മത ജാതി ഭേദങ്ങളേതുമില്ല; മനുഷ്യജീവന് തുല്യവില
പി കെ മൊയ്തീന്‍ സുല്ലമി
മനുഷ്യരാശിയുടെ മതമാണ് ഇസ്‌ലാം. അത് അവന് ഇരു ലോകത്തും ഹൃദ്യവും സന്തുഷ്ടവുമായ ജീവിതം ഉറപ്പുവരുത്തുന്നു. ഇസ്‌ലാം ഏറ്റവും പ്രാധാന്യം നല്‍കുന്നത് പരലോക ജീവിതത്തിനാണ്. സത്യവും നീതിയും അംഗീകരിക്കുന്നവരെല്ലാം പരലോക ജീവിതം നിര്‍ബന്ധമായും അംഗീകരിക്കേണ്ടി വരും. നിരീശ്വര, നിര്‍മത വാദക്കാര്‍ അവകാശപ്പെടാറുള്ളത് ഞങ്ങളെല്ലാം സത്യവും നീതിയും അംഗീകരിക്കുന്നവരാണെന്നാണ്.
നൂറ് വ്യക്തികളെ കൊന്ന ഒരാള്‍ക്ക് നല്‍കാവുന്ന പരമാവധി ശിക്ഷ അവനെ വധിക്കുക എന്നതാണ്. 99 വ്യക്തികളെ കൊന്നതിന് ശിക്ഷ നല്‍കാന്‍ കഴിയുന്നില്ല. നൂറ് കളവു നടത്തിയിട്ടും ഒരു കളവു മാത്രമേ തെളിഞ്ഞിട്ടുള്ളൂവെങ്കില്‍ അവന് ഒരു ശിക്ഷ മാത്രമേ ലഭിക്കൂ. എന്നാല്‍ ഇത് നീതിയുക്തമാണെന്ന് പറയാനൊക്കുമോ? യഥാര്‍ഥത്തില്‍ ഇവര്‍ ചെയ്ത തെറ്റിനുള്ള ശിക്ഷ അവര്‍ക്കു ലഭിക്കുമ്പോഴല്ലേ നീതി പുലരുകയുള്ളൂ.
ജീവിതം മുഴുവന്‍ ഉറക്കൊഴിച്ച് മാതാപിതാക്കളെ സംരക്ഷിക്കുന്ന സന്താനങ്ങളുണ്ട്. അവര്‍ക്ക് ആരും പ്രതിഫലവും നല്‍കുന്നില്ല. അവര്‍ക്കതിന്ന് പ്രതിഫലം ലഭിക്കണം. അതല്ലേ നീതിയും സത്യവും. തന്നെ പൊന്നുപോലെ സംരക്ഷിച്ചു വളര്‍ത്തിയ മാതാപിതാക്കളെ കൊല്ലുന്നവരും കഠിനമായി ദ്രോഹിക്കുന്നവരുമുണ്ട്. അവര്‍ക്ക് അതിനുള്ള ശിക്ഷ ലഭിക്കേണ്ടതല്ലേ? അല്ലെങ്കില്‍ സത്യത്തിന്നും നീതിക്കും എന്തര്‍ഥമാണുള്ളത്? ദൈവത്തിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചു കൊണ്ട് ജീവിതം മുഴുവന്‍ ത്യാഗത്തിലും സാമൂഹ്യ സേവനത്തിലും ചെലവഴിക്കുന്നവരുണ്ട്. അവര്‍ക്കതിന് പ്രതിഫലം ലഭിക്കേണ്ടതല്ലേ?
അതിന്നാണ് അല്ലാഹു പരലോകം എന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. അല്ലാഹു പറയുന്നു: ”നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമ്പൂര്‍ണമായ പ്രതിഫലം നല്‍കപ്പെടുന്നത് അന്ത്യദിനത്തിലാകുന്നു” (ആലുഇംറാന്‍ 185). ”തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്് എന്നും സന്തോഷവാര്‍ത്ത അറിയിക്കുന്നു.” (ഇസ്‌റാഅ് 9,10)
താഴെ വരുന്ന വചനത്തില്‍ മനുഷ്യരുടെ ഇരുലോകത്തെ ജീവിതവും ഉള്‍പ്പെടുന്നതാണ്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് ജീവന്‍ നല്‍കുന്ന കാര്യത്തിലേക്ക് നിങ്ങളെ വിളിക്കുമ്പോള്‍ നിങ്ങള്‍ അല്ലാഹുവിനും റസൂലിനും ഉത്തരം നല്‍കുക” (അന്‍ഫാല്‍: 24). ഇരുലോകത്തും ജീവന്‍ നല്‍കുന്ന വെളിച്ചവും പ്രമാണവുമാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും. അതിലേക്കാണ് നിങ്ങളെ ക്ഷണിക്കുന്നത്. ഇഹത്തിലും പരത്തിലും സുരക്ഷിതമായ ജീവിതം പ്രദാനം ചെയ്യുകയെന്നതാണ് ഇസ്‌ലാമിന്റെ പരമമായ ലക്ഷ്യം. അതിന് ഭൗതിക ജീവിതത്തില്‍ സത്യസന്ധവും നീതിപൂര്‍വവുമായ ജീവിതം നയിക്കുന്നവര്‍ക്കേ പരലോകത്ത് സുരക്ഷിതമായ ജീവിതം ലഭിക്കൂ. അല്ലാഹു പറയുന്നു: ”വല്ലവനും ഈ ലോകത്ത് അന്ധനായിരുന്നാല്‍ (നന്മകളില്‍ അന്ധത നടിച്ചാല്‍) പരലോകത്തും അവന്‍ അന്ധനായിരിക്കും.” (ഇസ്‌റാഅ് 72)
ഈ ലോകത്ത് മനുഷ്യന് ജീവന്‍ നല്‍കുക (ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക) എന്നതാണ് ഇസ്‌ലാമിന്റെ ഏറ്റവും വലിയ ലക്ഷ്യം. അല്ലാഹു പറയുന്നു: ”മറ്റൊരാളെ കൊന്നതിനു പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍ അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു.” (മാഇദ 32)
ഇവിടെ മുസ്‌ലിം, ക്രിസ്ത്യന്‍, യഹൂദി, ബഹുദൈവ വിശ്വാസി, ജൈനന്‍, ബുദ്ധമതക്കാരന്‍, യുക്തിവാദി, സത്യവിശ്വാസി, സത്യനിഷേധി എന്നീ പരിഗണനകളൊന്നും അല്ലാഹു വെച്ചില്ല. മനുഷ്യന്‍ എന്ന പരിഗണന മാത്രമാണുള്ളത്. ആരുടെ ജീവന്‍ രക്ഷിച്ചാലും ഏറ്റവും വലിയ പ്രതിഫലമുണ്ട്് എന്നാണ് അല്ലാഹുവിന്റെ വചനം. ഇതില്‍ നിന്നും നമുക്ക് ലഭിക്കുന്ന മറ്റൊരു പാഠം ഒരാള്‍ മറ്റൊരാള്‍ക്ക് ജീവന്‍ നല്‍കുക എന്നതാണ്, പകരം അവന്റെ ജീവന്‍ കവരുകയാണെങ്കില്‍ അത് ക്രൂരമായ തിന്മയുമായിരിക്കും.
ലോകര്‍ക്ക് മുഴുവന്‍ നന്മയായിട്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇറക്കിയത്. അല്ലാഹു പറയുന്നു: ”മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുവാദത്തോടെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി താങ്കള്‍ക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്” (ഇബ്‌റാഹീം 2). നബി(സ)യെ അല്ലാഹു നിയോഗിച്ചയച്ചത് ലോകരുടെ മുഴുവന്‍ നന്മക്കുവേണ്ടിയാണ്. അല്ലാഹു പറയുന്നു: ”ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല” (അന്‍ബിയാഅ് 107).
മനുഷ്യര്‍ക്ക് മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള സൗകര്യവും സഹായവും നല്‍കാന്‍ മാത്രമേ കഴിയൂ. അതാണ് ജീവന്‍ നല്‍കുകയെന്നതിന്റെ താല്‍പര്യം. കാരണം ജീവന്‍ എന്നത് അല്ലാഹുവിന്റെ കാര്യത്തില്‍ മാത്രം പെട്ടതാണ്. അല്ലാഹു പറയുന്നു: ”താങ്കളോടവര്‍ ജീവനെക്കുറിച്ച് ചോദിക്കുന്നു. പറയുക: ജീവന്‍ (ആത്മാവ്) എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.” (ഇസ്‌റാഅ് 85)
മനുഷ്യര്‍ക്ക് നന്മകളിലൂടെ മാത്രമേ ജീവിതം പ്രദാനം ചെയ്യാന്‍ സാധിക്കൂ. തിന്മ. അത് ചെയ്യുന്നവന്റെയും മറ്റുള്ളവന്റെയും ജീവന്‍ ഹനിക്കുകയാണ് ചെയ്യുന്നത്. ”അല്ലാഹു പറയുന്നു: നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെ ചെയ്യും” (അല്‍ബഖറ 195). ഇങ്ങനെ വിശുദ്ധ ഖുര്‍ആനില്‍ നിരവധി തവണ വന്നിട്ടുണ്ട്.
ഇഹ്‌സാന്‍ എന്നാല്‍ സാധാരണ ഒരു നന്മ ചെയ്യുക എന്നതല്ല. അല്ലാഹുവിന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചു അവന്‍ കാണുന്നുണ്ടെന്ന ബോധ്യത്തോടെ നന്മ ചെയ്യലാണ്. (ബുഖാരി). ശത്രുക്കള്‍ക്കു പോലും നന്മ ചെയ്ത് അവര്‍ക്ക് ജീവിത സൗകര്യമൊരുക്കാനാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്പന. സുഹൃത്തിന്, ബന്ധുവിന്, ആദര്‍ശ പ്രസ്ഥാനത്തില്‍ ഒപ്പം പ്രവര്‍ത്തിക്കുന്നവന്, സഹപ്രവര്‍ത്തകന് വല്ല തിന്മകളും വന്നു ഭവിച്ചാല്‍ ചിലരെങ്കിലും അതില്‍ സന്തോഷിക്കുന്നവരായിരിക്കും. ഇതൊക്കെ മറ്റുള്ളവര്‍ക്ക് ജീവിക്കാനുള്ള അവകാശങ്ങള്‍ നിഷേധിക്കലാണ്. നൂറു ശതമാനം തികഞ്ഞവരായി ഈ ദുനിയാവില്‍ ആരുമില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട്. നാം ഭക്തിയുടെ നിറകുടമാണെന്ന് വിശ്വസിക്കുന്ന ചിലരെങ്കിലും അങ്ങനെയാവണമെന്നില്ല. എന്തെങ്കിലും ന്യൂനതകളുടെ പേരില്‍ മറ്റുള്ളവരെ അമിതമായി കുറ്റപ്പെടുത്തുന്നവരും അവരുടെ ജീവനെ ദ്രോഹിക്കുകയല്ലേ ചെയ്യുന്നത്?
നമ്മോട് തിന്മ ചെയ്യുന്നവര്‍ക്ക് നന്മ ചെയ്തു കൊടുത്തുകൊണ്ട് അവനെ മിത്രമാക്കി മാറ്റിയെടുക്കാനാണ് വിശുദ്ധ ഖുര്‍ആനിന്റെ കല്പന. അല്ലാഹു പറയുന്നു: ”നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അതുകൊണ്ട് (നന്മ ചെയ്തു കൊടുത്തുകൊണ്ട്) തിന്മയെ പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ നിന്റെ ഉറ്റ ബന്ധു എന്നോണം ആയിത്തീരുന്നു” (ഫുസ്സ്വിലത്ത് 34)
നബി(സ)യും അനുയായികളും തങ്ങളുടെ നാടും വീടും സമ്പത്തും ശത്രുക്കള്‍ക്ക് വിട്ടുകൊടുത്ത് മദീനയിലേക്ക് ഹിജ്‌റ പോയിട്ടും ശല്യം ചെയ്ത മക്കക്കാരോട് നബി(സ) പ്രതികാരത്തിന് മുതിരുകയുണ്ടായില്ല. അവസാനം തിരിച്ചടിക്കാന്‍ അല്ലാഹുവിന്റെ കല്പന വരേണ്ടി വന്നു. അതിപ്രകാരമാണ്: ”യുദ്ധത്തിന്നിരയാകുന്നവര്ക്
മറ്റൊരു വചനത്തില്‍ മര്‍ദിക്കപ്പെട്ടിട്ടും എന്തുകൊണ്ട് പ്രതിരോധിക്കുന്നില്ല എന്ന അല്ലാഹുവിന്റെ മുന്നറിയിപ്പും കാണാവുന്നതാണ്. ”അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തുകൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും നിന്റെ വകയായി ഒരു രക്ഷാധികാരിയെയും നിന്റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ചു തരികയും ചെയ്യേണമേ, എന്ന് പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന മര്‍ദിച്ചൊതുക്കപ്പെട്ട പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും നിങ്ങള്‍ക്കെന്തു കൊണ്ട് യുദ്ധം ചെയ്തുകൂടാ?” (നിസാഅ് 75)
യുദ്ധരംഗത്ത് വെച്ച് പോലും വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും വധിക്കല്‍ നിഷിദ്ധമാക്കിയ ഏക മതം ഇസ്‌ലാം മാത്രമാണ്. കാരണം ഇസ്‌ലാമിന്റെ പരമമായ ലക്ഷ്യം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും ജീവന്‍ പ്രദാനം ചെയ്യുകയെന്നതാണ്.