അറബ് ലീഗിന്റെ അധ്യക്ഷ സ്ഥാനം നിരസിച്ച് ലിബിയയും
അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ലിബിയയും. ഇത്തരത്തില്‍ അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ വിസമ്മതം പ്രകടിപ്പിക്കുന്ന ആറാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ലിബിയ. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ സാധിക്കാത്തതില്‍ ലീഗിന്റെ ജനറല്‍ സെക്രട്ടറിയേറ്റിനോട് ക്ഷമ ചോദിക്കുന്നതായി ലിബിയന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ ഖിബ്‌ലവി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ അറിയിച്ചു. മികച്ച സാഹചര്യങ്ങളില്‍ ലീഗിന്റെ അധ്യക്ഷസ്ഥാനത്തേക്ക് വരാന്‍ ലിബിയ ആഗ്രഹിക്കുന്നുണ്ട്. നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും അനുസൃതമായി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുമെന്നും ഇപ്പോള്‍ അതിന് തയാറല്ലെന്നുമാണ് പ്രസ്താവനയില്‍ വിശദീകരിക്കുന്നത്. അറബ് ലീഗിലെ കൗണ്‍സില്‍ അംഗരാജ്യങ്ങളുടെ അക്ഷരമാല ക്രമമനുസരിച്ച് അടുത്ത പ്രസിഡന്റ് സ്ഥാനം വഹിക്കേണ്ടത് ലിബിയ ആണ്. വരാനിലിരിക്കുന്ന അറബ് ലീഗിന്റെ 154-ാം സെഷനിലാണ് ലിബിയയുടെ തെരഞ്ഞെടുപ്പ് വരുന്നത്. നേരത്തെ ഖത്തര്‍, ഫലസ്തീന്‍, കൊമോറസ്, ലബനാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളും അറബ്‌ലീഗ് അധ്യക്ഷ പദവി വഹിക്കാന്‍ തയാറായിരുന്നില്ല. 1945 മാര്‍ച്ച് 22-നാണ് ഈജിപ്തിലെ കയ്‌റോ ആസ്ഥാനമായി അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ്‌ലീഗ് രൂപീകരിച്ചത്.
