30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

അനുസ്മരണം- പി ടി ഷമീര്‍

തൃപ്പനച്ചി: ഐ എസ് എം തൃപ്പനച്ചി ശാഖാ സെക്രട്ടറി പി ടി ഷമീര്‍ (37) നിര്യാതനായി. ചെറുപ്പം മുതല്‍ ഇസ്‌ലാഹീപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഷമീര്‍ തൃപ്പനച്ചിയിലും പരിസരങ്ങളിലും എം എസ് എം, ഐ എസ് എം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മഞ്ചേരി മേഖലാ എം എസ് എം സെക്രട്ടറിയും ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഗുരുതരമായ രോഗം പിടികൂടിയത്. ആരോഗ്യപരമായ പ്രയാസങ്ങള്‍ യാത്രകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമായെങ്കിലും പ്രാദേശികമായിഐ എസ് എം പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ തുടര്‍ന്നു. പ്രാര്‍ഥനാനിര്‍ഭരമായ ലളിത ജീവിതവും ഹൃദ്യമായപുഞ്ചിരിയുമായി തൃപ്പനച്ചി മസ്ജിദുത്തൗഹീദിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സദാസമയവും മുന്നില്‍ നിന്നു.ഗുരുതരമായ രോഗാവസ്ഥയെ ഈമാനിന്റെ മനോബലം കൊണ്ട് നേരിട്ട ഷമീര്‍ പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തന രംഗത്ത് സജീവമായി നിലകൊണ്ടു. വെളിച്ചം കണ്‍വീനറായിരുന്ന അദ്ദേഹം അതിന്റെ കോപ്പികള്‍ പരീക്ഷാര്‍ഥികള്‍ക്ക് എത്തിക്കുന്നതിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നടന്നു. അസുഖങ്ങളും പ്രയാസങ്ങളും പ്രതിസന്ധിയായി കാണാതെ പ്രബോധനമേഖലയിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും എല്ലാം സജീവമായി പ്രവര്‍ത്തിച്ചു. തൃപ്പനച്ചി ജംഇയത്തുല്‍ മുസ്‌ലിഹീന്‍ സെക്രട്ടറി കോവിലകം പി ടി മുഹമ്മദ് ആണ് പിതാവ്. ഉമ്മ: ജുമൈല. ഭാര്യ: ഫസീല. മക്കള്‍: ഹഫ(രണ്ടര വയസ്), ഹമിസ് (ഒരു വയസ്). സഹോദരങ്ങള്‍:ശരീഫ്, ശക്കീര്‍, ശമീം. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ (ആമീന്‍)

Back to Top