21 Saturday
December 2024
2024 December 21
1446 Joumada II 19

ജനദ്രോഹത്തിന്റെ അടുത്ത ഘട്ടം

മുഷ്താഖ് മുഹമ്മദ്

തങ്ങള്‍ക്ക് എതിരായി നില്ക്കുന്നവരെ എങ്ങനെയൊക്കെ നശിപ്പിക്കാമോ അതിനാവശ്യമായ സര്‍വ ഉപായങ്ങളും നടപ്പില്‍ വരുത്തുക എന്നത് സ്വേച്ഛാധിപതികള്‍ തുടര്‍ന്നു പോരുന്ന ഒരു നയമാണ്. മോദിയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തനല്ല. ജനങ്ങളെ അടിച്ചമര്‍ത്തുന്ന ബില്ലുകളുമായാണ് ഈ കോവിഡ് കാലത്തും മോദി സര്‍ക്കാര്‍ കളി തുടരുന്നത്. കാര്‍ഷിക ഭേദഗതി ബില്ലിനു ശേഷം ഇപ്പോഴിതാ വിദേശ ഫണ്ട് സ്വീകരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. രാജ്യത്തെ സന്നദ്ധ സംഘടനകളെയാണ് ഈ ഭേദഗതി ഉന്നമിടുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വിദേശ പണം സ്വീകരിക്കുന്നതില്‍ വലിയ നിയന്ത്രണങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇത് വിവിധ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. പുതിയ ഭേദഗതി അനുസരിച്ച് പൊതുപ്രവര്‍ത്തകര്‍ (ുൗയഹശര ലെൃ്മിെേ) യാതൊരു തരത്തിലുമുള്ള വിദേശ സഹായവും സ്വീകരിക്കാന്‍ പാടില്ല. ഇതിന് പുറമെ, ഒരു സന്നദ്ധ സംഘടനക്ക് ആ സംഘടനയുടെ ഭരണപരമായ പ്രവര്‍ത്തനത്തിന്റെ 20 ശതമാനം മാത്രമേ വിദേശ പണമായി സ്വീകരിക്കാവൂ. നിലവില്‍ 50 ശതമാനം വരെ തുക ഈ ആവശ്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ അനുവാദമുണ്ട്.
സംഘടനയുടെ എല്ലാ ഭാരവാഹികള്‍ക്കും ആധാര്‍ കാര്‍ഡ് പുതിയ ഭേദഗതിയോടെ നിര്‍ബന്ധമാക്കി. ഭാരവാഹികള്‍ക്ക് ആധാര്‍ കാര്‍ഡോടുകൂടിയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ വ്യവസ്ഥകള്‍ക്ക് വിധേയമായി വിദേശ സഹായം സ്വീകരിക്കാന്‍ സാധിക്കുകയുള്ളൂ.
ഇതിനെല്ലാം പുറമെ സര്‍ക്കാരിന് ഏതെങ്കിലും സംഘടനയുടെ പ്രവര്‍ത്തനത്തില്‍ ഏത് സമയത്തും അന്വേഷണം നടത്താനും ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടാല്‍ അന്വേഷണത്തിന് ഉത്തരവിടാനും അതുവരെ വിദേശ സഹായം കൈപ്പറ്റരുതെന്ന് നിര്‍ദേശിക്കാനും സാധിക്കും. അതുവരെ ലഭിച്ച, എന്നാല്‍ ഉപയോഗിക്കാതിരുന്ന ഫണ്ട് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനും സര്‍ക്കാരിന് അധികാരം നല്‍കുന്ന വ്യവസ്ഥകളും പുതിയ ഭേദഗതിയില്‍ ഉണ്ട്. ഒരു സംഘടനക്ക് ലഭിച്ച പണം മറ്റൊരു സംഘടനക്ക് നല്‍കുന്നതിനെയും പുതിയ നിര്‍ദേശം എതിര്‍ക്കുന്നു.
ഈ വ്യവസ്ഥകള്‍ എല്ലാം സര്‍ക്കാരിനെ എതിര്‍ക്കുന്ന സംഘടനകളെ നിയന്ത്രിക്കാനും ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും ആരോപിക്കുന്നത്. സര്‍ക്കാരിനെ എതിര്‍ക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടുള്ള, എല്ലാതരത്തിലുള്ള എതിര്‍പ്പും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സ്വാതന്ത്ര്യം തീര്‍ത്തും ഇല്ലാതാക്കുന്ന നിബന്ധനകളാണ് പുതിയ നിയമത്തില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പി എം കെയേഴ്‌സിലേക്കും വിദേശ പണം വാങ്ങാമെന്നിരിക്കെ എന്തുകൊണ്ടാണ് സന്നദ്ധ സംഘടനകള്‍ക്ക് ഇതില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നതാണ് ചോദ്യം.

Back to Top