ആത്മീയ നിര്‍വൃതിയില്‍ ഉംറ പുനരാരംഭിച്ചു
ആത്മഹര്‍ഷത്തിന്റെ നിറവില്‍ ഉംറ തീര്‍ഥാടനത്തിനു തുടക്കമായി. മസ്ജിദുല്‍ ഹറമിന്റെ കവാടങ്ങള്‍ തീര്‍ഥാടകര്‍ക്കു മുന്നില്‍ വീണ്ടും തുറന്നപ്പോള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടും ആനന്ദാശ്രു പൊഴിച്ചും ദൈവത്തിനു നന്ദി പ്രകടിപ്പിക്കുകയായിരുന്നു മുസ്‌ലിംലോകം. മാസ്‌ക് ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് സുഗമമായി കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചതിന്റെ നിര്‍വൃതിയില്‍ തീര്‍ഥാടകര്‍.
500 പേര്‍ വീതം 12 സംഘമായി തിരിച്ചായിരുന്നു തീര്‍ഥാടനം. 2 വരികളില്‍ അകലം പാലിച്ച് 50 പേര്‍ വീതം അണിനിരന്ന് പ്രദക്ഷിണത്തിനും(ത്വവാഫ്) പ്രയാണത്തിനും (സഅയ്) സൗകര്യം ഒരുക്കിയതോടെ എല്ലാവര്‍ക്കും സുഗമമായി കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. തീര്‍ഥാടകരുടെ സുരക്ഷ മാനിച്ച് ദിവസേന 10 തവണ ഹറം പള്ളിയും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തുവരുന്നു.
ഉംറ തീര്‍ഥാടനം പുനരാരംഭിച്ചതോടെ മക്കയും പരിസര പ്രദേശങ്ങളും സജീവമായി. ഇനി ഹറം പള്ളിയില്‍ ഇടതടവില്ലാതെ പ്രാര്‍ഥനകള്‍ ഉയരും.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇഅ്തമര്‍നാ ആപ്പിലൂടെ അപേക്ഷിച്ചവര്‍ക്കാണ് തീര്‍ഥാടനത്തിനു അനുമതി നല്‍കിയത്. ആദ്യഘട്ടത്തില്‍ ദിവസേന 6000 തീര്‍ഥാടകര്‍ക്കാണ് അവസരം. ഈ മാസം 18 മുതല്‍ തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ 15000 തീര്‍ഥാടകര്‍ക്കും നവംബര്‍ 1ന് തുടങ്ങുന്ന മൂന്നാംഘട്ടത്തില്‍ വിദേശത്തുനിന്നുള്ളവരടക്കം പ്രതിദിനം 20000 പേര്‍ക്കുമാണ് അനുമതി.
18 മുതല്‍ 40,000 സന്ദര്‍ശകരെയും അനുവദിച്ചു തുടങ്ങും. തീര്‍ഥാടകരും സന്ദര്‍ശകരും ഇടകലരാതിരിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ സ്പര്‍ശിക്കാതിരിക്കാന്‍ കഅബയ്ക്കു ചുറ്റും ബാരിക്കേഡ് ഉയര്‍ത്തിയിട്ടുണ്ട്
