23 Monday
December 2024
2024 December 23
1446 Joumada II 21

പഴമെറിഞ്ഞുള്ള മീന്‍പിടുത്തം!

പി കെ മൊയ്‌തീന്‍ സുല്ലമി

ഇസ്‌ലാമില്‍ നിരവധി പ്രാര്‍ഥനകളുണ്ട്‌. എല്ലാ പ്രാര്‍ഥനകളും അല്ലാഹുവോട്‌ മാത്രമാണ്‌. നാം ഇവിടെ സുഖമായി ജീവിക്കുന്നതും അല്ലാഹു നമ്മെ പരിഗണിക്കുന്നതും നമ്മുടെ പ്രാര്‍ഥനയുടെ ഫലം കൊണ്ട്‌ മാത്രമാണ്‌. അല്ലാഹു പറയുന്നു: “നബിയേ പറയുക: നിങ്ങളുടെ പ്രാര്‍ഥനയില്ലെങ്കില്‍ എന്റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌” (ഫുര്‍ഖാന്‍ 77)
അല്ലാഹു അല്ലാത്തവരോട്‌ തേടാനും പ്രാര്‍ഥിക്കാനും ആഹ്വാനം ചെയ്യുന്നവരാണ്‌ മുസ്‌ലിം സമുദായത്തിലെ പല പണ്ഡിതന്മാരും. ഇത്ത രം പ്രാര്‍ഥനകളില്‍ പലതും പൗരോഹിത്യ നിര്‍മിതിയാണ്‌. നമസ്‌കാരശേഷമുള്ള കൂട്ടുപ്രാര്‍ഥന, നികാഹിന്‌ ശേഷമുള്ള പ്രാര്‍ഥന, മരണവീടുകളില്‍ നടത്തുന്ന കൂട്ടുപ്രാര്‍ഥന എന്നിവ ഉദാഹരണം. മേല്‍ സന്ദര്‍ഭങ്ങളിലുള്ള കൂട്ടുപ്രാര്‍ഥനകള്‍ നബി(സ)യുടെ മാതൃകയില്ലാത്ത അനാചാരങ്ങളില്‍ പെട്ടതാണ്‌.
നബി(സ) പറയുന്നു: “നമ്മുടെ ഈ കാര്യത്തില്‍ (ദീനില്‍) വല്ലവനും അതിലില്ലാത്തത്‌ (പ്രവാചകന്‍ പഠിപ്പിക്കാത്തത്‌) പുതുതായി നിര്‍മിച്ചുണ്ടാക്കുന്ന പക്ഷം അത്‌ തള്ളേണ്ടതാണ്‌” (ബുഖാരി). “നമ്മുടെ കല്‌പനയില്ലാത്ത വല്ല കര്‍മവും വല്ലവനും പ്രവര്‍ത്തിക്കുന്നപക്ഷം അത്‌ തള്ളേണ്ടതാണ്‌.” (മുസ്‌ലിം)
പ്രാര്‍ഥനകള്‍ ഒറ്റയ്‌ക്കും കൂട്ടായും നടത്തേണ്ടതുണ്ട്‌. എങ്ങനെ പ്രാര്‍ഥിക്കണം എന്നതിന്‌ നാം മാതൃകയാക്കേണ്ടത്‌ നബി(സ)യെയാണ്‌. നമ്മുടെ പ്രമാണങ്ങള്‍ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്‌. അഥവാ അല്ലാഹുവും റസൂലും. വുദ്വൂഇനും ബാങ്കിനും പള്ളിയില്‍ പ്രവേശിക്കുമ്പോഴും പുറത്ത്‌ കടക്കുമ്പോഴും മറ്റു സന്ദര്‍ഭങ്ങളിലും നാം ഒറ്റയ്‌ക്കാണ്‌ പ്രാര്‍ഥിക്കാറുള്ളത്‌. ജനാസ നമസ്‌കാരത്തിലും വെള്ളിയാഴ്‌ച ഖുതുബകള്‍ക്കു ശേഷവും നടത്തുന്ന പ്രാര്‍ഥനകള്‍ കൂട്ടമായിട്ടാണ്‌. കൂട്ടമായിട്ടാണെങ്കിലും ഓരോ വ്യക്തിയും പ്രാര്‍ഥിക്കേണ്ട പ്രാര്‍ഥനയാണ്‌ തസ്‌ബീത്‌. ഇങ്ങനെ പ്രാര്‍ഥനകള്‍ പലവിധത്തിലാണ്‌ നബി(സ)യുടെ ചര്യയില്‍ നിന്നും നാം മനസ്സിലാക്കിയിട്ടുള്ളത്‌.
എന്നാല്‍ യാഥാസ്ഥിതിക പുരോഹിതന്മാര്‍ സ്ഥാനത്തും അസ്ഥാനത്തും കൂട്ടപ്രാര്‍ഥന സംഘടിപ്പിച്ച്‌ നബി(സ)യുടെ ചര്യയ്‌ക്ക്‌ വിരുദ്ധം പ്രവര്‍ത്തിക്കുന്നവരാണ്‌. പ്രാര്‍ഥനയാണെന്ന്‌ വെച്ച്‌ എന്തെങ്കിലും ചൊല്ലുന്നത്‌ നബി(സ) പഠിപ്പിച്ചിട്ടില്ല. താഴെ ഹദീസ്‌ നോക്കൂ:
“സഅ്‌ദ്‌(റ) തന്റെ മകന്‍ അവനുവേണ്ടി ഇപ്രകാരം പ്രാര്‍ഥിക്കുന്നതായി കേള്‍ക്കുകയുണ്ടായി: `അല്ലാഹുവേ, നിന്നോട്‌ ഞാന്‍ സ്വര്‍ഗവും അതിലെ ഇന്നിന്ന റൂമുകളും ചോദിക്കുന്നു. നരകത്തില്‍ നിന്നും അതിന്റെ കുടുക്കില്‍ നിന്നും ചങ്ങലകളില്‍ നിന്നും നിന്നോട്‌ രക്ഷതേടുകയും ചെയ്യുന്നു.’ അപ്പോള്‍ സഅ്‌ദ്‌(റ) (പിതാവ്‌) പറഞ്ഞു: നീ അല്ലാഹുവോട്‌ ഒരുപാട്‌ നന്മയെ ചോദിക്കുകയും ഒരുപാട്‌ ശര്‍റില്‍ നിന്നു ശരണം തേടുകയും ചെയ്‌തിരിക്കുന്നു. തീര്‍ച്ചയായും നബി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്‌: പ്രാര്‍ഥനയില്‍ അതിരുവിടുന്ന ഒരു വിഭാഗം ആളുകള്‍ പില്‍ക്കാലത്ത്‌ വരുന്നതാണ്‌” (അഹ്‌മദ്‌, മുസ്‌നദ്‌ 1:172, നസാഈ, അബൂദാവൂദ്‌)
രോഗമുണ്ടാകുമ്പോള്‍ നാം പ്രാര്‍ഥിക്കേണ്ടത്‌ താഴെവരുന്ന ആശയത്തിലുള്ള പ്രാര്‍ഥനയാണ്‌: “ജനങ്ങളുടെ രക്ഷിതാവേ, വിഷമങ്ങള്‍ അകറ്റിത്തരേണമേ, ശമനം നല്‍കേണമേ, നീയാണല്ലോ ശമനം നല്‍കുന്നവന്‍. നിന്റെ ശമനമല്ലാതെ മറ്റൊരു ശമനവുമില്ലല്ലോ. യാതൊരു രോഗവും അവശേഷിക്കാത്ത വിധം നീ ശമനം നല്‍കേണമേ.” (മുസ്‌ലിം)
തനിക്ക്‌ രോഗം വന്നാലും മറ്റുള്ള സത്യവിശ്വാസികള്‍ക്ക്‌ രോഗം വന്നാലും മേല്‍ ആശയത്തിലുള്ള പ്രാര്‍ഥന മതിയാകുന്നതാണ്‌. എന്നാല്‍ മുഅവ്വദതൈനി (സൂറതുല്‍ഫലഖും നാസും) ഇറങ്ങിയപ്പോള്‍ നബി(സ) മറ്റുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കി രോഗശമനത്തിന്‌ ഈ സൂറത്തുകള്‍ ഓതി മാത്രമായിരുന്നു പ്രാര്‍ഥിച്ചിരുന്നത്‌ എന്ന്‌ അബൂസഈദ്‌(റ) റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിപ്രകാരമാണ്‌: “മുഅവ്വദതൈനി സൂറത്തുകള്‍ അവതരിക്കപ്പെട്ടപ്പോള്‍ നബി(സ) പ്രാര്‍ഥനയ്‌ക്കുവേണ്ടി അവ രണ്ടും തെരഞ്ഞെടുക്കുകയും മറ്റുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കുകയും ചെയ്‌തു” (തിര്‍മിദി, നസാഈ, ഇബ്‌നുമാജ)
കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ നടത്തേണ്ട പ്രാര്‍ഥനയും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. അതിന്റെ ആശയം ഇപ്രകാരമാണ്‌: “തങ്ങള്‍ക്ക്‌ വല്ല വിപത്തും ബാധിച്ചാല്‍ അവര്‍ (ക്ഷമാശീലര്‍) പറയും. ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്കു തന്നെ മടങ്ങേണ്ടവരുമാണ്‌” (അല്‍ബഖറ 156). അല്ലാഹുവേ, ഈ വിപത്തിന്‌ എനിക്ക്‌ നീ പ്രതിഫലം നല്‍കേണമേ. അതിന്‌ (കഷ്ടപ്പാടിന്‌) പകരം അതിനേക്കാള്‍ ഉത്തമമായതിനെ എനിക്ക്‌ നീ നല്‍കുകയും ചെയ്യേണമേ.” (മുസ്‌ലിം 918)
എന്നാല്‍ പുതിയങ്ങാടി കടപ്പുറത്ത്‌ നടന്ന കൂട്ടപ്രാര്‍ഥന അല്ലാഹുവോ റസൂലോ പഠിപ്പിച്ചതല്ല. മത്സ്യലഭ്യതയ്‌ക്കുവേണ്ടി കടലിലേക്ക്‌ പഴമെറിയുന്നതും മതത്തില്‍ പഠിപ്പിക്കപ്പെട്ടതല്ല. മുന്‍കാലങ്ങളിലൊന്നും സമൃദ്ധമായ മത്സ്യസമ്പത്ത്‌ ലഭിച്ചത്‌ പഴമേറ്‌ നടത്തിയതുകൊണ്ടല്ല. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങള്‍ തങ്ങളുടെ മഹത്വങ്ങള്‍കൊണ്ടും പോരിശകൊണ്ടും ലഭിക്കുന്നതാണ്‌ എന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്‌ പൗരോഹിത്യം അന്ധവിശ്വാസത്തിലധിഷ്‌ഠിതമായ ഇത്തരം അനാചാരങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. ഇത്തരം അന്ധവിശ്വാസങ്ങള്‍ ശിര്‍ക്കും നന്ദികേടുമാണ്‌. മത്സ്യവിഭവങ്ങള്‍ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തില്‍ പെട്ടതാണ്‌.
അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക്‌ പുതുമാംസം എടുത്ത്‌ ഭക്ഷിക്കാനും നിങ്ങള്‍ക്കണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കാനും പാകത്തില്‍ കടലിനെ കീഴ്‌പ്പെടുത്തി തന്നവനും അവന്‍ തന്നെ” (നഹ്‌ല്‍ 14). “കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത്‌ അല്ലാഹുവിന്റെ അനുഗ്രഹം നിമിത്തമാണെന്ന്‌ നീ കണ്ടില്ലേ? അവന്റെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്‌” (ലുഖ്‌മാന്‍ 31)
കടലില്‍നിന്ന്‌ മത്സ്യസമ്പത്ത്‌ മാത്രമല്ല അല്ലാഹു നമുക്ക്‌ പ്രദാനംചെയ്യുന്നത്‌. മുത്തുകളും പവിഴങ്ങളുമൊക്കെ അല്ലാഹുവിന്റെ അനുഗ്രഹങ്ങളാണ്‌. അതൊന്നും ആരുടെയും പഴമേറുകൊണ്ട്‌ ഉണ്ടായതല്ല. അല്ലാഹു പറയുന്നു: “നിങ്ങള്‍ പുതുമാംസം എടുത്ത്‌ ഭക്ഷിക്കുന്നു. നിങ്ങള്‍ക്ക്‌ ധരിക്കാനുള്ള ആഭരണം അതില്‍ നിന്ന്‌ പുറത്തെടുക്കുകയും ചെയ്യുന്നു” (ഫാത്വിര്‍ 12).
ഈ ലോകത്ത്‌ മനുഷ്യരല്ലാത്ത കോടിക്കണക്കില്‍ ജീവജാലങ്ങളുണ്ട്‌. മൃഗങ്ങള്‍, പക്ഷികള്‍, പ്രാണികള്‍, ഇഴജന്തുക്കള്‍, കാട്ടു ജീവികള്‍, വന്യമൃഗങ്ങള്‍. ഇവയൊക്കെ ജീവിക്കുന്നത്‌ സ്രഷ്ടാവായ അല്ലാഹുവിന്റെ അനുഗ്രഹത്തിന്‌ കീഴിലാണ്‌. അല്ലാഹു പറയുന്നു: “ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റെടുത്തതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു.” (ഹൂദ്‌ 6)
അന്തരീക്ഷത്തില്‍ പറക്കുന്ന പക്ഷികളെ സംബന്ധിച്ച്‌ അല്ലാഹു പറയുന്നു: “അന്തരീക്ഷത്തില്‍ ദൈവിക കല്‌പനയ്‌ക്ക്‌ വിധേയമായിക്കൊണ്ട്‌ പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങിനിര്‍ത്തുന്നില്ല” (നഹ്‌ല്‍ 79).
യൂസുഫ്‌ നബി(അ)യുടെ പ്രാര്‍ഥന ഇപ്രകാരമായിരുന്നു: “സ്രഷ്ടാവേ, നീ ഇഹത്തിലും പരത്തിലും എന്റെ രക്ഷാധികാരിയാകുന്നു” (യൂസുഫ്‌ 101). നബി(സ) പറയുന്നു: “അല്ലാഹുവേ, നീ നല്‍കിയത്‌ തടയുന്ന ഒരു ശക്തിയുമില്ല. നീ തടഞ്ഞതിനെ നല്‍കുന്ന ഒരു ശക്തിയുമില്ല. കഴിവുള്ളവന്റെ പ്രാപ്‌തി നിന്റെ അടുക്കല്‍ പ്രയോജനപ്പെടുന്നതുമല്ല.” (ബുഖാരി, മുസ്‌ലിം) `

Back to Top