ഇസ്‌ലാം വിരുദ്ധ നീക്കം: മാക്രോണിന്റെ മനോനില പരിശോധിച്ച് ചികിത്സിക്കണമെന്ന് ഉറുദുഗാന്‍
മുസ്‌ലിംകളോടുള്ള ഫ്രാന്‍സിന്റെ പുതിയ സമീപനത്തിന്റെ പേരില്‍ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുസ്‌ലിംകളോടും ഇസ്‌ലാമിനും നേരെയുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിന്റെ സമീപനം മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്‍. ”മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്‍മാര്‍ ഉള്‍പ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാന്‍ കഴിയുക? ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാന്‍” -കയ്‌സേരി നഗരത്തില്‍ ശനിയാഴ്ച നടന്ന യോഗത്തില്‍ ഉറുദുഗാന്‍ പറഞ്ഞു. ഇസ്‌ലാമിക മൗലികവാദത്തെ പ്രതിരോധിക്കാനും ഫ്രാന്‍സിന്റെ മതേതര പ്രതിച്ഛായ സംരക്ഷിക്കാനുമുള്ള പദ്ധതികള്‍ അനാവരണം ചെയ്ത മാക്രോണിന്റെ പുത്തന്‍ നയങ്ങള്‍ക്കെതിരായിരുന്നു തുര്‍ക്കി ഭരണാധികാരിയുടെ ആക്രമണം. തുര്‍ക്കിയുടെ പ്രസ്താവന അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും അതിനാല്‍ തങ്ങളുടെ സ്ഥാനപതിയെ തിരികെ വിളിക്കുന്നതായും ഫ്രാന്‍സ് പ്രതികരിച്ചു. ഫ്രാന്‍സില്‍ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‌ലാമെന്ന് മാക്രോണ്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ കൊണ്ടുവന്ന ചരിത്ര അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് വിവാദങ്ങള്‍ കൂടുതല്‍ കത്തിപ്പടര്‍ന്നത്. ഫ്രാന്‍സില്‍ ഇപ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും ഹിജാബ് നിരോധമുണ്ട്. മാക്രോണിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു.
