കോവിഡ് വാക്‌സിന്‍ 2021ഓടെ മാത്രമെന്ന് പഠനം
ആഗോള മഹാമാരിയായ കോവിഡ് 19-നെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 2021ല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ലഭ്യമാകൂവെന്ന് പഠനം. കാനഡയിലെ മക്ഗില്‍ സര്‍വകലാശാല ലോകമെമ്പാടും വാക്‌സിന്‍ വികസിപ്പിക്കുന്നവരുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതീക്ഷയുളള 28-ഓളം വാക്‌സിന്‍ നിര്‍മാതാക്കള്‍ക്കിടയിലായിരുന്നു പഠനം. 2021-ന് മുമ്പ് വാക്‌സിന്‍ ലഭ്യമാകാന്‍ സാധ്യതയില്ലെന്ന് തങ്ങള്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതായി മക് ഗില്‍ സര്‍വകലാശാല പ്രഫസര്‍ ജൊനാഥന്‍ കിമ്മെല്‍മാന്‍ പറഞ്ഞു. അടുത്ത വേനല്‍ക്കാലത്തോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കും. 2022-ല്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് പൂര്‍ണമായി ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ രണ്ടു പ്രധാന പ്രശ്‌നങ്ങളെ നേരിടേണ്ടിവരുമെന്ന് മൂന്നിലൊന്ന് വിദഗ്ധരും വിശ്വസിക്കുന്നു. ആദ്യത്തേത് വാക്‌സിന്‍ ഉപയോഗിക്കുന്നത് വഴിയുണ്ടാകുന്ന പ്രതികൂല പ്രതികരണങ്ങളും രണ്ടാമത്തേത് യു എസിലും കാനഡയിലും നടത്തുന്ന പരീക്ഷണങ്ങളിലെ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ചും. കോവിഡ് വാക്‌സിന്‍ അതിവേഗം ലഭ്യമാക്കാന്‍ ഗവേഷകര്‍ പരിശ്രമിക്കുന്നുവെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നതായി യു എസിലെ കാര്‍നെജി മെല്ലണ്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസര്‍ സ്റ്റീഫന്‍ ബ്രൂമ്മെല്‍ പറഞ്ഞു
