5 Thursday
March 2026
2026 March 5
1447 Ramadân 16

കേരളത്തെ ഭീകരകേന്ദ്രമാക്കി ചിത്രീകരിച്ച് മനുഷ്യവേട്ടക്ക് കളമൊരുക്കാന്‍ അനുവദിക്കില്ല – കെ എന്‍ എം (മര്‍കസുദ്ദഅ്‌വ)

കോഴിക്കോട്: ഭീകരസംഘടനകളുടെ സാന്നിധ്യമെന്ന് പറഞ്ഞ് കേരളത്തിലും അന്യായമായ മനുഷ്യവേട്ടക്ക് കളമൊരുക്കുന്ന ദേശീയ അന്വേഷണ ഏജന്‍സികളുടെ ദുഷ്ടലാക്കിനെതിരെ കേരള ജനത ജാഗ്രവത്താവണമെന്ന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ഭീകരതയുടെ ഇല്ലാക്കഥകള്‍ മെനഞ്ഞ് വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടാന്‍ ആരും മിനക്കെടരുത്. കേരളത്തെ ഭീകരതയുടെ താവളമാക്കി ചിത്രീകരിക്കാനുള്ള ആസൂത്രിത ശ്രമം ആത്മഹത്യാപരമാണെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളൊക്കെയും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്ത കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക മേഖലയെക്കൂടി വിറ്റു തുലക്കാനുള്ള നീക്കം ചെറുത്തു തോല്‍പിക്കണം. രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് പണയപ്പെടുത്തുന്ന നിര്‍ദിഷ്ട കാര്‍ഷിക ബില്ല് പിന്‍വലിക്കണം. കര്‍ഷകരെയും കര്‍ഷക തൊഴിലാളികളെയും വഴിയാധാരമാക്കുന്ന കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തിന് കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ദില്ലി കലാപത്തെക്കുറിച്ച് വസ്തുനിഷ്ഠമായി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഘപരിവാര്‍ താല്‍പര്യത്തിന്നനുസരിച്ച് ദില്ലി പൊലീസ് തയ്യാറാക്കുന്ന പ്രതിപ്പട്ടികയനുസരിച്ച് അറസ്റ്റു ചെയ്ത മുഴുവന്‍ നിരപരാധികളെയും വിട്ടയക്കണം. ഉമര്‍ ഖാലിദ് അടക്കമുള്ള പൗരത്യ പ്രക്ഷോഭകരെ ദില്ലി കലാപത്തിന്റെ പേരു പറഞ്ഞ് ജയിലിലടച്ചത് കാടത്തമാണ്.
മതരാഷ്ട്രവാദത്തിന്റെ ബലിക്കല്ലിലേക്ക് മുസ്്‌ലിം രാഷ്ട്രീയ സംഘശക്തിയെ ബലികൊടുക്കാതിരിക്കാന്‍ മുസ്‌ലിം രാഷ്ട്രീയ നേതൃത്വം ശ്രദ്ധ ചെലുത്തണമെന്ന് യോഗം അഭ്യര്‍ഥിച്ചു. താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്നില്‍വെച്ച് മതരാഷ്ട്രവാദ സംഘടനകളുമായി നീക്കുപോക്കുണ്ടാക്കുന്നത് മുസ്്‌ലിം രാഷ്ട്രീയ സംഘശക്തിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തുമെന്നതില്‍ സന്ദേഹമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതരാഷ്ട്രവാദ സംഘടനകളുമായി നീക്കുപോക്കുന്നുണ്ടാക്കുന്നവരെ രാഷ്ട്രീയമായി തന്നെ നേരിടാന്‍ മുഖ്യധാര മുസ്്‌ലിം സംഘടനകളുമായി ഐക്യപ്പെട്ട് പ്രവര്‍ത്തന സജ്ജമാവുമെന്ന് യോഗം വ്യക്തമാക്കി.
കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. പി അബ്ദുല്‍അലി മദനി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, എം അഹമ്മദ്കുട്ടി മദനി, ഡോ. ജാബിര്‍ അമാനി, ഇസ്മായില്‍ കരിയാട്, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഡോ. ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, ഫാസില്‍ ആലുക്കല്‍, സല്‍മ അന്‍വാരിയ്യ, അഫ്‌നിദ പുളിക്കല്‍, പി പി ഖാലിദ്, കെ എല്‍ പി ഹാരിസ്, അബ്ദുസ്സലാം പുത്തൂര്‍ പ്രസംഗിച്ചു.
എം കെ ശാക്കിര്‍ എറണാകുളം, പി മൂസക്കുട്ടി മദനി, കെ എം കുഞ്ഞമ്മദ് മദനി, വി പി അഹമ്മദ്കുട്ടി, ഇ ഐ സിറാജ് മദനി, എ പി നൗഷാദ് ആലപ്പുഴ, ആബിദ് മദനി, അബ്ദുല്‍മജീദ് പുത്തൂര്‍, പി സി അബ്ദുറഹ്്മാന്‍, അബ്ദുറഊഫ് മദനി, സലീം മേപ്പാടി, അബ്ദുല്‍ജബ്ബാര്‍ തൃശൂര്‍, വി സി അഷ്‌റഫ്, വി കെ സി ഹമീദലി, ഹുസൈന്‍ കുറ്റൂര്‍, സി വൈ സാദിഖ് കൊല്ലം, സൈതലവി എന്‍ജിനിയര്‍, അബ്ദുല്‍ഖാദര്‍ കടവനാട് ചര്‍ച്ചയില്‍ പങ്കെടുത്തു

Back to Top