5 Friday
December 2025
2025 December 5
1447 Joumada II 14

കോവിഡ് ജാഗ്രത സാമൂഹിക ബാധ്യത

കോവിഡ് മഹാമാരി ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മൂര്‍ധന്യാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശരാശരി 9,000-ത്തിനടുത്ത് കോവിഡ് കേസുകളാണ് പ്രതിദിനം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 12,000-ത്തിനടുത്ത് കേസുകള്‍ വരെ എത്തിയിട്ടുണ്ട്. ഒക്ടോബര്‍ അവസാനത്തോടെ 20,000 കേസുകള്‍ എന്ന നിലയിലേക്ക് ഉയരാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. രാജ്യത്തൊട്ടാകെ മുക്കാല്‍ ലക്ഷത്തിലധികം കേസുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ദിനേന റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.
കരുതലോടെ മാത്രം ജീവിക്കാന്‍ കഴിയുന്ന കോവിഡ് കാലത്തെയാണ് നാം അതിജീവിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ കരുതല്‍ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ആവശ്യമാണ്. ഒന്നിലധികം രാജ്യങ്ങള്‍ വികസിപ്പിച്ച കോവിഡ് വാക്‌സിനുകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പലതും രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരിശോധനകളിലാണ്. 2020 അവസാനത്തോടെ വാക്‌സിനുകള്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സമഗ്രവും സമ്പൂര്‍ണവുമായ വാക്‌സിനേഷന്‍ അത്ര എളുപ്പമല്ല. ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലേക്കും കോവിഡ് 19 പടര്‍ന്നു കയറിക്കഴിഞ്ഞിട്ടുണ്ട്. ആന്‍ഡമാന്‍ അടക്കം ഒറ്റപ്പെടുന്ന ദ്വീപ് സമൂഹങ്ങളിലേക്ക് വരെ. മുഴുവന്‍ മനുഷ്യരിലേക്കും വാക്‌സിനേഷന്‍ എത്തിയല്ലാതെ ഈ മഹാമാരിയുടെ പിടിയില്‍നിന്ന് മാനവരാശിക്ക് മോചനമില്ലെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.
സാമ്പത്തിക ഭദ്രതയുള്ള രാജ്യങ്ങള്‍ക്കൊപ്പം തന്നെ പരാധീനതകളില്‍ വീര്‍പ്പു മുട്ടുന്ന രാജ്യങ്ങള്‍ക്കും ഈ പ്രതിസന്ധിയെ അതിജീവിക്കേണ്ടതുണ്ട്. അത് അവരെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല, മാനവരാശിക്കു മുന്നിലെ മോചനത്തിന്റെ മാര്‍ഗമാണ്. സൗജന്യ വാക്‌സിനേഷന്‍ ഈ രാജ്യങ്ങള്‍ക്ക് എത്രത്തോളം സ്വപ്‌നം കാണാന്‍ കഴിയുമെന്നതും ലോക രാഷ്ട്രങ്ങള്‍ എത്രത്തോളം അവരെ സഹായിക്കുമെന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. അതുകൊണ്ടുതന്നെ കരുതല്‍ തന്നെയാണ് മാനവരാശിക്കു മുന്നില്‍ ലഭ്യമായ ആദ്യത്തെ വാക്‌സിനേഷന്‍.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം മേലോട്ടു തന്നെയാണ്. കോവിഡ് ലോക്ക്ഡൗണും ഇതേതുടര്‍ന്ന് സമ്പദ് വ്യവസ്ഥയിലുണ്ടായ നിശ്ചലാവസ്ഥയും സൃഷ്ടിച്ച പ്രതിസന്ധി വിവരണാതീതമാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെയാണ് അത് കീഴ്‌മേല്‍ മറിച്ചത്. വരുമാനങ്ങള്‍ ഇടിഞ്ഞും നിലച്ചും പോയ വാണിജ്യ, വ്യവസായ മേഖല പ്രതാപത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. വിനോദ സഞ്ചാരവും ബസ് സര്‍വീസും തുടങ്ങി ഇപ്പോഴും പൂര്‍ണമായി തുറക്കപ്പെടാത്ത മേഖലകളുണ്ട്. അവയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ലക്ഷോപലക്ഷം മനുഷ്യരുണ്ട്. ഇവരെല്ലാം ഈ പ്രതിസന്ധിക്കാലത്തെ എങ്ങനെ അതിജീവിക്കുമെന്നത് പഠനം നടത്തേണ്ട വിഷയമാണ്.
രോഗനിര്‍ണയ പരിശോധനകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് രോഗസ്ഥിരീകരണ നിരക്കും കൂടുന്നു. ഇത് പരിശോധനകളുടെ അഭാവം രോഗവ്യാപനത്തെ ത്വരിതപ്പെടുത്തുന്നുണ്ട് എന്നതിനു തെളിവാണ്. പരിശോധനകളുടെ എണ്ണം കൂട്ടി രോഗികളെ കണ്ടെത്തി ഐസൊലേഷനിലേക്ക് മാറ്റി രോഗവ്യാപനത്തെ ചെറുക്കാനുള്ള ശ്രമമാണ് അടിയന്തരമായി വേണ്ടത്. ഒപ്പം രോഗവ്യാപനം ചെറുക്കാനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. തദ്ദേശ സഭകളിലെ വാര്‍ഡും ഡിവിഷനും കണക്കാക്കി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കല്‍ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇതിന് നേര്‍ വിപരീതമായ രീതിയിലാണ് നിയന്ത്രണങ്ങളുണ്ടാകുന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വരുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ശക്തമാണ്. അവശ്യസാധന ലഭ്യത പോലും പരിമിതമാണ്. എന്നാല്‍ ഇവിടെനിന്ന് പുറത്തേക്കുള്ള സഞ്ചാരം തടയല്‍ കേവല ചടങ്ങ് മാത്രമാണ്.
രോഗവ്യാപനം അതിരുവിട്ടാല്‍ ചികിത്സാ സൗകര്യങ്ങള്‍ അപര്യാപ്തമായി വരും. മരണനിരക്ക് ഉയരുന്നത് ഉള്‍പ്പെടെ ഇത് സൃഷ്ടിക്കാവുന്ന പ്രതിസന്ധി വളരെ വലുതാണ്. പശ്ചാത്യ രാജ്യങ്ങള്‍ തുടക്കത്തില്‍ കോവിഡിനെ കൈകാര്യം ചെയ്തതില്‍ വന്ന വീഴ്ചകളും അവിടെയുണ്ടായ മരണ നിരക്കും നമുക്ക് പാഠമാകേണ്ടതുണ്ട്. കോവിഡ് വിരുദ്ധ പോരാട്ടം രാഷ്ട്രീയ സ്റ്റണ്ട് മാത്രമാക്കി ചുരുക്കരുത്. ആളുകളെ ആ ലക്ഷ്യത്തിലേക്ക് എത്തിക്കുക എന്നത് ഭരണകൂട ദൗത്യമാണ്. ഒപ്പം ഓരോ മനുഷ്യരും ആ ലക്ഷ്യത്തിനൊപ്പം അണിചേരണം.

Back to Top