ജിനെത് ബെഡോയ ലിമയ്ക്ക് പുരസ്‌കാരം
കൊളംബിയയിലെ ആയുധക്കടത്തും ലഹരികടത്തുമായി ബന്ധപ്പെട്ട സായുധസംഘര്‍ഷങ്ങളെക്കുറിച്ചുള്ള അന്വേഷണാത്മക റിപ്പോര്‍ട്ടുകളുടെ പേരില്‍ കൊടുംപീഡനങ്ങള്‍ക്കിരയായ മാധ്യമപ്രവര്‍ത്തക ജിനെത് ബെഡോയ ലിമയ്ക്ക് വാന്‍ ഇഫ്ര ഗോള്‍ഡന്‍ പെന്‍ ഓഫ് ഫ്രീഡം പുരസ്‌കാരം. കൊളംബിയയിലെ എല്‍ ടിയെംപോ പത്രത്തില്‍ ഡപ്യൂട്ടി എഡിറ്ററാണ്. ലൈംഗിക അതിക്രമങ്ങള്‍ക്കു വിധേയരായവര്‍ക്കും അതിജീവിച്ചവര്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ സമര്‍പ്പണത്തോടെ തുടരാനുള്ള പ്രചോദനമാണ് വാന്‍ ഇഫ്ര പുരസ്‌കാരമെന്നു ജിനെത് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരായ എല്ലാ വനിതകള്‍ക്കും നന്ദിയര്‍പ്പിക്കുകയും ചെയ്തു. ആയുധക്കടത്തുമായി ബന്ധപ്പെട്ട് എല്‍ എസ്‌പെക്ടദോര്‍, എല്‍ ടിയെംപോ പത്രങ്ങളില്‍ പല കാലത്തായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണു ജിനെതിനെ ക്രിമിനല്‍ സംഘങ്ങളുടെയും റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്) യുടെയും നോട്ടപ്പുള്ളിയാക്കിയത്. അധോലോക സംഘങ്ങള്‍ ജിനെതിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ചു. യുനെസ്‌കോയുടെ ഗില്ലര്‍മോ കാനോ പ്രസ് ഫ്രീഡം പുരസ്‌കാരം ഉള്‍പ്പെടെ ബഹുമതികള്‍ നേടിയിട്ടുണ്ട്.
