സദാചാരവും ലൈംഗികതയും ഇസ്ലാമിക സമീപനം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
ആത്മീയ ഭൗതിക തലങ്ങളിലെ പാരസ്പര്യമാണ് മനുഷ്യ ജീവിതത്തിന് പൂര്‍ണത നല്‍കുന്നത്. ഇവ രണ്ടും മനുഷ്യനില്‍ സന്തുലിതാവസ്ഥയില്‍ നിലനിര്‍ത്താന്‍ പാകത്തിലാണ് ഇസ്ലാമിക ശരീഅത്തിലെ വിശ്വാസ, ആരാധനകളും വിധിവിലക്കുകളും ക്രമീകരിച്ചിരിക്കുന്നത്. ആത്മീയ രഹിത ജീവിതം ഫലപ്രാപ്തിയിലെത്തുകയില്ല. ഭൗതികതയെ വര്ജിച്ചു കൊണ്ടുള്ള ആത്മീയത അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യവുമല്ല. അല്ലാഹുവിനോടും മനുഷ്യനോടുമുള്ള സകല ബാധ്യതകളും നിര്‍വഹിക്കുന്നവരാണ് സാത്വികരായ ഭക്തന്മാര് എന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. (അല്‍ബഖറ 177)
മനുഷ്യ പ്രകൃതി ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ദ്വിമുഖമാണുള്ളത്. അനുവദനീയവും വിലക്കപ്പെട്ടതും. ശരീഅത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണത്. ഭക്ഷ്യവസ്തുക്കളില്‍ ഒരു ഭാഗത്ത് ഏതാനും വിലക്കുകള്‍, അതിനപ്പുറമുള്ളത് അനുവദനീയം. സാമ്പത്തിക രംഗത്ത് ചൂഷണ പലിശ മുക്തമായ ഇടപാടുകളാണ് മനുഷ്യന് അനുവദിച്ചിരിക്കുന്നത്. വിലക്കുകള്‍ പൂര്‍ണമായി വര്‍ജിച്ച് അനുവദനീയമായ തലങ്ങളില്‍ നിന്ന് കൊണ്ട് തന്നെ ജീവിതം ആനന്ദകരമാക്കാമെന്നത് മത നിര്‍ദേശങ്ങളുടെ ചടുലതയാണ് സൂചിപ്പിക്കുന്നത്.
ദൈവിക കല്പനകള് യഥാവിധി പാലിക്കുന്നതിലാണ് ആത്മീയത. വിലക്കുകളാകട്ടെ ഭൗതികതയുടെ അപകടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. മനുഷ്യന് ആഗ്രഹിക്കുന്ന ലൈംഗികതയും ഈ മാനദണ്ഡ പ്രകാരമാണ് വിലയിരുത്തേണ്ടത്. ലൈംഗികതയുടെ ഒരു ഭാഗം ധര്‍മാധിഷ്ഠിത സദാചാര ജീവിതമാണ്. മറുഭാഗത്ത്, അവിഹിതബന്ധങ്ങള്‍ അരാജകത്വമാണ് സൃഷ്ടിക്കുന്നത്. സദാചാര മൂല്യങ്ങള്‍ അപ്പോള്‍ ജീര്‍ണിക്കുന്നു. ആധുനിക നാഗരികതയും പുതിയ സാംസ്കാരിക സങ്കല്പങ്ങളും ഉദാരലൈംഗികത പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ എല്ലാതരം വിലക്കുകളുടെയും മറനീക്കി, ലൈംഗികത ഇന്ന് തൊഴിലും വ്യവസായവും വിനോദവുമായി വളര്‍ന്നിരിക്കുകയാണ്. ഏതു ലൈംഗികാഭാസങ്ങള്‍ക്കും ഭരണകൂടത്തിന്റെയും ജുഡീഷ്യറിയുടേയും നിയമ പരിരക്ഷ ലഭിച്ചതോടെ അരാജകത്വത്തിന് ആക്കം കൂടി. സമൂഹം സൂക്ഷിച്ചിരുന്ന സദാചാര ബോധം മണ്ണടിയുകയും ചെയ്തു. പങ്കാളികള്‍ക്കിടയില്‍ എന്തെങ്കിലും പിണക്കമുണ്ടാകുമ്പോള്‍ മാത്രമാണ് അതുവരെയുള്ള വഴിവിട്ട ബന്ധം സ്ത്രീപീഡനവും മാനഭംഗ ശ്രമങ്ങളുമാകുന്നത്. മത സാമൂഹ്യ നിയമങ്ങള്‍ക്ക് വില കല്പിക്കാത്ത ലൈംഗികത ഉണ്ടാക്കുന്ന ഗാഢ സൗഹൃദങ്ങള്‍ മറ്റു അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുന്നുവെന്നതാണ് വര്‍ത്തമാനകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
സദാചാരത്തിന്റെ അടിപ്പടവുകള്‍
സദാചാരമെന്നത് ജീവിതത്തെ സമഗ്രമായി സ്വാധീനിക്കേണ്ട ഘടകമാണ്. ഈ ബോധം മനസ്സില്‍ നിന്ന് അനുസ്യൂതം പ്രവഹിക്കേണ്ട ഊര്‍ജ്ജമാണ്. സൃഷ്ടിപ്പിന്റെ സന്ദര്‍ഭത്തില്‍ തന്നെ രണ്ട് വിരുദ്ധ ഗുണങ്ങള്‍ അല്ലാഹു മനുഷ്യ മനസ്സില്‍ നിക്ഷേപിച്ചിട്ടുണ്ട്. ”ദുഷ്ടതയും സൂക്ഷ്മതയും നാം അതിന് ബോധനം നല്കി” (91:08) എന്ന ഖുര്‍ആന്‍ വചനത്തിലെ സൂക്ഷ്മതയാണ് സദാചാര ബോധത്തിന്റെ അടിത്തറ. ലൈംഗിക തലത്തില്‍ ഉള്‍പ്പെടെ ജീവിതത്തില്‍ ആചരിക്കേണ്ട സദാചാര മൂല്യങ്ങള്‍ തല്‍സമയ നിര്‍മിതിയല്ല. ആജീവനാന്ത ശീലമാകുമ്പോള്‍ മാത്രമേ സദാചാര പ്രതിഫലനം ജീവിതത്തെ ദീപ്തമാക്കുകയുള്ളൂ. ഇബ്നുമസ്ഊദിന്റെ(റ) വാക്കുകള്‍ ഇവിടെ അനുസ്മരിക്കാം: ”ജനങ്ങളില്‍ നന്മ ശീലമാക്കുക, കാരണം നല്ല ശീലങ്ങളിലൂടെ മാത്രമേ നന്മ പുലരുകയുള്ളൂ. (ത്വബ്റാനി)
വിലക്കുകള്‍ കണിശമായി പാലിക്കുക എന്നതാണ് സദാചാര നിര്മിതിക്കാവശ്യം. ”പ്രത്യക്ഷവും പരോക്ഷവുമായ പാപങ്ങള്‍ നിങ്ങള്‍ വെടിയുക” (6:120) എന്ന വചനം വിലക്കുകളുടെ വ്യാപ്തി കുറിക്കുന്നു. ‘പാപം ചെയ്തു കൂട്ടുന്നവര്‍ക്ക് തക്ക പ്രതിഫലം നല്കപ്പെടുന്നതാണ്’ എന്ന അനുബന്ധ വചനം സദാചാര രാഹിത്യത്തിന്റെ പരിണിത ഫലങ്ങളിലേക്കുള്ള സൂചനയാണ്.
ദൈവം നിരന്തരം തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ഉള്‍വിളിയാണ് (89:14) സൂക്ഷ്മതയും അതിന്റെ ഉല്‍പ്പന്നമായ സദാചാരബോധവും ഉണ്ടാക്കുന്നത്. വിലക്കുകള്‍ വര്ജിച്ചു കൊണ്ടുള്ള ജീവിതം ഇവയെ വീണ്ടും ചൈതന്യവത്താക്കുന്നു. ദൈവികജ്ഞാനം സ്വീകരിക്കാന്‍ മനസ്സ് പാകപ്പെടുന്നതും പാപമുക്ത സദാചാര ജീവിതത്തിലൂടെയാണ്. ഖുര്‍ആന്‍ പതിനേഴാം അധ്യായം 31-38 വചനങ്ങള്‍ മനുഷ്യന്റെ സദാചാര ബോധത്തിന് തിളക്കമേകുന്ന വിലക്കുകളാണ് പ്രതിപാദിക്കുന്നത്. ശേഷം പറയുന്നതിങ്ങനെ: ”നിന്റെ രക്ഷിതാവ് നിനക്ക് ബോധനമായി നല്‍കിയിരിക്കുന്ന ദൈവിക ജ്ഞാനമാണിത്.” (17:39) മേല്‍ പറഞ്ഞ വിലക്കുകളില്‍ എടുത്തുപറഞ്ഞ കാര്യം ലൈംഗിക സദാചാരത്തെ കുറിച്ചുള്ളതാണ്. ”വ്യഭിചാരത്തെ നിങ്ങള്‍ സമീപിക്കരുത്, കാരണം അതു ദുര്‍നടപ്പും നീചവൃത്തിയുമാകുന്നു.”
അല്ലാഹുവിനെ കുറിച്ചുള്ള നിതാന്ത ജാഗ്രതക്ക് കുറവ് സംഭവിക്കുമ്പോള്‍ അവിടം പൈശാചിക ചിന്തകള്‍ പെരുകുന്നു. അപഥ സഞ്ചാരങ്ങള്‍ അപ്പോള്‍ അലങ്കാരമായി മനുഷ്യന് കാണുന്നു. ”പിശാച് അവര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും ശരിയായ മാര്‍ഗത്തില്‍ നിന്ന് അവരെ തടയുകയും ചെയ്യുന്നു” (29:38). ഖുര്‍ആന്റ ഈ നിരീക്ഷണം സദാചാര രാഹിത്യം ഉണ്ടാക്കുന്ന ദുരന്തമാണ് വ്യക്തമാക്കുന്നത്.
പഴുതടച്ച പ്രതിരോധം
ലൈംഗിക സദാചാരം വ്യക്തിയിലും സമൂഹത്തിലും നിലനിര്‍ത്താന്‍ പഴുതടച്ചുള്ള പ്രതിരോധമാണ് മതം സ്വീകരിച്ചിരിക്കുന്നത്. അവിഹിത ബന്ധത്തിലെത്തിക്കുന്ന നിസ്സാര കാര്യങ്ങളെപ്പോലും ഗൗരവമായി കാണുന്നു. സ്ത്രീ പുരുഷന്മാര്ക്കിടയിലെ അനാവശ്യവും അസ്ഥാനത്തുമുള്ള നോട്ടം മതം വിലക്കിയത് ഇതിന്റെ ഭാഗമായിട്ടാണ്. ”സത്യവിശ്വാസികളോട് പറയുക: അവര്‍ അവരുടെ ദൃഷ്ടി താഴ്ത്തട്ടെ, ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ, അതാണവര്‍ക്ക് വിശുദ്ധമായത്.” (24:29)
പുരുഷന്മാരെയെന്ന പോലെ സ്ത്രീകളെയും ഖുര്‍ആന്‍ ഇക്കാര്യം തുടര്‍ വചനങ്ങളില്‍ ഉണര്‍ത്തുന്നുണ്ട്. അവിഹിത ബന്ധങ്ങളുടെ തുടക്കവും ഒടുക്കവുമാണിവിടെ പ്രസ്താവിക്കുന്നത്. മനുഷ്യന്റെ ദൃഷ്ടി വൈകല്യങ്ങള്‍ ചെന്നെത്തുന്നത് അവിഹിത വേഴ്ചയിലേക്കാണെന്നര്ഥം. ശരീരത്തിലെ അവയവങ്ങളെല്ലാം ഇത്തരം തിന്മയില് പങ്ക് ചേരുന്നുവെന്ന് നബി(സ)യും വ്യക്തമാക്കുന്നു: ”അവിഹിത നോട്ടമാണ് കണ്ണ് നടത്തുന്ന വ്യഭിചാരം, സംസാരം നാവിന്റേയും. അവിഹിത മോഹങ്ങളിലാണ് മനസ്സിന്റെ വ്യഭിചാരം. ലൈംഗികാവയവം ആ മോഹം പൂര്‍ത്തീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നു.” (സ്വഹീഹു മുസ്ലിം)
പുരുഷനെ വശീകരിക്കും വിധം സ്ത്രീ നടത്തുന്ന പൈങ്കിളി വര്‍ത്തമാനങ്ങള്‍ മതം വിലക്കിയത് (33:32) അവിഹിത ബന്ധങ്ങളിലേക്കുള്ള വഴിയടക്കാനാണ്. അത്തരം മധുര ഭാഷണങ്ങള്‍ വികൃത ചിന്തയുള്ളവരുടെ മനസ്സില്‍ മോഹമുണ്ടാക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു. അന്യ സ്ത്രീ-പുരുഷന്മാര് തനിച്ച് ഒരിടത്ത് കഴിയരുത് എന്ന പ്രവാചക വിലക്കും (ബുഖാരി) ഇതിലേക്ക് ചേര്‍ത്ത് വെക്കാം.
ലൈംഗികത പുണ്യവുമാണ്
തിന്മയിലേക്ക് മനുഷ്യനെ എളുപ്പത്തില്‍ തള്ളിവിടുന്ന ലൈംഗികതയില്‍ പുണ്യമിരിക്കുന്നുവെന്നും നബി (സ) പഠിപ്പിച്ചു. അക്കാര്യം പറഞ്ഞപ്പോള്‍ ശിഷ്യന്മാര് ചോദിച്ചു: ഞങ്ങള്‍ കാമപൂര്‍ത്തീകരണം നടത്തുന്നതിലും പുണ്യമോ? നബി പറഞ്ഞു: അതെ, അത് ഹറാമായ രൂപത്തിലാകുമ്പോള്‍ പാപമാകുന്നില്ലേ. എങ്കില്‍ അനുവദനീയ രൂപത്തിലാകുമ്പോള്‍ പുണ്യവുമാകുന്നു. (മുസ്ലിം)
സദാചാര ബോധത്തില്‍ നിന്ന് കൊണ്ട് തന്നെ ജീവിതം ആനന്ദകരമാക്കാമെന്ന ആരോഗ്യ പൂര്‍ണ ലൈംഗിക സംസ്കാരമാണ് ഈ തിരുവചനം പരിചയപ്പെടുത്തുന്നത്. ലൈംഗികത ദുരന്തമാകാതിരിക്കാന്‍, സദാചാര ബോധത്തിലൂടെ വസന്തം തീര്‍ക്കാന്‍ ദൈവിക നിയന്ത്രണങ്ങള്‍ പാലിക്കല്‍ അനിവാര്യമാണ്. ആ നിയന്ത്രണങ്ങളെ മറികടക്കുന്നവര്‍ സ്വന്തത്തോട് തന്നെയാണ് അതിക്രമം കാണിക്കുന്നത് (65:01) എന്ന മുന്നറിയിപ്പ് നാം വിസ്മരിക്കരുത്.
ലൈംഗികത രചനാത്മകവും സൃഷ്ടിപരവുമാകുന്നത് സദാചാര ബോധം നല്കുന്ന ഉള്‍വെളിച്ചത്തിലാണ്. ഇതിന് വേണ്ടിയാണ് വിവാഹ ജീവിതം മതം പ്രോത്സാഹിപ്പിക്കുന്നത്. ലൈംഗികത പാപമാണെന്ന ധാരണ പൂര്‍വ സമൂഹങ്ങളിലുണ്ടായിരുന്നു. അത് ദൈവം കല്പിക്കാത്ത പുരോഹിത നിര്‍മിതിയാണെന്ന് ഖുര്‍ആന്‍ മറുപടി നല്കി. ഭക്തിസാന്ദ്രമായ ജീവിതത്തിന് ലൈംഗികത തടസ്സമാകുമെന്ന് കരുതിയ ഒരാള്‍ വിവാഹം തന്നെ വേണ്ടെന്ന് വെച്ചു. അത് കേട്ടയുടന്‍ നബി അയാളെ വിളിപ്പിച്ചു. അദ്ദേഹം പറഞ്ഞു: ഞാനാണ് നിങ്ങളില്‍ കൂടുതല്‍ ദൈവഭക്തിയുള്ളവന്‍, ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നു…. എന്റെ ചര്യ വെടിയുന്നവന് എന്നില്‍പ്പെട്ടവനല്ല.” (ബുഖാരി)
ലൈംഗിക അരാജകത്വത്തിന് കാരണമാകുന്ന ദുര്‍നടപ്പുകളില്‍ ബോധവല്‍ക്കരണം എത്രത്തോളം ഫലപ്രദമാണ് എന്നതിനും പ്രവാചകന് മാതൃക സൃഷ്ടിച്ചു. അവിഹിത ബന്ധത്തിന് അനുവാദം ചോദിച്ച് തന്നെ സമീപിച്ച യുവാവിനെ അടുത്തിരുത്തി നബി ചോദിച്ചു: നിന്റെ ഉമ്മ ഇങ്ങനെ ചെയ്യുന്നത് നീ സമ്മതിക്കുമോ? യുവാവ്: ഇല്ല. നിന്റെ മകള്‍ ഇങ്ങനെയാവുന്നത് ഇഷ്ടമാണോ? യുവാവ്: ഒരിക്കലുമില്ല. നിന്റെ സഹോദരിയുടെ ദുര്‍നടപ്പില്‍ നീ സംതൃപ്തനാണോ? യുവാവ്: ഇല്ല. അങ്ങനെ ജീവിക്കുന്ന പിതൃ മാതൃ സഹോദരിമാരെയും അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. വഴിവിട്ട മോഹങ്ങളുമായി വന്ന യുവാവ് സംസ്കൃത മനസ്സുമായിട്ടായിരുന്നു അവിടെനിന്ന് പിരിഞ്ഞു പോയത്.
മനുഷ്യ പ്രകൃതിയുടെ മതമായ ഇസ്ലാമിലെ ദൈവികാധ്യാപനങ്ങള്‍ മാത്രമാണ് ലൈംഗിക സങ്കല്‍പ്പങ്ങള്‍ക്ക് വിശുദ്ധ മാനം നല്‍കുന്നത്. ദൈവഭയം ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ മാത്രമെ അവിഹിതവും അന്യായവുമായ ഏത് കാര്യങ്ങളില്‍ നിന്നും മോചനം ലഭിക്കുകയുള്ളൂ.