കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍
കുട്ടികള്‍ക്കു നേരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കു നേരെ കാമ്പയിനുമായി വിവിധ ഗള്‍ഫ് രാഷ്ട്രങ്ങള്‍. കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സ്‌പെഷ്യലിസ്റ്റുകളുമായും അസോസിയേഷനുകളുമായും സഹകരിച്ച് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ ആണ് ഓണ്‍ലൈനില്‍ കാമ്പയിന്‍ സംഘടിപ്പിച്ചത്.
‘നിങ്ങള്‍ എന്തിനെക്കുറിച്ചാണ് നിശബ്ദത പാലിക്കുന്നത്’ എന്ന തലക്കെട്ടിലാണ് കാമ്പയിന്‍. ഇന്ന് ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഭയപ്പെടുത്തുന്ന ഈ പ്രതിഭാസം കുട്ടികളില്‍ ദോഷകരമായ സ്വാധീനമാണ് ചെലുത്തുന്നതെന്ന് കാമ്പയിന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഈ പ്രശ്‌നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും ഈ കാമ്പയിന്‍ വെളിച്ചം വീശുന്നു. ഇതിനെതിരെ അവബോധം വളര്‍ത്തുന്ന വീഡിയോകള്‍ ഷെയര്‍ ചെയ്തും ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചുമാണ് കാമ്പയിന്‍.
ഇതിനായി ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ ഒരു വെബ്‌സൈറ്റും ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍, സംഘടനകള്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്ന് മിഡിലീസ്റ്റ് മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു
