22 Sunday
December 2024
2024 December 22
1446 Joumada II 20

ചരിത്രത്തെ റദ്ദ് ചെയ്യാനാവില്ല ബാബ്‌രി പള്ളി ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗം

ശ്രീജിത്ത് ദിവാകരന്‍

നാല് പതിറ്റാണ്ടായി അയോധ്യയില്‍ ഒരു പള്ളി നിലനിന്നിരുന്നു. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യപുരോഹിതനും അഖില ഭാരത രാമായണ മഹാസഭയുടെ നേതാവുമായ ദിഗ്‌വിജയ് നാഥടക്കമുള്ള ഹൈന്ദവ സന്യാസിമാര്‍ 1949 ഡിസംബര്‍ 22-ന് രാത്രി പള്ളിക്കകത്ത് കയറി ശിശുരൂപത്തിലുള്ള രാമന്റെ പ്രതിമ പള്ളിക്കകത്ത് കൊണ്ടുവച്ചു. പിന്നീട് സംഘപരിവാര്‍ പ്രതിനിധിയായി ജനസംഘത്തിന്റെ എം പിയായ ഒരു ജില്ലാ മജിസ്‌ട്രേറ്റ് ആ പ്രതിമകള്‍ പള്ളിക്കകത്ത് തന്നെ വയ്ക്കാനും ഇടയ്ക്ക് പൂജ നടത്താനും അനുമതി നല്‍കി. പിന്നീട് കുറേ കാലത്തേയ്ക്ക് ഒന്നും സംഭവിച്ചില്ല.

1980-ലാണ് സംഘപരിവാര്‍ ഒടുവില്‍ ഒറ്റയ്ക്ക് ഒരു രാഷ്ട്രീയ സംഘടന രൂപീകരിക്കുന്നത്. 1925 മുതല്‍ ആര്‍ എസ് എസിന് ഇക്കാര്യത്തില്‍ സംശയമായിരുന്നു. അതിലൊരൊറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യ എന്ന രാജ്യത്തേയോ ഇവിടത്തെ ഭരണഘടനയേയോ ദേശീയ ഗാനത്തേയോ ദേശീയ പതാകയേയോ നമ്മുടെ അതിര്‍ത്തികളേയോ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമായ ജനാധിപത്യത്തേയോ ആര്‍ എസ്് എസ് തീവ്രവാദികള്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഹിന്ദുരാഷ്ട്രമുണ്ടാക്കാനുള്ള ശ്രമം, ഈ ഭരണഘടനയെ അംഗീകരിച്ചുകൊണ്ടോ രാഷ്ട്രീയ അധികാരം നേടിക്കൊണ്ടോ ആകരുത്, ഹൈന്ദവ സമൂഹത്തെ ഒന്നിപ്പിച്ച് കൊണ്ടാകണമെന്നതായിരുന്നു അവരുടെ അജണ്ട.
ഈ നിലപാടിന് മാറ്റം വന്നത് ഗാന്ധിജിയുടെ വധത്തെ തുടര്‍ന്ന് ആര്‍ എസ് എസ് നിരോധിക്കപ്പെടുകയും അവരുടെ മേധാവി എം എസ് ഗോള്‍വാള്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോഴാണ്. ആര്‍ എസ് എസിന്റെ ആത്മീയ നേതൃത്വമായിരുന്ന സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് ദേശീയ പ്രസ്ഥാനത്തിലുള്ള മുസ്‌ലിം നേതൃത്വത്തെ ഒറ്റുകൊടുത്ത് തീവ്ര ഹൈന്ദവ പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കാന്‍ തുടങ്ങിയ ഇരുപതുകളുടെ ആദ്യം മുതല്‍ ഈ സംഘടനകളോ വ്യക്തികളോ ബ്രിട്ടീഷ് നേതൃത്വവുമായി പിണങ്ങിയിട്ടില്ല. ആര്‍ എസ് എസ് സ്വാതന്ത്ര്യത്തിന് മുമ്പ് ഒരിക്കല്‍ പോലും നിരോധിക്കപ്പെട്ടിട്ടില്ല. അവരുടെ നേതൃത്വം അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. നിരോധനവും അറസ്റ്റുമാണ് ഗോള്‍വാള്‍ക്കറെ രാഷ്ട്രീയ സംഘടന രൂപവത്കരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ഒരു സംഘടന ആരംഭിക്കാന്‍ അവര്‍ക്ക് എപ്പോഴും മടിയായിരുന്നു.
ആദ്യം വിദ്യാര്‍ഥി സംഘടനയും പിന്നീട് തൊഴിലാളി സംഘടനയും രൂപവത്കരിച്ച ആര്‍ എസ് എസ് മറ്റ് പല രാഷ്ട്രീയ സഖ്യങ്ങളില്‍ നിന്ന് വിട്ടു വന്നവരെ യോജിപ്പിച്ച് കൊണ്ടാണ് രാഷ്ട്രീയസംഘടനകള്‍ ആരംഭിച്ചത്. ഭാരതീയ ജനസംഘമായും ജനതാപാര്‍ട്ടിയായും പല രൂപത്തില്‍ വന്ന ശേഷം, അടിയന്തിരാവസ്ഥയ്ക്ക് ശേഷം, സംഘപരിവാറുമായി ബന്ധമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ നിലപാട് എടുത്തതോടെയാണ് ആര്‍ എസ് എസ് സ്വന്തം രാഷ്ട്രീയ കക്ഷി എന്ന നിലപാടിലേക്ക് എത്തിയത്. 1980-ല്‍ അങ്ങനെ ബി ജെ പി ഉണ്ടായി. എഴുപതുകളില്‍ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ കലക്കത്തില്‍ പെട്ട ഏതാനും ആളുകള്‍ കൂടി ഭാഗവാക്കായിരുന്നുവെങ്കിലും ആത്യന്തികമായി ആര്‍ എസ് എസിന്റെ സംഘപരിവാര കുടക്കീഴിലുള്ള പൊളിറ്റിക്കല്‍ എന്റ്‌റിറ്റിയായിരുന്നു ബി ജെ പി.
തുടര്‍ന്ന് സംഭവങ്ങളുണ്ടാകുന്നത് സംഘപരിവാര്‍ പൊളിറ്റിക്കല്‍ എന്റ്‌റിറ്റിയായ ബി ജെ പി ഉണ്ടാക്കുമ്പോഴാണ്. എണ്‍പതുകളില്‍. വിവിധ തീവ്ര ഹൈന്ദവ സംഘടനകള്‍ യോഗം ചേര്‍ന്ന് അയോധ്യയിലെ ബാബ്‌രി പള്ളിയുടെ മേല്‍ അവകാശം ഉന്നയിക്കാനുള്ള പഴയ സംഘപരിവാര്‍ അജണ്ടയിലേക്ക് തിരിച്ച് പോകാനും അതിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം എല്‍ കെ അദ്വാനിക്കായിരിക്കുമെന്നും തീരുമാനിച്ചു. ശേഷം ചരിത്രമാണ്.
എണ്‍പതുകളില്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ആരംഭിച്ച രാമജന്മഭൂമി പ്രക്ഷോഭം ഇന്ത്യയുടെ സമകാലിക ചരിത്രത്തിന്റെ ഭാഗമാണ്. അദ്വാനി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. അതിന്റെ ഭാഗമായിരുന്ന മിക്കവാറും പേരും. രണ്ട് എം പിമാരായിരുന്നു ഈ പ്രക്ഷോഭം ആരംഭിക്കുമ്പോള്‍ ബി ജെ പിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഏതാണ്ട് പത്ത് കൊല്ലം കഴിഞ്ഞ് പള്ളിപൊളിക്കുമ്പോള്‍ എണ്‍പതോളം പേരുണ്ട്. മൂന്ന് പതിറ്റാണ്ട് വീണ്ടും നീളുമ്പോള്‍, പച്ചവെളിച്ചത്തില്‍ പത്ത് കൊല്ലത്തെ തയ്യാറെടുപ്പിനും അമ്പത് കൊല്ലത്തെ ഗൂഢാലോചനയ്ക്കും ശേഷം പള്ളി പൊളിച്ചതില്‍ ഈ പ്രതികള്‍ക്കാര്‍ക്കും പങ്കില്ല എന്ന സി ബി ഐ കോടതി വിധി വരുമ്പോള്‍, പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ രാജ്യം ഭരിക്കുകയാണ് ബി ജെ പി അഥവാ സംഘപരിവാര്‍.

 

ഇതില്‍ കൂടുതല്‍ ബാബ്‌രി മസ്ജിദ് വിധിയെ കുറിച്ച് ആരോടും സംസാരിക്കേണ്ട കാര്യമില്ല. കാരണം ഇന്ത്യന്‍ ചരിത്രത്തില്‍ ഇത്രയും സുതാര്യമായ ക്രിമിനല്‍ കേസ് ഉണ്ടാകില്ല. പകല്‍ വെളിച്ചത്തില്‍ നടന്ന ആക്രമണം. ഗൂഢാലോചനക്കാരോ അത് സ്വീകരിച്ചവരോ അത് മറച്ച് വച്ചില്ല. കാരണം കൂടുതല്‍ പേര്‍ ഇതറിയുന്നുവെന്നതായിരുന്നു അക്കാലത്തെ അവരുടെ രാഷ്ട്രീയം. നിലവില്‍ ഭരണപക്ഷത്താകുമ്പോഴാണ് അവര്‍ക്ക് ഇതെല്ലാം മറച്ച് പിടിക്കേണ്ട കാര്യമാകുന്നത്. അടല്‍ ബിഹാരി വാജ്‌പേയി എന്ന പില്‍ക്കാലത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും ലാല്‍കൃഷ്ണ അദ്വാനിയെന്ന ഉപപ്രധാനമന്ത്രിയും അക്കാലത്ത് നടത്തിയ വിഷലിപ്തമായ ആഹ്വാനങ്ങള്‍ പള്ളി പൊളിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്ന ന്യായത്തിലെത്താന്‍ നിയമത്തിന്റെ പരിസരങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള ന്യായാധിപര്‍ക്ക് പോലും കഴിയും. വിനയ് കത്യാര്‍, ഉമാഭാരതി, സ്വാധി പ്രജ്ഞ, എം എം ജോഷി, കല്യാണ്‍ സിങ്ങ്, ശങ്കര്‍ സിങ്ങ് വഗേല എന്നിങ്ങനെ ആ 32 പേരേയും ഈ വാര്‍ത്തകള്‍ പിന്തുടര്‍ന്നിട്ടുള്ള ആര്‍ക്കുമറിയാം. അന്ന് അദ്വാനിയുടെ ആക്രമണ രഥയാത്രയുടെ, സഞ്ചരിച്ച വഴികളിലെല്ലാം മരണം വിതച്ച, ഇന്ത്യയുടെ മതേതരത്വത്തെ പിളര്‍ത്തിയ ആ രഥയാത്രയുടെ സംഘാടകനെന്ന നിലയിലാണ് ഇന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിന് പുറത്ത് സുപരിചിതനാകുന്നത്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇത്രയധികം സാക്ഷിയായിട്ടുള്ള കേസുണ്ടാകില്ല വേറെ. മലയാളിയും ഫ്രണ്ട്‌ലൈന്‍ ബ്യൂറോ ചീഫും ഹിന്ദു അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേഷ് രാമകൃഷ്ണനടക്കം പല മലയാളികളും ഈ കേസില്‍ സാക്ഷികളായിരുന്നു. പള്ളിപൊളിക്കലിന്റെ ഗൂഢാലോചനയും അത് നടത്താന്‍ ഈ 32 പേരില്‍ പലരും നേരിട്ട് നല്‍കിയ പ്രേരണയും കണ്ടിട്ടുള്ളവരും സാക്ഷി പറഞ്ഞിട്ടുള്ളവരും പല വട്ടം എഴുതിയിട്ടുള്ളവരുമാണ് ഇവര്‍. ഹിന്ദുതീവ്രവാദ ഗൂഢാലോചനകള്‍ പലതും പുറത്ത് കൊണ്ട് വന്നിട്ടുള്ള മാധ്യമപ്രവര്‍ത്തര്‍. ഇവരുടെ ആരുടേയും സാക്ഷിമൊഴികള്‍ കോടതി പരിഗണിച്ചിട്ടില്ല. വസ്തുതകളോ തെളിവുകളോ കണ്ടിട്ടില്ല. അത് പക്ഷേ എല്ലാവര്‍ക്കും ഉറപ്പായിരുന്നു, ഇങ്ങനെ തന്നെയായിരിക്കും കാര്യങ്ങള്‍ നീങ്ങുക എന്നത്.
വെങ്കിടേഷ് രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ദീര്‍ഘമായി ചൂണ്ടിക്കാണിച്ചിട്ടുണ്ട് ഗൂഢാലോചനയുടെ വ്യാപ്തിയും ആഴവും. മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ നിരന്തര യാത്രകളില്‍ മനുഷ്യര്‍ക്കുണ്ടാകുന്ന പല മാറ്റങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. 1949-ല്‍ സന്ത് ദ്വിഗ്‌വിജയ നാഥിനൊപ്പം ശിശുരാമന്റെ പ്രതിമ പള്ളിക്കുള്ളില്‍ ഒളിച്ച് കടത്തിയ സംഘത്തിലെ ഏറ്റവും ചെറുപ്പക്കാരനായിരുന്ന പരമഹംസ മഹന്ത് പള്ളി പൊളിക്കുന്ന കാലമായപ്പോഴേയ്ക്കും വയോധികനായിരുന്നു. അയാളുമായി അഭിമുഖം നടത്തിയ വെങ്കിടേഷ് ഹൈന്ദവ തീവ്രവാദത്തിന്റെ കാത്തിരിക്കല്‍ ശേഷി എടുത്ത് പറഞ്ഞിട്ടുണ്ട്. ക്ഷമ, സ്ഥൈര്യം. കാം ജാരി ഹേ എന്നായിരുന്നു പരമഹംസ് മഹന്തിന്റെ അടിസ്ഥാന വാക്യമെന്ന് വെങ്കിടേഷ് ഓര്‍ക്കുന്നു.
അഥവാ ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. 1949-ല്‍ ഒരു ഘട്ടമാണ്, 1992 മറ്റൊരു ഘട്ടം. ഹിന്ദുത്വ രാജ്യം സൃഷ്ടിക്കലാണ് അടിസ്ഥാന ലക്ഷ്യം. അതിനുള്ള ജോലി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ബാബ്‌രി പള്ളി പൊളിക്കുന്നതിന് സംഘപരിവാറിനെ സഹായിച്ച ഒട്ടേറെ ഘടകങ്ങളുണ്ട്. കോണ്‍ഗ്രസിന്റെ ഭരണവും താത്കാലിക പ്രശ്‌നപരിഹാരത്തിന് സവര്‍ണ ഹൈന്ദവതയെ സമാധാനിപ്പിക്കാനായെടുത്ത പല തീരുമാനങ്ങളും അതില്‍ പെടും. രാജീവ് ഗാന്ധിയും നരസിംഹറാവുവും കൂടിയാണ് ഇന്ത്യന്‍ മുസ്‌ലിംകളേയും ഇന്ത്യന്‍ മതേതരത്വത്തേയും ഒറ്റുകൊടുത്തത്. ഒരു സംശയവുമില്ലാത്ത കാര്യങ്ങളാണ് അവ.
പള്ളി പൊളിച്ചതിന്റെ പത്താം ദിവസം നരസിംഹറാവു ചുമതലപ്പെടുത്തിയ ജസ്റ്റിസ് മന്‍മോഹന്‍ ലിബര്‍ഹാന്റെ നേതൃത്വത്തിലുള്ള സമിതി നീണ്ട പതിനേഴ് വര്‍ഷം ഇതേ കുറിച്ച് അന്വേഷിച്ചു. അവസാനം രണ്ടാം യു പി എയുടെ കാലത്ത് ലിബര്‍ഹാന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചു. ആയിരത്തി ഇരുപത്തി ഒന്‍പതു പേജുകളിലായി, പതിനാറു അധ്യായങ്ങളിലും അനുബന്ധങ്ങളിലും മനോഹരമായി ഇംഗ്ലീഷില്‍ കവിതയും തത്വചിന്തയും ഉദ്ധരിച്ച് ലിബര്‍ഹാന്‍ എഴുതി പിടിപ്പിച്ചിരിക്കുന്നതില്‍ ഒരു കാര്യവും പുതിയതായി ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും അറിയുന്നത് മാത്രം.

വെങ്കിടേഷ് രാമകൃഷ്ണന്‍

സൂക്ഷ്മമായ തയ്യാറെടുപ്പോടെയാണ് ബാബ്‌രി പള്ളി പൊളിച്ചത്, അതില്‍ സുദീര്‍ഘവും നിശ്ചിതവുമായ ഗൂഢാലോചനയുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി, എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങി പലരും കപട മതേതര വാദികളാണ്. അഥവാ അവര്‍ മത തീവ്രവാദികളാണ്. ഒരു നടപടിക്കും കമ്മീഷന്‍ ശുപാര്‍ശ ചെയ്തില്ല. സര്‍ക്കാര്‍ ഒരു നടപടിയും എടുത്തുമില്ല.
നൂറ്റാണ്ടുകളായി പള്ളി നിലനിന്നിരുന്നുവെന്നും ആ പള്ളി ഗൂഢാലോചനയില്‍ തകര്‍ക്കുകയായിരുന്നുവെന്നും സമ്മതിച്ചുകൊണ്ടാണ് സുപ്രീം കോടതി ഏതാണ്ട് ഏഴ് പതിറ്റാണ്ടുകളോളം നിലനിന്ന സിവില്‍ വ്യവഹാരം അവസാനിപ്പിച്ചത്. പള്ളി ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചുകൊണ്ട് തന്നെയാണ് പള്ളിയുടെ ഭൂമി ക്ഷേത്രം പണിയുന്നതിന് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. അതിനെ പോലും സി ബി ഐ കോടതി പരിഗണിച്ചില്ല. സമ്പൂര്‍ണമായ അടിമത്തവും വിധേയത്വവും കേന്ദ്രഭരണത്തിനും ഹൈന്ദവ തീവ്രവാദത്തിനും അര്‍പ്പിച്ചുകൊണ്ടാണ് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിക്ക് തിരശ്ശില വീഴുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്ന് ബലാത്സംഗങ്ങളുടെയും അതിനോടുള്ള ഭരണവര്‍ഗത്തിന്റെ പ്രതികരണത്തിന്റേയും വാര്‍ത്ത കേട്ടുകൊണ്ടാണ് ഇതെഴുതുന്നത്. സവര്‍ക്കര്‍ പണ്ടേ പ്രഖ്യാപിച്ചിട്ടുള്ളതാണ്, ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാണ് എന്നത്. ദളിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള സവര്‍ണ്ണഹൈന്ദവതയുടെ പ്രഖ്യാപിതയുദ്ധം തുടരുന്നതിനുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് ഒരുങ്ങിയിട്ടുള്ളത്. അതിലേക്ക് എത്തുന്നതിന് അവരെ സഹായിക്കുന്ന കോടതി വിധികളും പാര്‍ലമെന്റും ഉദ്യോഗസ്ഥ സമൂഹവും ജേണലിസവും ഉണ്ടാകും. അത് തുടരും. പക്ഷേ ചെറുത്തു നില്‍പ്പുകള്‍ അവസാനിക്കില്ല.
ചരിത്രത്തെ റദ്ദുചെയ്യാനുള്ള ഒരു ശ്രമവും വിജയിക്കില്ല. വിജയിച്ച ചരിത്രവുമില്ല. കാര്‍ഷിക ബില്ലിനെതിരെ, വിദ്യാഭ്യാസ പരിഷ്‌കരണത്തിനെതിരെ, പോലീസ് നിയമങ്ങളുടെ അട്ടിമറിക്കെതിരെ, ഇന്നാട്ടിലെ ദളിത്- മുസ്‌ലിം പീഡനങ്ങള്‍ക്കെതിരെ, സര്‍വോപരി പൗരത്വ ബില്ലിനും അനുബന്ധ നിയമങ്ങള്‍ക്കുമെതിരെ വിവിധ സമൂഹങ്ങളില്‍ നിന്ന് ജനമുന്നേറ്റങ്ങള്‍ ആരംഭിക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയും കൂടിച്ചേരലുമാണ് ഈ ഭരണഘടനയുടെയും രാജ്യത്തിന്റെയും ഒരേയൊരു പ്രതീക്ഷ

Back to Top