ഗസ്സയിലെ നഴ്‌സുമാരെ ഇസ്‌റായേല്‍ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം
ജറൂസലമില്‍ ഇസ്‌റായേലിന്റെ കീഴിലുള്ള ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുക്കുന്ന ഫലസ്തീനി നഴ്‌സുമാരെ പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധം. ഗസ്സയില്‍ നിന്നുള്ള ഫലസ്തീന്‍ നഴ്‌സുമാര്‍ക്ക് ജറൂസലമിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇവരെ ജോലിയില്‍ നിന്നും ഒഴിവാക്കിയത്. ജറൂസലമിലെ മഖാസിദ് ആശുപത്രിയില്‍ കഴിഞ്ഞ 20 വര്‍ഷമായി ജോലി ചെയ്തിരുന്ന ഏഴ് നഴ്‌സുമാര്‍ക്കാണ് യാത്രവിലക്ക് ഏര്‍പ്പെടുത്തിയത്. ഈ നഴ്‌സുമാര്‍ ബുധനാഴ്ച ഗസ്സ നഗരത്തിലെ പൊതുചത്വരത്തില്‍ ഒരുമിച്ചു കൂടി പ്രതിഷേധിച്ചു. വെള്ള കോട്ടണിഞ്ഞ് പ്രതിഷേധിച്ച നഴ്‌സുമാര്‍ ‘ഞങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത് ഞങ്ങളുടെ തൊഴിലിനോടും കുടുംബത്തോടും ചെയ്യുന്ന വധശിക്ഷയാണ്’ എന്നെഴുതിയ പ്ലക്കാര്‍ഡും ഉയര്‍ത്തിപ്പിടിച്ചു. ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി മറ്റു ആരോഗ്യപ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തു. ഗസ്സക്കാര്‍ക്ക് ഇസ്‌റായേല്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് അംഗീകരിക്കാനാവില്ലെന്നും ഇതിന്റെ മാനദണ്ഡങ്ങള്‍ അവ്യക്തമാണെന്നും മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു.
