ബലാത്സംഗം ചെയ്യുന്നവരുടെ അവയവം ഛേദിക്കാനുള്ള നിയമനിര്‍മാണവുമായി നൈജീരിയ
ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും കഴിയുന്ന നിയമത്തില്‍ കാഡുന ഗവര്‍ണര്‍ ഒപ്പുവെച്ചു. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ വലിയ തോതിലുള്ള നിയമനിര്‍മാണം വേണ്ടിവരുമെന്ന് ഗവര്‍ണര്‍ നസീര്‍ അഹമദ് അല്‍ റുവാഫി അഭിപ്രായപ്പെട്ടു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സ്ത്രീകളുടെ ഫലോപിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യാനും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്. നേരത്തെ ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് പരമാവധി 21 വര്‍ഷം തടവുശിക്ഷയും കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 12 വര്‍ഷം തടവുമായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ സമയത്ത് ബലാത്സംഗ കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ വനിതാസംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനം നിര്‍ബന്ധിതരായത്. 14 വയസ്സിന് മുകളിലുള്ളവരെ ബലാത്സംഗം ചെയ്താല്‍ ജീവപര്യന്തം കഠിനതടവ് നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്.
