14 Tuesday
January 2025
2025 January 14
1446 Rajab 14

നിയമസഭയിലെ ദീപ്ത നക്ഷത്രം

ഹാറൂന്‍ കക്കാട്

നമ്മുടെ ജീവിതത്തിലേക്ക് ചില വ്യക്തികള്‍ കടന്നുവരുന്നത് വ്യത്യസ്ത വഴികളിലൂടെയാവും. കൗതുകകരമായ ചില നിമിത്തങ്ങള്‍ അവയ്ക്കുണ്ടാവും. കൊടിയത്തൂര്‍ പി ടി എം ഹൈസ്‌കൂളിലെ അറബി അധ്യാപകനായിരുന്ന കുനിയില്‍ ഉമര്‍ മാസ്റ്ററാണ് ഒരു ദിവസം ക്ലാസിനിടയില്‍, സി എച്ച് എഴുതിയ നിയമസഭാ ചട്ടങ്ങള്‍ എന്ന പുസ്തകം വായിക്കണമെന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ ഞങ്ങളോട് നിര്‍ദേശിച്ചത്. അങ്ങനെയാണ് സി എച്ച് മുഹമ്മദ് കോയ സാഹിബിനെ വായിക്കണമെന്ന മോഹം ആദ്യമായി മനസ്സിലുദിച്ചത്. അന്ന് വീട്ടിലെത്തിയപ്പോള്‍ ഈ പുസ്തകത്തെ പറ്റി ബാപ്പയോട് പറഞ്ഞു. പുസ്തകം കക്കാട് കെ പി ആര്‍ സ്മാരക വായനശാലയില്‍ ഉണ്ടാവുമെന്നും തൊട്ടടുത്ത ആഴ്ചയില്‍ നടക്കുന്ന അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദീന്‍ വാര്‍ഷിക സമ്മേളനത്തില്‍  സി എച്ച് പങ്കെടുക്കുന്നുണ്ടെന്നും ബാപ്പ പറഞ്ഞു. പുസ്തകം വായനശാല മുഖേന വായിക്കാന്‍ കിട്ടി. കുട്ടികള്‍ക്ക് പോലും ഹൃദ്യമായി വായിക്കാവുന്ന നല്ലൊരു പുസ്തകം. അതില്‍പ്പിന്നെ, ബാപ്പയുടെ കൂടെ വലിയ ആഹ്ലാദത്തോടെയാണ് സി എച്ചിനെ കാണാന്‍ പോയത്.
അരീക്കോട്ടെ ജംഇയ്യത്തുല്‍ മുജാഹിദീന് കീഴിലുള്ള സുല്ലമുസ്സലാം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശാലമായ കാമ്പസിലാണ് പരിപാടി നടക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ സമ്മേളന നഗരി ഞങ്ങളെത്തുമ്പോള്‍ വീര്‍പ്പു മുട്ടിയിരുന്നു. ശുഭ്രവസ്ത്രവും ഇളംകറുപ്പ് തൊപ്പിയുമണിഞ്ഞ സി എച്ച് പ്രസംഗമാരംഭിച്ചു. പാല്‍ക്കടലായി പരന്നുകിടക്കുന്ന സദസ്സ് അദ്ദേഹത്തെ സാകൂതം ശ്രവിച്ചു കൊണ്ടിരിക്കുന്നു! സി എച്ചിനെ കണ്ണിമ ചിമ്മാതെ അത്യാദരവോടെ നോക്കിനിന്നത് ഇന്നും അകക്കണ്ണിലെ മായാത്ത എന്റെ ബാല്യകാല സ്മരണയാണ്.
കോഴിക്കോട് ജില്ലയിലെ അത്തോളിയുടെ മണ്ണില്‍ മുളച്ച് ഒരു വിസ്മയ വൃക്ഷമായി കേരളത്തില്‍ പടര്‍ന്നു പന്തലിച്ച എക്കാലത്തേയും ജനപ്രിയ നേതാവാണ് സി എച്ച് മുഹമ്മദ് കോയ സാഹിബ്. 56 വയസ്സ് മാത്രം ആയുസ് ദൈര്‍ഘ്യമുള്ള ജീവിതം കൊണ്ട് അത്യത്ഭുതങ്ങള്‍ സൃഷ്ടിച്ച വിസ്മയ പ്രതിഭ! ആദരണീയനായ ജനകീയ നേതാവ്, കഴിവുറ്റ ഭരണാധികാരി, മികച്ച പത്രപ്രവര്‍ത്തകന്‍, ധിഷണാശാലിയായ എഴുത്തുകാരന്‍, വശ്യവചസ്സായ പ്രഭാഷകന്‍, നര്‍മം കൊണ്ട് സൗഹൃദം പുഷ്‌കലമാക്കിയ വ്യക്തിത്വം തുടങ്ങി എല്ലാ രംഗത്തും സി എച്ച് കഴിവ് തെളിയിച്ച് ഒന്നാമനായി.
മുസ്‌ലിംലീഗിന്റെ പൂര്‍വകാല നേതാക്കളെല്ലാം സി എച്ചിന്റെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. സി എച്ച് ഏറ്റവും ഇഷ്ടപ്പെട്ട നേതാക്കള്‍ മുഹമ്മദലി ജിന്ന, കെ എം സീതി സാഹിബ്, കെ എം മൗലവി, എം കെ ഹാജി എന്നിവരായിരുന്നു. പി കെ മൂസ മൗലവി, എം സി സി അഹ്മദ് മൗലവി മുതലായവരുമായുള്ള സമ്പര്‍ക്കം സി എച്ചിന്റെ മതചിന്തകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സമുദായ പുരോഗതിയെക്കുറിച്ച് സ്വപ്‌നം കാണാന്‍ സി എച്ചിനെ പ്രേരിപ്പിച്ചത് സര്‍ സയ്യിദ് അഹമദ് ഖാന്റെയും കെ എം സീതി സാഹിബിന്റെയും ജീവിതമായിരുന്നു.
കേരള രാഷ്ട്രീയ ചരിത്രത്തില്‍ സി എച്ചിനെ വേറിട്ടുനിര്‍ത്തുന്നത് 1957 മുതല്‍ 1982 വരെയുള്ള അദ്ദേഹത്തിന്റെ നിയമസഭാ ജീവിതമാണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഒട്ടും ഹനിക്കാതെ മുസ്‌ലിം സമുദായത്തിന് അവരുടെ സ്വത്വം ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം നിയമസഭയില്‍ പ്രധാനമായും പോരാടിയത്.
1957-ല്‍ സഭയിലെത്തിയ അദ്ദേഹത്തിന്റെ ശബ്ദം പിന്നീട് മരണം വരെ കേരള നിയമസഭയില്‍ മുഴങ്ങി. ഇടയ്ക്ക് അല്‍പകാലം പാര്‍ലമെന്റംഗമായി മാറിനിന്നത് ഒഴിച്ചാല്‍ സി എച്ച് നിയമസഭയിലെ ദീപ്ത നക്ഷത്രമായിരുന്നു. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ആ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. 1961-ല്‍ സീതി സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് സി എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം. 1979-ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേറ്റു. അമ്പത് ദിവസങ്ങള്‍ മാത്രമേ അതിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ എങ്കിലും ചടുലമായിരുന്നു ആ നിയോഗം. കേരളം കണ്ട മികച്ച വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി എച്ച്. ആഭ്യന്തരം, വിനോദ സഞ്ചാരം, റവന്യൂ, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം മന്ത്രിയായി.
നല്ല വായനക്കാരനും എഴുത്തുകാരനുമായിരുന്നു. ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. എന്റെ ഹജ്ജ് യാത്ര, നിയമസഭാ ചട്ടങ്ങള്‍, ഞാന്‍ കണ്ട മലേഷ്യ, ശ്രീലങ്കയില്‍ അഞ്ചു ദിവസം, സോവിയറ്റ് യൂണിയനില്‍, ഗള്‍ഫ് രാജ്യങ്ങളില്‍, ഇന്ത്യയിലെ മുസ്‌ലിം ഭരണകാലം കഥകളിലൂടെ തുടങ്ങിയ ഗ്രന്ഥങ്ങള്‍ സി എച്ച് എന്ന എഴുത്തുകാരനിലെ അസാമാന്യ പ്രതിഭയെ അടയാളപ്പെടുത്തുന്നതാണ്. മലയാളികള്‍ ഏറെ വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത ഗ്രന്ഥമാണ് എന്റെ ഹജ്ജ്‌യാത്ര. യാത്രാവേളയില്‍ കപ്പലില്‍ നേരില്‍കണ്ട കാര്യങ്ങള്‍ സരസമായി വിവരിക്കുന്നു.
”ഞങ്ങള്‍ ചവിട്ടിപ്പോയ ആ മണല്‍തരികള്‍ ഒരുവേള ലോകാനുഗ്രഹിയായ മുഹമ്മദ് നബി(സ) ചവിട്ടിയ മണല്‍ തരികളായിരിക്കണം. അവിടുത്തെ സ്വഹാബികളായ അബൂബക്കറും ഉമറും ഉസ്മാനും ഹംസയും ഖാലിദും എല്ലാം ആ മണലില്‍ ചവിട്ടിയിരിക്കണം. എന്റെ കാലുകള്‍ക്ക് എന്തോ തരിപ്പ്. നബിയും സ്വഹാബികളും ഇവിടെ ചെയ്ത പ്രാര്‍ഥനകള്‍ എന്റെ ചെവികളില്‍ മുഴങ്ങിയതു പോലെ തോന്നി.” മക്കയിലെത്തിയ ശേഷം ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് സഞ്ചരിച്ച് അദ്ദേഹം ഈ വിധം വികാരഭരിതനാകുന്നുണ്ട് ഈ പുസ്തകത്തില്‍.
സി എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്‍ കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്‌കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്‍ ഈ എഴുത്തുകള്‍ മാത്രം മതി.
രാഷ്ട്രീയ കാഴ്ചകളെ നര്‍മത്തിന്റെ രസച്ചരടുകൊണ്ട് കൂട്ടിക്കെട്ടിയ സി എച്ച് അയത്‌ന ലളിതമായ ശൈലിയിലായിരുന്നു സങ്കീര്‍ണമായ ഓരോ പ്രശ്‌നങ്ങളെയും നേരിട്ടത്! വാഗ്ചാതുരി കൊണ്ട് കേരളത്തെ കീഴടക്കിയ മികച്ച പ്രഭാഷകനാണ് സി എച്ച്. അദ്ദേഹത്തിന്റെ ഭാഷാശുദ്ധി, ഉച്ചാരണ സ്ഫുടത, ഗാംഭീര്യം തുടങ്ങിയവ അത്യാകര്‍ഷകമായിരുന്നു. ഉപമകളും പഴമൊഴികളും കവിതകളും കഥകളും ജീവിതാനുഭവങ്ങളും കൊണ്ട് കോര്‍ത്തെടുത്ത അത്യപൂര്‍വ തേന്‍മൊഴികളായിരുന്നു ആ പ്രഭാഷണങ്ങള്‍.
നിരന്തര സാധനയിലൂടെ അദ്ദേഹം പ്രസംഗങ്ങളെ ഫലിതസമൃദ്ധവും കാലികവുമാക്കി. കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യങ്ങള്‍ സമകാല രാഷ്ട്രീയ വിഷയങ്ങളുമായി കോര്‍ത്തിണക്കിയതു കൊണ്ടാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ ക്രൗഡ് പുള്ളറായി പ്രഭാഷണ വേദികളില്‍ അദ്ദേഹം പതിറ്റാണ്ടുകള്‍ കത്തിനിന്നത്.
1983 സപ്തംബര്‍ 28-ന് ഹൈദരാബാദിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ചായിരുന്നു സി എച്ചിന്റെ അപ്രതീക്ഷിത വിയോഗം. അപ്പോഴദ്ദേഹം കേരളത്തിന്റെ ഉപമുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പുമന്ത്രിയുമായിരുന്നു. ഒരു പൊതുപരിപാടിയില്‍ സംബന്ധിക്കാന്‍ ഹൈദരാബാദിലെത്തിയപ്പോള്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. ഭൗതിക ശരീരം കോഴിക്കോട് നടക്കാവിലാണ് ഖബറടക്കിയത്.

Back to Top