21 Tuesday
October 2025
2025 October 21
1447 Rabie Al-Âkher 28

ഇസ്‌ലാമും സ്ത്രീകളും

അംന ഹസീന്‍

സ്ത്രീ പുരുഷ സമത്വം പുതിയ കാലത്തെ ചര്‍ച്ചയാണ്. സ്ത്രീയും പുരുഷനും സമൂഹത്തില്‍ നിര്‍വഹിക്കുന്നത് ഒരേ ധര്‍മമല്ല. ഖുര്‍ആന്‍ സ്ത്രീകളെ കുറിച്ച് നിരന്തരം ചര്‍ച്ച ചെയ്തിട്ടുണ്ട്. ആ പേരില്‍ ഒരു അധ്യായം തന്നെ ഖുര്‍ആനിലുണ്ട്. സ്ത്രീയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെട്ട കാലത്താണ് ഖുര്‍ആന്‍ അവര്‍ക്കും അവകാശമുണ്ട് എന്ന് പറഞ്ഞത്. ആര്‍ക്കും ഇഷ്ടംപോലെ ഉപയോഗിക്കാനും കളയാനും കഴിയുന്ന ഒന്നാണ് സ്ത്രീ എന്ന നിലപാടിനെ ഖുര്‍ആന്‍ തിരുത്തി. അനന്തരാവകാശ സ്വത്തില്‍ സ്ത്രീക്കും അവകാശം നല്‍കി. വിവാഹത്തില്‍ പുരുഷനെ പോലെ സ്ത്രീക്കും അവകാശം നല്‍കി. പൗരോഹിത്യം പലപ്പോഴും മതങ്ങളെ ഹൈജാക്ക് ചെയ്തിട്ടുണ്ട്. നമ്മുടെ കാലത്തും സ്ത്രീകള്‍ക്ക് പൊതു സ്ഥലങ്ങളില്‍ പ്രത്യേക ആനുകൂല്യം നല്‍കേണ്ടി വരുന്നു. സ്ത്രീയുടെയും പുരുഷന്റെയും കടമകള്‍ ഒന്നല്ല എന്ന് മനസ്സിലാക്കുന്നിടത്ത് രണ്ടു പേര്‍ക്കും സമൂഹത്തില്‍ ഒരേ സ്ഥാനം ആവശ്യമില്ല എന്നത് ഇസ്‌ലാമിന്റെ കണ്ടെത്തലായി കാണരുത്. അതൊരു പൊതു ബോധമാണ്. സ്ത്രീയുടെ കാര്യത്തില്‍ സമത്വം എന്നതിനേക്കാള്‍ അവള്‍ക്ക് വേണ്ടത് പരിരക്ഷയാണ്. അത് ആധുനിക ലോകവും സമ്മതിക്കുന്നു. സ്ത്രീയുടെ വസ്ത്രമാണ് പലപ്പോഴും വിമര്‍ശകരെ ചൊടിപ്പിക്കുന്നത്. വ്യക്തിയുടെ വസ്ത്രധാരണത്തിലെ ജനാധിപത്യ ബോധം ഉള്‍ക്കൊണ്ടാല്‍ തീരുന്നതാണ് ആ വിഷയം. സ്ത്രീ പുരുഷന്റെ അടിമയാണ് എന്നല്ല ഇസ്‌ലാം പറയുന്നത്. സ്ത്രീയും പുരുഷനും പരസ്പരം ഇണകളാണ് എന്ന നിലപാടിലാണ് ഇസ്‌ലാം നിലകൊള്ളുന്നത്.

Back to Top