കാര്‍ഷിക ബില്ലും ഫെഡറല്‍ സംവിധാനവും
അഷ്ഫാഖ് മുഹമ്മദ്
രാജ്യത്തെ കര്‍ഷകര്‍ തങ്ങളുടെ നിലനില്പിനായി പോരടിക്കുകയാണ്. അവരുടെ ജീവിതത്തെ താറുമാറാക്കുന്ന ഭേദഗതിയാണ് കഴിഞ്ഞ ദിവസം കേന്ദ്രം കൊണ്ടുവന്ന പുതിയ കാര്‍ഷിക ഭേദഗതി ബില്‍. കര്‍ഷകരുടെ പ്രതിസന്ധിയിലെ ഇടനിലക്കാരുടെ പ്രശ്‌നം ഗൗരവമുള്ളതാണ്. പക്ഷേ വലിയ ബിസിനസ്സ് സ്ഥാപനങ്ങള പിന്തുണയ്ക്കുന്ന പോലെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍, കര്‍ഷകര്‍ക്ക് എങ്ങനെ ആനുകൂല്യം ലഭിക്കും. എന്തായാലും, പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്ലുകള്‍ പാസാക്കുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ഒരു നിമിഷം പോലും ചെവി കൊടുക്കാന്‍ സര്‍ക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന സമയത്താണ് ഇത്തരത്തിലുള്ളതെല്ലാം സംഭവിക്കുന്നത്. പ്രതിപക്ഷം ഭരണകൂടത്തിന്റെ ശത്രുക്കളാണെന്ന മട്ടിലാണ് പരിഗണിക്കപ്പെടുന്നത്.
ജനങ്ങള്‍ക്കും ദരിദ്രര്‍ക്കും തൊഴിലാളികള്‍ക്കും സിവില്‍ സമൂഹത്തിനും കനത്ത ആഘാതമേല്‍പ്പിക്കുന്ന നിരവധി ബില്ലുകളാണ് ‘ബിസിനസ് എളുപ്പമാക്കലിന്റെയും സുതാര്യതയുടെയും’ പേരില്‍ കഴിഞ്ഞ പാര്‍ലമെന്റ് സെഷന്‍ പാസാക്കിയത്. പൊതുമേഖലയെ ഉന്മൂലനം ചെയ്യാനും സാവധാനത്തിലും പരോക്ഷമായും അത് അവരുടെ പ്രശസ്തരായ സുഹൃത്തുക്കള്‍ക്ക് കൈമാറാനും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട നിര്‍ഭാഗ്യകരമായ സാഹചര്യങ്ങളെ ഉപയോഗിക്കുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ, ആളുകള്‍ അവരുടെ ദൈനംദിന വേതനത്തിനായി പോരാടുകയും, ശമ്പളമോ ഫണ്ടുകളോ കുടിശികയോ ലഭിക്കാതിരിക്കുകയും ചെയ്യുന്ന സമയത്ത്, പാര്‍ലമെന്റ് പുനര്‍നിര്‍മിക്കുന്നതിനും ചരിത്ര കാലഘട്ടത്തിലെ മനോഹരമായ ഭൂപ്രകൃതി മാറ്റുന്നതിനും വേണ്ടിയുള്ള 20,000 കോടി രൂപയുടെ നിക്ഷേപം വളരെയധികം അസ്വസ്ഥതപ്പെടുത്തുന്നു.
നമുക്ക് പ്രതികരിക്കാന്‍ കഴിയാത്ത വിധം വളരെ വേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കാരണം എഴുന്നേറ്റ് നിന്ന് പ്രതികരിക്കുന്നു എന്നതിനെക്കള്‍ നാം കൂടുതല്‍ വിഷാദാവസ്ഥയിലേക്കാണ് പോകുന്നത്. ഇത് ഇന്നത്തെ കാലത്ത് നിലനില്‍ക്കുന്ന വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ്. യാതൊരു മറയുമില്ലാത്ത രീതിയില്‍ സംഭവിക്കുന്ന അത്തരം കാര്യങ്ങളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും? യുവജനത അറസ്റ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു, രാഷ്ട്രീയ നേതാക്കള്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരെ കുറ്റപത്രം ചുമത്തപ്പെടുന്നു, അതേസമയം നിരായുധരായ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും അവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് ഇസഡ് പ്ലസ് സുരക്ഷയും നല്‍കുന്നു.
കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുവെന്ന പേരില്‍ യഥാര്‍ഥത്തില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സുഗമമായി ഈ വ്യാപാര രംഗത്തേക്ക് പ്രവേശിക്കാന്‍ വേണ്ടി വഴിയൊരുക്കുകയാണ്. ഉത്പന്നങ്ങളുടെ വില എത്ര വേണമെങ്കിലും അവരാഗ്രഹിക്കുന്ന തരത്തില്‍ വര്‍ധിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. കര്‍ഷകരും സ്വതന്ത്രരാക്കുന്നുവെന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് എന്താണ്? റിലയന്‍സും അംബാനിയും അദാനിയുടെ കമ്പനികളും അതുപോലുള്ള കോര്‍പ്പറേറ്റുകളും എല്ലാം കാര്‍ഷിക വിഭവങ്ങളുടെയും മറ്റും റീട്ടെയില്‍ ബിസിനസുകളിലേക്കും കടക്കുകയാണ്.
കൃഷി എന്നു പറയുന്നത് സംസ്ഥാന വിഷയമാണ്. സ്റ്റേറ്റ് ലിസ്റ്റിലുള്ള കൃഷിയില്‍ ചില സന്ദര്‍ഭങ്ങളില്‍ കേന്ദ്രത്തിന് നടപടികള്‍ എടുക്കാം. പാര്‍ലമെന്റില്‍ നിയമം കൊണ്ടുവരാം. പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്രത്തിന് ഇടപെടാം. ചില നിബന്ധനകള്‍ ഉണ്ട് അക്കാര്യത്തില്‍. പക്ഷെ സംസ്ഥാന സബ്ജക്റ്റില്‍ പെട്ട കാര്യത്തില്‍ പ്രത്യേക സാഹചര്യങ്ങളൊന്നുമില്ലാതെ നിയമനിര്‍മാണം നടത്തുമ്പോള്‍ അവരുമായി ഒന്ന് ആലോചിക്കുക സാമാന്യ മര്യാദയല്ലേ?
നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയപ്പോള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനം കൂടുതല്‍ ശക്തിയായി ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ പിന്നീട് ഓരോ വിഷയങ്ങളിലായി കേന്ദ്രം സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്ക് ഏകപക്ഷീയമായി കടന്നുകയറുന്നതായാണ് കണ്ടത്. ധനകാര്യ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് നിര്‍ണയം അടക്കമുള്ള ഒട്ടേറെ കാര്യങ്ങളില്‍ ഇത് കാണാം.