22 Sunday
December 2024
2024 December 22
1446 Joumada II 20

പാലിയേറ്റീവ് കെയറും ആത്മീയ പരിചരണവും

കെ എം ബഷീര്‍

അവശതയനുഭവിക്കുന്ന നിത്യരോഗികള്‍ക്ക് സാമൂഹികവും സാമ്പത്തികവും ശാരീരികവും മാനസികവും ആത്മീയവുമായ സാന്ത്വന പരിചരണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംവിധാനമാണ് പാലിയേറ്റീവ് കെയര്‍. ഇവയില്‍ ശാരീരികവും സാമ്പത്തികവും മാനസികവും സാമൂഹികവുമായ പരിചരണങ്ങളും സാന്ത്വനവും എങ്ങനെയായിരിക്കണമെന്നതില്‍ മിക്കവാറും പേര്‍ക്കും നല്ല ധാരണയുണ്ടാവും. എന്നാല്‍. ആത്മീയമായ പരിചരണം എങ്ങനെയായിരിക്കണം എന്നതില്‍ പലപ്പോഴും പലരും വ്യക്തതയില്ലാതെ ഉഴറാറുണ്ട്. ആത്മീയ പരിചരണം എങ്ങനെ നല്‍കുമെന്നറിയണമെങ്കില്‍ ആത്മീയതക്ക് ശരിയായ നിര്‍വചനം കണ്ടെത്തേണ്ടതുണ്ട്. ഏതൊരു മനുഷ്യന്റെയും ആത്മീയമായ ബന്ധങ്ങളും ശീലങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും അനുബന്ധമായ പ്രശ്‌നങ്ങളുമെല്ലാം ആത്മീയ വിഷയവുമായി ബന്ധപ്പെട്ടതാണ്. കൂടുതല്‍ പേരിലും ദൈവിക വിശ്വാസവും ചിലരില്‍ നിരീശ്വരവിശ്വാസവും മറ്റു ചിലരില്‍ വിശ്വാസത്തിനും അവിശ്വാസത്തിനും അപ്പുറത്ത് ആ വ്യക്തിയുടെ മനസ്സിനെ അലട്ടുന്ന കാര്യങ്ങളുമായിരിക്കാം ആത്മീയ പരിചരണം തേടുന്ന വിഷയങ്ങള്‍.
ആത്മീയ പ്രശ്‌നങ്ങള്‍ എന്നതിനെ ദൈവ വിശ്വാസവുമായി മാത്രം ബന്ധപ്പെടുത്തിയാണ് മിക്ക ചര്‍ച്ചകളും നടക്കാറുള്ളത്. എന്നാല്‍, ആത്മീയത എന്നത് ദൈവ വിശ്വാസത്തില്‍ മാത്രമൊതുങ്ങുന്നതല്ല. അതിനപ്പുറം മറ്റു ചിലതു കൂടി വരുന്നുണ്ട്. നല്ല ആത്മബന്ധം സ്ഥാപിച്ചും എന്തും തുറന്നു പറയാനുള്ള സാഹചര്യം സൃഷ്ടിച്ചും മാത്രമേ ഒരാള്‍ നേരിടുന്ന ആത്മീയ പ്രശ്‌നത്തെ ചികഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളൂ.
ഏതൊരു മനുഷ്യനും ജനിക്കുന്നത് സ്വയം തീരുമാനിച്ചിട്ടല്ലല്ലോ. മരണവും അവന്‍ ആഗ്രഹിച്ചു കൊണ്ടാവണമെന്നില്ല. എന്നാല്‍ ജനനത്തിനും മരണത്തിനുമിടയിലുള്ള ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ആത്മീയ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുള്ളത്.

ആത്മീയ പരിചരണം എങ്ങനെ?
ജനനം, ജീവിതം, കര്‍മം, കര്‍മഫലം, മരണം, മരണാനന്തരം, മറുലോകവിശ്വാസം, പുനര്‍ജന്മം, വ്യക്തി താത്പര്യങ്ങള്‍, വ്യക്തിശീലങ്ങള്‍, ആത്മബന്ധങ്ങള്‍ തുടങ്ങിയ ജീവിതസാഹചര്യ വിശ്വാസ സമസ്യകള്‍ക്ക് വിശദീകരണം കണ്ടെത്താനായി ആശ്രയിക്കുന്ന വഴികളാണ് ആത്മീയ മാര്‍ഗങ്ങള്‍.
താന്‍ എന്തുകൊണ്ട് ഇത്തരമൊരവസ്ഥ നേരിടേണ്ടി വരുന്നു? ഇതിനൊരു മാറ്റം പ്രതീക്ഷിക്കാനാവുമോ? തന്റെ രോഗം ഭേദമാകുമോ? അതോ മരണപ്പെടുമോ? എന്നിങ്ങനെ ഒരാള്‍ സ്വന്തത്തോടു തന്നെ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആത്മീയ പരിചരണത്തിലൂടെ കണ്ടെത്തേണ്ടത്. എന്നാല്‍, ആ ഉത്തരങ്ങളിലേക്കെത്തിച്ചേരാനുള്ള ചോദ്യങ്ങളെ എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും ഉള്ളില്‍ തന്നെ കിടക്കുമെന്നല്ലാതെ പുറത്തേക്കു വരുന്നതായി കാണാറില്ല. ഏറെ അടുപ്പം സ്ഥാപിച്ചവരിലൂടെ മാത്രമേ ആ ചോദ്യങ്ങളെ ഒരാളില്‍ നിന്ന് കണ്ടെടുക്കാനാകൂ.

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ മനസ്സിലുറപ്പിച്ച ദൈവ പ്രീതിക്കായി കര്‍മങ്ങള്‍ ചെയ്തു കൊണ്ട് ജീവിച്ച വിശ്വാസത്തില്‍ നിന്ന് ചിലരെങ്കിലും ഇത്തരം ആത്മീയ പ്രശ്‌നങ്ങളാല്‍ ദൈവനിരാസത്തിലേക്ക് എത്തിചേരുന്നതായി കാണാനാവുന്നുണ്ട്.
”ദൈവപ്രീതിക്ക് നിരക്കാത്ത ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ലല്ലോ, പുകവലിയില്ല, മദ്യപാനമില്ല, ദൈവേച്ഛക്കും സമൂഹത്തിനും മോശമായതൊന്നും ഞാന്‍ പ്രവര്‍ത്തിച്ചിട്ടില്ല. ദൈവകല്‍പനകള്‍ പരമാവധി ജീവിതത്തില്‍ പാലിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്, എന്നിട്ടും എനിക്ക് ഇങ്ങനെ സംഭവിച്ചുവോ? ഒരു തെറ്റും ചെയ്യാത്ത എന്നോട് ദൈവം ഇങ്ങനെ ചെയ്തല്ലോ. ഈശ്വരന്‍ ക്രൂരനാണ്, ഈശ്വരന്‍ ഉണ്ടെന്ന് പറയുന്നത് വെറുതെയാണ്? ഇനി ഞാന്‍ എന്തിന് ഈശ്വരനെ ആരാധിക്കണം?” – എന്നിങ്ങനെ ദൈവത്തിലുള്ള പ്രതീക്ഷ അസ്തമിച്ചതായി സ്വയം തോന്നി, ദൈവവിശ്വാസത്തില്‍ നിന്ന് ദൈവ നിരാസത്തിലേക്കോ മത നിരാസത്തിലേക്കോ ചെന്നെത്തുന്നവര്‍ ധാരാളമുണ്ട്.
സ്വന്തം ജീവിതാനുഭവങ്ങളിലെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വരുന്ന നിമിഷം മുതല്‍ ആരംഭിക്കുന്ന ആത്മീയ സംഘര്‍ഷങ്ങളോ മാനസിക സംഭ്രമങ്ങളോ ആയിരിക്കാം ഇവരെ ഇത്തരത്തില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ജീവിതത്തിലുണ്ടായിരുന്ന ദൈവവിശ്വാസവും നിലവിലുള്ള സാഹചര്യവും തമ്മിലുള്ള താരതമ്യം ചെയ്യലില്‍ ഉണ്ടാവുന്ന അന്തര്‍സംഘര്‍ഷത്തിലൂടെ പ്രത്യക്ഷമായി തന്നെ ചിലരെങ്കിലും ദൈവനിരാസം പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടേക്കാം. ഒരു വ്യക്തി അപ്രതീക്ഷിത അനുഭവങ്ങളിലൂടെ ജീവിക്കേണ്ടി വരുമ്പോള്‍ ആ വ്യക്തി തന്റെ അന്തസ്സും പ്രതാപവും ചോര്‍ന്നു പോകുന്നുവോ എന്ന് ഭയപ്പെട്ടേക്കാം. തുടര്‍ന്നുണ്ടാവുന്ന ആധിയും ഉത്കണ്ഠയും വാക്കുകളില്ലാത്ത അന്വേഷണങ്ങളായി മാറിയേക്കാം.

ഭക്തിയില്‍ നിന്ന് അതിഭക്തിയിലേക്കുള്ള പ്രയാണം
എന്നാല്‍ ചില മനുഷ്യരില്‍ ഭക്തിയില്‍ നിന്ന് അതി ഭക്തിയിലേക്കുള്ള പ്രയാണത്തിനും ഈ സാഹചര്യങ്ങളിലെ ആത്മീയ പ്രശ്‌നങ്ങള്‍ കാരണമായി വരാറുണ്ട്. പ്രതീക്ഷാനഷ്ടവും കുറ്റബോധവും ശൂന്യതാബോധവും അര്‍ഥ നഷ്ടവും പല വേഷങ്ങളണിഞ്ഞ് മനസ്സിനെ അസ്വസ്ഥമാക്കുമ്പോള്‍ പശ്ചാതാപ മനസ്സിനെ തൃപ്തിപ്പെടുത്താന്‍ അതിഭക്തിയുടെ മാര്‍ഗത്തിലേക്ക് ഇയാളെ എത്തിച്ചേക്കാം.
”എല്ലാം എന്റെ വിധിയാണ്, എല്ലാം ഈശ്വരനിശ്ചയമാണ്, ഞാന്‍ മഹാ പാപിയാണ്, ഭാഗ്യം കെട്ടവനാണ്, ഞാന്‍ പാപത്തിന്റെ ഫലം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ടവനാണ്, പരീക്ഷിക്കപ്പെടുകയാണ്, ഇതെല്ലാമെന്റെ കര്‍മഫലമാണ്, ഞാന്‍ അനുഭവിക്കേണ്ടവനാണ്, എന്റെ തെറ്റിന്റെ ഫലമാണ്, എന്റെ ജീവിതത്തിന്റെ തിരിച്ചടിയാണ്. എന്റെ നാളെ എന്താകും? ഞാന്‍ ദൈവകോപത്താല്‍ ശിക്ഷിക്കപ്പെടുമോ? എനിക്ക് പടച്ചവന്‍ പൊറുത്ത് തരുമോ? എന്റെ സ്വര്‍ഗം നഷ്ടമാകുമോ? തുടങ്ങിയ ആത്മാന്വേഷണങ്ങളും സ്വയം കുറ്റപ്പെടുത്തലുകളും വിധി നിര്‍ണ്ണയവും കൊണ്ട് ഈ വ്യക്തി ഏറെ പ്രയാസപ്പെടുന്നു.
സ്വന്തത്തോടുള്ള ചോദ്യങ്ങളുമായി ആ മനുഷ്യന്‍ ജീവിച്ച സാഹചര്യത്തിനും മത വിശ്വാസത്തിനുമനുസരിച്ച് ജീവിതത്തില്‍ സംഭവിച്ചു പോയ ചെറിയ പാളിച്ചകള്‍ പോലും മനസ്സിലിട്ട് പെരുപ്പിച്ച് ആത്മസംഘര്‍ഷത്താല്‍ സങ്കടങ്ങളുടെയും വിതുമ്പലുകളുടെയും പൊട്ടിക്കരച്ചിലുകളുടെയുമുള്ള അനുഭവത്തിലൂടെ പ്രയാസപ്പെട്ടേക്കാം. കുറ്റബോധത്തിന്റെയും പശ്ചാത്താപത്തിന്റെയും വഴികളിലൂടെ ദൈവ വിശ്വാസവുമായി കൂടുതല്‍ അടുക്കാനുള്ള പ്രവണത കാണിച്ചേക്കാം.
യുവത്വം പിന്നിട്ട മനുഷ്യരിലേറെയും തന്റെ ജീവിതം, മരണം, മരണാനന്തരം എന്നിവയെ കുറിച്ച് ഇടക്കെപ്പോഴെങ്കിലും മനസ്സിന്റെ അകത്താളുകളിലൂടെ വായിച്ചു പോകാത്തവരുണ്ടാവില്ല. എന്നാല്‍ രോഗശയ്യയിലായവരിലും മരണാസന്നരായവരില്‍ പ്രത്യേകിച്ചും ഈ ചോദ്യങ്ങളും അന്വേഷണങ്ങളും പതിന്മടങ്ങായി മാറിയേക്കാം.
നമ്മുടെ ജനന സാഹചര്യവും ജീവിത സാഹചര്യവുമനുസരിച്ച് നമുക്ക് ലഭ്യമായ അനുഭവത്തിലൂടെ കരസ്ഥമാക്കിയ രീതിക്ക് അനുസരിച്ചായിരിക്കും മിക്കയാളുകളും ഇത്തരം സാഹചര്യത്തെ നേരിടാന്‍ അഭയം അന്വേഷിക്കുന്നത്. ഭൂരിഭാഗം മനുഷ്യരും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ മതങ്ങളെയാണ് ആശ്രയിക്കാറുള്ളതെന്നതാണ് വാസ്തവം. മതവിശ്വാസികളായവര്‍ തന്നെ മതത്തെ നിരാകരിക്കുന്നതായും മതവിശ്വാസമില്ലാതെ ജീവിച്ചവര്‍ മതവിശ്വാസത്തില്‍ അഭയമന്വേഷിക്കുന്നതായും കാണാറുമുണ്ട്. എന്നാല്‍ അല്‍പം ചിലരാകട്ടെ താന്‍ ജീവിച്ചുപോന്ന വിശ്വാസം വിട്ട് മറ്റു മതവിശ്വാസത്തെയോ ജീവിക്കുന്ന മതത്തില്‍ നിലനിന്ന് കൊണ്ട് തന്നെ മറ്റു മത വിശ്വാസ ആചാരങ്ങളെയോ സ്വീകരിക്കുന്നതായും കാണാം.
ന്യൂനപക്ഷമെങ്കിലും അല്‍പം ചിലര്‍ ഈശ്വരവിശ്വാസത്തെ അംഗീകരിക്കാതെ ജീവിതം നയിച്ചവരുണ്ടാവാം. ഇവര്‍ക്ക് അനുഭവ ബോധ്യമല്ലാത്ത ദൈവ സങ്കല്‍പ്പത്തെ അംഗീകരിക്കാന്‍ ഇവര്‍ക്ക് പ്രയാസമായേക്കാം. മതപ്രബോധകരുടെ കാഴ്ചപ്പാടില്‍ ഇവര്‍ സ്വയം നാശം ഏറ്റ് വാങ്ങിയവരായേക്കാം. മരണാനന്തര ജീവിതത്തിനും മത വിശ്വാസത്തിനുമപ്പുറമായി ഇവര്‍ക്കും ഒട്ടേറെ ആത്മീയ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. ഏറെയും ഇന്നും ഇന്നലെയും ജീവിച്ച സാഹചര്യങ്ങള്‍ക്കനുസരിച്ച് നാളെയുടെ (മരിക്കുന്നത് വരെ) ജീവിതത്തില്‍ നേരിടാനാവാത്ത പ്രയാസങ്ങളായിരിക്കാം. ഇന്നിന്റെ ശീലങ്ങളെയും, താത്പര്യങ്ങളെയും നാളെയുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭ്യമാകാത്ത ഉത്തരങ്ങള്‍ തേടിയുള്ള അന്വേഷണങ്ങളായേക്കാം. ഏതെല്ലാം മതവിശ്വാസികളിലായാലും, മതം സ്വീകരിക്കാതെ ദൈവ വിശ്വാസം മാത്രം സ്വീകരിച്ചവരിലായാലും, മതവും ദൈവ വിശ്വാസവും സ്വീകരിക്കാത്തവരിലായാലും, മതമുണ്ടോ ദൈവമുണ്ടോ എന്നന്വേഷിച്ച് കൊണ്ടിരിക്കുന്ന അന്വേഷണ കുതുകികളിലാണെങ്കിലും ജീവിതദുരിതത്തിലും രോഗശയ്യയിലും മരണാസന്ന ഘട്ടത്തിലും ആത്മീയ പ്രശ്‌നങ്ങള്‍ക്ക് പരിചരണം തേടുന്നതായിക്കാണാറുണ്ട്. അത് ദൈവ വിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതാണെന്ന തെറ്റിദ്ധാരണ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇവിടെയെല്ലാം നാം തിരിച്ചറിയേണ്ടുന്ന ഒരു കാര്യം ഈ മനുഷ്യന്‍ അദ്ദേഹത്തിന്റെ ആത്മീയമായ സംഘര്‍ഷങ്ങള്‍ മൂലം പ്രയാസത്തിലാണ് എന്നതാണ്. മാത്രമല്ല ആ മനുഷ്യന്‍ അനുഭവിക്കുന്ന പ്രയാസങ്ങളുടെ തീവ്രതയില്‍ നിന്നും രക്ഷപ്പെടാനായി ആ സാഹചര്യത്തില്‍ അയാള്‍ക്ക് ശരിയായി തോന്നിയ മാര്‍ഗത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നതുമാണ്.

സമീപിക്കേണ്ട രീതി
സാന്ത്വന പരിചരണം അര്‍ഹിക്കുന്ന ഒരു മനുഷ്യന്‍ ഇത്തരമൊരു വിഷമ സന്ധിയിലൂടെ കടന്നുപോകുമ്പോള്‍ അതിനെ എങ്ങനെ സമീപിക്കണമെന്ന കാര്യം ചര്‍ച്ചയാവേണ്ടതുണ്ട്.
കടുത്ത വിഷാദ ഭാവം, അകാരണമായ ദേഷ്യം, നിരാശ, വാചാലമൗനം, അമിത സങ്കടം, വിതുമ്പലും തേങ്ങിക്കരച്ചിലും, ആത്മഹത്യാ ചിന്ത, നിരാകരണ പ്രവണത, സഹകരണമില്ലായ്ക, നിസ്സംഗത, മറുപടി ഇല്ലായ്മ, ഉറക്കം കുറവ്, അകാരണഭയം, തനിച്ച് ഇരിക്കാന്‍ താത്പര്യം, ഒറ്റക്കിരിക്കാന്‍ ഭീതി, ഭയപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ ഇവരില്‍ പ്രകടമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ രോഗിയെ കൂടുതല്‍ മനസ്സിലാക്കാനും കൂടെ നില്‍ക്കാനുമാണ് നാം ശ്രമിക്കേണ്ടത്.
ഒരു വ്യക്തി തന്റെ ആത്മീയ പ്രശ്‌നങ്ങളാല്‍ പ്രയാസപ്പെടുമ്പോള്‍ സഹജീവികളായ നമുക്ക് എന്തെല്ലാം ചെയ്യാനാവുമെന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്. രോഗിയോട് അനുതാപമുള്ളവനാവുക, രോഗിക്ക് വിശ്വസ്തനാവുക, രോഗിയെ കേള്‍ക്കുക, രോഗിയുടെ കൂടെയുണ്ടെന്ന് പ്രവര്‍ത്തിയിലൂടെ ബോധ്യപ്പെടുത്തുക, രോഗിയുടെ ആവശ്യവും ആഗ്രഹവും തിരിച്ചറിയുക, അയാളുടെ വിശ്വാസം എന്ത് തന്നെയായാലും അയാള്‍ക്ക് അത് സ്വീകരിക്കാനുള്ള അവകാശത്തെ വകവച്ചു നല്‍കുക, രോഗിയുടെ ശാരീരിക പ്രയാസങ്ങള്‍ക്ക് പരിചരണം നല്‍കുക, മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുക, രോഗിയുടെ ആശങ്കകളും സംശയങ്ങളും തുറന്ന് പറയാനും ചര്‍ച്ച ചെയ്യാനും അവസരം നല്‍കുക, രോഗിയുടെ അടുത്തിരുന്ന് ചോദ്യങ്ങളും അന്വേഷണങ്ങളും കേള്‍ക്കുക, രോഗിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞേക്കില്ല എന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക, രോഗി ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങക്കും അപ്പപ്പോള്‍ മറുപടി നല്‍കേണ്ടുന്ന ആവശ്യവുമില്ല എന്ന കാര്യം ഓര്‍മ്മയിലുണ്ടാവുക, രോഗിയെടുക്കുന്ന വ്യക്തമായ തീരുമാനങ്ങളില്‍ രോഗിയെ പിന്തുണക്കുക, രോഗിയെ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കാമെങ്കിലും തീരുമാനങ്ങള്‍ രോഗിയുടേതായിരിക്കാനും നമ്മുടെ തീരുമാനം ആവാതിരിക്കാനും ശ്രദ്ധിക്കുക, രോഗിയുടെ ഒസ്യത്തുകള്‍, കര്‍മ്മങ്ങള്‍ എന്നിവ മാനിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ നാം ജാഗ്രത കാണിക്കേണ്ടതുണ്ട്.

ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍
പലപ്പോഴും രോഗിയെ സഹായിക്കുക എന്ന ആത്മാര്‍ഥമായ താത്പര്യത്തില്‍ നാം ചെയ്ത് കൊണ്ടിരിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ രോഗികളില്‍ ആശ്വാസം പകരുന്നതിന് പകരം കൂടുതല്‍ പ്രയാസത്തിലാക്കുന്നില്ലേ എന്ന് നാം അന്വേഷിക്കുന്നില്ല. രോഗിക്ക് ആശ്വാസം ലഭ്യമാകുന്നതിനായി നാം ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. രോഗിയുടെ മേല്‍ പരിചാരകരുടെ വിശ്വാസത്തെയും താത്പര്യത്തെയും അടിച്ചേല്‍പ്പിക്കരുത്. മറ്റൊരു വിശ്വാസത്തേയോ ആശയത്തേയോ അന്വേഷിക്കാനും സ്വീകരിക്കാനുമുള്ള രോഗിയുടെ അവകാശത്തെ നിഷേധിക്കരുത്. ഒരു മതത്തിലും വിശ്വാസമില്ലാതെ ജീവിതം നയിച്ചയാള്‍ക്ക് അതനുസരിച്ച് തന്നെ മരണം വരെയും ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കരുത്. തന്റെ കുടുംബ വിശ്വാസത്തിലോ മറ്റൊരു വിശ്വാസത്തിലോ രോഗിയുടെ മേല്‍ നടത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. രോഗി ആഗ്രഹിക്കുന്ന വിശ്വാസങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നിയമപരമായ അവകാശത്തെ തടസ്സപ്പെടുത്തരുത്. അന്തസ്സോടെയും ആരോഗ്യത്തോടെയും ജീവിച്ച ഒരു വ്യക്തിക്ക് നല്‍കിയിരുന്ന എല്ലാ തരത്തിലുമുള്ള ബഹുമാനവും അവകാശങ്ങളും രോഗശയ്യയിലാണെങ്കിലും നല്‍കാതിരിക്കരുത്. നമ്മുടെ മുമ്പിലുള്ളത് അവശനും പ്രയാസപ്പെടുന്നവനും ആരോഗ്യമുള്ളവന്റെ സഹായത്തിനായി യാചിക്കാന്‍ നിര്‍ബന്ധിതനുമായ ഒരു മനുഷ്യനാണ് എന്ന കാര്യം മറക്കാതിരുന്നാല്‍ രോഗിക്ക് നല്‍കുന്ന ആത്മീയ പരിചരണം മെച്ചപ്പെട്ടതാക്കാം.

പാലിയേറ്റീവ് അനുഭവങ്ങള്‍

ആറ് വയസ്സ് മാത്രം പ്രായമുള്ള, എ എം എല്‍ തരത്തില്‍പ്പെട്ട രക്താര്‍ബുദം ബാധിച്ച ഒരു കുട്ടിയുടെ അന്വേഷണങ്ങളെ ഒരിക്കല്‍ നേരിടേണ്ടി വന്നു. എന്റെ മരണശേഷം ഒരു നക്ഷത്രമായി വന്ന് നിങ്ങളെയെല്ലാം കാണാന്‍ സാധിക്കുമോ, കുട്ടികള്‍ക്ക് സ്വര്‍ഗമുണ്ടത്രെ! നിങ്ങള്‍ ആ സ്വര്‍ഗത്തിലുണ്ടാകുമോ, നിങ്ങളില്ലാത്ത സ്വര്‍ഗം ഒരു രസോം ഉണ്ടാവൂല -ഇങ്ങനെ പോകുന്നു കുട്ടിയുടെ ആത്മീയ ചിന്തകള്‍.
കുട്ടിയെ സംഘര്‍ഷത്തിലാക്കുന്നത് വിശ്വാസ പാഠങ്ങളിലെ അര്‍ഥവ്യാപ്തിയാണോ? കൂട്ടുകാരില്ലാതെ, തന്നെ സ്‌നേഹിക്കുന്നവരില്ലാതെ തനിച്ചാകുന്നുവെന്ന ആത്മീയ പ്രശ്‌നമാണോ? ഏതെന്ന് നിര്‍വചിക്കാന്‍ നമുക്കാവുമോ? മതവിശ്വാസ കാഴ്ചപ്പാടുകള്‍ ഒരു ആറു വയസ്സുകാരിക്ക് എത്രമാത്രം ആകുലതക്ക് കാരണമാകും? നരക ജീവിതവും സ്വര്‍ഗ ജീവിതവും ഈ കുട്ടിയില്‍ അത്രമാത്രം ആഴ്ന്നിറങ്ങിയിട്ടുണ്ടാവുമോ?

ഓയിസ്‌ട്രോ സര്‍കോമ വിഭാഗത്തിലുള്ള കാന്‍സര്‍ ബാധിച്ച 30 വയസ്സുകാരി. ഓങ്കോളജി, ഓര്‍ത്തോ, പാലിയേറ്റീവ് കെയര്‍ അടക്കമുള്ള വൈദ്യ ശുശ്രൂഷാ വിഭാഗങ്ങള്‍ ശാസ്ത്ര പിന്‍ബലത്തോടെ മുറിച്ച് നീക്കാന്‍ പറയുന്ന ഇടത് കാലുമായി പ്രയാസപ്പെടുന്ന രോഗി. പള്ളിയും വികാരിയും കുടുംബവും നാട്ടുകാരും ആയിട്ടുള്ളവരെല്ലാം വൈദ്യശാസ്ത്ര പിന്തുണ വിഭാഗമായി ഒരേ കാര്യം ആവര്‍ത്തിക്കുന്നു. രോഗിക്കാവട്ടെ തീരുമാനമെടുക്കാന്‍ സാധ്യമാകാത്തതിനെ തുടര്‍ന്നുള്ള ആത്മീയ സംഘര്‍ഷങ്ങള്‍ മറുഭാഗത്തും.
സ്വര്‍ഗരാജ്യത്ത് ഞാന്‍ എത്തുന്നതിന് മുമ്പെ ഒരുകൊട്ടാരം എനിക്ക് വേണ്ടി റിസര്‍വ്വ് ചെയ്യാനായി എന്റെ ഇടത് കാലിനെ എനിക്ക് മുമ്പെ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയാക്കുകയോ?, തുടര്‍ന്നുള്ള ശാരീരിക വൈകല്യത്തോടെ പൊയ്ക്കാലുമായി ഞാന്‍ എങ്ങനെ ജീവിക്കും? എന്തിന് ജീവിക്കണം? എന്നതൊക്കെയാണ് അവരുടെ ആധികള്‍.
തുടര്‍ ജീവിതത്തിലെ വിയോജിപ്പുകളുമായുള്ള ആത്മ സംഘര്‍ഷ സംഘട്ടനം വെളിവാക്കുന്ന സംസാരം. ഇത്തരം പ്രയാസങ്ങളനുഭവിക്കുന്ന രോഗികളുടെ രക്ഷയും ആശ്വാസവും ആഗ്രഹിക്കുന്നവരാണ് നമ്മളെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവരുടെ ആത്മീയ പ്രശ്‌നങ്ങള്‍ മനസ്സിലാകാതെയും അതിന്റെ ആഴവും വ്യാപ്തിയും ഉള്‍ക്കൊള്ളാതെയും രോഗിയോട് സംസാരിച്ചാല്‍ രോഗിക്ക് ആത്മീയ പരിചരണം സാധ്യമാകുമോ എന്നാണ് ആലോചിക്കേണ്ടത്.

Back to Top