണ് ഈ വചനം. ”പ്രവാചകന്‍ സത്യവിശ്വാസികള്‍ക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാകുന്നു. അദ്ദേഹത്തിന്റെ ഭാര്യമാര്‍ അവരുടെ മാതാക്കളാകുന്നു.” (അഹ്‌സാബ് 6)
അനസ്(റ) പറയുന്നു: ”നബി(സ) പറഞ്ഞു: തന്റെ സന്തതികളെക്കാളും മാതാപിതാക്കളെക്കാളും മുഴുവന്‍ ജനങ്ങളെക്കാളും ഞാന്‍ ഇഷ്ടപ്പെട്ടവനാകുന്നതുവരെ നിങ്ങളാരും വിശ്വാസിയാവുകയില്ല.” (മുസ്‌ലിം). ”നിങ്ങളിലൊരാളുടെ ഇച്ഛ താന്‍ കൊണ്ടുവരുന്നതിനെ പിന്‍പറ്റുന്നതാകുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല.”
സ്വന്തത്തെക്കാള്‍ പ്രവാചകനെ സ്‌നേഹിക്കാത്തവന്‍ വിശ്വാസിയല്ല എന്നതാണ് മേല്‍ വചനങ്ങള്‍ വ്യക്തമാക്കിത്തരുന്നത്. ഉമര്‍(റ) ഒരിക്കല്‍, ‘എന്നെ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം അങ്ങയോടാണ്’ എന്ന് നബി(സ)യോട് പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: പോരാ, നീ മുസ്‌ലിമായിട്ടില്ല. നല്ലതുപോലെ ആലോചിച്ചുകൊണ്ട് ഉമര്‍(റ) പറഞ്ഞു: നബിയേ എന്നെക്കാളധികം ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ഇപ്പോഴാണ് ഉമറേ നീ വിശ്വാസിയായത്.
അനസ്(റ) പറയുന്നു: ഒരാള്‍ റസൂലിനോട്(സ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അന്ത്യസമയം ആഗതമാകുന്നതെപ്പോഴാണ്? നബി(സ) പറഞ്ഞു: നിനക്ക് നാശം, എന്താണ് നീ അതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ളത്? അദ്ദേഹം പറഞ്ഞു: അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഞാന്‍ സ്‌നേഹിക്കുന്നതൊഴികെ ഒന്നും ഞാന്‍ തയ്യാറാക്കിയിട്ടില്ല. പ്രവാചകന്‍(സ) പറഞ്ഞു: നീ സ്‌നേഹിച്ചവരോടൊപ്പമായിരിക്കും. (ബുഖാരി)
നബി(സ)യെ സ്‌നേഹിക്കുകയെന്നാല്‍ അദ്ദേഹത്തിന്റെ സുന്നത്ത് സ്വീകരിക്കലാണ്. പ്രവാചകന്റെ താല്പര്യം തന്റെ താല്പര്യമായിത്തീരുകയും ചെയ്യലാണ്. നബി(സ) പറഞ്ഞു: ”എന്റെ സുന്നത്തിനെ വല്ലവനും സ്‌നേഹിച്ചാല്‍ തീര്‍ച്ചയായും അവന്‍ എന്നെ സ്‌നേഹിച്ചു. ആരെങ്കിലും എന്നെ സ്‌നേഹിച്ചാല്‍ അവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്.” (തിര്‍മിദി). സ്‌നേഹിച്ചവരുടെ കൂടെ സ്വര്‍ഗത്തിലാകുന്നവര്‍ നബി(സ)യുടെ സുന്നത്ത് സ്വീകരിച്ചു അദ്ദേഹത്തെ സ്‌നേഹിക്കുന്നവരാണ് എന്ന് വ്യക്തം.
അനസ്(റ) പറയുന്നു: റസൂല്‍(സ) പറഞ്ഞു: എന്റെ സുന്നത്തിനെ ആരെങ്കിലും ജീവിപ്പിച്ചാല്‍ അവന്‍ എന്നെ ജീവിപ്പിച്ചു. എന്നെ ജീവിപ്പിച്ചവന്‍ എന്റെ കൂടെ സ്വര്‍ഗത്തിലാണ്.” (തിര്‍മിദി). ഈ വചനത്തില്‍ വളരെ വ്യക്തമായി പറയുന്നത് സുന്നത്തിനെ സജീവമാക്കലാണ് പ്രാവചക സ്‌നേഹം എന്നതാണ്.
അല്ലാഹു പറയുന്നു: ”(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്‍തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (അലുഇംറാന്‍ 31)
അല്ലാഹുവിന്റെ സംതൃപ്തി കരസ്ഥമാക്കാനും അവന്റെ കാരുണ്യവും പാപമോചനവും സിദ്ധിക്കാനും നബി(സ)യെ പിന്‍പറ്റണമെന്ന് മേല്‍ വചനം നമ്മെ പഠിപ്പിക്കുന്നു. നബി(സ)യുടെ തീരുമാനത്തില്‍ മനപ്രയാസം പോലും വിശ്വാസികള്‍ക്ക് പാടില്ലാത്തതാണ്. ”ഇല്ല, നിന്റെ രക്ഷിതാവ് തന്നെയാണ് സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധി കല്പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂര്‍ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല.” (നിസാഅ് 65)
ഇബ്‌നു തൈമിയ(റ) പറയുന്നു: ”മതഭൗതിക വിഷയങ്ങളില്‍ നിങ്ങള്‍ക്കിടയിലുണ്ടാകുന്ന എല്ലാ ഭിന്നതകളിലും നബി(സ)യുടെ വിധി തൃപ്തിപ്പെടുകയും തന്മൂലം തങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിഷമവും അവശേഷിക്കാതിരിക്കുകയും ചെയ്യുവോളം നബി(സ)യുടെ ചര്യയില്‍ നിന്നും മതനിയമത്തില്‍ നിന്നും പുറത്ത് പോയവരാരും സത്യവിശ്വാസിയാവുകയില്ലെന്ന് അല്ലാഹു തന്റെ വിശുദ്ധ ദേഹം കൊണ്ട് സത്യം ചെയ്തിരിക്കുന്നു.” (മജ്മൂഅ് ഫതാവാ)
ജീവിതത്തിന്റെ സര്‍വ മേഖലയിലും അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും കല്പനകള്‍ പുലര്‍ത്തുകയും വിരോധങ്ങളില്‍ നിന്ന് സംതൃപ്തിയോടും താല്പര്യത്തോടും കൂടി വിട്ടുനില്ക്കുകയും ശരീഅത്തിന്റെ കാര്യത്തില്‍ പ്രയാസമോ സന്ദേഹമോ ഇല്ലാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രവാചക സ്‌നേഹം. മറ്റേത് കാര്യത്തെക്കാളും അല്ലാഹുവിനെയും റസൂലിനെയും സ്‌നേഹിക്കല്‍ ഈമാനിന്റെ മാധുര്യം ആസ്വദിക്കാനാകും. ഉത്തമമാതൃകയുള്ള നബി(സ) തന്നിലേല്പിക്കപ്പെട്ടത് കൃത്യമായി നമുക്ക് മാതൃക രചിച്ചുതന്നിട്ടുണ്ട്. അത് സ്വീകരിക്കലാണ് പ്രധാനം.
”നിങ്ങള്‍ക്ക് റസൂല്‍ നല്കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞുനില്ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്.” (ഹശ്ര്‍ 7)
നബി(സ) പറഞ്ഞു: ”ഒരു കാര്യം ഞാന്‍ നിങ്ങളോട് കല്പിച്ചാല്‍ സാധ്യമാവുന്നത് നിങ്ങള്‍ പ്രവര്‍ത്തിക്കുക. ഒരു കാര്യം ഞാന്‍ നിങ്ങളോട് വിരോധിച്ചാല്‍ അത് നിങ്ങള്‍ വെടിയുകയും ചെയ്യുക.” (മുസ്‌ലിം, കിതാബുല്‍ ഹജ്ജ്)
അല്ലാഹുവിനോടും റസൂലിനോടുമുള്ള(സ) സ്‌നേഹം പൂര്‍വികരില്‍ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു. അബൂബക്കര്‍(റ) ബദറിന്റെ വേളയില്‍ തന്റെ പിതാവിനെ തല്ലിയതും അബൂഉബൈദ(റ) രണാങ്കണത്തില്‍ തന്റെ പിതാവിനെ വധിച്ചതും സൈദ്(റ) തന്റെ പിതാവിനെക്കാളും ബന്ധുക്കളെക്കാളും നബി(സ)യെ തെരഞ്ഞെടുത്തതും ആ സ്‌നേഹം കൊണ്ടായിരുന്നു.
അല്ലാഹു അവരെ സംബന്ധിച്ച് പറയുന്നു: ”അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്തു നില്ക്കുന്നവരുമായി സ്‌നേഹബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍പ്പുള്ളവര്‍) അവരുടെ പിതാക്കളോ പുത്രന്മാരോ സഹോദരന്മാരോ ബന്ധുക്കളോ ആയിരുന്നാല്‍ പോലും അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഈമാന്‍ രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്കുകയും ചെയ്തിരിക്കുന്നു.” (മുജാദില 22)
കള്ള പ്രവാചകനായ മുസൈലിമത്ത്, ഹബീബ്ബ്‌നു സൈദിനെ(റ) അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് ഓരോ അവയവങ്ങള്‍ അരിഞ്ഞെടുത്ത് ഇഞ്ചിഞ്ചായി വധിച്ചപ്പോഴും അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാ എന്ന് സൈദ് ആവര്‍ത്തിച്ചുരുവിട്ടത് പ്രവാചകനോടുള്ള സ്‌നേഹം കൊണ്ടായിരുന്നു. തൂക്കുമരത്തിലേറ്റിയപ്പോള്‍ എന്റെ പ്രിയങ്കരനായ പ്രവാചകന്റെ കാലില്‍ മുള്ളു തറയ്ക്കുന്നത് പോലും ഇഷ്ടമല്ല എന്ന് പ്രഖ്യാപിച്ച ഖുബൈബും(റ) മരംകോച്ചുന്ന തണുപ്പത്തും നബി(സ)യുടെ കച്ചവടത്തിങ്കല്‍ അദ്ദേഹത്തിന് കാവല്‍ നില്ക്കുന്ന മിഖ്ദാദും(റ) ഈ സ്‌നേഹം സാക്ഷാത്കരിക്കുകയായിരുന്നു. ഉഹ്ദ് രണാങ്കണത്തില്‍ പ്രവാചകന്റെ ചുറ്റും കവചം തീര്‍ത്ത് സ്വന്തം ജീവന്‍ ബലി നല്കിയ സ്വഹാബത്ത് നബി(സ)യുടെ സുന്നത്ത് ചാണിന് ചാണായും മുഴത്തിന് മുഴമായും സ്വീകരിച്ചവരായിരുന്നു.
സ്വര്‍ണമോതിരമണിഞ്ഞ അനുചരന്റെ കയ്യില്‍ നിന്നും നബി(സ) അത് ഊരിയെറിഞ്ഞു. പിന്നീടത് എടുത്ത് ഭാര്യക്ക് കൊടുക്കാനും പുരുഷന്മാര്‍ക്ക് നിഷിദ്ധമായതു കൊണ്ടാണ് നബി(സ) അത് എറിഞ്ഞത് എന്നും സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍, ‘ഇല്ല, അല്ലാഹുവിന്റെ റസൂല്‍(സ) എറിഞ്ഞത് ഇനി ഞാനനുഭവിക്കില്ല’ എന്നു പറയാന്‍ പ്രാപ്തമാക്കിയ സ്‌നേഹമാണ് സുന്നത്തിനോട് വിശ്വാസികള്‍ പുലര്‍ത്തേണ്ടത്. നബി(സ)ക്ക് വേണ്ടി സ്വലാത്ത്, സലാം എന്നിവ ചൊല്ലുകയും വസീലക്കായി പ്രാര്‍ഥിക്കാനും നാം ബാധ്യതപ്പെട്ടവരാണ്. അല്ലാഹു അദ്ദേഹത്തിന് ഉന്നതമായ സ്ഥാനവും പദവിയും നല്കിയിട്ടുണ്ട്. അത് അംഗീകരിക്കുകയും മഹത്വം കല്പിക്കുകയും അല്ലാഹു നല്കാത്ത സ്ഥാനത്തേക്ക് അദ്ദേഹത്തെ ഉയര്‍ത്താതിരിക്കുകയും ചെയ്യുകയെന്നതാണ് പ്രവാചകനോടുള്ള സ്‌നേഹം.
അനസ്(റ) പറയുന്നു: തീര്‍ച്ചയായും ഒരാള്‍ പറഞ്ഞു: ”മുഹമ്മദേ, ഞങ്ങളുടെ നേതാവേ, നേതാവിന്റെ പുത്രരേ, ഞങ്ങളില്‍ ഉത്തമരേ, ഉത്തമരുടെ പുത്രരേ.” അപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണേ എന്ന് ഞാന്‍ വസിയ്യത്ത് ചെയ്യുന്നു. നിങ്ങളെ പിശാച് പിഴപ്പിക്കാതിരിക്കട്ടെ. ഞാന്‍ അബ്ദുല്ലയുടെ മകന്‍ മുഹമ്മദാണ്. അല്ലാഹുവിന്റെ റസൂലാണ്. അല്ലാഹുവാണ സത്യം, അല്ലാഹു എന്നെ ഉയര്‍ത്തിയ സ്ഥാനത്തേക്കാള്‍ നിങ്ങള്‍ എന്നെ ഉയര്‍ത്തുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല.” (മുസ്‌നദ് അഹ്മദ് 12573)

Back to Top