ആറാം നൂറ്റാണ്ടിലെ അബദ്ധങ്ങളോ?
പി കെ മൊയ്തീന്‍ സുല്ലമി
”ഖുര്‍ആനില്‍ ആറാം നൂറ്റാണ്ടിലെ പൊട്ടത്തരങ്ങള്‍ മാത്രമാണുള്ളത്. ശാസ്ത്രീയമായി അതില്‍ ഒന്നുമില്ല. തെളിയിച്ചാല്‍ ഞാന്‍ ശഹാദത്ത് ചൊല്ലി മുസ്‌ലിമാകാം” -യുക്തിവാദി നേതാവ് ഇ എ ജബ്ബാര്‍ ഫേസ്ബുക്കിലൂടെ നടത്തിയ വെല്ലുവിളിയാണിത്.
വിശുദ്ധ ഖുര്‍ആനില്‍ ആറാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ മാത്രമല്ല ഉള്ളത്. മനുഷ്യന്റെ ജന്മം മുതല്‍ മരണം വരെയും ഭൗതികജീവിതം മുതല്‍ നരക, സ്വര്‍ഗപ്രവേശം വരെയുമുള്ള കാര്യങ്ങളുണ്ട്. ഭൂമിശാസ്ത്രം, ഗോളശാസ്ത്രം, പക്ഷി ശാസ്ത്രം, ജന്തുശാസ്ത്രം, സസ്യശാസ്ത്രം, പര്‍വതങ്ങള്‍, സമുദ്രങ്ങള്‍, നദികള്‍, ജലാശയങ്ങള്‍, കപ്പലുകള്‍, വാഹനങ്ങള്‍, കാലികള്‍ എന്നിവകളെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഖുര്‍ആനിലുണ്ട്. അഴിമുഖം, കൃഷി, കച്ചവടം, ജീവിത വ്യവഹാരം, മതവിധികള്‍, കോടതി വിധികള്‍, മരുഭൂമി, കപടന്മാര്‍, നാസ്തികര്‍, ബഹുദൈവാരാധകര്‍, സത്യനിഷേധികള്‍, സന്മാര്‍ഗം, ദുര്‍മാര്‍ഗം, ചൂഷണം, ഏഷണി, അസൂയ, വഞ്ചന, വിനയം, സമത്വം എന്നിവകളെ സംബന്ധിച്ചും അനുവദനീയവും നിഷിദ്ധവുമായ കാര്യങ്ങള്‍, സാമൂഹ്യ തിന്മകള്‍, ധിക്കാരം, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെ സംബന്ധിച്ചും ഖുര്‍ആനില്‍ പരാമര്‍ശങ്ങളുണ്ട്. സാമൂഹ്യ ജീവിതം, കുടുംബജീവിതം, മാതാപിതാക്കളുടെ സംരക്ഷണം, സന്താനപരിപാലനം, പരലോക വിചാരണ, കാറ്റ്, വായു മണ്ഡലം എന്നിവയെ സംബന്ധിച്ചെല്ലാം ഖുര്‍ആനില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വലിയ ജീവിയായ ആന മുതല്‍ നിസ്സാര ജീവിയായ ഉറുമ്പു വരെ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: ”ഈ ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല.” (അന്‍ആം 38)
ഖുര്‍ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമോ ചരിത്ര ഗ്രന്ഥമോ അല്ല. ഇതില്‍ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളും ചരിത്ര സത്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിനെ വിമര്‍ശന ബുദ്ധിയോടെയല്ലാതെ സത്യസന്ധമായി മനസ്സിലാക്കുന്നവര്‍ക്ക് അക്കാര്യം ബോധ്യപ്പെടും. ഗര്‍ഭത്തെക്കുറിച്ചും ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ചും ആറാം നൂറ്റാണ്ടില്‍ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനില്‍ വന്ന പരാമര്‍ശങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. ”നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്നു തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ (ഉദരം, ഗര്‍ഭാശയം, ഗര്‍ഭാശയത്തിലെ നേര്‍ത്ത ആവരണം). സൃഷ്ടിയുടെ ഒരു ഘട്ടത്തിനു ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്.” (സുമര്‍ 6). ശേഷം അല്ലാഹു ചോദിക്കുന്നു: ”എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് സത്യത്തില്‍ നിന്നും തെറ്റിക്കപ്പെടുന്നത്.”
(സുമര്‍ 6)
ചിന്തിക്കാനും നിരീക്ഷണങ്ങള്‍ നടത്താനും പ്രേരിപ്പിക്കുന്ന 125-ലധികം കല്‍പനകള്‍ ഖുര്‍ആനിലുണ്ട്. ”തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്” (ആലുഇംറാന്‍ 190). ചിന്തിക്കാത്തവരെ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് ‘നികൃഷ്ട ജന്തു’ (അന്‍ഫാല്‍ 22) എന്നാണ്. മറ്റൊരു വചനത്തില്‍ പറയുന്നു: ”അവര്‍ കാലികള്‍ക്ക് സമാനമാണ്. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍.” (അഅ്‌റാഫ് 179)
താന്‍ ഇന്ന ദിവസം ആത്മഹത്യ ചെയ്യുമെന്ന് പറയാനുള്ള കഴിവ് ഓരോരുത്തര്‍ക്കുമുണ്ട്. എന്നാല്‍ ഞാന്‍ ഇത്ര കൊല്ലം ജീവിക്കുമെന്നും ഇന്ന ദിവസം മരണപ്പെടുമെന്നും മുന്‍കൂട്ടി പറയാന്‍ ആര്‍ക്കും സാധ്യമല്ല. അല്ലാഹു ചോദിക്കുന്നു: ”എന്നാല്‍ മരണം തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്കതിനെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തത്? നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. നാമാണ് ആ വ്യക്തിയെ സംബന്ധിച്ചേടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ, നിങ്ങള്‍ കണ്ടറിയുന്നില്ല. അപ്പോള്‍ നിങ്ങള്‍ ദൈവിക നിയമത്തിന് വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് ആ ജീവന്‍ തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. നിങ്ങള്‍ സത്യവാദികളാണെങ്കില്‍.” (വാഖിഅ: 83-87)
ഈ ഗ്രന്ഥം അവതരിക്കുന്നത് ജാഹിലിയ്യത്ത് നിറഞ്ഞ ഒരു സമുദായത്തിലേക്കാണ്. കൊലയും പിടിച്ചുപറിയും വ്യഭിചാരവും ചൂഷണവും ലഹരിയും ജീവിതത്തില്‍ സ്ഥിരമാക്കിയിരുന്ന ഒരു ജനതയിലേക്ക്. പ്രവാചകന് ഇത്തരം ദുശ്ശീലങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം നിരക്ഷരനായിരുന്നു. അങ്ങനെയുള്ള പ്രവാചകന് ആരാണ് ഗോളശാസ്ത്രം പഠിപ്പത്? അല്ലാഹു പറയുന്നു: ”സൂര്യന്‍ അതിന്റെ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പ്രതാപിയും സര്‍വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്. ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു. സൂര്യന് ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ് പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും (ഗോളങ്ങള്‍) നിശ്ചിത ഭ്രമണപഥത്തില്‍ നീന്തിക്കൊണ്ടിരിക്കുന്നു.” (യാസീന്‍ 38-40)
യുക്തിവാദി നേതാവ് പറയുന്ന മറ്റൊരു ആക്ഷേപം ഭൂമി പരന്നതാണെന്ന് ഖുര്‍ആന്‍ പറയുന്നുണ്ടെന്നാണ്. ഖുര്‍ആന്‍ ഒരിടത്തും അങ്ങനെ പറയുന്നില്ല. ഭൂമി പരത്തപ്പെട്ടു, വിരിപ്പാക്കി, നീട്ടി, തൊട്ടിലാക്കി എന്നൊക്കെ പറഞ്ഞതിന്റെ താല്‍പര്യം ഭൂമി പരന്നതാണ് എന്നതല്ല. മറിച്ച്, അത് ജീവിക്കാന്‍ സൗകര്യപ്രദമാക്കി എന്നാണ്.
ഭൂമിക്ക് അറബി ഭാഷയില്‍ അര്‍ദ്വ് എന്നാണ് പറയുന്നത്. അതിന്റെ അറബിയിലുള്ള അര്‍ഥം അല്‍കുറതുല്‍ മുസയ്യിറത് (ചലിക്കുന്ന ഗോളം) എന്നാണ്. വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള അര്‍ദ്വ് എന്ന പദങ്ങളുടെ അര്‍ഥം തന്നെ ‘ചലിക്കുന്ന പന്ത്’ എന്നാണ്.
സൂറത്ത് യാസീന്‍ 40-ാം വചനത്തില്‍ പറയുന്നു: എല്ലാ ഗോളങ്ങളും അവയുടെ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പെട്ട ചലിക്കുന്ന ഒരു ഗോളം തന്നെയാണ് ഭൂമിയും.
അല്ലാഹു പറയുന്നു: ”പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചു നില്‍ക്കുന്നതാണെന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതുപോലെ ചലിക്കുന്നതാണ്” (നംല് 88). ഭൂമി ചലിക്കാതെ പര്‍വതങ്ങള്‍ക്ക് മാത്രം ചലിക്കാന്‍ സാധ്യമല്ലല്ലോ?
ഫറോവയെക്കുറിച്ച് അല്ലാഹു പറയുന്നു: ”എന്നാല്‍ നിന്റെ ശേഷം വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ നാം രക്ഷപ്പെടുത്തുന്നതാണ്” (യൂനുസ് 92). കയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ കിടക്കുന്ന ഫറോവയുടെ മൃതശരീരത്തെക്കുറിച്ച് മോറിസ് ബുക്കായി ബൈബിള്‍, ഖുര്‍ആന്‍, ശാസ്ത്രം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത് ‘അത് ഖുര്‍ആനിന്റെ അമാനുഷികതയാണ്’ എന്നാണ്