23 Monday
December 2024
2024 December 23
1446 Joumada II 21

മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി ഖുര്‍ആന്‍ വ്യാഖ്യാനിക്കാമോ?

പി കെ മൊയ്തീന്‍ സുല്ലമി

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വളരുംതോറും വിശുദ്ധ ഖുര്‍ആനിന്റെ ആശയവ്യാപനവും പ്രസക്തിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ മുന്‍ഗാമികളില്‍ ആരെങ്കിലും അന്നത്തെ അറിവ് വെച്ച് ഒരു ഖുര്‍ആന്‍ വചനത്തിന് നല്‍കിയ വ്യാഖ്യാനം നമ്മുടെ പഠനത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍ വ്യാഖ്യാനിക്കാന്‍ പാടില്ലായെന്ന തത്വം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല. കാരണം വിശുദ്ധ ഖുര്‍ആനിന്റെ ഒരു വചനവും പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിരുദ്ധമല്ല. അല്ലാഹു പറയുന്നു: ”ആകാശത്തെ നാം കരങ്ങളാല്‍ സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായം നാം അതിനെ വികസിപ്പിക്കുന്നതാകുന്നു.” (ദാരിയാത്ത് 47). മനുഷ്യരുടെ വിവിധ തരത്തിലുള്ള ആകാശയാത്രകളും ചന്ദ്രനിലേക്കും മറ്റു ഗോളങ്ങളിലേക്കുമുള്ള യാത്രകളും ഈ വികാസത്തിന്റെ ഭാഗം തന്നെയാണ്.
മറ്റൊരു വചനത്തില്‍ അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും നിങ്ങള്‍ ഘട്ടം ഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്” (ഇന്‍ശിഖാഖ് 19). മനുഷ്യരുടെ ഭൗതികമായ പുരോഗതിയാണ് മേല്‍ വിവരിച്ചത്. ഏതെങ്കിലും നിസ്സാരന്മാര്‍ വിചാരിച്ചാല്‍ വിശുദ്ധ ഖുര്‍ആനിന്റെ പ്രഭ ഊതിക്കെടുത്താന്‍ സാധ്യമല്ല. അത് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവര്‍ ഉണ്ടാകുമെന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്: ”അവര്‍ അവരുടെ വായ കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ വെറുത്താലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.” (സ്വഫ്ഫ് 8)
ഗവേഷണപരമായ കാര്യങ്ങളില്‍ പുലര്‍ന്നുവരികയും തെളിയിക്കപ്പെടുകയും ചെയ്തിട്ടുള്ള, സത്യത്തിന്നും യാഥാര്‍ഥ്യങ്ങള്‍ക്കും വിരുദ്ധമായി മുന്‍ഗാമികളില്‍ ആരെങ്കിലും ഖുര്‍ആനിനെ വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില്‍ നിര്‍ബന്ധമായും തിരുത്തേണ്ടതാണ്. കാരണം അത് ഖുര്‍ആനിന്റെ അമാനുഷികതക്ക് വിരുദ്ധമാണ്. അല്ലാഹു പറയുന്നു: ”അതിന്റെ മുന്നിലൂടെയോ പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല.” (ഫുസ്സ്വിലത്ത് 42)
അതേയവസരത്തില്‍ വിശ്വാസ, കര്‍മപരമായ ആരാധനാകര്‍മങ്ങളില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ അതിന് അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ വെച്ച നിബന്ധനകളും ക്രമവും പാലിക്കേണ്ടതാണ്. കാരണം നാം ഇസ്‌ലാം മനസ്സിലാക്കിയിട്ടുള്ളത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിലും മുന്‍ഗാമികളില്‍ നിന്നാണ്. അവര്‍ വിശുദ്ധ ഖുര്‍ആനിന്റേയും സ്വഹീഹായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ വിശദീകരിച്ച കാര്യങ്ങള്‍ അംഗീകരിക്കല്‍ നമുക്കും നിര്‍ബന്ധമാണ്.
ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട രീതിശാസ്ത്രം ഇമാം ഇബ്‌നു കസീര്‍(റ) വിശദീകരിച്ചിട്ടുണ്ട്. ”ഖുര്‍ആനിനെ വ്യാഖ്യാനിക്കേത് ഖുര്‍ആന്‍ കൊണ്ട് തന്നെയാണ്. പിന്നെ പ്രസിദ്ധമാക്കപ്പെട്ടതും അംഗീകൃതവുമായ ഹദീസുകള്‍ കൊണ്ടാണ്. പിന്നീട് സ്വഹാബികളുടെയും താബിഉകളുടെയും പ്രസ്താവനകള്‍ കൊണ്ടുമാണ് ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത്.” (മുഖ്തസ്വര്‍ ഇബ്‌നികസീര്‍, മുഖദ്ദിമ 1:3)
എന്നാല്‍ പലരും ഖുര്‍ആന്‍ വ്യാഖ്യാനിക്കാറുള്ളത് ഈ ക്രമം പാലിച്ചുകൊണ്ടല്ല. അവര്‍ ആദ്യം പോകാറുള്ളത് മുഫസ്സിറുകളുടെ (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍) അഭിപ്രായങ്ങളിലേക്കാണ്. യഥാര്‍ഥത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതില്‍ അഞ്ചാം സ്ഥാനമാണ് മുഫസ്സിറുകള്‍ക്കുള്ളത്. അല്ലെങ്കില്‍ അവലംബമാക്കാറുള്ളത് ദുര്‍ബലമോ നിര്‍മിതമോ ആയ ഹദീസുകളെയാണ്. ഇത്തരം ഹദീസുകള്‍ പലപ്പോഴും ഖുര്‍ആനിനു തന്നെ വിരുദ്ധമായിരിക്കും. ഖുര്‍ആന്‍ ആശയങ്ങള്‍ക്ക് വിരുദ്ധമായി ഖുര്‍ആനിനെ വ്യാഖ്യാനിക്കല്‍ കുറ്റകരമാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു: ”നബി(സ)യില്‍ നിന്ന് പോലും ആണെങ്കിലും ശരി ഖുര്‍ആനിനോട് യോജിച്ചുവരുന്ന അഭിപ്രായങ്ങളല്ലാതെ സ്വീകരിക്കപ്പെടുന്നതല്ല.” (ഫത്ഹുല്‍ബാരി 17:39)
വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ അവതരണം ശഅ്ബാന്‍ പാതിരാവിനാണെന്ന് ഇക്‌രിമ(റ)യിലൂടെ ജലാലൈനി തഫ്‌സീര്‍ വിശദീകരിക്കുന്നുണ്ട്. ഖുര്‍ആനിനെ ഖുര്‍ആന്‍ കൊണ്ടു തന്നെ വിശദീകരിക്കുമ്പോള്‍ അത് അബദ്ധമാണെന്ന് ബോധ്യപ്പെടും. അല്ലാഹു പറയുന്നു: ”വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍” (അല്‍ബഖറ 185)
വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് അനുഗൃഹീത രാവിലാണെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”തീര്‍ച്ചയായും നാം അതിനെ ഒരനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു.” (ദുഖാന്‍ 3). ഏതാണ് ആ അനുഗൃഹീത രാവെന്നും ഖുര്‍ആന്‍ വിശദീകരിക്കുന്നു: ”തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) നിര്‍ണയത്തിന്റെ രാവില്‍ അവതരിപ്പിച്ചിരിക്കുന്നു.” (ഖദ്ര്‍ 1)
ഖുര്‍ആന്‍ ഖുര്‍ആനിനെക്കൊണ്ട് വിശദീകരിക്കുന്ന മറ്റൊരു ഉദാഹരണം കുഞ്ഞുങ്ങളുടെ മുലകുടിയാണ്. മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ചുരുങ്ങിയത് എത്ര കാലം മുല കൊടുക്കണം, കൂടിയാല്‍ എത്രകാലം കൊടുക്കാം, മുല കൊടുക്കാന്‍ മറ്റൊരു സ്ത്രീയെ ഏല്പിക്കാമോ എന്നെല്ലാം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്: ”അവര്‍ നിങ്ങള്‍ക്കുവേണ്ടി മുല കൊടുക്കുന്ന പക്ഷം അവര്‍ക്ക് നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കേണ്ടതാണ്” (ത്വലാഖ് 6). ഏറ്റവും ചുരുങ്ങിയ മുല കുടിയുടെ കാലം ഖുര്‍ആന്‍ വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”അവന്റെ ഗര്‍ഭകാലവും മുല കുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു.” (അഹ്ഖാഫ് 15)
എന്നാല്‍ സമ്പൂര്‍ണമായും കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കേണ്ടത് രണ്ട് വര്‍ഷക്കാലമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നു: ”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടു വര്‍ഷം മുലകൊടുക്കേണ്ടതാണ്. കുട്ടിയുടെ മുലകുടി പൂര്‍ണമാക്കണം എന്നുദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്.” (അല്‍ബഖറ 233)
രണ്ടാമതായി ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത് സ്വഹീഹായ ഹദീസുകള്‍ കൊണ്ടാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ നിങ്ങളുടെ തല തടവുകയും ചെയ്യുക” (മാഇദ 6). അതിന്റെ രൂപം നബി(സ) കാണിച്ചുകൊടുക്കുന്നത് ഇപ്രകാരമാണ്: ”നബി(സ) തലയുടെ മുന്‍ഭാഗത്തു നിന്ന് തടവല്‍ ആരംഭിക്കുകയും പിന്നീട് രണ്ടു കൈകളും പിരടി വരെ തടവാന്‍ ആരംഭിച്ചേടത്തേക്കു തന്നെ മടക്കുകയും ചെയ്തു.” (ബുഖാരി, മുസ്‌ലിം)
കപട വിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ മേല്‍ ജനാസ നമസ്‌കരിക്കുന്നതിനെ തടഞ്ഞുകൊണ്ട് അല്ലാഹു പറയുന്നു: ”അവരുടെ കൂട്ടത്തില്‍ മരണപ്പെട്ട യാതൊരാളുടെ പേരിലും ഒരിക്കലും നമസ്‌കരിക്കരുത്” (തൗബ 84). മേല്‍ വചനത്തിന്റെ അവതരണ സന്ദര്‍ഭം ഇമാം ബുഖാരി ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുക: ”നബി(സ) അബ്ദുല്ലാഹിബ്‌നു ഉബയ്യിനു വേണ്ടി ജനാസ നമസ്‌കരിക്കാന്‍ നിന്നു. അപ്പോള്‍ ഉമര്‍(റ) നബി(സ)യുടെ വസ്ത്രം പിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അദ്ദേഹം കപട വിശ്വാസിയായിരിക്കെ താങ്കള്‍ അദ്ദേഹത്തിനു വേണ്ടി നമസ്‌കരിക്കുകയാണോ?” (ബുഖാരി 4672)
മൂന്നാമതായി സ്വഹാബത്തിന്റെ അഭിപ്രായങ്ങള്‍ അനുസരിച്ചാണ് ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ടത്. അല്ലാഹു പറയുന്നു: ”ഞെരുങ്ങിക്കൊണ്ട് മാത്രം (നോമ്പെടുക്കുന്നവര്‍) അതിന് സാധിക്കുന്നവര്‍ ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്” (അല്‍ബഖറ 184). ഈ വചനം വിശദീകരിച്ച് ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”അവര്‍ വയോവൃദ്ധരും വൃദ്ധകളുമാണ്. അവര്‍ ഓരോ ദിവസം നോമ്പിന് പകരമായി ഓരോ മിസ്‌കീനിനു ഭക്ഷണം നല്‍കിയാല്‍ മതിയാകുന്നതാണ്.” (ബുഖാരി)
മറ്റൊരു വചനവും ശ്രദ്ധിക്കുക: ”വേദത്തില്‍ നിന്ന് ഒരു വിഹിതം നല്‍കപ്പെട്ടവരെ നീ നോക്കിയില്ലേ? അവര്‍ ത്വാഗൂത്തിലും ജിബ്ത്തിലും വിശ്വസിക്കുന്നു” (നിസാഅ് 51). ഇവിടെ ‘ജിബ്തി’ന്റെ വ്യാഖ്യാനമായി സ്വഹാബികളില്‍ ചിലര്‍ പറഞ്ഞത് ഇപ്രകാരമാണ്: ”ജിബ്ത് എന്നു പറഞ്ഞാല്‍ സിഹ്‌റാണ്. ഉമറും(റ) അബ്ദുല്ലാഹിബ്‌നു അബ്ബാസും(റ) അപ്രകാരം വ്യാഖ്യാനം നല്‍കുകയുണ്ടായി.” (ഇബ്‌നുകസീര്‍ 1:626)
എന്നാല്‍ ‘ജിബ്തിന്’ അതേ വ്യാഖ്യാനം തന്നെയാണ് താബിഉകളില്‍ പ്രമുഖരായ ചിലരും കൊടുത്തത്. ”ജിബ്തില്‍ വിശ്വസിക്കുകയെന്നതിന്റെ താല്‍പര്യം സിഹ്‌റില്‍ വിശ്വസിക്കുക എന്നതാണ്. മുജാഹിദ്, അത്വാഅ്, ഇക്‌രിമ എന്നിവരുടെ അഭിപ്രായം അപ്രകാരമാണ്.” (ഇബ്‌നുകസീര്‍ 1:626)
സിഹ്‌റിന് ഫലമുണ്ട്് എന്ന വിശ്വാസം യഹൂദികളുടെയും നസ്വാറകളുടെയുമാണെന്ന് മനസ്സിലാക്കാം. ചുരുക്കത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍ അതിന് നിശ്ചയിച്ച ക്രമം പാലിക്കേണ്ടതാണ്.

Back to Top