ഡല്‍ഹിപ്പോലീസിന്റെ കൃത്രിമക്കേസുകള്‍
അസീം മുബാറക്
ഡല്‍ഹി കലാപമുണ്ടായതിന്റെ അന്വേഷണത്തിനായി നിയോഗിക്കപ്പെട്ട സംഘം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. അമിത് ഷായുടെ പോലീസ് സംഘം കുറ്റപത്രത്തില്‍ നിന്നും യഥാര്‍ഥ കുറ്റവാളികള്‍ ആകേണ്ടിയിരുന്നവരെ ‘കൂളായി’ ഒഴിവാക്കുകയും പകരം കലാപവുമായി യാതൊരു ബന്ധവുമില്ലാത്ത ആനി രാജ, ബൃന്ദാ കാരാട്ട്, കവിത കൃഷ്ണന്‍ തുടങ്ങിയ വനിതാ നേതാക്കള്‍ അടക്കമുള്ള ഒട്ടേറെ പൊതുപ്രവര്‍ത്തകരെ പ്രതി ചേര്‍ക്കുകയും ചെയ്തിരിക്കുന്നു.
ജെ എന്‍ യുവില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഷര്‍ജീല്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് നിരത്തുന്ന തെളിവുകളില്‍ വിഭജനകാലത്തെ കലാപങ്ങളെക്കുറിച്ചുള്ള അയാളുടെ ഗവേഷണ പ്രബന്ധത്തില്‍ നിന്നുള്ള ഭാഗങ്ങളും ശശി തരൂരിന്റെ ‘വൈ ഐ ആം എ ഹിന്ദു’ എന്ന പേരിലുള്ള പുസ്തകവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശങ്ങളുമാണ് എന്നുകൂടി അറിയുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന്റെ വാദിയെ പ്രതിയാക്കുന്ന തറവേല ലക്ഷ്യമിടുന്നത് എന്താണെന്നു ഏറെക്കുറെ വ്യക്തം.