മൊയ്തു മൗലവിയുടെ ജയില്‍ ദിനങ്ങള്‍
ഹാറൂന്‍ കക്കാട്
‘എന്റെ ജയിലനുഭവങ്ങള്‍’ വായിച്ചപ്പോഴാണ് നൂറ്റാണ്ടിന്റെ സാക്ഷി ഇ മൊയ്തു മൗലവിയെ നേരില്‍ കാണാനുള്ള മോഹം കലശലായത്. 1989ല്‍ അരീക്കോട് സുല്ലമുസ്സലാമില്‍ വിദ്യാര്‍ഥിയായിരിക്കേ ആ മോഹം പ്രിന്‍സിപ്പലായിരുന്ന കെ കെ മുഹമ്മദ് സുല്ലമിയോട് പറഞ്ഞു. അന്ന് നൂറ്റാണ്ട് പിന്നിട്ട ഇ മൊയ്തു മൗലവി വാര്‍ധക്യസഹജമായ പീഢകളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ്. എങ്കിലും കെ കെ യുടെ ഇടപെടലിനെ തുടര്‍ന്ന് അനുമതി കിട്ടി. ഞങ്ങള്‍ വീട്ടിലെത്തിയപ്പോ ള്‍ എഴുത്തുകാരനും ചിന്തകനുമായ മകന്‍ എം റഷീദ് സാഹിബ് അവിടെയുണ്ടായിരുന്നു. ഇളംതലമുറയിലെ ഞങ്ങളെ കണ്ടപ്പോള്‍ മൊയ്തു മൗലവി പ്രയാസപ്പെട്ട് ഏതാനും കാര്യങ്ങള്‍ സംസാരിച്ചു. അദ്ദേഹത്തിന്റെ തിളക്കമുള്ള കണ്ണുകളില്‍ അപ്പോള്‍ പൂര്‍ണ ചന്ദ്രന്‍ ഉദിച്ചിരുന്നു. അനന്യസാധാരണമായ ദീര്‍ഘായുസ്സ് കൊണ്ട് കാലം അനുഗ്രഹിച്ച അപൂര്‍വ ധിഷണാശാലി! ഇരുപതാം നൂറ്റാണ്ടിന്റെ ഏകദേശം അവസാനം വരേക്കും ചരിത്രത്തിന്റെ നേര്‍സാക്ഷിയായ മഹാപുരുഷന്റെ മുഖത്ത് ഇനിയും ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ടെന്ന ഭാവമായിരുന്നു അപ്പോഴും.
നൂറ്റാണ്ടിന്റെ സാക്ഷി അഗ്‌നിപരീക്ഷണങ്ങളുടെ തീച്ചൂളയിലൂടെയാണ് ജീവിതത്തിലേക്ക് നടന്നുകയറിയത്. കാലത്തെ തോല്‍പിച്ച ഇതിഹാസ സമരനായകന്‍ ആത്മീയപ്രഭയില്‍ അലിഞ്ഞുചേ ര്‍ന്നിരിക്കുന്നു. സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയെ തളര്‍ത്താന്‍ വെള്ളക്കാരന്റെ പട്ടാളത്തിന്‌പോലും സാധിച്ചില്ല. 1919 ലാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ ഇ. മെയ്തു മൗലവി സജീവമായത്. അദ്ദേഹത്തിന്റെ പ്രസംഗവും പ്രവര്‍ത്തനങ്ങളും ഒട്ടേറെപേരെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് ആകര്‍ഷിച്ചു. മുസ്‌ലിം സമുദായത്തിന്റെ പങ്കാളിത്തം സ്വാതന്ത്ര്യസമരത്തില്‍ ഉറപ്പാക്കുന്നതിനും സാമൂഹിക പരിഷ്‌കരണത്തിനും വേണ്ടി രൂപീകൃതമായ മജ്‌ലിസുല്‍ ഉലമയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു മൗലവി. 1921ലെ ഖിലാഫത്ത് പ്രസ്ഥാനക്കാലത്ത് മൗലവിയെ പ്രക്ഷോഭത്തില്‍ അറസ്റ്റ് ചെയ്യുകയും കഠിനതടവ് അനുഭവിക്കുകയും ചെയ്തു. ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്തതിന് മൂന്ന് വര്‍ഷം പിന്നെയും തടവുശിക്ഷ അനുഭവിച്ചു.
ബ്രിട്ടീഷ് ജയിലുകളില്‍ ആ പോരാളി ഏറ്റുവാങ്ങിയ മര്‍ദനങ്ങ ള്‍ക്ക് കയ്യും കണക്കുമില്ല. ജയില്‍ വാര്‍ഡന്‍മാര്‍ ഇര കണ്ട നരികളെപ്പോലെയാണ് അക്കാലത്ത് തടവുകാരോട് പെരുമാറിയത്. ജയിലില്‍ ഇടതടവില്ലാതെ ചവിട്ടും കുത്തും ഇടിയും തൊഴിയും കിട്ടും. മൊയ്തു മൗലവിയെ പീഡിപ്പിക്കുമ്പോള്‍ ഒരു പോലീസുകാരന്റെ ചോദ്യം: ”മതിയായില്ലേ മൗലാനാ സ്വാതന്ത്ര്യം?”. മറ്റൊരു പോലീസുകാരന്റെ പരിഹാസം ‘ഇവന്‍ സ്‌റ്റേജില്‍ കയറിയാല്‍ യാതൊരു ബോധവുമില്ലാതെ ഗവണ്‍മെന്റിനെ ആക്ഷേപിക്കുന്നവനാണ്’ എന്നായിരുന്നു.
ജയിലില്‍ പീഡനം അസഹ്യമായപ്പോള്‍ പലരും വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി. അദ്ദേഹം ഒരക്ഷരംപോലും ഉരിയാടാതെ എല്ലാം പരമാവധി സഹിച്ചു. ഒരു ശക്തമായ ചവിട്ട് കിട്ടിയപ്പോള്‍ മൗലവി ‘അള്ളോ’ എന്ന് ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് ദൂരെ നിന്ന് ഒരു വാര്‍ഡന്‍ ഓടിവന്നു. ‘ഇവന്റെ പുറം നല്ല വീതിയുണ്ടെ’ന്നു പറഞ്ഞ് അയാള്‍ ബാറ്റണ്‍കൊണ്ട് അതിശക്തിയായി അദ്ദേഹത്തെ അടിച്ചു. വാര്‍ഡന്‍മാരുടെ കൈകള്‍ തളര്‍ന്നപ്പോഴാണ് അടി നിര്‍ത്തിയത്. പിന്നെ തടവുകാരുടെ എണ്ണംനോക്കല്‍ ചടങ്ങാണ്. ഒന്ന്, രണ്ട് എന്നുപറഞ്ഞു രണ്ടാളുടെ തലകള്‍ തമ്മില്‍ ‘ട്ടേ’ എന്നു ശബ്ദം കേള്‍ക്കുംവിധം ശക്തമായി കൂട്ടിമുട്ടിച്ചാണ് എണ്ണമെടുത്തിരുന്നത്. അസഹ്യമായ വേദന കൊണ്ട് പുളയുമായിരുന്നു. ഇതെല്ലാം കഴിഞ്ഞശേഷം വല്ല ദ്രവ്യവും ഒളിച്ചുവെച്ചിട്ടുണ്ടോ എന്ന പരിശോധനയാണ്. അന്ന് ക്രിമിനല്‍ തടവുകാര്‍ മലദ്വാരത്തിലും തൊണ്ടയിലും പൈസ ഒളിപ്പിച്ചുവെക്കാറുണ്ടായിരുന്
ജയിലിലെ ആദ്യ ദിവസം യാതൊരു ഭക്ഷണവും നല്‍കിയില്ല. വൃത്തിഹീനമായ നിലത്ത് പായയോ പടമോ ഒന്നുമില്ലാതെ അവശരായി കിടന്നുറങ്ങി. നേരം പുലര്‍ന്നപ്പോള്‍ ഒരു ഡോക്ടര്‍ ദേഹപരിശോധനയ്‌ക്കെത്തി. അയാള്‍ മൗലവിയുടെ ശരീരത്തിലുള്ള പാടുകളും മുഴകളും തൊട്ടുനോക്കിയതല്ലാതെ യാതൊരു മരുന്നും കൊടു ത്തില്ല. ആരോഗ്യമുളള ശരീരമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. പിന്നെ ഒരു വാര്‍ഡന്‍ വന്ന് വളയും താലിയും അണിയിച്ചു. ഒരു കാലി ല്‍ തടിച്ച ഇരുമ്പുവളയും കഴുത്തി ല്‍ ശിക്ഷയുടെയും വിടുതലിന്റെയും തീയതിയും കേസിന്റെ വകുപ്പുകളും കൊത്തിയിട്ടുള്ള താലിയും അണിയിച്ചു. താലി കോര്‍ത്തിട്ടുള്ള നൂല്‍ വെളുപ്പ്, കറുപ്പ്, ചുവപ്പ് എന്നീ നിറത്തിലുള്ളതായിരുന്നു. വെളുത്ത നൂലുള്ളവന്‍ കടുത്ത പണികള്‍ ചെയ്യണം. ചുവന്ന നൂലുകാരന് ഭാരിച്ച പണിയൊന്നും ഉണ്ടാവില്ല. മൗലവിയുടെ താലിയുടെ നൂല്‍ വെളുത്തതായിരുന്നു.
പിന്നീട് വസ്ത്രങ്ങള്‍ മാറ്റി ജയിലുടുപ്പുകള്‍ ധരിപ്പിച്ചു. ഹാഫ് ട്രൗസറും ബനിയനും ഷര്‍ട്ടുമല്ലാത്ത ഒരുതരം കുപ്പായവും ചെവി മൂടുന്ന തരത്തിലുള്ള തൊപ്പിയുമാണ് വേഷം. ഇത്രയും കാര്യങ്ങള്‍ ക്ഷമയോടെ നേരിട്ട മൗല വി ജയില്‍വേഷം ധരിച്ചപ്പോള്‍ നിയന്ത്രണം വിട്ട് കരഞ്ഞുപോയി. കാല്‍മുട്ട് മറയാതെയുള്ള വസ്ത്രം കാര്യബോധമുണ്ടായ നാള്‍മുതല്‍ ഒരിക്കലും ഉപയോഗിക്കാത്തതുകൊണ്ട് വല്ലാത്ത കുണ്ഠിതവും ലജ്ജയും തോന്നി.
ജയില്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചശേഷം അദ്ദേഹത്തെ മുറിയിലിട്ടുപൂട്ടി. കുറച്ചു ചകിരിതൂപ്പ് നല്‍കി കയര്‍ പിരിക്കാന്‍ പറഞ്ഞു. അറിഞ്ഞുകൂടായിരുന്നുവെങ്കിലും വളരെ പ്രയാസപ്പെട്ടു കയര്‍ പിരിക്കാ ന്‍ പഠിച്ചു. കരിങ്കല്‍ ചില്ലുകള്‍ ഉടയ്ക്കലാണ് ജയിലിലെ കഠിനമായ മറ്റൊരു ജോലി. കരിങ്കല്‍ പാറകള്‍ നിരത്തുകള്‍ക്കും മറ്റും ഉപയോഗിക്കത്തക്ക നിലയില്‍ തടവുകാരെക്കൊണ്ട് ഉടപ്പിക്കും. ജോലിക്കിടയില്‍ തടവുകാരെ വാര്‍ഡന്‍മാര്‍ വല്ലാതെ ഉപദ്രവിക്കുമായിരുന്നു.
ഇ മൊയ്തു മൗലവിയുടെ മൊഴികളില്‍ സ്വാതന്ത്ര്യമെന്ന അമൃതി ല്‍ കണ്ണുനീരിന്റെ ഉപ്പുരസം കലര്‍ന്ന കഥകള്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടായിരുന്
ബ്രിട്ടീഷ് സൈന്യം മൗലവിയുടെ മാറഞ്ചേരിയിലെ വീട് ആക്രമിക്കുകയും വിവിധ സാധന സാമഗ്രികള്‍ കൊള്ളയടിക്കുകയും ചെയ്തു. അസഹ്യമായ കൊടിയ പീഡനങ്ങള്‍ മൗലവിയെ ഒരുനിലയ്ക്കും തളര്‍ത്തിയില്ല. സ്വാതന്ത്ര്യ സമരസേനാനിയായ പിതാവ് കോടഞ്ചേരി മരക്കാര്‍ മുസ്‌ലിയാര്‍ ആയിരുന്നു മൊയ്തു മൗലവിയെ പ്രചോദിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ നരനായാട്ട് നാട്ടില്‍ രൂക്ഷമായപ്പോള്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി നാട്ടുകാരെ സുസജ്ജരാക്കാന്‍ വേണ്ടി മകനോട് പിതാവ് ഉപദേശിച്ചു. ജയിലില്‍നിന്നനുഭവിച്ച ബ്രിട്ടീഷ് പീഡനത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു ആ സമയം മരക്കാര്‍ മുസ്‌ലിയാര്‍.
മാറഞ്ചേരി പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനായി തടിച്ചുകൂടിയ ജനങ്ങളോട് ‘നാം മഹാത്മാ ഗാന്ധിയുടെ ആഹ്വാനമുള്‍ക്കൊണ്ട് വെള്ളക്കാര്‍ക്കെതിരെ പൊരുതണം’ എന്ന് പ്രസംഗമധ്യേ മൊയ്തു മൗലവി പ്രഖ്യാപിച്ചതും സദസ്സില്‍നിന്ന് പ്രതിഷേധാഗ്‌നിയുമായി ഒരു വിഭാഗം ജനങ്ങള്‍ ആര്‍ത്തിരമ്പി. അമുസ്‌ലിമായ ഗാന്ധിയുടെ പേര് പവിത്രമായ പള്ളിയില്‍നിന്ന് ഉച്ഛരിക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ ശക്തമായ മുറവിളി. പലരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ വാദത്തില്‍നിന്ന് പിന്മാറാന്‍ പ്രശ്‌നക്കാര്‍ തയ്യാറായില്ല.
അങ്ങനെ പ്രസംഗം അലങ്കോലപ്പെട്ടു. വീട്ടില്‍ തിരിച്ചെത്തിയ മൊയ്തു മൗലവി, അതിനിര്‍ണായകമായ ചരിത്ര ദശാസന്ധിയില്‍ സ്വന്തം നാട്ടില്‍നിന്ന് സ്വന്തം സമുദായക്കാരില്‍ നിന്നുതന്നെ നേരിട്ട അത്യന്തം വിഷമകരമായ ദുരനുഭവം പിതാവുമായി പങ്കുവെച്ചു. സരസനായിരുന്ന മരക്കാര്‍ മുസ്‌ലിയാര്‍ മകനെ സമാശ്വസിപ്പിച്ചു.
സ്വാതന്ത്ര്യ സമരരംഗത്തെ അതിശക്തമായ പോരാട്ടങ്ങളോടൊപ്പം സ്വന്തം സമുദായത്തിനകത്തെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഉജ്വലമായ ബോധവത്ക്കരണവും നടത്തിയ പരിഷ്‌കര്‍ത്താവായിരുന്നു മരക്കാര്‍ മുസ്‌ലിയാര്‍. നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. ‘ദുരാചാരമര്‍ദനം’ എന്ന പേരിലെഴുതിയ മാപ്പിളപ്പാട്ട് സമാഹാരം അക്കാലത്തെ സാമൂഹിക തിന്മകള്‍ക്കെതിരിലുള്ള മൂര്‍ച്ചയേറിയ രചനയാണ്. ക്ഷമയുടെ നാള്‍വഴികളായിരുന്നു ആ ജീവിതം മുഴുവന്‍. അതിന് സദ്ഫലങ്ങളുണ്ടായി. നിരവധി പേര്‍ പിന്നീട് ആ ആശയധാരയില്‍ കണ്ണികളായി.
പിതാവിന്റെ ജീവിതത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മൊയ്തു മൗലവിയും ശക്തനായ വിപ്ലവനായകനായി ധന്യമായ മാതൃകകള്‍ തീര്‍ത്തു. ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനം, ഇസ്‌ലാഹി പ്രസ്ഥാനം, സ്വാതന്ത്ര്യ സമര സ്മരണ, മൗലവിയുടെ ആത്മകഥ, സലഫീ പ്രസ്ഥാനം ആദ്യകാല ചരിത്രം, കാലഘട്ടങ്ങളിലൂടെ, എന്റെ കൂട്ടുകാരന്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയവ മൊയ്തു മൗലവിയുടെ പ്രധാന കൃതികളാണ്. മുഹമ്മദ് അബ്ദുറഹമാന്‍ സാഹിബിനോടൊപ്പം അല്‍ അമീന്‍ പത്രം പ്രസിദ്ധീകരിക്കുന്നതില്‍ അദ്ദേഹം വലം കൈയ്യായി കൂടെയുണ്ടായിരുന്നു.
102ാം വയസ്സില്‍ മൗലാന അബുല്‍കലാം ആസാദിന്റെ ‘റസൂലെ റഹ്മത്’ ഉറുദുവില്‍നിന്നു പരിഭാഷ ചെയ്ത മൊയ്തു മൗലവി, അവസാനകാലത്ത് നൂറ്റാണ്ട് പിന്നിട്ട ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുകയായിരുന്നു. മരണംവരേയും വിശ്രമമില്ലാത്ത പോരാട്ടം!
1995 ജൂണ്‍ എട്ടിന് 109-ാം വയസ്സില്‍ ആ അഗ്‌നിസ്ഫുലിംഗം അണഞ്ഞു. കോഴിക്കോട് കണ്ണംപറമ്പിലെ ശ്മശാനത്തിലാണ് ആ വിപ്ലവനായകന്റെ ഭൗതികശരീരം ഖബറടക്കിയത്.